‘യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ’ എന്നു സിനിമയിൽ ഡയലോഗ് കേൾക്കുമ്പോൾ കൈയടിക്കാൻ തോന്നുമെങ്കിലും, നമുക്ക് അത്ര അറിയാത്ത ഒരു യേശു റോമൻ സാമ്രാജ്യത്തിനു കീഴിലുള്ള ഗലീലിയായിലും യൂദയായിലുമായി ജീവിച്ചിരുന്നു.
അറമായിക് ഭാഷയിൽ ‘യേശുവ’ എന്നു പേരുണ്ടായിരുന്ന ആ ചെറുപ്പക്കാരനെ നമുക്ക് ചരിത്രത്തിലെ യേശു എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ജൂതമതത്തിൽ ശക്തമായ ചില തിരുത്തലുകൾ വരുത്താൻ ശ്രമിക്കുകയും പൗരോഹിത്യവുമായി സദാ കലഹിക്കുകയും സ്നേഹിക്കാൻ മാത്രം പഠിപ്പിക്കുകയും അതു പ്രയോഗത്തിലാക്കി കാണിച്ചുകൊണ്ടിരിക്കുകയും ചെയ്ത ഒരു യേശു. മതത്തിൽ തൊട്ടുകളിച്ചാൽ ഇന്നത്തേപ്പോലെ അന്നും പുരോഹിതരുടേയും മതജീവികളുടേയും നിറം മാറുമായിരുന്നു. അതുകൊണ്ട് – അതുകൊണ്ടു മാത്രം – ആ ചെറുപ്പക്കാരന് കുരിശിലേറി മരിക്കേണ്ടിവന്നു. അപ്പോഴേക്കും, അയാളുടെ സ്നേഹവർത്തമാനം പല ദിക്കിലും പരക്കുകയും അവിടങ്ങളിലൊക്കെ സ്നേഹം പങ്കിടുന്ന കൂട്ടങ്ങളുണ്ടാവുകയും ചെയ്തുകഴിഞ്ഞിരുന്നു. അങ്ങനെയൊരാളേക്കുറിച്ച് കഥകളുണ്ടാകാനും ഉണ്ടാക്കാനും പ്രയാസമൊന്നുമില്ലല്ലോ. കഥകളങ്ങു വന്നു മറിഞ്ഞപ്പോൾ ചരിത്രത്തിലെ യേശു അതിനടിയിൽപ്പെട്ട് ഏറെക്കുറേ അപ്രത്യക്ഷനായി.
ചരിത്രത്തിലെ യേശു മനുഷ്യനായിരുന്നു. ചരിത്രകാരനും നോർത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ ചരിത്രാധ്യാപകനുമായ ബാർട് ഡി. എർമാൻ ‘How Jesus Became God’ എന്ന പുസ്തകത്തിൽ തേടിപ്പോകുന്നത് ആ യേശുവിനേയാണ്. അതേ യേശുവിനെ തേടി ഒരു മലയാളി നടത്തുന്ന യാത്രയാണ് ജോസ് ടി. തോമസിന്റെ ‘കുരിശും യുദ്ധവും സമാധാനവും’. മലയാളത്തിൽ ഇങ്ങനെയൊരു ധീരമായ പുസ്തകം ഞാനിതുവരെ വായിച്ചിട്ടില്ല. കെട്ടുകഥകളുടെയും ദൈവശാസ്ത്രത്തിന്റേയും – അത് സ്യൂഡോ സയൻസാണെന്നൊരു വാചകം തന്നെയുണ്ടിതിൽ – ഇരുട്ടിൽ നിൽക്കുന്ന, യേശുവിനെ ജോസ് ടി. തോമസ് വെളിച്ചത്തിലേക്കു നീക്കി നിർത്തുന്നു ഈ പുസ്തകത്തിൽ. ചുമ്മാ വിശ്വസിച്ചോ എന്നു പറയുകയല്ല, യുക്തിയുടെയും ചരിത്രാന്വേഷണത്തിന്റേയും പിൻബലമുണ്ട് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക്. കരുണാർദ്രസ്നേഹം മാത്രം പഠിപ്പിച്ച ആ യേശു എല്ലാ മനുഷ്യർക്കും സ്വീകാര്യനാവുന്ന ഗുരുവാണ്; ‘നമ്മുടെ ആൾക്കാർക്ക് മാത്രം’ രക്ഷ സപ്ലൈ ചെയ്യുന്ന ദൈവത്തിന്റെ ഏജന്റല്ല.
യേശുവിനെ പുതിയ തലമുറ കണ്ടെത്തിക്കഴിഞ്ഞെന്നും ലോകമെങ്ങുമായി നിറയുന്ന സ്നേഹത്തിന്റെ ഒരു വേൾഡ് വൈഡ് വെബ് രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജോസ് ടി. തോമസ് ഈ പുസ്തകത്തിൽ പലയിടത്തും തറപ്പിച്ചു പറയുന്നുണ്ടെങ്കിലും അതെനിക്ക് തീരെ ബോധ്യം വന്നിട്ടില്ല. എങ്കിലും, അങ്ങനെ സംഭവിക്കട്ടെ എന്ന് ആശിക്കാൻ ഞാൻ തയാറാണ്. പ്രതീക്ഷകളാണല്ലോ മനുഷ്യകുലത്തെ ഇത്രയും കാലം മുന്നോട്ടു നയിച്ചത്; ഇനിയങ്ങോട്ടു നയിക്കാൻ പോകുന്നതും.
ബൈബിളിലെ പഴഞ്ചൻ നിയമത്തിലുള്ള പ്രതികാരകഥകളിലും പെൺകുട്ടികളുടെയും സ്ത്രീകളുടേയും ഉടുപ്പിന്റെ അളവുകളിലുമാണ് ഇപ്പോഴുള്ള ക്രൈസ്തവപുരോഹിതരിൽ നല്ല പങ്കിന്റേയും കണ്ണ് എന്നതുകൊണ്ട് അവർ ഈ പുസ്തകം വായിക്കാൻ വഴിയില്ല. പിന്നൊരു കൂട്ടർക്ക് കെട്ടിടം പണിയും കച്ചവടങ്ങളും കഴിഞ്ഞിട്ട് ഒന്നിനും നേരമില്ല. വളരെ ചെറിയൊരു ശതമാനം പുരോഹിതർ ഈ ദൂഷിതവലയത്തിനു പുറത്തുണ്ട്. അവർ ഈ പുസ്തകം വായിക്കുമെന്നും അതിനു ശേഷം അവർ പ്രസംഗിക്കുന്ന പുൾപിറ്റുകൾക്ക് തീ പിടിക്കുമെന്നും അങ്ങനെ അവരും അവരെ കേൾക്കുന്നവരും നിലയ്ക്കാത്ത സ്നേഹമായി മാറുമെന്നും കൂടി ഞാൻ ആശിക്കുകയാണ്.
(പത്രപ്രവർത്തനത്തിന്റെ ‘എ ബി സി ഡി’ പഠിപ്പിച്ച ജോസ് ടി. തോമസ് എനിക്ക് ജോസ്‌ടി സാറാണ്. അദ്ദേഹത്തിന്റെ പുസ്തകം ഇന്ദുലേഖയിലുണ്ട്.)
Tom J Mangatt
താഴെയുള്ള വായനാനുഭവം പങ്കുവച്ച ഫെഡറൽ ബാങ്ക് സീനിയർ ഉദ്യോഗസ്ഥൻ ടോമി ജോസഫിനു സ്നേഹവന്ദനം. പുസ്തകം അതിന്റെ ലക്ഷ്യം കാണുന്നു എന്ന ആഹ്ളാദം മറച്ചുവയ്ക്കാനാവുന്നില്ല.
# “തീർച്ചയായും, ശ്രീ ജോസ് ടി തോമസിന്റെ ഈ പുസ്തകം, നൂതനമായ ഒരു ആശയലോകത്തെ നമ്മുടെ ഉള്ളിൽ വികസിപ്പിക്കും.പാപ-പുണ്യങ്ങളെ നിർണ്ണയിച്ചു, ആകാശ വാതിലുകൾക്കപ്പുറം പ്രൌഡിയോടെ വാണരുളുന്ന ക്രിസ്തുരാജനിൽനിന്നു വ്യത്യസ്തനായ , ശ്രീയേശുവിനെകുറിച്ചാണ് ഈ പുസ്തകം പറയുന്നത്. “കരുണാർദ്ര സ്നേഹത്തിന്റെ യേശുധാര ആർദ്രതയില്ലാത്ത ആണധികാരത്തിന്റെ ക്രിസ്തുധാരയായി ലോകമെങ്ങും കയറ്റിയയക്കപ്പെട്ടതെങ്ങനെയെന്നു ശ്രീ ജോസ് ടി തോമസ്, അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ ഈ പഠനത്തിൽ വിശദമാക്കുന്നു. ക്രിസ്തുദൈവശാസ്ത്രത്തിന്റെയും റോമൻ സാമ്രാജ്യത്തിന്റെ അധികാരപ്രമത്തതയുടെയും താല്പര്യങ്ങൾ ഒത്തുചേർന്ന്, രക്ഷയുടെയും വിമോചനത്തിന്റെയും ശബ്ദം എങ്ങനെയാണ് പാപബോധത്തിന്റെ കുറ്റിയിൽ ബന്ധിക്കപ്പെട്ടു സാംസ്കാരിക അധിനിവേശത്തോടൊപ്പം ലോകമെങ്ങും കയറ്റി അയക്കപ്പെട്ടത്?പലയാവർത്തി വായനക്കുള്ള പ്രേരണ ഈ പുസ്തകം നൽകുന്നു. ഓരോ വായനയും ഓരോ അനുഭവമാകും.അൻപ് ഉണ്മയായ, അൻപിന് ഉടയോനായ, “സരളമായ ഒരു ഹൃദയത്തിന്റെ തുടിപ്പുള്ള കുറച്ചു ചെറിയ വാക്യങ്ങൾ ജനങ്ങളോടു പറഞ്ഞ യേശുവിന്റെ ” സ്നേഹ സാമീപ്യവും കരുണയും തലോടലും, ഈ പുസ്തകം നമ്മെ അനുഭവിപ്പിക്കും.#
ഇന്ത്യ ടുഡേ മുൻ എഡിറ്റർ പി എസ് ജോസഫ് (m.facebook.com/psjoseph) മലയാളം വാരിക ജനുവരി 31 ലക്കത്തിൽ എഴുതിയത്:# കലുഷിതമായ ഈ കാലഘട്ടത്തിൽ ആഴമേറിയ വായനയ്ക്കും ഗാഢമായ ചിന്തയ്ക്കും പ്രേരിപ്പിക്കുന്നതാണ് എഴുത്തുകാരനും എഡിറ്റോറിയൽ ഗവേഷകനുമായ ജോസ് ടി തോമസിന്റെ ‘കുരിശും യുദ്ധവും സമാധാനവും’ എന്ന പ്രൗഢമായ ഭാവിവിചാരവിശകലന ഗ്രന്ഥം. രാജാധിരാജനും ചക്രവര്‍ത്തിയും സ്വര്‍ഗീയമായ അധികാരചിഹ്നങ്ങളുടെ പ്രഭവസ്ഥാനവുമായ ഒരു പൗരോഹിത്യക്രിസ്തുവില്‍ നിന്ന് വ്യതിരക്തമായ ആദിമ യേശുവിനെയും അദ്ദേഹത്തിന്‍റെ വിളംബരങ്ങളെയും ചരിത്രത്തിന്‍റെ, പ്രത്യേകിച്ചും ആദിമ ക്രിസ്തുമതത്തിന്റെ , പുനർവായനയിലൂടെ അവതരിപ്പിക്കുകയാണു ഗ്രന്ഥകാരൻ. അതിൽനിന്നു സ്നേഹത്തിന്‍റെ പുതിയ ഒരു ലോകക്രമത്തിനുള്ള സാധ്യത അദ്ദേഹം വായിച്ചെടുക്കുന്നു. തത്ത്വചിന്തകരും ഭാവിവിശകലന വിദഗ്ധരും വിഭാവനം ചെയ്യുന്ന ഒരു പുതിയ ലോകത്തിന്റെ പിറവിനടക്കുന്നതായാണു ജോസ് ടി തന്റെ തനതുഗവേഷണത്തിലൂടെ വെളിപ്പെടുത്താൻ മുതിരുന്നത് .
മൊസൈക് ചിത്രത്തിന്‍റെ ശൈലിയില്‍ മൂന്നു ഉപന്യാസങ്ങളിലായി 24 ഖണ്ഡങ്ങള്‍ ഉള്ളതാണ് ഈ പുസ്തകം. എന്താണ് ഈ പഠനം സമര്‍ഥിക്കുന്നതെന്നു സംക്ഷിപ്തമായി തുടക്കത്തിൽത്തന്നെ ജോസ് ടി പറയുന്നു: ഗുരുവായ ശ്രീയേശുവിനെ ചക്രവര്‍ത്തിയെപ്പോലെ വലിയ പീഠത്തില്‍ ഇരുത്തിയ പൗരോഹിത്യ ബ്രാഹ്മണ്യം അദ്ദേഹത്തിനു സാമ്രാജ്യത്വം, ദുഷ്പ്രഭുത്വം, മുതലാളിത്തം പോലെയുള്ള രാഷ്ട്രീയപരിവര്‍ത്തനങ്ങളില്‍ പ്രാമാണ്യം നല്‍കി. എന്നാൽ ഇന്നു നിരുപാധികസ്നേഹത്തിലും സ്ത്രീ-പുരുഷ തുല്യതയിലും ഊന്നുന്ന പുതിയ ലോകം അതു തള്ളി ആദിമ യേശുവിനെ തോമസിന്റെ സുവിശേഷത്തിലെപ്പോലെ പരിശുദ്ധവും ലളിതവുമായ ബിംബമായി മാറ്റുന്നു ; ഇന്റര്‍നെറ്റ്‌വര്‍ക്കിംഗ് യുക്തിയിലൂടെ ഭൂമിയെ നീതി ജലംപോലെ ഒഴുകുന്ന ശാന്തിയുടെ ഗ്രഹവും പൊതുഗൃഹവുമാക്കുന്നു. മനുഷ്യസമുദായം ഒരു “സുഹൃദ്പട്ടിക” ആകുന്നു.
ഡോ. ബി .വിവേകാനന്ദന്‍ ഇതു തന്റെ അവതാരികയില്‍ വിശദീകരിക്കുന്നുണ്ട്: “ജോസ് ടി തോമസിന്‍റെ ദാര്‍ശനിക പ്രതിഭ പ്രകടമാക്കുന്നതാണ് ഈ പുസ്തകം .അദ്ദേഹത്തിന്‍റെ മനസ്സില്‍ തെളിയുന്ന ഒരു ചിത്രമനുസരിച്ച്, സ്നേഹവും നീതിയും പുലരുന്ന ഒരു ഏകലോകത്തിന്റെ പരിണാമം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയ പലര്‍ക്കും ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ലെന്നുമാത്രം. യുദ്ധമല്ല, സമാധാനമാണിനി വരാന്‍ പോകുന്നത്.”
‘ക്രിസ്തു’വാക്കപ്പെട്ട യേശുവിനെക്കുറിച്ചും ക്രൈസ്തവ സമൂഹത്തെക്കുറിച്ചും ബൈബിളിന്റെ വ്യത്യസ്തമായ വായനകളെക്കുറിച്ചും അഗാധമായ അറിവുള്ള ഗ്രന്ഥകാരന്‍ ഇതുസംബന്ധമായി പുറത്തുവന്നിരിക്കുന്ന പ്രധാന ഗ്രന്ഥങ്ങളിൽനിന്ന് വിമർശനാത്മകമായി ഉള്‍ക്കൊള്ളുന്ന സത്തയാണ് ഈ പുസ്തകത്തിന്‍റെ കാതൽ. അലസമായ നിരീക്ഷണങ്ങളും അവ്യക്തമായ കണ്ടെത്തലുകളും അല്ല, തികച്ചും കാതലും ഉള്‍ക്കാഴ്ച്ചയുമുള്ള ഒരു നവീന ദര്‍ശനമാണ് ഈ പുസ്തകത്തിന്റെ ശക്തി .
അതാകട്ടെ, ഹൃദ്യവും മനോഹരവുമായ ഭാഷയില്‍ അദ്ദേഹം ആവിഷ്ക്കരിക്കുന്നു .കഴിഞ്ഞ രണ്ടായിരമാണ്ടില്‍ ഉണ്ടായ ബൈബിള്‍ രൂപങ്ങളും പഠനങ്ങളും ഈ അന്വേഷണത്തില്‍ അദ്ദേഹം പിന്തുടരുന്നു .ഒരുപക്ഷേ, പൗരോഹിത്യലോകത്തിലെ അനേകരെ സംഭ്രമിപ്പിക്കാവുന്ന കണ്ടെത്തലുകള്‍ അദ്ദേഹം നടത്തുന്നു .
ബൈബിളിന്റെ സത്തയിലേക്കു കടന്നുചെല്ലുന്ന ജോസ് ടി തോമസ് ക്രിസ്തുവിനെ, നമ്മുടെ ശ്ലൈഹിക കാവല്‍ക്കാര്‍ വേഷമണിയിച്ചു നിര്‍ത്തിയ ക്രിസ്തുവിനെയല്ല, പൂര്‍ണ്ണമായി ആ ആദിമ യേശുവിനെ, അല്ലെങ്കില്‍ സാധാരണക്കാരനായ ‘മറിയത്തിൻമകന്‍ യേശു’വിനെ കണ്ടെത്തുകയാണ്. ‘ക്രിസ്തു’ ആകാത്ത ആ യേശുവിന്റെ വരവോടെ, അദ്ദേഹത്തിന്‍റെ ഓർമയ്ക്കുമീതെ മുമ്പു പുതപ്പിക്കപ്പെട്ട രാജകീയവേഷങ്ങളുടെ അഴിച്ചുമാറ്റത്തിലൂടെ ഒരു പുതിയ ലോകക്രമവും ശാന്തതയും സമാധാനവും രൂപംകൊള്ളുന്നു എന്ന് ഇൻഫോഗ്രഫിക്ക് ചരിത്രസമീക്ഷയുടെ പിന്‍ബലത്തോടെ ജോസ് ടി തോമസ് സമര്‍ഥിക്കുന്നു .
മുന്നൂറ്റിരുപത്തെട്ടു പേജുള്ള പുസ്തകത്തിൽ അറുപതു പേജ് വരുന്ന ഈ ഇൻഫോഗ്രാഫിക്സ് സാധാരണ വായനക്കാരനു പോലും ജോസ് ടി മുന്നോട്ടു വയ്ക്കുന്ന പുതുലോകം തുറന്നുകൊടുക്കും. ഓണ്‍ലൈനില്‍ ഇവ ശരിയായി വിന്യാസിച്ചാല്‍ അത് നല്‍കുന്ന വിവരവിസ്ഫോടനം വലുതായിരിക്കും.
പക്ഷേ, ഒരു ദോഷൈകദൃക്കിനോ നിഷേധാത്മകതയുടെ അളവുകോലുമായി ലോകത്തെ വീക്ഷിക്കുന്ന വ്യക്തിക്കോ ജോസ് ടി യുടെ ശുഭവിചാരം ചരിത്രവുമായി ഒത്തു പോകുന്നുവോ എന്ന സംശയമുണ്ടാകാം. ഭൂലോകം എന്ന ഭൂമികയില്‍ എഴുതപ്പെട്ടതാണ് ഭാവിവിചാരപരമായ അദ്ദേഹത്തിന്റെ സാംസ്കാരിക ചരിത്രനിരൂപണം. അതു ക്രിസ്തുമതനിരൂപണത്തിൽ കേന്ദ്രീകരിക്കുമ്പോൾ ലോകചരിത്രത്തിന്റെ പരിച്ഛേദമാവുമോ? ബുദ്ധമതവും ഇസ്ലാമും കൺഫ്യൂഷിയനിസവും കമ്മ്യൂണിസവുമടക്കം വ്യത്യസ്ത വിചാര ധാരകള്‍ ഉള്ള ഈ ലോകത്തില്‍ ക്രിസ്ത്യന്‍ വിശ്വാസം ഒരു ചെറിയ ധാര ആവുന്നതല്ലേയുള്ളൂ?
“ക്രിസ്ത്യൻ പൗരോഹിത്യമായിരുന്നൂ ഇതുവരെ ലോകത്തിന്മേലുള്ള ഏറ്റവും പ്രബലമായ അധീശബ്രാഹ്മണ്യം” (പേജ് 131) എന്നതാവാം തന്റെ പുസ്തകഘടനയ്ക്കു ഗ്രന്ഥകാരൻ കാണുന്ന ന്യായം. “സാങ്കല്പിക ക്രിസ്തു തിരോഭവിച്ച് ശ്രീയേശു സൈബർ സ്പേസിലൂടെ തിരിച്ചുവരുമ്പോൾ ക്രിസ്ത്യൻ ബ്രാഹ്മണ്യം അവസാനിക്കുന്നു. അതിനൊപ്പം ഭൂമിയിലെ മറ്റു ബ്രാഹ്മണ്യങ്ങളുടെയും മൗലവിത്വങ്ങളുടെയും ആധിപത്യങ്ങളും തിരോഭവിക്കുന്നു. അത്രമേൽ ഇന്റർകണക്ടഡ് ആണു ലോകം. ഈ ഇന്റർകണക്ടഡ്നസ്സിൽനിന്നു മതാതീത ആഗോളജനത ഉണ്ടാകുന്നു” (അവിടെത്തന്നെ) എന്നതാണ് അദ്ദേഹത്തിന്റെ യുക്തി. “എന്താണു ലോകത്തിന്റെ ഭാവി എന്നറിയുന്നതിനുവേണ്ടി ചരിത്രം നിരൂപണം ചെയ്യാനുള്ള എളുപ്പവഴി” (പേജ് 21) ആയി ക്രിസ്തുമതനിരൂപണത്തെ കാണുന്നത് ആ യുക്തി വച്ചാണ്. “സംസ്കാരങ്ങളെ യേശു പ്രകാശിപ്പിച്ചതിന്റെയും ക്രിസ്തു ദുഷിപ്പിച്ചതിന്റെയും ചരിത്രം” അവതരിപ്പിക്കുന്നു.
എല്ലാ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ബാധകമായ ഭാവിവിചാരമനുസരിച്ച് ഒരു ഫേസ്ബുക്ക് കൂട്ടായ്മ പോലെ സൗഹൃദത്തിന്റെ ഒരു ലോകം ഉണ്ടാകുമെന്നുതന്നെ കരുതുക. അതു സമാധാനത്തിനു വഴിതെളിക്കുമോ? വികലമായ തത്ത്വശാസ്ത്രങ്ങളും മതങ്ങളുടെ അപ്രമാദിത്യമനോഭാവവും മൂഡമായ വിശ്വാസങ്ങളും മാപ്പര്‍ഹിക്കാത്ത അഹംബോധവുമാണു ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള യുദ്ധങ്ങള്‍ക്കു പ്രധാന കാരണം. രാഷ്ട്രീയപ്രക്രിയയില്‍ മതങ്ങളുടെ നേരിട്ടുള്ള സ്വാധീനം കുറഞ്ഞെങ്കിലും വിശാല റോമന്‍ സാമ്രാജ്യം ചിന്നിച്ചിതറിയെങ്കിലും മതങ്ങളുടെ തിട്ടൂരങ്ങള്‍ ഇന്നും ശിരസ്സാ വഹിക്കുന്നവയാണ് ഒട്ടേറെ രാഷ്ട്രങ്ങളും സാമൂഹികവിഭാഗങ്ങളും. അതു ഭേദിക്കാന്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ, കരുത്തുറ്റ സമൂഹങ്ങള്‍ക്കു പോലുമോ സാധ്യത കാണുന്നില്ല. എന്തിന് മതേതരത്വത്തില്‍ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന രാജ്യങ്ങൾപോലും മതവിശ്വാസവും മതപരമായ പ്രതീകങ്ങളും തങ്ങളുടെ രഹസ്യമായ അധികാര സമവാക്യങ്ങളില്‍ സമര്‍ഥമായി ഉപയോഗിക്കുന്നു .
അനീതിയുടെ കറുത്ത കൈകളാണു നമുക്ക് എങ്ങും കാണാന്‍ കഴിയുന്നത്. ബൗദ്ധസംഹിതകളും ക്രൈസ്തവ മൂല്യങ്ങളും ഗാന്ധിയന്‍ ദര്‍ശനങ്ങളും ആശ്വാസമായി നിലനില്‍ക്കുന്നുവെങ്കിലും രാഷ്ട്രീയവ്യവഹാരത്തില്‍ അതിക്രമങ്ങളും പ്രതികാരവുമാണു കാണാനാവുക .ഹോളോകാസ്റ്റും സെര്‍ബിയയും കൊസോവയും റുവാണ്ടയും ഐ എസും നമ്മുടെ കണ്മുന്നില്‍ ആവര്‍ത്തിക്കുമ്പോള്‍ ശുഭാപ്തിവിശ്വാസം പോലും ഭീതിപ്പെടുത്തുന്നു .
പക്ഷേ, എല്ലാ സമൂഹത്തെയും ചില സ്വപ്നങ്ങളും സങ്കല്‍പങ്ങളുമാണു രക്ഷപ്പെടുത്തുക. സ്നേഹം അല്ലെങ്കില്‍ സാഹോദര്യം ഇനി പുലരുമെന്ന ജോസ് ടിയുടെ കാഴ്ചപ്പാടിന്റെ പ്രസക്തി അവിടെയാണ് .ആഗോളതാപനം പോലെയുള്ള വിഷയങ്ങളില്‍ രാഷ്ട്രങ്ങള്‍ പോലും അതിരുകള്‍ ഭേദിച്ചു ചിന്തിക്കാന്‍ തുടങ്ങുന്നു എന്നത് അദ്ദേഹത്തിന്‍റെ ഉള്‍ക്കാഴ്ചയെ ന്യായീകരിക്കുന്നു. ആസുരമായ ഈ കാലത്തില്‍ സ്നേഹത്തിന്റെ വഴിത്താരകള്‍ തേടിയില്ലെങ്കില്‍ ഇനി നമുക്കൊരു ഭൂമിയില്ല, ജീവിതവും.
സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയ ഫ്രെഞ്ച് വിപ്ലവത്തിന്റെ ഉന്നതമായ ആദര്‍ശങ്ങള്‍ രക്തരൂഷിതമായ രാഷ്ട്രീയപ്രക്രിയകളില്‍ തകരുന്നതു ലോകം കണ്ടു .എങ്കിലും നാം ആശിച്ചുപോകുന്നൂ മറ്റൊരു ലോകം സാധ്യമാണെന്നും അതു സംഭവിക്കുമെന്നും. അങ്ങനെയൊരു ലോകത്തിനു പുതിയൊരു ബൈബിള്‍ സമ്മാനിക്കുകയാണു ജോസ് ടി തോമസ് ‘കുരിശും യുദ്ധവും സമാധാനവും’ എന്ന നവീന ഭാവിവിചാരത്തിലൂടെ.## നന്ദി, പി. എസ്., ഈ പ്രിയപ്പെട്ട വായനയ്ക്ക്.നന്ദി, മലയാളം.
ജോസ് ടി.
കോപ്പികൾക്ക്