മനുഷ്യന്റെ സകല യോഗ്യതകളും അവൻ ‘ആരിൽ വിശ്വസിക്കുന്നു’ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ദൈവം അയച്ച തന്റെ ഏകജാതനായ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ യോഗ്യത. ദൈവത്തിന്റെ കൃപാവരത്താല്‍, ദൈവികപദ്ധതിയില്‍ നമ്മെ പങ്കുകാരാക്കിക്കൊണ്ടു യഥാര്‍ത്ഥമായ യോഗ്യത ദൈവം നമുക്കു ദാനമായി നൽകി. ദൈവമക്കൾ എന്നുള്ള യോഗ്യതയും, പാപത്തിൽ നിന്നുള്ള മോചനവും ആയിരുന്നു, ദൈവം ദാനമായി നൽകിയ യോഗ്യത. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിലൂടെയാണ് ദൈവമക്കൾ എന്ന സ്ഥാനം നമ്മുക്കു ലഭിക്കുന്നത്.
ദൈവത്തിന്റെ മുന്പില് നമുക്കുള്ള സകല യോഗ്യതകളുടെയും ഉറവിടം ക്രിസ്തുവിന്റെ സ്നേഹമാണ്. നാം ഓരോരുത്തർക്കും ദൈവം നൽകുന്ന യോഗ്യതകള്‍ കേവലം ദൈവത്തിന്റെ കൃപാവരമാണെന്ന സജീവമായ ബോധം എപ്പോഴും ഉണ്ടായിരിക്കണം. ജീവിതത്തിൽ നാം ഓരോരുത്തർക്കും വിവിധങ്ങളായ യോഗ്യതകൾ ദൈവം നൽകിയിട്ടുണ്ടാകാം. ദൈവം തന്നിരിക്കുന്ന യോഗ്യതകൾ നമ്മളുടെ സ്വയ നേട്ടങ്ങൾക്കും, സ്വാർത്ഥ താൽപര്യങ്ങൾക്കും ഉപയോഗിക്കാതെയും, ദൈവഹിതത്തിന് അനുസ്വതമായി ഉപയോഗിക്കുക.
ദൈവം തന്നിരിക്കുന്ന എല്ലാവിധ യോഗ്യതകൾക്കും നാം നന്ദിയുള്ളവരായി മാറണം. എന്നാൽ ജീവിത സാഹചര്യങ്ങൾ മൂലം പലപ്പോഴും ദൈവം തന്നിരിക്കുന്ന യോഗ്യതകൾക്ക് ജീവിതത്തിൽ നാം നന്ദിയില്ലാത്തവരായി മാറാറുണ്ട്. ഉദാഹരമായി പറഞ്ഞാൽ ജോലി ലഭിക്കുവാൻ വേണ്ടി നാം ദൈവത്തോട് പ്രാർത്ഥിക്കുകയും, ആരാധിക്കുകയും ചെയ്യുന്നു, എന്നാൽ ജോലി ലഭിച്ചതിനു ശേഷം ദൈവം തന്നിരിക്കുന്ന യോഗ്യതകളെയും, നൻമകളെയുമോർത്ത് നാം പലപ്പോഴും നന്ദി പറയാറില്ല. ദൈവം തന്നിരിക്കുന്ന യോഗ്യതകളെ നമ്മുടെ കഴിവുകളാക്കി മാറ്റുകയും, അഹങ്കരിക്കുകയും ചെയ്യുന്നു. നാം എപ്പോഴും ചിന്തിക്കേണ്ടത് നമ്മുടെ മേൻമകൾ ദൈവത്തിന്റെ ദാനമാണ് എന്നാണ്. ദൈവം തന്നിരിക്കുന്ന മേൻമകൾക്ക് നാം എപ്പോഴും നന്ദിയുള്ളവരായിരിക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ