ഓര്‍ക്കുക… ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം
പോര്‍ച്ചുഗീസ് ദ്വീപായ മഡെയ്റയിലെ ഒരു സാധാരണ സ്ത്രീ ആയിരുന്നു മരിയ ഡോളോറസ് ഡോസ് സാന്റോസ് അവീറോ എന്ന ഡോളോറസ് അവീറോ. പാചകമായിരുന്നു തൊഴില്‍. ഭര്‍ത്താവ് ജോസ് ഡിനിസ് അവീറോ ഒരു മുനിസിപ്പല്‍ ഗാര്‍ഡനറായിരുന്നു. പക്ഷേ, മുഴുക്കുടിയനായിരുന്നതിനാല്‍ മൂന്ന് മക്കളുള്ള കുടുംബത്തെ പട്ടിണിക്കിടാതെ നോക്കേണ്ട ചുമതല ഡോളോറസിന്റെ ചുമലിലായി.
പാചകം ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നു വേണം മക്കളുടെ പഠന ചിലവുകളടക്കം കണ്ടെത്താന്‍. അങ്ങനെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ കഷ്ടപ്പെടുമ്പോഴാണ് താന്‍ നാലാമതും ഗര്‍ഭിണിയാണന്ന് ഡോളോറസ് അറിയുന്നത്. പട്ടിണിക്കും പരിവട്ടത്തിനുമിടയില്‍ ഒരു കുഞ്ഞുകൂടി… അവള്‍ക്കത് ഒട്ടും ഉള്‍ക്കൊള്ളാനായില്ല… ഗര്‍ഭഛിദ്രം തന്നെ ശരണം. തീരുമാനിച്ചുറപ്പിച്ച ഡോളോറസ് നഗരത്തിലെ ഒരാശുപത്രിയിലെത്തി. പക്ഷേ, ഡോക്ടര്‍ ആവശ്യം നിരസിച്ച് മടക്കി അയച്ചു.
എന്നാല്‍ തോറ്റു പിന്‍മാറാന്‍ ഡോളോറസ് തയ്യാറായില്ല. സ്വയം ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനമെടുത്തു. അതിനായി ചൂടുള്ള ബിയര്‍ ആവോളം കുടിച്ച ശേഷം തളര്‍ന്നു വീഴും വരെ ഓടി. പക്ഷേ, വിധി മറ്റൊന്നായിരുന്നു. അമ്മയുടെ മനസിലെ കൊലപാതക ചിന്തകളെ വെല്ലുവിളിച്ച് ആ കുഞ്ഞ് 1985 ഫെബ്രുവരി അഞ്ചിന് ഭൂമിയില്‍ പിറന്നു വീണു.
അവനെ നശിപ്പിക്കാന്‍ അമ്മ തളര്‍ന്നു വീഴും വരെ ഓടിയെങ്കില്‍, ഇന്ന് ലോകത്ത് അങ്ങോളമിങ്ങോളമുള്ള പുല്‍ മൈതാനങ്ങളില്‍ അവന്റെ പിന്നാലെ നെട്ടോട്ടമോടി തളര്‍ന്ന് വീഴുകയാണ് ഒട്ടുമിക്ക ഫുട്‌ബോള്‍ ഡിഫന്റര്‍മാരും. അവനാണ് കാല്‍പന്തു കളിയിലെ സ്വര്‍ണ പാദുകങ്ങളുള്ള രാജകുമാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ!..
പട്ടിണി ഭയന്ന് അമ്മ നശിപ്പിക്കാന്‍ തീരുമാനിച്ച ആ കുഞ്ഞ് സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റിയെന്ന് മാത്രമല്ല ഇന്ന് ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോളറും കൂടിയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ് ഇന്ന് ഡോളോറസും ആ കുടുംബവും ലോകത്തിന് പ്രീയപ്പെട്ടവരായി മാറിയത്. നോക്കുക, മനുഷ്യന്‍ ഒന്നാഗ്രഹിക്കുന്നു; ദൈവം മറ്റൊന്ന് തീരുമാനിക്കുന്നു.
പിറന്ന് വീഴാന്‍ പോകുന്ന കുഞ്ഞ് ആരായി തീരുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ ലോകത്ത് ഒരാള്‍ക്കും സാധ്യമല്ല. ഒരു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍ തീരുന്നില്ല ഗര്‍ഭഛിദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ പട്ടിക.
ഭിക്ഷക്കാരി പ്രഘോഷിച്ച ‘ജീവന്റെ സുവിശേഷം’ എത്ര മഹത്തരം…
ക്ഷയരോഗിയായ ഒരു യുവതി സിഫിലിസ് ബാധിച്ച പുരുഷനുമായി വിവാഹിതയായി. തന്റെ പ്രതിശ്രുത വരന് സിഫിലിസ് രോഗമുണ്ടെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിലും അവള്‍ ആ വിവാഹത്തിന് സമ്മതം മൂളി. കാരണം ന്യൂയോര്‍ക്കിലെ തെരുവില്‍ ഭിക്ഷ യാചിച്ചു കഴിയുന്ന തനിക്ക് അധികമൊന്നും ആഗ്രഹിക്കാന്‍ അവകാശമില്ലെന്ന് അവള്‍ക്കറിയാമായിരുന്നു.
ആ ബന്ധത്തിലുണ്ടായ ആദ്യത്തെ കുഞ്ഞ് മരിച്ചാണ് ജനിച്ചത്. രണ്ടാമത്തെ കുട്ടി ബധിരനും മൂകനും. മൂന്നാമത്തെ കുഞ്ഞാണെങ്കില്‍ അമ്മയെപ്പോലെ ക്ഷയരോഗി. അവള്‍ നാലാമതും ഗര്‍ഭിണിയായപ്പോള്‍ പലരും നെറ്റി ചുളിച്ചു. പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. ചിലര്‍ ഭീഷണിപ്പെടുത്തുക വരെ ചെയ്തു.
പക്ഷേ, ഒരു തെരുവ് യാചകി ആയിരുന്നെങ്കിലും ആ അമ്മയ്ക്ക് ജീവന്റെ വില എത്ര മഹത്തരമെന്ന തിരിച്ചറിവുണ്ടായിരുന്നു. തന്റെ ഉദരത്തില്‍ വളരുന്ന നിഷ്‌ക്കളങ്ക ജീവനെ നശിപ്പിക്കാന്‍ അവള്‍ തയ്യാറായില്ല. അംഗവൈകല്യമോ, ബുദ്ധിമാന്ദ്യമോ എന്തുതന്നെ സംഭവിച്ചാലും മറ്റു രണ്ടു മക്കളേയും പോലെ അതിനേയും വളര്‍ത്താന്‍ ആ അമ്മ തീരുമാനിച്ചു. ആ കുഞ്ഞാണ് പിന്നീട് ലോകം മുഴുവന്‍ അറിയപ്പെട്ട സുപ്രസിദ്ധ സംഗീതജ്ഞന്‍ ലഡ് വിംഗ് ബിഥോവന്‍!..
മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഭിക്ഷക്കാരിയായ ആ മാതാവ് തന്റെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വച്ച് നശിപ്പിച്ചിരുന്നെങ്കില്‍ ലോകത്തിന് നഷ്ടമാകുമായിരുന്നത് ഒരു സംഗീതാചാര്യനെ ആയിരുന്നു. അറിവും വിദ്യാഭ്യാസവുമില്ലെങ്കിലും തന്റെ ഉദരത്തില്‍ വളര്‍ന്നു വരുന്നത് ഒരു മനുഷ്യ ജീവനാണെന്ന തിരിച്ചറിവും അതിനെ കൊല്ലാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യവുമുണ്ടായിരുന്നു അവള്‍ക്ക്.
അതുകൊണ്ടു മാത്രമാണ് ലഡ് വിംഗ് ബിഥോവനെയും മറക്കാനാവാത്ത കുറേ സംഗീതവും ലോകത്തിന് ലഭിച്ചത്. നിസാര കാരണങ്ങളുടെ പേരില്‍ സ്വന്തം ഗര്‍ഭപാത്രം ശവപ്പറമ്പാക്കി മാറ്റുന്ന ഇന്നിന്റെ അമ്മമാര്‍ക്ക് തെരുവിന്റെ സന്തതിയായിരുന്ന ആ ഭിക്ഷക്കാരി അമ്മ പഠിപ്പിച്ചു തരുന്ന ജീവന്റെ പാഠങ്ങള്‍ ഏറെ ശ്രേഷ്ഠമാണ്.
സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ച ഗര്‍ഭഛിദ്രം അമ്മ വേണ്ടെന്ന് വച്ചതിന്റെ ഫലമായിരുന്നു 1978 മുതല്‍ 2005 വരെയുള്ള 27 വര്‍ഷക്കാലം ആഗോള കത്തോലിക്കാ സഭയെ നയിച്ച് പിന്നീട് വിശുദ്ധ പദവിയിലെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ!…
ദരിദ്ര കുടുംബത്തിലെ പതിനാലാമത്തെ കുഞ്ഞിനെ വേണ്ടന്നു വയ്ക്കുവാനുള്ള തീരുമാനം ഇടവക വികാരി തടഞ്ഞതുകൊണ്ടു മാത്രം ഭൂമിയില്‍ പിറന്നു വീണ പെണ്‍കുട്ടിയാണ് സെലിന്‍ ഡിയോണ്‍ എന്ന കനേഡിയന്‍ പാട്ടുകാരി. അവളാണ് ടൈറ്റാനിക് എന്ന സിനിമയിലെ പ്രശസ്തമായ ‘Every night in my dreams’ എന്ന ഗാനം ആലപിച്ചത്. അമ്മയെ മുത്തശി അബോര്‍ഷനില്‍ നിന്ന് പിന്തിരിപ്പിച്ചതിന്റെ ഫലമാണ് ഹോളിവുഡ് അഭിനേതാവും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ ജാക് നിക്കോള്‍സണ്‍.
ഇപ്രകാരം ലോകത്തിന്റെ നെറുകയിലെത്തേണ്ട എത്രയോ മഹത് വ്യക്തിത്വങ്ങളാണ് ഈ ഭൂമിയിലേക്ക് പിറന്നു വീഴാന്‍ ഭാഗ്യമില്ലാതെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ കൊല ചെയ്യപ്പെടുന്നത് എന്നോര്‍ക്കണം. നമ്മുടെയൊക്കെ മാതാപിതാക്കള്‍ സ്വന്തം സുഖത്തെക്കുറിച്ച് ചിന്തിക്കാതിരുന്നതിന്റെ ഫലമാണ് നാമോരോരുത്തരും ഇന്നും ഭൂമിയില്‍ ജീവിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ നിന്ന് മറ്റൊരാളുടെ ഔദാര്യത്തില്‍ പിറന്നു വീണ ഒരാള്‍ക്ക് എങ്ങനെ അതേ ഔദാര്യത്തിന് അവകാശമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലാതാക്കാന്‍ സാധിക്കും എന്നതാണ് ഇവിടെ ഉയര്‍ന്നു വരുന്ന പ്രധാന ചോദ്യം.
ഗര്‍ഭസ്ഥ ശിശുവിനെ ഒരു വ്യക്തിയായി കാണാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് ഗര്‍ഭഛിദ്രം കൊലപാതകമല്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ ബീജ സങ്കലനം നടന്ന് പുതിയ കോശം രൂപീകൃതമായ നിമിഷം മുതല്‍ ജീവന്റെ തുടിപ്പ് ആരംഭിച്ചുവെന്നും ഗര്‍ഭാവസ്ഥയുടെ ആദ്യമാസത്തില്‍ തന്നെ കുഞ്ഞിന്റെ ഹൃദയം മിടിച്ച് തുടങ്ങുന്നുവെന്നും നമ്മള്‍ കണ്ടു കഴിഞ്ഞു.
പന്ത്രണ്ട് ആഴ്ച ആകുമ്പോള്‍ ശ്വാസോച്ഛ്വാസം കാണാന്‍ കഴിയും. ആദ്യ ആഴ്ചകളില്‍ ശ്വാസകോശം ഒരു സോളിഡ് ഓര്‍ഗന്‍ ആണെങ്കിലും 28 ആഴ്ചയില്‍ ശ്വാസകോശം വികസിച്ച് തുടങ്ങുകയും ചെയ്യും. 12 ആഴ്ചയുടെ അവസാനം വൃക്കകള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ഇതൊക്കെയാണ് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍.
സ്വന്തം ശരീരത്തിനു മേല്‍ സമ്പൂര്‍ണമായ അധികാരം അതാത് സ്ത്രീകള്‍ക്കാണന്നും തീരുമാനം അവരുടേത് മാത്രമാണെന്നും വാദിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. ഈ വാദവും തെറ്റാണ്. ഇവിടെ തീരുമാനമെടുക്കപ്പെടുന്നത് സ്ത്രീയുടെ മാത്രം ശരീരത്തെക്കുറിച്ചല്ല. തീരുമാനത്തിന്റെ പരിധിയില്‍ രണ്ടാമതൊരു മനുഷ്യജീവന്‍ കൂടി വരുന്നുണ്ട് എന്നതാണ് കാരണം.
നിബന്ധനകള്‍ക്ക് വിധേയമായി 24 ആഴ്ച വരെ ഗര്‍ഭഛിദ്രം നിയമപരമാണെങ്കിലും കൈക്കൂലി കൊടുത്തോ മറ്റേതെങ്കിലും വിധത്തില്‍ സ്വാധീനിച്ചോ ഡോക്ടറെ വശത്താക്കിയാല്‍ ഏത് സമയത്തും അബോര്‍ഷന്‍ നടത്തിക്കിട്ടും. അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം പാടില്ലെന്നിരിക്കെ നിയമ വിരുദ്ധമായി ലിംഗ നിര്‍ണയം നടത്തി പെണ്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന നിരവധി സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ആരു ജീവിക്കണം, ആരു മരിക്കണം എന്ന് തീരുമാനിക്കാന്‍ ആരാണ് നമുക്ക് അധികാരം തന്നത്?
മറ്റെല്ലാ കൊലപാതകങ്ങളെക്കാള്‍ മാരകമായ പാതകമാണ് ഭ്രൂണഹത്യ. ഭൂമിയിലേക്കു പിറക്കാനുള്ള ഒരു വ്യക്തിയുടെ അടിസ്ഥാന അവകാശമാണ് ഇവിടെ നിക്ഷേധിക്കപ്പെടുന്നത്. അതുപോലെ തന്നെ ജീവിക്കാനുള്ള അവകാശവും. പ്രതിരോധിക്കാന്‍ തീര്‍ത്തും സാഹചര്യമില്ലാത്ത ഇരകളാണ് ഇവിടെ കൊല ചെയ്യപ്പെടുന്നത് എന്നതാണ് മറ്റു കൊലപാതകങ്ങളില്‍ നിന്ന് ഭ്രൂണഹത്യയെ വ്യത്യസ്ഥമാക്കുന്നത്. ഒന്നു നിലവിളിക്കാനോ ഒഴിഞ്ഞുമാറാനോ കുഞ്ഞിനു സാധിക്കുന്നില്ല എന്ന സത്യം ഞെട്ടലോടെ നാം മനസിലാക്കണം.
നിയമം പച്ചക്കൊടി കാണിക്കുമ്പോള്‍ ബോധവല്‍ക്കരണം അനിര്‍വാര്യം
ഗര്‍ഭഛിദ്രത്തിന് നിയമം പച്ചക്കൊടി കാണിക്കുമ്പോള്‍ ഫലപ്രദമായ ബോധവല്‍ക്കരണം അനിര്‍വാര്യമാണ്. കുടുംബങ്ങളില്‍ നിന്നു തന്നെ അത് തുടങ്ങണം. സ്‌കൂള്‍, കോളജ് തലങ്ങളില്‍ ഈ സാമൂഹ്യ തിന്മയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കണം. മതബോധന ക്ലാസുകളില്‍ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുവാനുള്ള കൃത്യമായ ഇടപെടലുകള്‍ ഉണ്ടാവണം.
എല്ലാ മത നേതൃത്വങ്ങളും അതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. യുവജനങ്ങള്‍ക്കായി ആന്റീ അബോര്‍ഷന്‍ സെമിനാറുകള്‍ സംഘടിപ്പിക്കണം. ജീവന്റെ സദ് വാര്‍ത്ത പകര്‍ന്നു നല്‍കുന്ന പ്രോ ലൈഫ് സമിതി -മൂവ്‌മെന്റ് പോലുള്ള പ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും വ്യാപിക്കണം.
അവസാനമായി ഒരു വാക്ക്…
ഓരോ രാജ്യത്തേയും നിയമങ്ങളില്‍ ചിലത് സാമൂഹ്യ തിന്മകളെ പ്രോത്സാഹിപ്പിക്കുന്നതാണെങ്കില്‍ പോലും അവയെ ചെറുത്തു തോല്‍പ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, നമുക്ക് ഒരോരുത്തര്‍ക്കും സ്വയം സുരക്ഷിതരാകാന്‍ സാധിക്കും. അതിനുള്ള വിവേകം നാം ആര്‍ജ്ജിക്കണം. തീക്കനല്‍ പൊള്ളുമെന്നറിയാവുന്നതിനാല്‍ അതില്‍ ആരും തൊടാറില്ല. ധാര്‍മികത അന്യം നിന്നു പോകുന്ന ആധുനിക കാലത്ത് കുടുംബ ജീവിതത്തിലും പുറത്തും വ്യക്തിഗത കരുതലുകള്‍ അത്യന്താപേക്ഷിതമാണ്.
ജീവന്റെ കളിത്തൊട്ടിലായ സ്വന്തം ഗര്‍ഭപാത്രത്തെ നിഷ്‌കളങ്ക ജീവന്റെ ബലിക്കല്ലാക്കി മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ സ്ത്രീകള്‍ മാത്രമാണ്. തീരുമാനമെടുക്കാനുള്ള നിങ്ങളുടെ ആ അവകാശത്തിനുമേല്‍ നാട്ടിലെ നിയമങ്ങള്‍ക്കോ, നിയമ നിര്‍മ്മാതാക്കള്‍ക്കോ, അതിന്റെ നടത്തിപ്പുകാര്‍ക്കോ യാതൊരു വിധ അധികാരങ്ങളുമില്ല.
തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ ഒരു കാരണവശാലും കൊല്ലാന്‍ അനുവദിക്കില്ലെന്ന് ഓരോ അമ്മമാര്‍ക്കും തീരുമാനിക്കാം. അമ്മമാരുടെ ആ നിശ്ചയദാര്‍ഢ്യത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ലോകത്തെ തിന്മയുടെ ഒരു ശക്തിക്കും കഴിയില്ല. താല്‍ക്കാലിക അസൗകര്യങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും സൗന്ദര്യ നഷ്ടങ്ങളും ഒക്കെ പറഞ്ഞ് ഉള്ളില്‍ തുടിക്കുന്ന ജീവന്റെ ജീവനെ വകവരുത്താന്‍ തീരുമാനിക്കും മുന്‍പ് ന്യൂയോര്‍ക്കിന്റെ തെരുവോരങ്ങളില്‍ അലഞ്ഞു നടന്ന ഭിക്ഷക്കാരിയായ ആ അമ്മയെ ഓര്‍ക്കാം. അക്ഷരാഭ്യാസമില്ലാത്തവളെങ്കിലും അവള്‍ പകര്‍ന്നു തന്ന ‘ജീവന്റെ സുവിശേഷം’ ധ്യാനിക്കാം.
ദൈവത്തിന് എല്ലായിടത്തും ഒരുപോലെ വ്യാപരിക്കാന്‍ സാധിക്കാത്തതിനാല്‍ ദൈവം അമ്മമാരെ സൃഷ്ടിച്ചു എന്നാണ് പറയുന്നത്. അത്ര മഹത്തരമാണ് ദൈവിക പദ്ധതിയില്‍ അമ്മമാര്‍ക്കുള്ള സ്ഥാനം. അത് നഷ്ടപ്പെടുത്താതിരുന്നാല്‍ ദൈവത്തിന്റെ ആ സ്വരം നിശ്ചയമായും നിങ്ങള്‍ കേള്‍ക്കും… ”സ്ത്രീകളില്‍ നീ ഭാഗ്യവതി… നിന്റെ ഉദരഫലം അനുഗ്രഹീതം”.
അവസാനിച്ചു.
ഈ ലേഖന പരമ്പരയുടെ മുന്‍ അധ്യായങ്ങള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ജയ്‌മോൻ ജോസഫ്
എക്സിക്യൂട്ടീവ് എഡിറ്റർ ,CNEWS LIVE
കടപ്പാട്
ജീവൻ ദൈവത്തിൻെറ ദാനം .ജീവനെ ആദരിക്കുക ,സംരക്ഷിക്കുക .ജീവൻെറ ശുശ്രുഷകൾക്കായി പ്രാർത്ഥിക്കുക ,പ്രവർത്തിക്കുക .
മംഗളവാർത്ത 9446329343
https://mangalavartha.com/wp-admin/post.php?post=18247&action=edit