നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു എന്ന് കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് വന്ന ചിന്ത ഇന്നും അണഞ്ഞ് പോകാൻ പാടില്ലാത്ത പ്രവാചക ദൗത്യത്തെക്കുറിച്ചാണ്.
വിശുദ്ധ ഗ്രന്ഥത്തിലെ ജറെമിയായുടെ പുസ്തകത്തിൽ കൂടി ഒന്ന് കണ്ണോടിക്കുകയായിരുന്നു. ദൈവം ജറെമിയ എന്ന ബാലനെ ഇസ്രായേൽ ജനത്തിൻ്റെ പ്രവാചകനായി തെരഞ്ഞെടുക്കുന്നതാണ് രംഗം. ദൈവിക പദ്ധതിയിൽനിന്ന് ബാലനായ ജറെമിയ പല ന്യായങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറാൻ പരിശ്രമിക്കുന്നുണ്ട്.
പക്ഷെ ദൈവം ഒരുതരത്തിലും വിട്ടുകൊടുക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ടവൻ്റെ ഹൃദയം കീഴടക്കുവോളം സർവ്വശക്തനായ ദൈവവും വാശിയിലാണ്. ജറെമിയായുടെ പുസ്തകത്തിൻ്റെ ആദ്യ അധ്യായത്തിൽ ദൈവവും ജറെമിയായും തമ്മിലുള്ള സംഭാഷണത്തിലേക്ക് ഒന്ന് എത്തിനോക്കാം:
ജറെമിയ:- “ദൈവമായ കർത്താവേ… ഞാൻ കേവലം ബാലനാണ്. സംസാരിക്കാൻ എനിക്ക് പാടവമില്ല
“.ദൈവം:- “വെറും ബാലനാണെന്ന് നീ പറയരുത്. ഞാൻ അയയ്ക്കുന്നിടത്തേക്കു നീ പോകണം. ഞാൻ കല്പിക്കുന്നതെന്തും നീ അവരോട് സംസാരിക്കണം. നീ അവരെ ഭയപ്പെടേണ്ടാ. നിൻ്റെ രക്ഷയ്ക്ക് നിന്നോട് കൂടെ ഞാൻ ഉണ്ട്. മറിച്ച് നീ അവരെ ഭയപ്പെട്ടാൽ അവരുടെ മുൻപിൽ നിന്നെ ഞാൻ പരിഭ്രാന്തനാക്കും”.
ഒരു രാജ്യത്തിൻ്റെ ഭരണാധിപൻമാരോടും ജനസഹസ്രങ്ങളോടും ദൈവത്തിൻ്റെ ഹിതം വിളിച്ചുപറയാൻ കേവലം ഒരു ബാലന്, അതും നന്നായി സംസാരിക്കാൻ പോലും അറിയാത്ത ഒരു പീറചെറുക്കന് (നാടൻ ഭാഷ) എങ്ങനെ സാധിക്കും അല്ലേ…!! ഈ ചിന്ത തീർച്ചയായും മാനുഷികമാണ്. പക്ഷേ സർവ്വശക്തനായ ദൈവത്തിന് എല്ലാം സാധ്യമാണ്. ദൈവത്തിൻ്റെ പിടിവാശിക്ക് മുമ്പിൽ ജറെമിയ തന്നെത്തന്നെ വിട്ടുകൊടുത്തു.
തുടർന്ന് പ്രവാചകദൗത്യം ഏറ്റെടുത്ത ജറെമിയ ദൈവത്തിൻ്റെ മുന്നറിയിപ്പുകൾ ഭരണാധികാരികളോടും ജനത്തോടും വിളിച്ചു പറഞ്ഞ് വരാൻ പോകുന്ന വിപത്തിൽ നിന്ന് പിന്തിരിയണമെന്ന് മുന്നറിയിപ്പ് കൊടുത്തപ്പോൾ ജറെമിയായ്ക്ക് ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങൾ നേരിടേണ്ടിവന്നു. ചെളിനിറഞ്ഞ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയപ്പെടുകയും മരണത്തെ മുഖാമുഖം കണ്ട് ഇരുളറകളിൽ നാളുകൾ തള്ളി നീക്കപ്പെടുകയും ചെയ്യേണ്ടതായി വന്നു. അവസാനം താൻ പ്രവചിച്ചവയെല്ലാം സ്വന്തം കണ്ണുകൾകൊണ്ട് കാണേണ്ടിവന്ന പ്രവാചകൻ സത്യം പറഞ്ഞതിൻ്റെ പേരിലും മുന്നറിയിപ്പു നൽകിയതിൻ്റെ പേരിലും പീഡിപ്പിക്കപ്പെടുകയും നാടുകടത്തപ്പെടുകയും കല്ലെറിഞ്ഞു കൊല്ലപ്പെടുകയും ചെയ്തു.
ഉള്ളിൽ അഗ്നിയായി കത്തിപ്പടരുന്ന ദൈവവചനത്തെ മറച്ചുവയ്ക്കുവാനോ പിടിച്ചുനിർത്തുവാനോ ജറെമിയയ്ക്ക് കഴിഞ്ഞില്ല. “നീ എഴുന്നേറ്റ് അരമുറുക്കുക. ഞാൻ കല്പിക്കുന്നതൊക്കെയും അവരോടു പറയുക” എന്ന് ദൈവം കല്പിച്ചപ്പോൾ ജറെമിയ തൻ്റെ ജീവനെയോ, ജീവിതത്തേയോ ഓർത്ത് പിന്തിരിയാതെ ദൈവഹിതത്തിന് ജീവിതകാലം മുഴുവൻ സ്വയം വിട്ടുകൊടുത്തു.
ചരിത്രത്തിൻ്റെ താളുകൾ മറിച്ചു നോക്കുമ്പോൾ മോശ മുതൽ അനേകായിരം പ്രവാചകന്മാരും പ്രവാചികമാരും ദൈവത്തിനും ജനങ്ങൾക്കും മധ്യേനിന്ന് നന്മയ്ക്കായി പൊരുതുന്നത് കാണാം. കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി ക്രൈസ്തവസഭയും ലോകത്തിലെ തിന്മകൾക്കെതിരെ ശബ്ദമുയർത്തുന്നതിൽ ഒട്ടും പിന്നിലല്ല. ദൈവം തനിക്കായി മാറ്റി നിർത്തുന്നത് എല്ലാം തികഞ്ഞവരെ അല്ല. കുറവുകൾ ഉള്ളവരെ, അതായത് സ്വന്തം കഴിവിൽ ആശ്രയിക്കാത്തവരെ ആണ്.
ദൈവത്തിനും ദൈവജനത്തിനുമായി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന ഓരോരുത്തർക്കും ഉള്ള ഒരു പ്രത്യേകത ആണ് ദൈവം ജറെമിയായുടെ പുസ്തകത്തിൽ 1, 7 ൽ പറയുന്ന “ഞാൻ അയയ്ക്കുന്നിടത്തേക്കു നീ പോകണം ഞാൻ കൽപ്പിക്കുന്നതെന്തും നീ സംസാരിക്കണം” എന്നത്. നിർഭാഗ്യവശാൽ ഈ ആധുനിക നൂറ്റാണ്ടിൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും മൗനമോ നിസംഗതയോ പലപ്പോഴും പുലർത്തുന്നു. “നിൻ്റെ രക്ഷയ്ക്ക് നിന്നോടുകൂടെ ഞാനുണ്ട്. നീ അവരെ ഭയപ്പെടേണ്ടാ” എന്ന വചനത്തിൽ വിശ്വാസം അർപ്പിക്കാതെ കർത്താവിൻ്റെ തെരഞ്ഞെടുക്കപ്പെട്ടവർ മൗനം പാലിച്ചപ്പോളെല്ലാം സഭയും സമൂഹവും ലോകവും നാശത്തിലേക്ക് കൂപ്പുകുത്തിയെന്നത് ഒരു നഗ്ന യാഥാർത്ഥ്യമാണ്.
സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ ശബ്ദിച്ചിട്ട് നിന്ദനങ്ങളും പീഡനങ്ങളും ഏൽക്കേണ്ടിവരുകയോ, അല്ലെങ്കിൽ അതാത് കാലഘട്ടങ്ങളിലെ നിയമ നടപടികൾ നേരിടേണ്ടിവരുകയോ ചെയ്യുമ്പോൾ തളരുകയോ പിന്മാറുകയോ ചെയ്യരുത്. കാരണം നിങ്ങൾ അല്ല, നിങ്ങളുടെ ഉള്ളിലെ ദൈവാത്മാവാണ് തെറ്റുകൾ ചൂണ്ടിക്കാണിക്കുവാനും വരാൻ പോകുന്ന ഭയാനകമായ വിപത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുവാനും നിങ്ങളെ പ്രേരിപ്പിക്കുന്നത്.
1891 മെയ് 15 ന് ലെയോ പതിമൂന്നാമൻ മാർപാപ്പാ ‘റേരും നൊവാരും’ എന്ന ചാക്രികലേഖനത്തിലൂടെ തൊഴിലാളി വർഗ്ഗത്തിൻ്റെ ശോചനീയമായ അവസ്ഥ ചൂണ്ടിക്കാട്ടി വളരെ ശക്തമായ ഭാഷയിൽ മുതലാളിവർഗ്ഗത്തെയും രാഷ്ട്ര ഭരണാധിപന്മാരെയും നിശിതമായി വിമർശിച്ചതിലൂടെ ലോകത്തിൻ്റെ ഓരോ കോണിലും മാറ്റത്തിൻ്റെ കൊടുങ്കാറ്റ് ആഞ്ഞുവീശി… പിന്നീടുള്ള മാർപാപ്പാമാരെല്ലാം ലോകത്തിന്റെ ഓരോ കോണിലും ജനങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് എതിരെ ശബ്ദമുയർത്തിയവരാണ്.
കത്തോലിക്കാസഭയിലെ മാർപാപ്പാമാരും മെത്രാന്മാരും ഒപ്പം ദൈവത്തിനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന ഓരോ വൈദികരും സന്യസ്തരും തങ്ങൾ ആയിരിക്കുന്ന സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകളെ നിശിതമായി വിമർശിക്കുകയും വരാൻപോകുന്ന വിപത്തുകളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല.
സ്വന്തം ജീവൻ ത്യജിക്കേണ്ടി വന്നാൽ പോലും സത്യത്തിനുവേണ്ടി നിലനിൽക്കുന്നവരും, നിൽക്കേണ്ടവരുമായ അവരെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ പരിശ്രമിക്കുന്നത് വിഡ്ഢിത്തരമാണ്.ജറുസലേം നഗരത്തിലേക്ക് രാജകീയപ്രവേശനം നടത്തുന്ന ക്രിസ്തുവിന് ആർപ്പ് വിളിച്ച ജനങ്ങളെയും കുട്ടികളെയും നിശബ്ദരാക്കാൻ പറഞ്ഞ് ഫരിസേയർ ക്രിസ്തുവിനെ സമീപിക്കുമ്പോൾ അവരോട് ക്രിസ്തു പറഞ്ഞതിങ്ങനെയാണ്.
“ഇവർ മൗനം പാലിച്ചാൽ ഇവിടെ കിടക്കുന്ന കല്ലുകൾ ആർത്ത് വിളിക്കും എന്ന് ഞാൻ നിങ്ങളോട് പറയുന്നു”. അതേ, ദൈവത്തിൻ്റെ തെരഞ്ഞെടുക്കപ്പെട്ടവരെ നിശബ്ദരാക്കാൻ നിങ്ങൾ പരിശ്രമിച്ചാൽ നാളെയുടെ ബാലികാബാലന്മാരും യുവജനങ്ങളും നിങ്ങൾക്കെതിരെ ശബ്ദമുയർത്തുമെന്നത് നിശ്ചയമാണ്.
ഈ കാലഘട്ടത്തിൽ ഒരു ദൈവിക പദ്ധതിയുടെ ഭാഗമായാണ് പ്രവാചക തുല്യമായി ലോകത്തിന് മുന്നറിയിപ്പ് നൽകാൻ പല ക്രൈസ്തവ മതനേതാക്കളും മുന്നോട്ടുവരുന്നത്. കെണികളൊരുക്കിയും ദ്രോഹിച്ചും തെറ്റിദ്ധാരണകൾ പ്രചരിപ്പിച്ചും അവരെ നിശ്ശബ്ദരാക്കാൻ പരിശ്രമിക്കുന്നവരെല്ലാം ഇരുമ്പാണിയിലാണ് തൊഴിക്കുന്നത്. അവരെ നിങ്ങൾ നിശ്ശബ്ദരാക്കിയാൽ ആയിരങ്ങൾ കൂടുതൽ ഊർജ്ജത്തോടെ രംഗപ്രവേശം ചെയ്യുന്നതിന് ഈ കാലം തന്നെ സാക്ഷ്യം വഹിക്കും. തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ ഉന്മൂലനം ചെയ്യാൻ കച്ചകെട്ടി ഇറങ്ങുന്നതിന് മുമ്പ് ചൂണ്ടികാണിച്ച തെറ്റുകളിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് അന്വേഷിച്ച് അതിനെ ഉന്മൂലനം ചെയ്യാൻ പരിശ്രമിക്കുന്നതാണ് പരസ്പര സ്നേഹവും മതസൗഹാർദം നിലനിർത്താൻ ഏറ്റവും പറ്റിയ മാർഗ്ഗം..
.സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ