വിസ്മയ വിസമയമല്ല; വലിയൊരു മുന്നറിയിപ്പാണ്. തിരുത്തുക കേരളമേ!

സ്ത്രീധന പീഡനത്തില്‍ മരിച്ച വിസ്മയ എന്ന 24-കാരിയുടെ മരണം കേരള മനഃസാക്ഷിയെ ഉണര്‍ത്തണം. പെണ്‍മക്കളോടു പൊതുവേയും വിവാഹിതരായി വരുന്ന യുവതികളോടുമുള്ള സമീപനം തന്നെ കുടുംബങ്ങള്‍ പൊളിച്ചെഴുതണം. വിസ്മയ സംഭവം ഒറ്റപ്പെട്ടതല്ല. ഇനിയൊരു വിസ്മയയും ഭര്‍തൃവീട്ടില്‍ പീഢനമേറ്റു മരിക്കരുത്. ഇതൊരു ആത്മഹത്യയല്ല, കൊലപാതകമാണെന്നു വിസ്മയയുടെ വാട്ട്‌സ്ആപ് സന്ദേശങ്ങളും അവളയച്ച ഫോട്ടോകളും വെളിവാക്കുന്നു. വിസ്മയുടെ മരണത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിനെ നിയമം അനുശാസിക്കുന്ന കര്‍ശന ശിക്ഷയ്ക്കു വിധേയമാക്കട്ടെ. ഭര്‍ത്താവ് എന്നു വിളിക്കപ്പെടാന്‍ അയാള്‍ക്ക് യോഗ്യതയില്ല.

പെണ്‍കുട്ടികള്‍ ആരുടെയും അടിമയോ, ഉപഭോഗ വസ്തുവോ അല്ലെന്നും തന്നെപ്പോലെ തന്നെ കണ്ട് സ്‌നേഹിക്കണമെന്നും നന്നേ ചെറുപ്പം മുതല്‍ ആണ്‍മക്കളെ പഠിപ്പിക്കാന്‍ മതാപിതാക്കള്‍ ശ്രദ്ധിക്കണം. സ്വഭാവ രൂപീകരണ സമയത്തു തന്നെ ഇക്കാര്യം ഓരോരുത്തരിലും വളര്‍ത്തിയെടുക്കാന്‍ കുടുംബങ്ങളും വിദ്യാലയങ്ങളും തയാറാകട്ടെ. മരുമക്കളെ സ്വന്തം മക്കളായി കാണാന്‍ എല്ലാ അമ്മമാര്‍ക്കും കഴിയണം. അതുപോലെ പെണ്‍മക്കളെയും അവളുടെ സഹോദരനെ പോലെ സ്ാതന്ത്ര്യത്തോടെ വളര്‍ത്തുകയെന്നതും പ്രധാനമാണ്. സ്വന്തമായി യാത്ര ചെയ്യാനും പണം കൈകാര്യം ചെയ്യാനും ഉന്നത വിദ്യാഭ്യാസവും ജോലിയും നേടാനും ഓരോ പെണ്‍കുട്ടിയെയും മാതാപിതാക്കള്‍ പ്രാപ്തരാക്കുകയും ധൈര്യം പകരുകയും വേണം.

പുരുഷന്റെ അടിമയല്ല, മറിച്ചു ജീവിത പങ്കാളിയാണ് ഭാര്യ. എന്തും സഹിക്കാന്‍ മാത്രമുള്ളതല്ല സ്ത്രീകള്‍. കല്യാണം കഴിഞ്ഞാല്‍ എന്തും സഹിച്ച് എങ്ങിനെയും അഡ്ജസ്റ്റു ചെയ്യണമെന്നു മക്കളെ പഠിപ്പിക്കരുതേ. അതല്ല കുടുംബത്തിന്റെ സുരക്ഷിതത്വം. പെണ്‍മക്കളെ കെട്ടിച്ചുവിടുന്ന മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ധീരത കാട്ടണം. ദുരഭിമാനം തീര്‍ത്തും കൊള്ളില്ല. ശാരീരികവും മാനസീകവുമായി പരസ്പരം ഉപദ്രവിക്കാന്‍ ആര്‍ക്കും ലൈസന്‍സില്ല. പുരുഷനും സ്ത്രീയും പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും അതിലേറെ സ്‌നേഹത്തോടെയും പങ്കുവയ്ക്കുന്നതാണ് കുടുംബം. സ്വന്തം മാതാപിതാക്കള്‍ മകള്‍ക്കു എന്തെങ്കിലും സ്വത്ത് നല്‍കുന്നുണ്ടെങ്കില്‍ അത് മകളുടെ പേരിലാകട്ടെ.

സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീകള്‍ക്ക് ഏറ്റവും അനിവാര്യം. സ്വന്തമായി പ്രത്യേക ജോലിയോ, ബിസിനസോ ഇല്ലാത്ത വീട്ടമ്മമാര്‍ക്കു സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സ്വന്തം മാതാപിതാക്കളും തയാറാകണം. ദാമ്പത്യത്തില്‍ പരസ്പരം സ്‌നേഹവും ബഹുമാനവും ഉണ്ടാകുമ്പോള്‍ പുരുഷനും സ്ത്രീയും ശരീരവും മനസും മാത്രമല്ല, സമ്പത്തും പങ്കുവയ്ക്കും. ഒന്നും ഏകപക്ഷീയമാകരുത്. കേരളീയ സമൂഹത്തില്‍ വലിയ മാറ്റത്തിന് വിനയ സംഭവം കാരണമാകണം. പരസ്പര ബഹുമാനം, സ്‌നേഹം, പങ്കുവയ്ക്കല്‍ എന്നിവയില്‍ അടിസ്ഥാനമാരണം കുടുംബങ്ങള്‍.വിസ്മയയ്ക്കു പ്രണാമം.

ജോര്‍ജ് കള്ളിവയലില്‍.

https://www.deepika.com/News_Cat2_sub.aspx?catcode=cat2…

നിങ്ങൾ വിട്ടുപോയത്