പ്രത്യേക ധൗത്യത്തോടെ അയക്കപ്പെട്ടവരെ ഓർക്കുകയും പ്രാർത്ഥിക്കുകയും ത്യാഗപ്രവർത്തികളിലൂടെ അവർക്കു സഹായം എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് മിഷൻ ഞായറിനുള്ളത്.

എന്നാൽ വിദൂരങ്ങളിൽ, ഉൾപ്രദേശങ്ങളിൽ , അന്യവത്കരിക്കപ്പെട്ടവരുടെ ഇടയിൽ ജീവിക്കുന്ന അച്ചന്മാരും സന്യസ്തരും മാത്രമല്ലല്ലോ മിഷനറിമാർ, അങ്ങനെ ആ സങ്കല്പത്തെ ഒതുക്കാനും പാടില്ല .

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ( CCC ) പഠിപ്പിക്കുന്നത് സഭ അവളുടെ സ്വഭാവത്താലേ മിഷനറി ആണെന്നാണ് . അങ്ങനെ എങ്കിൽ ഓരോ കത്തോലിക്കനും ക്രിസ്തുവിനെ അറിയാൻ വിളിക്കപ്പെട്ടവനാണ് , പകരാൻ അയക്കപ്പെട്ടവനാണ് .

ഏല്പിക്കപ്പെട്ടിരിക്കുന്ന ധൗത്യത്തോടു, സ്വന്തം സത്തയോട് നീതി പുലർത്താൻ സാധിക്കുന്നുണ്ടോ എന്നൊരു ആത്മശോധന കൂടി ഈ ദിനാചരണത്തിൽ ഒളിഞ്ഞിരിപ്പുണ്ട് .

മനനം ചെയ്യാനൊരു വലിയ വിഷയം , തിരിച്ചറിവിനും ആത്മാവബോധത്തിനും ഉള്ളൊരു ഉണർത്തു പാട്ട്. പ്രതികരിക്കേണ്ടതും ഉത്തരം തേടേണ്ടതും കണ്ണാടി സ്വന്തം മുഖത്തിന് നേരേ പിടിച്ചിട്ടാവണം; അതാണ് ഇന്നിന്റെ യഥാർത്ഥ വെല്ലുവിളിയും.

തുലനം ചെയ്തും നേട്ടം നോക്കിയും ക്രിസ്തുവിനെയും അവന്റെ ആലയത്തെയും വചനത്തെയും കൂദാശകളെയും സമീപിക്കുന്നവർക്ക് തങ്ങളുടെ മനോഭാവത്തെയും ദാർശനിക ചിന്താരീതിയെയും പുനർ വായന നടത്താനുള്ള അവസരമാകട്ടെ മിഷൻ ഞായർ.

ഓരോ ക്രൈസ്തവനും പകർന്നാടേണ്ടത് ആണ് ക്രിസ്തുമാർഗം.അതേ, കാലം മാറിയിരിക്കുന്നു; കോലവും.സമൂഹത്തിൽ ആളാകണമെങ്കിൽ കത്തോലിക്കന്റെ രൂപവും ക്രിസ്തുവിന്റെ ഭാവവും മറക്കേണ്ടിയിരിക്കുന്നുവെന്ന അവസ്ഥയിലാണ് ഇന്ന് മാനവികതയുടെ മൊത്ത കച്ചവടക്കാർ.

മിഷൻ ഞായർ നമ്മെ കൈ പിടിച്ചു നടത്തട്ടെ നേരും നിറവും തികഞ്ഞവന്റെ വഴിയേ ..ബോദ്ധ്യത്തോടെ, പക്വതയോടെ പറയാൻ സാധിക്കട്ടെ എന്റെ പാത ക്രിസ്തുമാർഗ്ഗം ആണെന്ന് . കണ്ട് വളരുന്ന തലമുറയ്ക്ക് പകർന്നുകൊടുക്കാനും കാട്ടികൊടുക്കാനും ഏക സമ്മാനവും ആ മാർഗ്ഗം മാത്രമായിരിക്കട്ടെ.

Ben Joseph

നിങ്ങൾ വിട്ടുപോയത്