അങ്ങനെ ഒരു നൂറ്റുണ്ടിലേറെക്കാലമായി നഗോർണോ-കരാബാക്കിലെ ക്രൈസ്തവർക്കെതിരേ നടന്നുവന്ന വംശീയ ഉന്മൂലനം പൂർത്തിയായി. ആ പ്രദേശത്തു നൂറ്റാണ്ടുകളായി പാർത്തിരുന്ന അർമേനിയൻ ക്രൈസ്തവർ നാടുവിട്ടിരിക്കുന്നു.
1894ലും 1915ലും അരങ്ങേറിയ അർമേനിയൻ വംശഹത്യയുടെ തുടർച്ചയായി നടന്നുകൊണ്ടിരുന്ന അസർബൈജാനി അധിനിവേശം ലക്ഷ്യം കണ്ടു.
ഇപ്രാവശ്യം അധികം രക്തച്ചൊരിച്ചിലിന് ഇടകൊടുക്കാതെ അർമേനിയൻ ക്രൈസ്തവർ സകലതുമുപേക്ഷിച്ച് അർമേനിയയിലേക്ക് പലായനം ചെയ്യുകയായിരുന്നു.കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അസർബൈജാൻ കാത്തിരുന്നതും ഇതിനാണ്. നഗോർണോ - കരാബാക്കിലെ 1,20,000 അർമേനിയൻ ഓർത്തഡോക്സ് ക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും നാടുവിട്ടുകഴിഞ്ഞു. പലായനം ചെയ്യാൻപോലും കഴിവില്ലാത്തവരും അസർബൈജാന്റെ ജയിലുകളിൽ ഉള്ളവരുമായ കുറേപ്പേരൊഴികെ അവിടെയിനി അർമേനിയൻ വംശജർ ആരുമില്ല.
1915ലെ വംശഹത്യ ആവർത്തിക്കാനെന്നവിധം കഴിഞ്ഞ ഡിസംബറിൽ നഗോർണോ - കരാബാക്കിനെയും അർമേനിയയെയും ബന്ധിപ്പിക്കുന്ന ലാച്ചിൻ പാത അസർബൈജാൻ അടച്ചു. അസർബൈജാന് അകത്തു കിടക്കുന്ന നഗോർണോ - കരാബാക്കിലേക്ക് ഭക്ഷണപദാർഥങ്ങളും മരുന്നും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചിരുന്ന ഈ പാത അടച്ചതോടെ ഒന്നേകാൽ ലക്ഷം വരുന്ന അർമേനിയർ പട്ടിണി കിടന്നു മരിക്കുമെന്ന അവസ്ഥയായി. അവരെ നാടുവിടാൻ പ്രേരിപ്പിക്കുകയായിരുന്നു അസർബൈജാന്റെ ലക്ഷ്യം. തുടർന്ന് ആയുധധാരികളായ അസറി സൈനികരുടെ ആക്രമണമുണ്ടായി.
നഗോർണോ - കരാബാക്കിലെ പ്രാദേശിക ഭരണകൂടത്തിന് കീഴടങ്ങുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. അങ്ങനെ അസർബൈജാന്റെ മേല്ക്കോയ്മ ഉറപ്പായി.വംശീയശുദ്ധീകരണം നടന്നുകഴിഞ്ഞ നഗോർണോ - കരാബാക്കിനെ കാത്തിരിക്കുന്നത് ചരിത്രപരവും സാംസ്കാരികവുമായ മറ്റൊരു ദുരന്തമാണ്. എഡി നാലാം നൂറ്റാണ്ടു മുതലുള്ള സന്പന്നമായ ഒരു ക്രൈസ്തവ പൈതൃകത്തിന്റെ അവശേഷിപ്പുകൾകൂടി തുടച്ചുമാറ്റപ്പെടാം. അവിടെയുള്ള പള്ളികളും ആശ്രമങ്ങളും ഗ്രന്ഥപ്പുരകളും മറ്റു സാംസ്കാരിക ഈടുവയ്പുകളും കല്ലിന്മേൽ കല്ലു ശേഷിക്കാതെ നശിപ്പിക്കപ്പെടുമെന്ന് ഭയപ്പെടുന്നതിൽ സാംഗത്യമുണ്ട്.വിശാല അർമേനിയയുടെ ഭാഗമായിരുന്ന നാഖ്ഷിവാൻ മേഖലയിൽ സംഭവിച്ചത് ഇതുതന്നെയാണ്.
ഓട്ടോമൻ തുർക്കിയുടെ നേതൃത്വത്തിൽ 15 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു. 1915നു ശേഷവും ബാക്കിവന്ന അർമേനിയക്കാർ സുരക്ഷിതരല്ലെന്നുള്ളത് അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയമാണ്. പഴയ ഓട്ടോമൻ സാമ്രാജ്യം പുനഃസ്ഥാപിക്കാനുള്ള മോഹവുമായി കഴിയുന്ന അയൽരാജ്യങ്ങൾക്ക് അർമേനിയയെ വിട്ടുകൊടുക്കുന്നതിനു തുല്യമാണ് ലോകരാജ്യങ്ങളുടെ നിശബ്ദത.
കഴിഞ്ഞ സെപ്റ്റംബർ 19നാണ് അസർബൈജാനി പട്ടാളം നഗോർണോ - കരാബാക്കിൽ കടന്നുകയറി വ്യാപകമായ തീവയ്പു നടത്തിയതും ആളുകളെ ഭയപ്പെടുത്തി നാടുവിടാൻ പ്രേരിപ്പിച്ചതും. യാതൊരുവിധ ആയുധങ്ങളുമില്ലാതെ, ശത്രുവിനെ ചെറുക്കാൻ ശേഷിയില്ലാതെ നഗോർണോയിലെ ഭരണകൂടം പിറ്റേന്നു കീഴടങ്ങി.
ഭരണകൂടത്തിന്റെ തലവനായിരുന്ന റൂബൻ വർദാന്യനെ അറസ്റ്റ് ചെയ്തു. ഉപരോധത്തെത്തുടർന്ന് പട്ടിണിയിലായിരുന്ന ജനതയ്ക്ക് നാടുവിടുകയല്ലാതെ മാർഗമില്ലായിരുന്നു. ഇതുവരെ അർമേനിയയുടെ സംരക്ഷകരായിരുന്ന റഷ്യ ചെറുവിരലനക്കിയില്ല. 2000 പേർ വരുന്ന റഷ്യൻ സമാധാനസേനയും നിഷ്ക്രിയമായിരുന്നു.
പുതിയ ഭൂപടം
ഒക്ടോബർ മൂന്നിന് അസർബൈജാൻ പുറത്തിറക്കിയ സ്റ്റെപ്പാനാകെർട്ട് പട്ടണത്തിന്റെ (നഗോർണോ - കരാബാക്കിന്റെ തലസ്ഥാനം, അസറി ഭാഷയിൽ ഖാൻകെന്ദി) പുതിയ മാപ്പ് ഒരു സൂചനയാണ്. തെരുവുനാമങ്ങൾ എല്ലാം അസറി ഭാഷയിലാണ്. 1915ലെ വംശഹത്യക്കു നേതൃത്വം കൊടുത്ത തുർക്കി പട്ടാള ഉദ്യോഗസ്ഥനായ എൻവെർ പാഷയുടെ പേരാണ് ഒരു പ്രധാന നിരത്തിനു നൽകിയിരിക്കുന്നത്.
2021 ഓഗസ്റ്റിൽ അസർബൈജാൻ ഈ മാപ്പ് ആദ്യമായി പുറത്തിറക്കിയപ്പോൾതന്നെ അസറി അധിനിവേശത്തിന്റെ സൂചന മനസിലാക്കിയിരുന്നു. നഗോർണോ - കരാബാക്കിൽ അർമേനിയക്കാർക്ക് തുടർന്നും താമസിക്കാമെന്ന അസർബൈജാന്റെ ഉറപ്പ് ആരും മുഖവിലയ്ക്ക് എടുക്കുന്നില്ല. അസറി പട്ടാളക്കാരുടെ അവഹേളനവും പീഡനവും മർദനവും അത്ര ഭീകരമായിരുന്നു.
പലായനം ചെയ്തവർ സ്വമനസാലെ നാടുവിട്ടതാണെന്ന അസർബൈജാന്റെ പ്രചാരണം അവാസ്തവമാണ്.അർമേനിയക്കാർക്ക് അസറികളോടൊപ്പം നഗോർണോ – കരാബാക്കിൽ ഒന്നിച്ചു താമസിക്കാമെന്നും ആ പ്രദേശത്തെ ഒരു പറുദീസയാക്കി മാറ്റുമെന്നാണ് പ്രസിഡന്റ് ഇൽഹം അലിയേവിന്റെ വാഗ്ദാനം: “വംശവും മതവും ഭാഷയും പരിഗണിക്കാതെ എല്ലാവർക്കും തുല്യാവകാശവും സ്വാതന്ത്ര്യവും സുരക്ഷിതത്വവും.” ഒക്ടോബർ രണ്ടിനാണ് അദ്ദേഹം ഇതു പറഞ്ഞത്.എന്നാൽ പത്രപ്രവർത്തകരുമായി സംസാരിച്ച ഒരഭയാർഥിപോലും അലിയേവിന്റെ വാക്കുകൾ വിശ്വസിക്കുന്നില്ല. അത്ര വേദനജനകമാണ് അവരുടെ അനുഭവങ്ങൾ.
ഒരു മാസം മുന്പുവരെ തങ്ങളാരും നാടുവിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നാണ് അവർ പറഞ്ഞത്. എന്നാൽ, നാടുവിടാൻ പ്രേരിപ്പിക്കുംവിധമുള്ള ദണ്ഡനമുറകൾ നടത്തി എല്ലാവരെയും ആട്ടിപ്പായിച്ച ശേഷം സമാധാനപരമായ സഹവർത്തിത്വത്തിനുള്ള ആഹ്വാനം വെറും പൊള്ളവാക്കുകളാണെന്ന് അവർ കരുതുന്നു. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ കാത്തുനിന്നവരുടെ ഇടയിൽ നടത്തിയ സ്ഫോടനത്തിൽ 68 പേരാണു മരിച്ചത്.
അർമേനിയയിലൂടെ നാഖ്ഷിവാൻ വഴി തുർക്കിയിലേക്ക് ഒരു സഞ്ചാരപാത തുറക്കാൻ തുർക്കിയിലെ എർദോഗനും അസർബൈജാന്റെ അലിയേവിനും മോഹവുമുണ്ട്. അർമേനിയയുടെ സ്യൂനിക് പ്രവിശ്യയിലൂടെ കടന്നുപോകുന്ന പുതിയ സഞ്ചാരപാത തുറക്കുകയാണങ്കിൽ അത് അർമേനിയയുടെ സ്വാതന്ത്ര്യത്തെ ബാധിക്കും.
ഒക്ടോബർ രണ്ടിന് അതിർത്തിപ്രദേശത്തെ അർമേനിയൻ സുരക്ഷാഭടന്മാരുടെ നേർക്ക് അസറി സൈനികർ വെടിയുതിർത്തു.ഒരു ആംബുലൻസിന്റെ നേർക്കും അവർ വെടിവയ്ക്കുകയുണ്ടായി അതിർത്തി പ്രദേശത്തെ ഗ്രാമങ്ങളിലേക്കും അസറി സൈന്യം വെടിവയ്ക്കാറുണ്ട്. അർമേനിയയെ കീഴടക്കുകയാണ് അസർബൈജാന്റെ ലക്ഷ്യമെന്ന് അർമേനിയ ഭയപ്പെടുന്നു. അർമേനിയൻ അപ്പസ്തോലിക് സഭയുടെ കരേക്കിൻ രണ്ടാമൻ കാതോലിക്കോസും ഈ ഭയം കഴിഞ്ഞദിവസം പങ്കുവച്ചു.
അർമേനിയയുടെ പരന്പരാഗത സുഹൃത്തായ റഷ്യ സഹായിക്കാൻ തയാറായില്ല എന്നത് അർമേനിയയ്ക്കു മനസിലാക്കാൻ കഴിയുന്നില്ല. അർമേനിയ അന്തർദേശീയ ക്രിമിനൽ കോർട്ടിൽ ചേർന്നതുകൊണ്ട് പുടിൻ അർമേനിയയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യാൻ ബാധ്യസ്ഥമാണ്.ഒക്ടോബർ 6-8 തീയതികളിൽ പത്രപ്രവർത്തകരുമായി അസർബൈജാൻ നഗോർണോ – കരാബാക്കിൽ നടത്തിയ യാത്രയിൽ കണ്ട കാഴ്ചകൾ പാരീസിലെ ‘ല്മോന്ത്’ പ്രസിദ്ധീകരിച്ചിരുന്നു.
അരലക്ഷത്തിലേറെ അർമേനിയക്കാർ വസിച്ചിരുന്ന സ്റ്റെപാനാകെർട്ട് തികച്ചും നിർജനമായിരിക്കുന്നു. കുറെ തെരുവുനായ്ക്കളും അലഞ്ഞുതിരിയുന്ന കുറെ പന്നിക്കുഞ്ഞുങ്ങളും ഒന്നോ രണ്ടോ കുതിരകളുമൊഴിച്ചാൽ ശൂന്യമായ നഗരം. അതുപോലെ ശൂന്യമായ ഗ്രാമങ്ങൾ. അവയുടെ യഥാർഥ ഉടമകൾ അകലങ്ങളിൽ അഭയംതേടി അലയുന്നു.
സംസ്കാരങ്ങളുടെ സംഘർഷം
ശീതയുദ്ധത്തിനുശേഷം സംഭവിക്കുന്ന സംസ്കാരങ്ങളുടെ സംഘർഷത്തിൽ സുപ്രധാനമായ ഒന്ന് നഗോർണോ -കരാബാക്കിൽ ആയിരിക്കുമെന്ന് സാമുവൽ ഹണ്ടിങ്ടൺ എഴുതുകയുണ്ടായി. ആ പ്രവചനം നിറവേറുന്ന വിധത്തിലാണ് ഇപ്പോൾ നഗോർണോയിൽനിന്നുള്ള കൂട്ടപ്പലായനം പൂർത്തിയായിരിക്കുന്നത്. അർമേനിയ 96 ശതമാനവും ഓർത്തഡോക്സ് ക്രൈസ്തവരും അസർബൈജാൻ 99 ശതമാനവും മുസ്ലിംകളും അധിവസിക്കുന്ന രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളുടെയും പിന്നിൽ അതേ വിശ്വാസികളായ വല്യേട്ടന്മാരും. രാഷ്ട്രീയ താത്പര്യങ്ങൾ നേടിയെടുക്കാൻ മതത്തെ ദുരുപയോഗിക്കുന്നത് ഇക്കാലത്തും ശരിയാണെെന്നു കരുതുന്നവരുണ്ട്. അത് ഇക്കാലത്തിന്റെ ദുര്യോഗമല്ലാതെ മറ്റൊന്നുമല്ല.
അല്പം ചരിത്രം
കാസ്പിയൻ കടലിനും കരിങ്കടലിനും ഇടയ്ക്കു കിടക്കുന്ന അസർബൈജാൻ, അർമേനിയ, ജോർജിയ രാജ്യങ്ങളിലായാണ് തെക്കൻ കോക്കസസ് മലനിരകൾ. ഇതിൽ അസർബൈജാന്റെ തെക്കുഭാഗത്തു കിടക്കുന്ന ഒരു സ്വയംഭരണ പ്രദേശമായിരുന്നു നഗോർണോ - കരാബാക്ക്. 4400 ച.കി.മീ വിസ്തീർണമുള്ള ഈ പ്രദേശത്തെ ജനസംഖ്യ ഏകദേശം ഒന്നര ലക്ഷമാണ്. ഇതിന്റെ ഇരട്ടി വിസ്തീർണമുണ്ടായിരുന്ന പ്രദേശത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം പലപ്പോഴായി അസർബൈജാൻ കൈയടക്കിയതാണ്.
ജനസംഖ്യയിൽ ഒന്നേകാൽ ലക്ഷവും അർമേനിയൻ വംശജരും ക്രൈസ്തവരുമാണ്. ബിസി ഏഴാം നൂറ്റാണ്ടു മുതലേ അർമേനിയൻ വംശജരാണ് ഇവിടത്തെ താമസക്കാർ. എഡി നാലാം നൂറ്റാണ്ടിൽ ഇവർ ക്രിസ്തുമതം സ്വീകരിച്ചു. ആശ്രമങ്ങളും പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിതമായി. അർമേനിയൻ വിശുദ്ധനായ മെസ്റോപ് മാഷ്തോത്സ് ആണ് അർമേനിയൻ ലിപിയുടെ ഉപജ്ഞാതാവ്.
ഏഴാം നൂറ്റാണ്ടിൽ മുസ്ലിംകൾ നഗോർണോ - കരാബാക്ക് കീഴടക്കിയെങ്കിലും ഒന്പതാം നൂറ്റാണ്ടിൽ ക്രൈസ്തവർ തിരിച്ചുപിടിച്ചു. 19-ാം നൂറ്റാണ്ടുവരെ ഏറെക്കുറെ ആ നില തുടർന്നു. റഷ്യൻ സാർ 1805ൽ നഗോർണോ - കരാബാക്കിനെ ഒരു സ്വയംഭരണ പ്രദേശമായി അംഗീകരിച്ചു.
ഒക്ടോബർ വിപ്ലവത്തിനുശേഷം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അസർബൈജാൻ റിപ്പബ്ലിക് നഗോർണോ - കരാബാക്കിനുമേൽ അവകാശവാദം ഉയർത്തിയെങ്കിലും സോവിയറ്റ് റഷ്യയുടെ പതനംവരെ സ്ഥിതിഗതികൾ ശാന്തമായിരുന്നു. 1989ൽ നഗോർണോ – കരാബാക്ക് അർമേനിയയുടെ ഭാഗമായി സ്വയം പ്രഖ്യാപിച്ചു, പിന്നീട് അർത്സാഖ് എന്ന റിപ്പബ്ലിക്കായും. 1992-94 ലും 2020ലും അസർബൈജാനും അർമേനിയയും തമ്മിൽ നഗോർണോ – കരാബാക്കിന്റെ പേരിൽ യുദ്ധമുണ്ടായി. തുർക്കിയും റഷ്യയുമായിരുന്നു യഥാക്രമം അവരെ പിന്തുണച്ചിരുന്നത്.
സന്പൂർണ വിജയം നേടാൻ കഴിയാതിരുന്ന അസർബൈജാൻ 2022 ഡിസംബറിൽ പുതിയ തന്ത്രം പയറ്റി – ലാഷിൻ പാത ഉപരോധിച്ചുകൊണ്ട് അർമേനിയക്കാരെ മാതൃഭൂമിയിൽ ബന്ദികളാക്കുക. ആ തന്ത്രമാണ് ഇപ്പോൾ വിജയിച്ചതും.
അർമേനിയൻ പ്രസിഡന്റ് നിക്കോൾ പഷ്നിയാൻ പറഞ്ഞതുപോലെ വംശീയ ഉന്മൂലനത്തിന്റെ തുടർച്ചയായ നാടുകടത്തൽ.
ഡോ. ജോർജുകുട്ടി ഫിലിപ്പ്