സന്തോഷവും പ്രതീക്ഷയും (Gaudium et Spes) /(സഭ ആധുനിക ലോകത്തിൽ ) എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സിദ്ധാന്തം (constituitiones)”സഭ ആധുനിക ലോകത്തിൽ” എന്നാണ് സന്തോഷവും പ്രതീക്ഷയും (Gaudium Spes) എന്ന സിദ്ധാന്തത്തിന്റെ (constituitiones) 1967-ലെ മലയാള പരിഭാഷ. സഭയും ലോകവും തമ്മിലുള്ള ബന്ധവും സഭയുടെ ലോകത്തുള്ള ദൗത്യവുമാണ് പ്രമേയം.

പടിഞ്ഞാറൻ യൂറോപ്പിൽ വിശ്വാസികൾക്ക് സഭയിൽ താല്പര്യമില്ലാതാകുകയും പലരും സഭ വിട്ടു പോകുകയും ചെയ്യുന്ന കാലമാണിത്. മാധ്യമങ്ങളിൽ സഭക്ക് നല്ലകാലവും അല്ല. സഭക്കുള്ളിലെ പ്രശ്നങ്ങളും സഭ പുറത്തുനിന്നും നേരിടുന്ന പ്രശ്നങ്ങളും നേരിടാൻ കഴിവില്ലാത്ത സഭ പല രാജ്യങ്ങളിലും അപഹാസ്യമാകുന്ന കാലം എന്ന് ഈ കാലഘട്ടത്തെ വിളിച്ചാലും തെറ്റാകില്ല.

സഭാനേതൃത്വം പലയിടത്തും പരാജയപ്പെടുന്നു. പരാജയം സമ്മതിച്ചുകൊടുക്കാൻ മനസ്സില്ലാതെ പല പൊടിക്കൈകളും പ്രയോഗിച്ചു പലരും നെട്ടോട്ടം ഓടുന്നു. 1965 ഡിസംബർ 7-ന് 70 വ്യത്യസ്ത ഡ്രാഫ്റ്റുകൾക്കു ശേഷം അംഗീകരിക്കപ്പെട്ട സഭ ആധുനികലോകത്തിൽ എന്ന പ്രമാണരേഖ പഠിക്കേണ്ടതും വിലയിരുത്തേണ്ടതും ഈ സാഹചര്യത്തിലാണ്. അജപാലനപരമായ നിർദേശങ്ങൾ നൽകാൻ ഉദ്ദേശിച്ചുള്ള അജപാലനപരമായ രേഖയാണ് (“Constitutio pastoralis“) സന്തോഷവും പ്രതീക്ഷയും (Gaudium et Spes).

അജപാലനപരവും ദൈവശാസ്ത്രപരവുമായ ഭാഗങ്ങൾ ഇതിൽ കാണാനാകും.

പശ്ചാത്തലം

സഭയുടെ സാമൂഹ്യപ്രതിബദ്ധത വ്യക്‌തമാക്കാനുതകുന്ന പ്രബോധനം എന്ന ആശയമായിരുന്നു 1963-ൽ ഈ സിദ്ധാന്തത്തിന്റെ ആദ്യത്തെ ഡ്രാഫ്റ്റ് രൂപീകരിച്ചപ്പോഴുള്ള ചിന്ത. കാലത്തിന്റെ അടയാളങ്ങൾ മനസിലാക്കുക എന്ന ഇരുപത്തിമൂന്നാം യോഹന്നാൻ മാർപ്പാപ്പയുടെ വാക്കുകളും Pacem in terris (1963), Ecclesiam suam (1964) തുടങ്ങിയ ചാക്രീയ ലേഖനങ്ങളും ക്രിസ്തുകേന്ദ്രീകൃതവും ദൗത്യോന്മുഖവുമായ ഒരു പ്രമാണരേഖ രൂപീകൃതമാകുന്നതിന് സഹായകമായി.

കാഴ്ചപ്പാടുകൾ

സാമൂഹ്യവും രാഷ്ട്രീയവുമായ മണ്ഡലങ്ങളിൽ സഭ ചെലുത്തേണ്ട സ്വാധീനവും കർമ്മപദ്ധതികളും വിസ്മരിച്ചുകൂടാ എന്നും ഈ പ്രാമാണരേഖ നമ്മെ ഓർമ്മിപ്പിക്കുന്നു. മതകാര്യങ്ങൾ ആദ്ധ്യാൽമിക അനുഭവത്തിന്റെ തലത്തിൽ മാത്രം നിൽക്കേണ്ടതല്ല. അത് സാമൂഹ്യജീവിതത്തിൽ പ്രതിഫലിക്കണം. കാലത്തിന്റെ അടയാളങ്ങൾ മനസിലാക്കണമെന്ന ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയുടെ വാക്കുകൾ സഭ ആധുനിക ലോകത്തിൽ എന്ന പ്രമാണരേഖ വ്യാഖ്യാനിക്കുമ്പോൾ മനസിലുണ്ടായിരിക്കണം (GS1ff ) .രണ്ടാം വത്തിക്കാൻ കൗൺസിൽ തന്നെ കാലത്തിന്റെ അടയാളമായിരുന്നു. സാംസ്കാരികാനുരൂപണം എന്ന ആശയം വ്യത്യസ്ത രാജ്യങ്ങളിൽ അവരുടെ വ്യത്യസ്തങ്ങളായ പരമ്പരാഗത സംസ്കാരങ്ങളെ കണക്കിലെടുക്കണം എന്ന ആശയത്തിനതീതമായി ഇന്നത്തെ സംസ്കാരവും ഇന്നത്തെ ചിന്താരീതിയും ഇന്നത്തെ ഭാഷയും കണക്കിലെടുക്കണമെന്ന സന്ദേശം സഭ ആധുനികലോകത്തിൽ എന്ന പ്രമാണ രേഖയിൽ വ്യക്തമാണ്.

വ്യവസായവൽക്കരണം നൽകിയ സംസ്കാരവും മാധ്യമയുഗം നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംസ്കാരവും അതിൽ പെടും. കാലത്തിന്റെ അടയാളങ്ങൾ മനസിലാക്കി വിശ്വാസത്തിന്റെ വെളിച്ചത്തിൽ വചനവും വിശ്വാസ സത്യങ്ങളും വ്യാഖ്യാനിക്കുക ഇന്നത്തെ സഭയുടെ കടമയും ആവശ്യവുമായി സഭ ആധിനികലോകത്തിൽ എന്ന പ്രമാണരേഖ പഠിപ്പിക്കുന്നു (GS 4 ).

സാമൂഹിക സാമ്പത്തിക രംഗത്തും സഭക്ക് ഇടപെടാൻ കടമയുണ്ട്. സംസ്ക്കാരം, ധാർമികത, രാഷ്ട്രീയം, അന്താരാഷ്ട്ര ബന്ധങ്ങൾ, വ്യവസായം തുടങ്ങിയ വിവിധങ്ങളായ മണ്ഡലങ്ങളിൽ മനുഷ്യജീവിതം സന്തോഷകരമാക്കാൻ ഇടപെടാനുള്ള കടമ സഭ മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. സുവിശേഷത്തിന്റെ വെളിച്ചത്തിലാണ് സഭയുടെ ഇടപെടൽ.

സകല ജനതകളിൽ നിന്നുമുള്ള കത്തോലിക്കാ സഭ സകല ജനതയ്ക്കും വേണ്ടിയാണെന്ന ദർശനം സഭ ആധുനിക ലോകത്തിൽ എന്ന പ്രമാണരേഖയിൽ ദൃശ്യമാണ്. സാർവത്രികമായ ഒരു വിശ്വാസ സമൂഹമെന്ന നിലയിൽ ലോകത്തോട് ബന്ധപ്പെട്ടും ലോകത്തിന്റെ ഗന്ധമറിഞ്ഞും സഭ ഭൂമിയുടെ ഉപ്പാകണമെന്ന ദർശനം ഈ പ്രമാണരേഖയിലൂടെ നൽകാൻ കൗൺസിൽ ശ്രമിക്കുന്നു. ജനതകളുടെ പ്രകാശം എന്ന സഭയെക്കുറിച്ചുള്ള ഡിക്രി ecclesia ad intra എന്ന് വിശേഷിപ്പിക്കുമ്പോൾ സന്തോഷവും പ്രതീക്ഷയും (സഭ ആധുനിക ലോകത്തിൽ) എന്ന ഡിക്രി ecclesia ad extra എന്ന് വിശേഷിപ്പിക്കാം. അതായത് കത്തോലിക്കാ സഭ എങ്ങനെ ലോകത്തിൽ സന്നിഹിതമാകുന്നു എന്നും ഏതു വിധത്തിൽ ലോകത്തിൽ പ്രകാശമാകുന്നു എന്നുമാണ് ഈ ഡിക്രിയുടെ ഉള്ളടക്കം.

ഇന്നത്തെ മനുഷ്യൻ ജീവിക്കുന്ന സാഹചര്യങ്ങളിലും കാലഘട്ടത്തിലും സഭയുടെ സ്വാധീനവും ദൗത്യവും വ്യക്തമാക്കുകയും നിർവഹിക്കുകയും ചെയ്യുക സഭ ആധുനിക ലോകത്തിൽ എന്ന പ്രമാണരേഖയുടെ ലക്ഷ്യമാണ്. വിശാസം ജീവിക്കേണ്ടുന്ന സാഹചര്യവും പശ്ചാത്തലവും വ്യക്തമാക്കുന്ന ഡീക്രിയാണിത്. “ജനതകളുടെ പ്രകാശവും” “സന്തോഷവും പ്രതീക്ഷയും”സഭ ആധുനിക ലോകത്തിൽ എന്ന പ്രമാണരേഖയെ ജനതകളുടെ പ്രകാശം എന്ന ഡിക്രിയുടെ രണ്ടാം ഭാഗമെന്ന് ചിലർ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഈ പ്രമാണരേഖയെ അങ്ങനെ വിളിക്കാനും ആകില്ല.

ജനതകളുടെ പ്രകാശം (തിരുസഭ) എന്ന ഡിക്രിയിലെ സഭാപഠനപരമായ കണ്ടെത്തലുകൾ സഭ ആധുനിക ലോകത്തിൽ പാർശ്വവൽക്കരിക്കുന്നു എന്ന് ഒരുപക്ഷെ തോന്നാം. അതുപോലെതന്നെ തിരുസഭയെക്കുറിച്ചുള്ള ഡിക്രി ഇന്നത്തെ മനുഷ്യരുടെ സാഹചര്യങ്ങൾ എത്രമാത്രം കൃത്യമായി പരിഗണിച്ചിട്ടുണ്ട് എന്നും ചോദിക്കാം. എന്നാൽ ഈ രണ്ടു ഡിക്രികളും ഒരുമിച്ചു പോകുന്നവയും പരസ്പര പൂരകങ്ങളായി മനസിലാക്കേണ്ടവയുമാണ്. Ecclesia ad intra യും ആണെങ്കിൽ Ecclesia ad extra യും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളായി കാണാൻ കഴിയും. ഉള്ളടക്കവും അന്തർധാരയും ഇന്നത്തെ മനുഷ്യന്റെ ഇന്നത്തെ സാഹചര്യങ്ങളെ മനസിലാക്കാനും അവയോടു ക്രൈസ്തവമായി പ്രതികരിക്കാനുമുള്ള താല്പര്യവുമാണ് സഭ ആധുനികലോകത്തിൽ എന്ന ഡിക്രിയുടെ അന്തർധാര.

ക്രൈസ്തവ വിശ്വാസത്തിന് സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങളിൽ ഇടപെടാനുള്ള കടമയും കർത്തവ്യവും ഈ ഡിക്രിയുടെ ദർശനത്തിനു പിൻബലമായുണ്ട്.

സഭയുടെ സാമൂഹ്യ പഠനങ്ങളും അജപാലന ദൈവശാസ്ത്രവും വിശ്വാസസത്യങ്ങളും സഭാപഠനങ്ങളുടെ ചരിത്രവും പരിഗണിച്ചുള്ള നിലപാടാണ് സഭ ആധുനിക ലോകത്തിൽ എന്ന ഡിക്രിയുടേത്.

സഭയുടെ യാഥാസ്ഥിതികമായ വിശ്വാസ സംഹിതയും ആരാധനയും അനുഷ്ഠാനങ്ങളും ഇന്നത്തെ മനുഷ്യന്റെ ദാർശനിക ബോധവും തമ്മിൽ വൈരുദ്ധ്യതയുണ്ടെന്ന കണ്ടെത്തലുകൾക്കിടയിൽ ക്രൈസ്തവ ദൈവാനുഭവവും ദൈവാരാധനയും പ്രസക്തമാക്കാനുള്ള ദൗത്യവും സഭആധുനികലോകത്തിൽ ഏറ്റെടുക്കുന്നു.

സഭാസങ്കല്പം ക്രിസ്തുവിന്റെ സഭ കത്തോലിക്കാ സഭ മാത്രമാണെന്ന് അസന്നിഗ്ദ്ധമായി സ്ഥാപിക്കാൻ കൗൺസിൽ തുനിയുന്നില്ല. മറിച്ച് ക്രിസ്തുവിന്റെ സഭ കത്തോലിക്കാ സഭയിൽ നിലനിക്കുന്നു എന്നെ പറയുന്നുള്ളു (subsist in ecclesia catholica; എന്നാണ് പറയുന്നത് est ecclesia catholica എന്നല്ല പറയുന്നത്).

സഭാദർശനത്തിലെ അടിസ്ഥാനപരമായ ഒരു വ്യതിയാനമാണ് ഇത്; വിശാലതയും തുറവിയുമാണിത്.

തുടർചലനങ്ങൾ

പോൾ ആറാമൻ മാർപ്പാപ്പ 1967-ൽ പ്രസിദ്ധീകരിച്ച Populorum Progessio എന്ന ചക്രീയലേഖനം സഭയുടെ സാമൂഹ്യകാഴ്ചപ്പാട് കുറച്ചുകൂടി വ്യക്തമാക്കി.

ലാറ്റിനമേരിക്കൻ സിനഡ് അതിനെ സന്ദർഭവൽക്കരിച്ചു. 1891 മെയ് 15-ന് ലെയ പതിമൂന്നാമൻ മാർപ്പാപ്പ പ്രസിദ്ധീകരിച്ച Rerum Novarum ആയിരുന്നു മാറ്റത്തിന്റെ കാഹളം മുഴക്കിയത്. 1971-ലെ Octogesima adveniens എന്ന ചക്രീയ ലേഖനവും 1974 ലെ സിനഡും 1975-ലെ Evangeli Nunciandi എന്ന ചക്രീയലേഖനവും “സന്തോഷവും പ്രതീക്ഷയും” എന്ന പ്രമാണരേഖയുടെ ആശയങ്ങളും ലക്ഷ്യവും കൂടുതൽ വ്യക്തമാക്കി.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ Labores execens “സന്തോഷവും പ്രതീക്ഷയും” എന്ന ഡോകുമെന്റിന്റെ വ്യാഖ്യാനമായി കരുതാം. സന്തോഷവും പ്രതീക്ഷയും (സഭ ആധുനിക ലോകത്തിൽ) എന്ന സിദ്ധാന്തത്തിലൂടെ കത്തോലിക്കാസഭ ലോകത്തിന്റെ പ്രശ്നങ്ങളോടും ആവശ്യങ്ങളോടും സംസ്കാരങ്ങളോടും പ്രതികരിക്കുന്ന സഭയായി മാറി എന്നതാണ് സത്യം.

റോമൻസഭ അക്ഷരാർത്ഥത്തിൽ ആഗോളസഭയായി.

ഉപസംഹാരം

സഭ ദൈവജനം ആണെന്ന ദർശനത്തിലൂടെ അല്മയരും വൈദികരും എന്ന ഹയരാർക്കി സങ്കൽപ്പമാണ് സഭയെന്ന ചിന്ത മാറി.

ഒന്നാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപിച്ച മാർപ്പാപ്പയുടെ അപ്രമാദിത്തവരം രണ്ടാം വത്തിക്കാൻ കൗൺസിൽ ഉൾക്കൊള്ളും. മെത്രാന്മാരുടെ കൂട്ടായ്മയെ അപ്പസ്തോലന്മാരുടെ കൂട്ടായ്മയുടെ തുടർച്ചയായി കൗൺസിൽ ദർശിച്ചു.

ഈ അർത്ഥത്തിൽ മെത്രാന്റെ പദവി മാർപ്പാപ്പയുടെ പദവിയുടെ കീഴിലല്ല എന്ന ചിന്തയാണ് കൗൺസിൽ നൽകുന്നത്.

ഫാ .ജോസഫ് പാണ്ടിയപ്പള്ളിൽ

നിങ്ങൾ വിട്ടുപോയത്