1986-ൽ ഇറ്റലിയിലെ അസ്സീസ്സിയിൽ പരിശുദ്ധ പിതാവ് ജോണ് പോൾ രണ്ടാമൻ മാർപ്പാപ്പ ലോകമതനേതാക്കളോടൊത്തു പ്രാർത്ഥിച്ചത് സർവരുടെയും ശ്രദ്ധ ആകർഷിച്ചുവെങ്കിലും അത് അസ്വാഭാവികമായി പലർക്കും അന്ന് തോന്നിയില്ല. 2001 -ൽ ജോണ് പോൾ മാർപ്പാപ്പ ഡമാസ്കസിലെ മോസ്‌ക്ക് സന്ദര്ശിച്ചതും 2000 -ൽ ജറുസലേമിലെ മതിലിനു മുൻപിൽ എത്തിയതും 2005 -ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ കൊളോണിൽ യഹൂദരും മുഹമ്മദീയരുമായി സംഭാഷണത്തിൽ ഏർപ്പെട്ടതും പൊതുവെ സാധാരണ സംഭവമായി കരുതപ്പെട്ടു. എന്നാൽ അക്രൈസ്‌തമതങ്ങളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “നമ്മുടെ കാലഘട്ടത്തിൽ” (Nostra aetate) എന്ന പ്രമാണരേഖ 1965 ഒക്ടോബർ 28 -ന് മൂന്നിനെതിരെ 2221 വോട്ടുകൾക്കു അംഗീകരിക്കപ്പെട്ടപ്പോൾ വിശ്വാസികളുടെയും ദൈവശാസ്ത്രജ്ഞരുടെയും ചിന്താഗതി വ്യത്യസ്തമായിരുന്നു. അക്രൈസ്തവ മതങ്ങളെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ ഭാവത്മകമായ സമീപനം സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്ര തനിമയാർന്നും മനോഹരമായും എന്ന് കർദിനാൾ ബയാ പറയുന്നത് എത്രയോ ശരിയയെന്ന് ഈ പ്രമാണരേഖ ഉളവാക്കിയ ചലനങ്ങൾ തെളിയിക്കും. പ്രഖ്യാപനങ്ങൾ (Diclerationes) എന്ന ഗണത്തിലാണ് ഈ പ്രമാണരേഖ. ഏതാണ്ട് 1200 വാക്കുകൾ മാത്രമുള്ള ചെറിയ ഈ പ്രമാണരേഖ ഏറ്റവും വലിയതും വിസ്തരിച്ചുള്ളതുമായ പ്രമാണരേഖകളെക്കാൾ കൂടിയ സ്വാധീനമാണ് ക്രൈസ്തവരിലും അക്രൈസ്തവരിലും ഉളവാക്കിയത്.

മാറ്റത്തിന്റെ മുന്നൊരുക്കം

extra ecclesiam nulla salus – സഭക്ക് പുറത്തുരക്ഷയില്ല എന്ന സഭാപഠനത്തെ ദുർവ്യാഖ്യാനിച്ചും ദുർവിനിയോഗിച്ചും ശീലിച്ചുപോന്ന പാരമ്പര്യം തിരുത്താനും സഭയിൽ കാലാകാലങ്ങളിൽ ഉണ്ടായിക്കൊണ്ടിരുന്ന പ്രഖ്യാപനങ്ങളുടെ ശരിയായ അർത്ഥം വ്യാഖ്യാനിക്കാനും ഉപകരിച്ച മഹത്തായ പ്രഖ്യാപനമായിരുന്നു അക്രൈസ്തവ മതങ്ങളെക്കുറിച്ചുള്ള Nostra Aetate പ്രമാണരേഖ. 1988-ൽ കത്തോലിക്കാ സഭയിൽനിന്നും പുറത്താക്കപ്പെട്ട ലെഫെബറിനെയും സമാനചിന്താഗതിക്കാരെയും ചൊടിപ്പിച്ചു എന്നതൊഴിച്ചാൽ ക്രൈസ്തവരെയും അക്രൈസ്തവരെയും ഒരുപോലെ സന്തോഷിപ്പിച്ച പ്രഖ്യാപനമായിരുന്നു nostra aetate.

സുവിശേഷം സ്വീകരിക്കാനുള്ള ഒരുക്കം (preparatio evangeli) എന്ന നിലയിലാണ് ക്രൈസ്തവർ മറ്റു മതങ്ങളെയും സംസ്‌കാരങ്ങളെയും കണ്ടിരുന്നത്. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിലിന് അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഏതാണ്ട് സമാനമായ സമീപനം കത്തോലിക്കാ ദൈവശാസ്ത്രജ്ഞരുടെ ഇടയിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും സഭയുടെ ഔദ്യോഗിക പഠനങ്ങളിൽ ഉൾപ്പെട്ടിരുന്നില്ല. ജർമ്മൻകാരനായ കുയുസുയിലെ കർദിനാൾ നിക്കൊളാസ്സ് (Nikolaus von Kues ) (1401 – 1464) ആണ് അക്രൈസ്തവമതങ്ങളെക്കുറിച്ച് പഠിക്കുകയും അവയെ ഭാവൽമകമായി കാണുകയും ചെയ്ത ആദ്യത്തെ പ്രശസ്തനായ കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ. പിന്നീട് റോബർട്ട് ഡി നോബിലിയെപ്പോലുള്ള (1577 -1656 ) മിഷനറിമാരും അക്രൈസ്തവമതങ്ങളെകുറിച്ച് ഗൗരവമായി പഠിക്കാനും അവയുടെ പ്രാധാന്യം മനസിലാക്കാനും ശ്രമിച്ചു.

യഹൂദരോടുള്ള മാറിയ സമീപനം

ദീർഘമായ മദ്ധ്യസ്ഥപ്രാർത്ഥന ലത്തീൻ റീത്തിലെ ദുഃഖവെള്ളിയാഴ്ച ആചരണത്തിന്റെ ഭാഗമാണ്. “അവിശ്വസ്ത്തരായ യൂദർക്കുവേണ്ടിപ്രാർത്ഥിക്കാമെന്ന” ആമുഖത്തോടെയാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന് മുൻപ് യഹൂദർക്കുവേണ്ടിയുള്ള മദ്ധ്യസ്ഥപ്രാർത്ഥന തുടങ്ങിയിരുന്നത്. 1959- മാർച്ച് ഇരുപത്തി ഏഴാം തിയതി ദുഃഖവെള്ളിയാഴ്ച ഇരുപത്തി മൂന്നാം യോഹന്നാൻ മാർപ്പാപ്പ സഭാതലവൻ എന്ന നിലയിൽ ആചരിച്ച ദുഃഖവെള്ളിയാഴ്ചത്തെ പ്രാർത്ഥനയിൽ “അവിശ്വസ്ത്തരായ യൂദർ” എന്ന പ്രയോഗം ഉപേക്ഷിച്ചിരുന്നു. ഇന്ന് പ്രാർത്ഥിക്കുന്നത് “ദൈവം ആദ്യം സ്വയംവെളിപ്പെടുത്തിയ യൂദാർക്കുവേണ്ടി” പ്രാർത്ഥിക്കാമെന്ന ആമുഖത്തോടെയാണ്. എന്നാൽ ദൈവാവിഷ്ക്കരണം മനുഷ്യചരിത്രത്തിൽ യൂദർക്ക് മാത്രമേ ലഭ്യമായുള്ളോ എന്ന പലരുടെയും ചോദ്യം ഇവിടെ പ്രസക്തമാണ്.

യൂദരോടുള്ള ഇരുപത്തിമൂന്നാം യോഹന്നാൻ മാർപ്പാപ്പയുടെ അനുഭാവം രണ്ടാം ലോകമഹായുദ്ധകാലത്ത് എല്ലാവർക്കും അനുഭവപ്പെട്ടതാണ്. അദ്ദേഹം ബൾഗേറിയയിലും തുർക്കിയിലും നുൻസിയോ ആയിരുന്നു. നാസികളുടെ പിടിയിൽ നിന്നും യൂദരെ സഹായിക്കുകയും നാസിതടവുകാരെകൊണ്ടു പോകുന്നത് തടയുകയും വഴി യഹൂദസമൂഹത്തിന്റെയാകമാനം നന്ദിയും വാത്സല്യവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ കാർഡിനാൾ റൊങ്കാളി മാർപ്പാപ്പ ആയതും രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടിയതും യഹൂദ സമൂഹത്തെ സന്തോഷിപ്പിച്ചിരുന്നു. ഒട്ടേറെ യൂദർ ഇരുപത്തിമൂന്നാം യോഹന്നാൻ മാർപ്പാപ്പയിൽ വലിയ പ്രതീക്ഷ വച്ചിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ യൂദരോട് ക്ഷമ ചോദിക്കുന്നത് മഹത്തരമെന്ന് പ്രഘോഷിക്കുമ്പോൾ വർഷങ്ങൾക്കു മുൻപേ ഇരുപത്തിമൂന്നാമൻ യോഹന്നാൻ മാർപ്പാപ്പാ യൂദരുടെ രക്ഷകനായിരുന്നു എന്ന കാര്യം എടുത്തു പറയുന്നതും യുക്തമാണ്.

യുറോപ്പിൽ ആകമാനം പടർന്നുപിടിച്ച യഹൂദ വിരുദ്ധ പ്രവണതകൾ പിഴുതെറിയാൻ ഇരുപത്തി മൂന്നാം യോഹന്നാൻ മാർപ്പാപ്പയുടെയും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും നിലപാടുകൾക്കായി. മാത്രമല്ല ക്രിസ്തുമതത്തിന്റെ വേരുകൾ യൂദമതത്തിലാണെന്ന സുബോധം വളർത്തുവാനും യൂദർ ക്രിസ്തുവിനെ കൊന്നവരെന്ന ആരോപണത്തന് പകരം ആദ്യം ദൈവാവിഷ്കരണം സ്വീകരിച്ചവർ എന്ന നിലപാടിലേക്ക് വളരാനും കഴിഞ്ഞു.

അപ്രതീക്ഷിതമയ പ്രഖ്യാപനം

അക്രൈസ്തവ മതങ്ങളെക്കുറിച്ചു ഒരു ഡിക്രി പ്രസിദ്ധീകരിക്കണമെന്ന് കൗൺസിൽ പിതാക്കന്മാർ ചിന്തിച്ചിരുന്നില്ല. യൂദരെക്കുറിച്ചു സഭയുടെ നിലപാട് വ്യക്തമാക്കണമെന്ന് മാത്രമായിരുന്നു ആരംഭത്തിൽ ചിന്ത. 1960 നവംബർ 14 നും 15 നും മാർപ്പാപ്പ യൂദരെക്കുറിച്ചുള്ള ചോദ്യങ്ങൾ ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്യുമെനിസത്തിനു വേണ്ടിയുള്ള സെക്രട്ടറിയേറ്റിൽ പറയുകയും അതിനുവേണ്ടി ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്യ്തു. ജർമ്മനിയിൽ നിന്നുള്ള ആബട്ട് ലെയോ, എക്യുമെനിസത്തിനു വേണ്ടിയുള്ള കമ്മീഷന്റെ പ്രസിഡന്റ് ബയ, പ്രലാറ്റ് യോഹന്നസ് ഓസ്റ്ററൈഷർ തുടങ്ങിയവരായിരുന്നു അംഗങ്ങൾ.

എന്നാൽ ഒരു പത്രപ്രവർത്തകൻ കർദിനാൾ ബയയും ആയുള്ള തന്റെ അനൗദ്യോഗിക സംഭാഷണം പ്രസിദ്ധീകരിക്കുക വഴി കത്തോലിക്കാസഭയും യൂദാരുമായുള്ള പ്രത്യേക സൗദൃഢത്തിനുള്ള സാധ്യതയും മുസ്ലീമുകളുടെ ആകുലതക്കും അതൃപ്തിക്കും കാരണമായി. അറബുരാഷ്ട്രങ്ങൾക്കിടയിൽ ഇസ്രായേൽ രാജ്യം സ്ഥാപിതമായിട്ടു (1948) അധികം വർഷങ്ങൾ ആയിരുന്നില്ല. ഇസ്രയേലിനെ അറബിരാഷ്ട്രങ്ങൾ അംഗീകരിച്ചിരുന്നും ഇല്ല. സഭയുടെ നിലപാട് യൂദർക്ക് അനുകൂലമാകുമ്പോൾ അത് ഇസ്രായേൽ രാജ്യത്തിനു അനുകൂലവും അറബുരാഷ്ട്രങ്ങൾക്കു പ്രതികൂലവും ആകുമെന്നും പലരും കരുതി. ഉടൻതന്നെ അറബികൾ പ്രതികരിക്കുകയും ചെയ്തു. രാഷ്ട്രീയ സമ്മർദ്ധങ്ങൾ സഭയുടെ നിലപാടിനെ സ്വാധീനിക്കില്ലെങ്കിലും സഭയുടെ ദൈവശാസ്ത്രം രാഷ്ട്രീയ മുതലെടുപ്പിന് കാരണമായിക്കൂടെന്ന്‌ ഉത്തരവാദിത്തപ്പെട്ടവർ തീരുമാനിച്ചു.

ഈ സാഹചര്യത്തിൽ അന്തർദേശീയ യഹൂദകോൺഗ്രസ് 1962 ജൂൺ പന്ത്രണ്ടാം തിയതി ഇസ്രയേലിന്റെ മതകാര്യങ്ങളുടെ മന്ത്രിയും ഇസ്രയേലിന്റെ ക്രിസ്ത്യാനികളുടെ കാര്യങ്ങളിൽ വകുപ്പുമന്ത്രിയും ആയിരുന്ന Dr . Chaim Wadi -യെ റോമിലേക്കയക്കാൻ തീരുമാനിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിൽവഴി വത്തിക്കാൻ ഇസ്രയേലുമായി രാഷ്ട്രീയ സൗഹൃദത്തിനൊരുങ്ങുന്നു എന്ന തോന്നൽ അറബുരാഷ്ട്രങ്ങൾക്കിടയിൽ ശക്തിപ്പെട്ടു. കർദ്ദിനാൾ ബയയുടെ സന്ദർഭോചിതമായ ഇടപെടലുകളും ഇരുപത്തിമൂന്നാം മാർപ്പാപ്പയുടെ നിലപാടുകളും യൂദരെക്കുറിച്ചുള്ള പ്രത്യേക വിശദീകരണം ഒഴിവാക്കാനും അത് എക്യുമെനിസത്തോടൊപ്പം ആക്കുവാനും കൂട്ടത്തിൽ മറ്റു മതങ്ങളെ പരാമർശിക്കാനും തീരുമാനമായി.

യൂദാർ മതം മാറി ക്രിസ്ത്യാനികളാകണമെന്നൊന്നും യൂദരെക്കുറിച്ചുള്ള പരാമർശത്തിലില്ല. മാത്രവുമല്ല, ജർമ്മൻ മെത്രാന്മാർ ജർമ്മൻ ജനത യൂദർക്കെതിരെ ചെയ്ത തെറ്റുകളെക്കുറിച്ചു ബോധവാന്മാരാണെന്നു പ്രഖ്യാപിച്ചത് യൂദരോട് വളരെ ഭാവൽമകമായ മനോഭാവം പ്രകടമാക്കുവാൻ സഹായകമായി. അമേരിക്കൻ മെത്രാന്മാരാണെങ്കിൽ യഹൂദരോടുള്ള തങ്ങളുടെ നല്ല ബന്ധം കൗൺസിൽ രേഖകളിൽ പ്രതിഫലിക്കണമെന്ന് ആഗ്രഹിച്ചു. അതോടൊപ്പം അറബുരാഷ്ട്രങ്ങളിൽനിന്നുള്ള രാഷ്ട്രീയയ സമ്മർദ്ധം യുദരെ പ്രത്യേകം പരിഗണിക്കുന്നതിൽ മിതത്വം പാലിക്കാനും കൗൺസിൽ പിതാക്കന്മാരെ പ്രേരിപ്പിച്ചു.

മറ്റു മതങ്ങളോടുള്ള സമീപനം

വികസ്വര രാജ്യങ്ങളിലെ പിതാക്കന്മാരാകട്ടെ യൂദാരെ പരിഗണിക്കുന്നതോടൊപ്പം എല്ലാ അക്രൈസ്തവ മതങ്ങളെയും കൗൺസിൽ രേഖകളിൽ പ്രതിപാദിക്കണമെന്ന ചിന്താഗതിക്കാരായിരുന്നു. 1961 -ലും 1964 ലും അക്കാര്യം പലവുരു ആവർത്തിക്കാൻ അവർ മടിച്ചിരുന്നില്ല. എക്യു‌മെനിസത്തിനുവേണ്ടിയുള്ള കമ്മീഷൻ അക്രൈസ്തവമതങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് നേതൃത്വം കൊടുക്കുവാൻ തങ്ങളുടെ പരിമിതികളെക്കുറിച്ചുള്ള അവബോധം നിമിത്തം വിസമ്മതിച്ചു. 1964 -ൽ eclesiam suam എന്ന ചക്രീയ ലേഖനത്തിലൂടെ പോൾ ആറാമന്‍ മാർപ്പാപ്പ എല്ലാ മതങ്ങളിലൂടെയുമുള്ള ദൈവാന്വേഷണത്തെത്തക്കുറിച്ച പ്രതിപാദിക്കാൻ തുനിയുകയും ചെയ്തു. മാർപ്പാപ്പയുടെ 1964 -ലെ ദിവ്യകാരുണ്യകോൺഗ്രസിനുവേണ്ടിയുള്ള ഇന്ത്യായാത്രക്കു തൊട്ടു മുൻപായിരുന്നു ഈ പ്രതിപാദനം എന്നത് ഏറെ പ്രാധാന്യം നേടി. മാത്രമല്ല, ദിവ്യകാരുണ്യകോൺഗ്രസ്സിനിടയിൽ ബോംബെയിൽ വിവിധ മതങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതും ആ കൂടിക്കാഴ്ചയിൽ വച്ച് ഇന്ത്യയെ പുരാതനസംസ്‌കാരങ്ങളുടെയും മഹത്തായ മതപാരമ്പര്യങ്ങളുടെയും നാടായി വിശേഷിപ്പിച്ചതും ഉപനിഷത്തുകൾ ഉദ്ധരിച്ച ക്രിസ്തുവിന് നൂറ്റാണ്ടുകൾക്കു മുൻപേ രൂപീകൃതമായ മതസംസ്ക്കാരമാണ് ഇന്ത്യയുടേതെന്ന് വിശേഷിപ്പിച്ചതും കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം നവമായൊരു കാൽവയ്പ്പായിരുന്നു. 2221 വോട്ടുകളോടെ 1965 ഒക്ടോബർ പതിനഞ്ചാം തിയതി അക്രൈസ്തവ മതങ്ങളെക്കുറിച്ചുള്ള ഡിക്രി പാസ്സാക്കപ്പെട്ടു.

സഭയുടെ സമീപനം

1965-ൽ അവസാനിച്ച രണ്ടാംവത്തിക്കാൻ

കൗൺസിലിന്റെ അക്രൈസ്തവമതങ്ങൾ എന്നപ്രമാണരേഖയിൽ അക്രൈസ്തവമതങ്ങളോടുള്ള ക്രൈസ്തവരുടെ സമീപനം വ്യക്തമാക്കുന്നുണ്ട്. ക്രൈസ്തവർക്കിടയിത്തന്നെ അക്കാര്യത്തിൽ വ്യത്യസ്തങ്ങളായ സമീപനരീതികൾ ഉണ്ടായിരുന്നതും സഭയുടെ ഔദ്യോഗികങ്ങളായ പഠനങ്ങളെ സഭയുടെ നേതൃത്വത്തിലുള്ളവരിൽ ചിലർപോലും തെറ്റായി മനസിലാക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റായി പഠിപ്പിക്കുകയും ചെയ്തിരുന്നതും ഈ വിഷയം കൗൺസിലിന്റെ ചർച്ചക്ക് എടുക്കുവാനും സഭയുടെ നിലപാട് വ്യക്തമാക്കുവാനും കാരണമായി‌. വിവിധങ്ങളായ സംസ്കാരങ്ങളെക്കുറിച്ചും മതങ്ങളെക്കുറിച്ചും പാണ്‌ഡിത്യം ഉണ്ടായിരുന്ന വിയന്നയിലെ കർദിനാളായിരുന്ന ഫ്രാൻസ് ക്യോണിഗ് (1905-2004) ആണ് ഈ വിഷയത്തിലുള്ള ചർച്ചക്ക് നേതൃത്വം കൊടുത്തത്.

ദിശ തെറ്റിയും ശരിയായ ദിശയിലും ദർശനങ്ങൾ വളരുന്നു എന്നുവരാം. പാരമ്പര്യങ്ങളുടെ പരിപാലനവും പാരമ്പര്യങ്ങളുടെ വ്യാഖ്യാനവും അതിന് കാരണമാകാം. സഭയുടെ അക്രൈസ്തവമതങ്ങളെക്കുറിച്ചുള്ള ദർശനവും അതുപോലെ പല ദിശകളിൽ വളർന്നിരുന്നു. ആ സാഹചര്യത്തിൽ നിലപട് വ്യക്തമാക്കുകയാണ് Nostra aetate എന്ന അക്രൈസ്തവമതങ്ങളെക്കുറിച്ചുള്ള പ്രമാണരേഖ.

ഉള്ളടക്കം

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഏറ്റവും ചെറിയ പ്രമാണരേഖയാണ് nostra aetate. എന്നാൽ ഏറ്ററ്വും കൂടുതൽ പഠനവിഷയമായകൗൺസിലിന്റെപ്രമാണരേഖ ഇതാണ്. വ്യാഖ്യാനങ്ങളും വിശദീകരങ്ങളുമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതപ്പെട്ടതും ഈ പ്രമാണരേഖയെക്കുറിച്ചാണ്. പതിനാറു പ്രാണരേഖകളിൽ പ്രഖ്യാപനങ്ങൾ (declarations) എന്നു വിളിക്കപ്പെടുന്ന മൂന്ന് രേഖകളിൽ ഒരെണ്ണമാണ് nostra aetate.

Nostra aetate തുടങ്ങുന്നത് മനുഷ്യൻ അന്വേഷിക്കുന്നതും ഉത്തരം കിട്ടാത്തതുമായ അടിസ്ഥാന ചോദ്യങ്ങൾക്കുള്ള ഉത്തരം അവൻ മതങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു എന്ന ആമൂഖത്തോടെയാണ്. മറഞ്ഞിരിക്കുന്ന ഒരു ശക്തിയെക്കുറിച്ചുള്ള പണ്ടുമുതലേയുള്ള മനുഷ്യന്റെ അനുഭവവും വിശ്വാസവും ഒരു പരമ പരാശക്തിയിലുള്ള വിശ്വാസത്തിലേക്ക് അവനെ എത്തിച്ചു എന്ന പൊതുനിഗമനം കൗൺസിൽ ആവർത്തിക്കുന്നു. എല്ലാ മതങ്ങളും ഒരേ ചോദ്യത്തിനുള്ള ഉത്തരമാണ് തേടുന്നതെന്ന് കൗൺസിൽ വ്യക്തമാക്കുന്നു. ഹിന്ദുമതത്തിന്റെയും ബുദ്ധമതത്തിന്റെയും വ്യക്ത്യസ്തമായ രീതികളെ സൂചിപ്പിക്കുകയും ഈ മതങ്ങളിലെ സത്യവും വിശുദ്ധവുമായ ഒന്നും കത്തോലിക്കാസഭ നിരസിക്കുന്നില്ലെന്ന് കൗൺസിൽ പ്രഖ്യാപിക്കുകയും ചെയ്യുന്നു.(2)

ഏകദൈവ വിശ്വാസികളായ മുസ്ലീമുകൾക്ക് പിതാവായ അബ്രാഹത്തോടുള്ള ബന്ധവും ദൈവപുത്രാനായി ക്രൈസ്തവർ ആരാധിക്കുന്ന ക്രിസ്തുവിനെ പ്രവാചകനായി അവർ ആദരിക്കുന്നതും പരിശുദ്ധ മറിയത്തെ അവർ വണങ്ങുന്നതും ആദരവോടെ കത്തോലിക്കാസഭ കാണുന്നുവെന്നും കൗൺസിൽ പ്രഖ്യാപിക്കുന്നു. ക്രൈസ്തവരും മുസ്ലീമുകളും തമ്മിൽ പരസ്പരം ധാരണയിലും ബഹുമാനത്തിലും ആയിരിക്കണമെന്നും രണ്ടാംവത്തിക്കാൻ കൗൺസിൽ ആഹ്വാനം ചെയ്യുന്നു.(3)

ദൈവം അബ്രാഹവുമായി ചെയ്ത ഉടമ്പടി അനുസ്മരിച്ചും പിതാക്കന്മാരിലൂടെയുള്ള ദൈവിക വെളിപാടുകൾ ഓർമ്മിച്ചും ക്രിസ്തുവിന്റെ യഹൂദപാരമ്പര്യം അംഗീകരിച്ചും യുഹൂദമതവും ക്രിസ്തുമതവും തമ്മിലുള്ള പ്രത്യേകമായ ബന്ധം വ്യക്തമാക്കിയും യഹൂദമതത്തിന്റെ പ്രാധാന്യം കത്തോലിക്കാസഭ അംഗീകരിക്കുന്നു.(4) ദൈവവിശ്വാസികളുടെ,

പ്രത്യകിച്ചും യഹൂദരുടെ, ക്രൈസ്തവരുമായി പങ്കിടുന്ന പൊതുപാരമ്പര്യം അംഗീകരിക്കാനും സെമിറ്റിക് വിരോധത്തിനെതിരെ നിലപാടെടുക്കാനും കൗൺസിൽ തുനിയുന്നു.

ഒരു പ്രാപഞ്ചിക സാഹോദര്യമാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ Nostra aetate എന്ന പ്രഖ്യാപനത്തിലൂടെവിഭാവന ചെയ്യുന്നത്. ഒരു കാരണത്താലും, മതത്തിന്റെയോ സംസ്ക്കാരത്തിന്റെയോ നിറത്തിന്റെയോ പേരിൽ ആരെയും പാർശ്വവൽക്കരിക്കരുതെന്ന് കൗൺസിൽ നിർദേശിക്കുന്നു.(5)

കത്തോലിക്കാസഭയുടെ നിലപാടുകളും തുടർചലനങ്ങളും

മുൻ പേജുകളിൽ സൂചിപ്പിച്ചതുപോലെ ക്രിസ്തുവിന്റെ സഭ കത്തോലിക്കാ സഭ മാത്രമാണെന്ന് അസന്നിഗ്ദ്ധമായി സ്ഥാപിക്കാൻ കൗൺസിൽ തുനിയുന്നില്ല. ക്രിസ്തുവിന്റെ സഭ കത്തോലിക്കാസഭയിൽ നിലനിൽക്കുന്നു എന്നാണ് പറയുന്നത് . “subsist in ecclesia catholica” എന്നാണ്; മറിച്ചു് “est ecclesia catholica” എന്നല്ല പറയുന്നത് : “est, Adest, subsist in” തുടങ്ങിയ പ്രയോഗങ്ങളുടെ അർത്ഥം വ്യസ്ത്യസ്തമാണ്. സഭാദർശനത്തിലെ അടിസ്ഥാനപരമായ ഒരു വ്യതിയാനമായി ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. വർഷങ്ങളായി തെറ്റിദ്ധരിക്കപ്പെട്ട സഭാദർശനത്തെ തിരുത്തി സഭയുടെ അടിസ്ഥാനദർശനം പുനരവതരിപ്പിക്കുന്നതായി കരുതുന്നവരും ഉണ്ട്.

അടിസ്ഥാനപരമായും സഭയുടെ ദർശനം വിശാലതയും തുറവിയും ഉള്ളതാണെന്നാണ് സുവിശേഷങ്ങളിൽനിന്നും ഞാൻ മനസിലാക്കുന്നത്. സഭാപിതാക്കന്മാരുടെ പഠനങ്ങളും അപ്രകാരം തന്നെ; സഭാപിതാക്കന്മാരുടെ കൃതികളെഅക്കാലത്തെസംസ്കാരത്തിന്റെ സ്വഭാവത്തിന്റെ തലത്തിൽവേണം വിലയിരുത്താൻ. അതുപോലെതന്നെയാണ് മറ്റു പലദർശനങ്ങളും. ഉദാഹരണത്തിന് സഭ ദൈവജനം ആണെന്ന ദർശനത്തിലൂടെ അൽമായരും വൈദികരും എന്ന ഹയരാർക്കി സങ്കൽപ്പമാണ് സഭ എന്ന ചിന്ത മാറി. ഒന്നാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപിച്ച മാർപ്പാപ്പയുടെ ‘അപ്രമാദിത്തവരം’

രണ്ടാം വത്തിക്കാൻ കൗൺസിൽ ഉൾക്കൊണ്ടുവെങ്കിലും അപ്രമാദിത്വം വിശ്വാസസംബന്ധമായ കാര്യങ്ങളിലുള്ള ഔദ്യോഗികപഠനം എന്നഅവബോധംവളർന്നു. മെത്രാന്മാരുടെ കൂട്ടായ്മയെ അപ്പസ്തോലന്മാരുടെ കൂട്ടായ്മയുടെ തുടർച്ചയായി കൗൺസിൽ ദർശിച്ചു. മെത്രാന്റെ പദവി മാർപ്പാപ്പയുടെ പദവിയുടെ കീഴിലല്ല എന്ന ചിന്തയും കൗൺസിൽ തത്വത്തിൽ നൽകുന്നുണ്ട്. ഇതൊക്ക സഭാനിലപാടിലെ മാറ്റമായും സഭയുടെ അടിസ്ഥാനസ്വഭാവത്തിന്റെ വ്യക്തമാക്കലായും വ്യാഖ്യാനിക്കുന്നവരുണ്ട്.

“extra ecclesiam nulla salus”: “സഭക്ക് പുറത്തു രക്ഷയില്ല!”

എന്താണതിനർത്ഥം?

“സഭക്ക് പുറത്തു രക്ഷയില്ല!” എന്ന കത്തോലിക്കാ സഭയുടെ നിലപാടുകൾ മാറിയോ എന്ന് ഒരുപക്ഷെ ചിലർ ചോദിച്ചേക്കാം. “സഭക്ക് പുറത്തു രക്ഷയില്ല” എന്ന പ്രസ്താവനയുടെ അർത്ഥം എന്താണെന്നും എന്തായിരുന്നു എന്നുമുള്ള ചോദ്യമാണ് കുറച്ചുകൂടി കൃത്യം. “സഭക്ക് പുറത്തു രക്ഷയില്ല” എന്ന പ്രസ്താവനയുടെ തണലിൽ 1448 മുതൽ രണ്ടാംവത്തിക്കാൻ കൗൺസിൽവരെയുള്ള കാലഘട്ടത്തിൽ സഭ പഠിപ്പിക്കാത്ത പലതും സഭാംഗങ്ങൾ പഠിപ്പിക്കുകയും സഭയുടെ പേരിൽ പലരും പല നിലാപാടുകളും എടുക്കുകയും ചെയ്തു. “extra ecclesiam nulla salus” എന്ന പ്രസ്താവന അതിന്റെ സാഹചര്യവും ഉദ്ദേശ്യവും അർത്ഥവും കൃത്യമായി മനസിലാക്കാതെ അക്രൈസ്തവരെ രക്ഷിക്കപ്പെടാത്തവരായിചിത്രീകരിക്കുന്ന അവസ്ഥയിലേക്ക് ചിലവിശ്വാസികൾ എത്തി. അതുകൊണ്ടാണ് സഭയുടെ കൃത്യമായ നിലപാടുകളുമായി രണ്ടാം വത്തിക്കാൻ കൗൺസിലിൽ മുന്നോട്ടുവന്നത്. നിലപാടുകൾ മാറുകയല്ല, നിലപാടുകൾ വ്യക്തമാക്കുകയാണ് സഭ ചെയ്തത്.

“extra ecclesiam nulla salus”: ഉത്ഭവവും ചരിത്രംവും.

1438 മുതൽ 1445 വരെ നീണ്ടുനിന്ന ഫ്ലോറെൻസിലെ സൂനഹദോസിൽ ആണ് സഭക്ക് പുറത്തുരക്ഷയില്ല (extra eclesiam nulla salus) എന്ന പ്രഖ്യാപനംഉണ്ടായത്. പിന്നീട് 1545 -ൽ ആരംഭിച്ച ട്രെന്തോസ് സൂനഹദോസിലും1863 -ൽ പയസ് ഒമ്പതാമൻ മാർപ്പാപ്പ പുറപ്പെടുവിച്ച Quanto conficiamur moerore എന്നചക്രീയ ലേഖനത്തിലും1965 -ൽ പുറപ്പെടുവിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അക്രൈസ്തവ മതങ്ങളുമായുള്ള സഭയുടെ ബന്ധംപ്രതിപാദിക്കുന്ന Nostra aetate എന്ന പ്രമാണരേഖയിലും മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള Dignitatis humanae എന്ന പ്രമാണരേഖയിലും 2000 -ൽ വിശ്വാസതിരുസംഘം പുറപ്പെടുവിച്ച Dominus Iesus എന്ന വിശദീകരണഗ്രന്ഥവും ഈ വിഷയം വിശദീകരിക്കുന്നുണ്ട്.

സഭയുടെ നിലപാട് എന്താണെന്നു പറയുന്നത് വത്തിക്കാനിൽ നിന്നുള്ള നിന്നുള്ള പ്രമാണരേഖകളാണ്. അവ വിശദീകരിക്കുന്നതും വ്യാഖ്യാനിക്കുന്നതിനും ഉള്ള ദൗത്യമാണ് ദൈവശാസ്ത്രജ്ഞർക്കുള്ളത്. അവരുടെ വിശദീകരണത്തിലും വിശദീകരണങ്ങൾ മനസിലാക്കുന്നതിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. വർഷങ്ങൾ പല തലങ്ങളിൽ ഈ വിഷയം ചർച്ച ചെയ്തതിന്റെ വെളിച്ചത്തിലും സഭയുടെ പഠനങ്ങൾ പഠിച്ചതിന്റെ വെളിച്ചത്തിലുമാണ് അവരുടെ വിശദീകരണം. അതുപോലെ ധാരാളം കത്തോലിക്കർ ഈ വിഷയം പഠിച്ചവരായി ഉണ്ട്. അതുപോലെതന്നെ സൂനഹദോസുകളിൽ പിതാക്കന്മാർ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ചർച്ച ചെയ്ത ശേഷമുള്ള ഒരുസമന്വയമാണ് സൂനഹദോസുകളുടെ പ്രമാണരേഖ. അവയോടു യോജിക്കാത്തവർ വിയോജിപ്പോടെ സഭയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ തുടരുന്ന ചരിത്രവും സഭയിൽനിന്നും തെറ്റിപ്പിരിഞ്ഞുപോയ ചരിത്രവും ഉണ്ട്. അനുഭവത്തിലും മനസിലാക്കുന്നതിലും വ്യത്യസ്തതയും സമഗ്രതയും ഉണ്ടാകുമെങ്കിലും പരസ്പരം അംഗീകരിക്കുന്ന സംസ്കാരം സഭ ആവശ്യപ്പെട്ടുന്നു. അത് ഉള്ളിടത്തു മാത്രമേ സമാധാനം ഉണ്ടാകൂ. ഫ്രാൻസിസ് മാർപ്പാപ്പ 2021-ൽ പ്രസിദ്ധീകരിച്ച “നമുക്കു സ്വപ്നം കാണാം”എന്ന തന്റെ പുതിയ പുസ്തകത്തിൽ ഈആശയം ഉന്നിപ്പറയുന്നുണ്ട്.

നിങ്ങൾ കുരിശിൽ തറച്ച ക്രിസ്തുവിനെ ഞങ്ങൾ പ്രസംഗിക്കുന്നു എന്ന വി. പത്രോസിന്റെ പന്തക്കുസ്താദിനത്തിലെ പ്രസംഗത്തിലൂടെയാണ് സുവിശേഷത്തിന്റെ പ്രഘോഷണവും പ്രചാരണവും ക്രിസ്തുശിഷ്യർ ഔദ്യോഗികമായി ആരംഭിക്കുന്നത്. ലോകത്തിന്റെ അതിർത്തികൾ വരെ പ്രസംഗിക്കാനും പ്രചരിപ്പിക്കാനുമുള്ള ദൗത്യമാണ് ക്രിസ്തു നൽകിയത്. എന്നാൽ മറ്റുള്ളവരെ അധിക്ഷേപിക്കാനോ മോശമായി കാണാനോ ക്രിസ്തുപറഞ്ഞില്ല. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്. മറ്റുള്ളവർ നിങ്ങളോടു എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങൾ മറ്റുള്ളവരോട് പെടുമാറണമെന്നും അവിടുന്നു പഠിപ്പിച്ചു. നിങ്ങളുടെ സന്ദേശംശ് രോതാക്കൾ സ്വീകരിക്കുന്നില്ലെങ്കിൽ കാലിലെ പൊടിപോലും തട്ടിക്കളഞ്ഞു അവിടം വിട്ടുപോകാനുള്ള നിർദേശമാണ് ക്രിസ്തു അവർക്കു കൊടുത്തത്. അതായത് ക്രിസ്തുവിന്റെ സന്ദേശം ഒരു ക്ഷണവും ദാനവും ഒരു സമ്മാനവും ആണ്. അത് അംഗീകരിക്കാനോ സ്വീകരിക്കാതിരിക്കാനോ ഉള്ള അവകാശവും സ്വാതന്ത്ര്യവും ശ്രോതാക്കൾക്കുണ്ട്. സന്ദേശം സ്വീകരിക്കാത്തവരെ ഉപേക്ഷിച്ചു പോകുന്നത് ഈ സന്ദേശം എത്താത്ത ധാരാളം സ്ഥലങ്ങൾ ഉള്ളതുകൊണ്ടും എല്ലായിടത്തും ഈ മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശം എത്തിക്കാൻ താല്പര്യമുള്ളതുകൊണ്ടുമാണ്. മാത്രമല്ല അടിച്ചേൽപ്പികാനുള്ളതല്ല ക്രിസ്തുവിന്റെ സന്ദേശം! പ്രതിഫലേശ്ചയില്ലാതെ കർമ്മം ചെയ്യുക എന്ന ധർമ്മം തന്നെയാണ് ക്രിസ്തുവും പഠിപ്പിച്ചത്. ഫലത്തിനും പ്രതിഫലത്തിനും കാത്തിരിക്കാതെ ദൗത്യം ചെയ്തു മുന്നോട്ടു പോകുക. അതുമാത്രമാണ് ക്രൈസ്തവധർമ്മവും വിളിയും.

വിശ്വാസസമൂഹം എന്ന നിലയിൽ ഒരു സംഘടന കൂടിയാണ് കത്തോലിക്കാസഭ. ഒരു സഘടനയുടെ ചട്ടക്കൂടും കെട്ടുറപ്പും സഭക്കുണ്ട്. ഒരു ഹയരാർക്കിസഭക്കുണ്ട്. വിശ്വാസത്തിലധിഷ്ഠിതമായ ഒരു സമൂഹം എന്ന നിലയിലും ഒരു സംഘടന എന്ന നിലയിലും അതിന്റേതായ ക്രമങ്ങളും ചട്ടങ്ങളും സഭക്കുണ്ട്. ഈ രണ്ടു കാര്യങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ സഭക്ക് ആരംഭം മുതലേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചില നിയമങ്ങളും നിർദേശങ്ങളും അവയുടെ വ്യാഖ്യാനങ്ങളും അവയുടെ നടപ്പാക്കലും എന്നും അത്ര സുഗമമായിരുന്നില്ല. എന്നിരുന്നാലും എന്നും അരൂപി സഭയെ നയിച്ചുഎന്നും ഇനിയും നയിക്കും എന്നുമുള്ള വിശ്വാസമാണ് സഭയെ ശക്തിപ്പെടുത്തുന്നത്.

“extra ecclesiam nulla salus”: ആദിമസഭയിൽ

കർത്തേജിലെ വിശുദ്ധ സിപ്രിയനാണ് ആദ്യമായി extra ecclesiam nulla salus (സഭക്ക്പുറത്തുരക്ഷയില്ല) എന്ന പ്രസ്താവനയുടെ ആദിരൂപമായ extra ecclesiam non est (സഭക്ക് പുറത്തു ഇല്ല/സഭക്ക് പുറത്തു പാടില്ല) എന്ന പ്രസ്താവന കൊണ്ടുവന്നത്. വിശുദ്ധ കുർബാന സ്വീകരണവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ആയിരുന്നു അത്. ആദിമസഭയിൽ എന്നല്ല ഇന്നും മാമോദീസ സ്വീകരിച്ചവർക്കും അവരിൽത്തന്നെ ആന്തരികമായി ഒരുങ്ങിയവർക്കും മാത്രമാണ് വിശുദ്ധ കുർബാന സ്വീകരിക്കാൻ അനുവാദമുള്ളത്. കത്തോലിക്കാസഭയിൽനിന്നും അക്കാലത്തു വിശ്വാസപരമായ കാരണങ്ങളാൽ പിണങ്ങിപോയിരുന്നവരുടെ മാമോദീസ സഭ മാമ്മോദീസാ ആയി അംഗീകരിച്ചിരുന്നില്ല. എന്നിരുന്നാലും സഭയിൽനിന്നും തെന്നിമാറിയ മറ്റു പലഗ്രൂപ്പുകളിൽനിന്നും (heretic) നിന്നും മാമോദീസസ്വീകരിച്ചിട്ടു അപ്പസ്റ്റോലിക പാരമ്പര്യമുള്ള സഭയിൽ കുർബാനയിൽ പങ്കെടുക്കുവാനും കുർബാനസ്വീകരിക്കാനും പലരും സഭയുടെ ആരംഭകാലങ്ങളിൽ വന്നിരുന്നു. അവർക്കു വിശുദ്ധ കുർബാന കൊടുക്കാൻപാടില്ല എന്ന അർത്ഥത്തിലാണ് ആദിമസഭയിൽ “extra ecclesiam non est” എന്ന പദപ്രയോഗം വിശുദ്ധ സിപ്രിയാനും പിന്തുടർച്ചക്കാരും ഉപയോഗിച്ചത്. പിന്നീടത് ക്രിസ്തുവിൽവിശ്വസിക്കുന്നവർക്ക് അവരുടെ രക്ഷ ക്രിസ്തുവിലൂടെയാണ് എന്ന് സൂചിപ്പിക്കാനും അതുപയോഗിച്ചു. അക്രൈസ്തവരെസൂചിപ്പിക്കാനോ അക്രൈസ്തവരുമായൂള്ള ക്രൈസ്തവരുടെ ബന്ധം സൂചിപ്പിക്കാനോ ആയിരുന്നില്ല ഈ പദപ്രയോഗത്തിന്റെ അന്നത്തെ ഉപയോഗവും പ്രയോഗവും. കൂദാശയുടെ സ്വീകരണത്തിൽ ആവശ്യമായിരിക്കുന്ന നിബന്ധനകളും നിയന്ത്രണങ്ങളും സൂചിപ്പിക്കാനായിരുന്നു ഈ പദപ്രയോഗംആദിമസഭയിൽ ഉപയോഗിച്ചത്. ക്രൈസ്തവരെ പഠിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു അതിനു പിന്നിൽ. കാലാന്തരത്തിൽ പലരും പല രീതിയിൽ ഈ പ്രസ്താവനവ്യാഖ്യാനിച്ചു.

“non est ” -ൽ നിന്നും”nulla salus ” -ലേക്ക്

„exta ecclessiam non est“ കാലാന്തരത്തിൽ

„extra ecclessiam nulla salus“ (സഭക്ക് പുറത്തു രക്ഷയില്ല) ആയി. exta ecclessiam non est എന്ന വിശുദ്ധസിപ്രിയന്റെ പദപ്രയോഗം 1445 -ൽ ഫ്ലോറെൻസിലെ സൂനഹദോസിന്റെ കാലത്തു കത്തോലിക്കാസഭയിൽ പരിചിതമായിരുന്നെങ്കിലും അതിനത്ര പ്രചാരം കിട്ടിയിരുന്നില്ല. ആരും ഈ പ്രസ്താവനയിൽ തെറ്റോ ശരിയോ കണ്ടില്ലെന്നു മാത്രമല്ല അത് സഭാംഗങ്ങൾക്കു വേണ്ടിയുള്ള ഒരു പഠനം മാത്രമായി കണ്ടിരുന്നുതാനും. മാത്രമല്ല കാലക്രമത്തിൽ മാമോദീസ സ്വീകരിക്കാത്തവരെ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നും ഒഴിവാക്കി നിർത്താൻ പ്രയാസമുണ്ടായില്ല എന്ന് മാത്രമല്ല കത്തോലിക്കാസഭയോട് ഐക്യമില്ലാത്തവരും കാതോലിക്കാസഭയിൽനിന്നും പിരിഞ്ഞു പോയവരും കത്തോലിക്കരുടെ സമ്മേളനങ്ങളിലും കുർബാനയർപ്പണത്തിലും പങ്കെടുക്കാനുള്ള താൽപ്പര്യവും കാണിച്ചിരുന്നില്ല. ഈ കാരണങ്ങളാലാണ് വിശുദ്ധ സിപ്രിയന്റെ പ്രസ്താവനയും അതിന്റെ അർത്ഥവും പിന്നീട് ചർച്ചക്ക് കാരണമാകാഞ്ഞത്. അതോടൊപ്പം തന്നെ മധ്യശതകത്തിൽ ഓർത്തഡോസ്‌ സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധവും സംഘർഷവും മുസ്ലീമുകളും ക്രൈസ്തവരും തമ്മിലുള്ള ബന്ധവും സംഘർഷവും വിഷയങ്ങളായിരുന്നതുകൊണ്ടു അതാതു വിശാസം പുലർത്തുന്നവർ അവരവരുടെ സമൂഹങ്ങളിൽമാത്രം പോകുന്ന പതിവും രൂപപ്പെട്ടു.

എന്നാൽ പത്താം നൂറ്റാണ്ടു മുതൽ പലതരത്തിലുള്ള ക്രൈസ്തവ കുടിയേറ്റങ്ങൾ ഉണ്ടായി. അവർക്കു ആല്മീയശുശ്രൂഷ ചെയ്യാൻ പുരോഹിതരെ കൂടെവിടുന്ന പതിവുണ്ടായിരുന്നു. ക്രൈസ്തവരുടെ രക്ഷസഭയിലൂടെയാണെന്നും സഭക്ക് പുറത്തു അവർക്കു രക്ഷയില്ലെന്നും അതുകൊണ്ടു ക്രൈസ്തവരെ ആല്മീയമായി ശുശ്രൂഷിക്കാനും അവർക്കു കൂദാശകൾ കൊടുക്കാനും പുരോഹിതരുടെ സഹായവും സാന്നിധ്യവും ആവശ്യമാണെന്നും ക്രൈസ്തവർ വിശ്വസിച്ചു. സഭാനേതൃത്വും രാഷ്ട്രീയ നേതൃത്വവും അങ്ങനെ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് പുരോഹിതരെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടു ഓപ്പം പോകാൻ അവരെ പ്രേരിപ്പിച്ചു. യുദ്ധത്തിന് പോകുന്നവർക്കൊപ്പവും പുരോഹിതരെ ആല്മീയശുശ്രൂഷക്കു വിടുന്ന പതിവും അന്നുണ്ടായിരുന്നു. പട്ടാളക്കാർക്കുള്ള ക്രൈസ്തവപുരോഹിതരുടെ ആല്മീയ ശുശ്രൂഷ ഇന്നും പല രാജ്യങ്ങളിലും ഉണ്ടല്ലോ.

അത്തരത്തിലുള്ള പല യുദ്ധങ്ങളും അന്ന് സാധാരണമായിരുന്നു. പശ്ചിമേഷ്യയിൽ ക്രമേണ ക്രൈസ്തവർ കുറഞ്ഞുകൊണ്ടിരുന്നു. യൂറോപ്പിൽ രാജാക്കന്മാരിൽ ഭൂരിപക്ഷവും ക്രൈസ്തവരായിരുന്നു. യുദ്ധങ്ങൾ സാധാരണമായിരുന്നു. ക്രൈസ്തവരായ പടയാളികൾക്കു കൂദാശകൾ കൊടുക്കാനും മറ്റു ആല്മീയ ശുശ്രൂഷകൾ നൽകാനും അവർക്കൊപ്പം എപ്പോഴും പുരോഹിതരെയും വിട്ടിരുന്നു. ഈ ശുശ്രൂഷക്കു പുരോഹിതരെ പ്രേരിപ്പിക്കാൻ സഭയിലൂടെയാണ് ക്രൈസ്തവരുടെ രക്ഷ എന്ന് അവരെ ഓര്മപ്പെടുത്തിയിരുന്നു. ഇങ്ങനെയൊരു വ്യാഖ്യാനമാണ് ഇന്ന് ഈ പ്രസ്താവനക്ക് ഏറ്റവും അനുയോജ്യമായി പ്രബലപ്പെട്ടത്. ആന്നും ഇന്നും അതായതു ഫ്ലോറൻസിലെ സിനഡിന്റെ കാലത്തും പിന്നീടും ഈ പ്രസ്താവനയിലൂടെ അക്രൈസ്തവരെ ഉദ്ദേശിക്കുന്നതായി ചിന്തിക്കുന്നവർ ഉണ്ടാകാം എന്നത് ഇവിടെ വിസ്മരിക്കുന്നില്ല. എന്നാൽ യഥാർത്ഥത്തിൽ ക്രൈസ്തവരെ ഉദ്ദേശിച്ചുള്ള പ്രസ്താവന ആണിത്.

പ്രശസ്ത ദൈവശാസ്ത്രഞ്ജരായ കർദിനാൾ വാൾട്ടർ കാസ്പറും കർദിനാൾ കാൾ ലെമനും എഴുപതുകളിൽ ഇതിനു സാമ്യമുള്ള വ്യാഖ്യാനം ഈപ്രസ്താവനക്ക് നൽകിയിട്ടുണ്ട്. ഈ പ്രസ്താവന ക്രൈസ്തവർക്കുവേണ്ടി ക്രൈസ്തവരെ ഉദ്ദേശിച്ചു ക്രൈസ്തവർ പുറപ്പെടുവിച്ച പ്രസ്താവന ആണെന്നാണ് അവർ ഊന്നിപ്പറയുന്നത്. വിശുദ്ധ സിപ്രിയാൻ ഈ പ്രസ്താവനയുടെ ആരംഭരൂപത്തെക്കുറിച്ചു പറയുന്നതും അത് ക്രൈസ്തവക്കുവേണ്ടി ആണെന്നാണ്.

വലിയ കുടിയേറ്റങ്ങളും ഈ പ്രസ്താവനയും

1492- ലാണ് കൊളംബസ് അമേരിക്കയിൽ എത്തിയത്. 1498 -ൽ വാസ്കോടിഗാമ ഇന്ത്യയിൽ എത്തി. അതായത് പതിനഞ്ചാം നൂറ്റാണ്ട് വലിയ യുറോപിയൻ കുടിയേറ്റങ്ങളുടെ തുടക്കമായിരുന്നു. സഭക്ക് പുറത്തു ക്രൈസ്തവർക്ക് രക്ഷയില്ല എന്ന ദർശനം മിഷനറിമാരെ അവർക്കു ഒപ്പം പോകാൻ പ്രേരിപിച്ചു. കുടിയേറ്റക്കാർക്ക്‌ ആല്മീയ ശുശ്രൂ ഷ ആവശ്യമായിരുന്നു. അവർക്കൊപ്പം പുരോഹിതരും പോയി.

അതോടൊപ്പം ലോകത്തിന്റെ അതിർത്തിവരെ സുവിശേഷം പ്രസംഗിക്കുക എന്ന ക്രിസ്തുവിന്റെ നിർദേശവും വൻകുടിയേറ്റങ്ങളോടുകൂടി പോയ മിഷനറിമാർക്ക് പുതിയ ദേശങ്ങളിലെ സുവിശേഷപ്രഘോഷണത്തിനും കാരണമായി. എന്നാൽ ഈ വൻ കുടിയേറ്റങ്ങളുടെ ആരംഭദശയിൽ കുടിയേറ്റമേഖലകളിലെ/ അമേരിക്കയിലെ മനുഷ്യരെ മാമോദീസ മുക്കുക എന്ന ലക്‌ഷ്യം അവർക്കില്ലായിരുന്നു. കാരണം അവിടെയുള്ള മനുഷ്യരെ എങ്ങനെ ഉൾക്കൊള്ളണം എന്ന് കുടിയേറ്റക്കാർക്ക് അറിയില്ലായിരുന്നു. അവരെ ശത്രുക്കളായി കണ്ടു ഇല്ലാതാക്കാനുള്ള പ്രവണത ആയിരുന്നു കൂടുതലും. അത്തരം സാഹചര്യങ്ങളിൽ കുടിയേറ്റ പ്രദേശങ്ങളിലെ തദ്ദേശവാസികളെ സംരക്ഷിച്ചതും അവർക്കുവേണ്ടി പൊരുതിയതും മിഷനറിമാരും പുരോഹിതരും ആയിരുന്നു. അമേരിക്കയിൽ മാത്രമല്ല ആഫ്രിക്കയിലും ഏഷ്യയിലും അതുതന്നെ ആയിരുന്നു ചരിത്രം. ഇന്ത്യയിലും മറ്റൊന്നായിരുന്നില്ല ചരിത്രം . മിഷനറിമാർ മിക്കവാറും ക്രിസ്തുവിന്റെ പാതയിൽ തദ്ദേശവാസികൾക്കായി നിലകൊണ്ടു. അതുകൊണ്ടു യൂറോപ്യൻ കുടിയേറ്റക്കാരോടൊത്തു വന്ന മിഷനറിമാർ യുറോപ്യൻസിന്റെ തന്നെ നീരസത്തിനു പാത്രമായതിന്റെയും യുറോപിയൻസിനെതിരെ തദ്ദേശവാസികൾക്കുവേണ്ടി പൊരുതിയതിന്റെയും ചരിത്രം ലഭ്യമാണ്.

അതോടൊപ്പംതന്നെ ഓർക്കേണ്ടതാണ് എല്ലാ ക്രൈസ്തവരും അന്നും ഇന്നും ഈ പ്രസ്താവന ഇതുപോലെ അല്ല മനസ്സിലാക്കിയതും മനസിലാക്കുന്നതും.

അക്രൈസ്തവരെല്ലാവരും ക്രിസ്തയാനികളായാലേ അവർ രക്ഷപെടുകയുള്ളു എന്ന് ഈ പ്രസ്താവനയെ വ്യാഖ്യാനിക്കുന്നവരുണ്ട്. അതുപോലെതന്നെ ക്രിസ്ത്യാനീകൾ അല്ലാത്തവർ ഏതു മതത്തിൽ വിശ്വസിച്ചാലും അവരെയെല്ലാം രക്ഷിക്കുന്നത് ക്രിസ്തുവാണെന്നുള്ള വിശ്വാസം പുലർത്തുന്നതും ഈ പ്രസ്താവനയെ അങ്ങനെയൊരു അർത്ഥത്തിൽ വ്യാഖ്യാനിക്കുന്നതും ചിലർക്കിടയിൽ സാധാരണമായി. അതിനൊക്കെ ഓരോ താത്വിക പേരുകളും അവർ കൊടുക്കുന്നുണ്ട്. അതൊക്കെ വിവിധങ്ങളായ ദൈവശാസ്ത്രവീക്ഷണങ്ങളായി കാണാൻ സാധിക്കും. ഒരുവിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്തരം ചിന്തകൾ തെറ്റല്ല. സ്വന്തം വിശ്വാസത്തോടുള്ള കൂറും ആല്മാർത്ഥമായ സമർപ്പണബുദ്ധിയും ക്രിസ്താനുയായി ആയതിലൂടെ താനനുഭവിക്കുന്ന സന്തോഷം മറ്റുള്ളവർക്കും പകരാനുള്ള താല്പര്യവുമാണ്‌ അതിനു നിദാനം.

എന്നാൽ വ്യത്യസ്ത ദൈവശാസ്ത്ര വീക്ഷണങ്ങൾ സഭയുടെ ഔദ്യോഗികപഠനങ്ങളല്ല. അവ വീക്ഷണങ്ങൾ മാത്രമാണ്. വ്യതസ്തദൈവശാസ്ത്രവീക്ഷണങ്ങളെ സഭക്ക് ഭയമില്ല; അവയെ ആഭിപ്രായങ്ങളായി സഭ ആദരിക്കുന്നു.

സഭയുടെ ക്രുത്യമായ നിലപാടും നടപടിയും

എന്നിലൂടെയല്ലാതെ ആരും പിതാവിലേക്കു വരുന്നില്ല (Jn 14:6) എന്നും സഭ ക്രിസ്തുവിന്റെ ശരീരമാണ് (Ephe.1:23) എന്നുമുള്ള ബൈബിൾ വാക്യങ്ങൾ സഭക്ക് പുറത്തു രക്ഷയില്ല എന്ന പ്രസ്താവനക്ക് അക്രൈസ്തവരുടെ രക്ഷയുമായി ബന്ധപ്പെടുത്താൻ കാരണമായിട്ടുണ്ട്. ജന്മപാപമെന്ന സങ്കല്പം മനസിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും പരമ്പരാഗതമായി വന്ന പിഴവും സഭയുടെ ഔദ്യോഗികമായ വ്യാഖ്യാനം മനസിലാക്കാതെ ഓരോരുത്തരും അവരവരുടെ വ്യാഖ്യാനം നൽകിയതിൽ വന്ന കുറവും തെറ്റായ നിലപാടിന് കാരണമായിട്ടുണ്ട്. എന്നാൽ നൈസിയൻ വിശ്വാസ പ്രമാണത്തിലും (325) കോൺസ്റ്റാന്റിനോപ്പിളിലെ വിശ്വാസപ്രമാണത്തിലും (385) വി അത്തനാസിയൂസിന്റെ (-373)(-373) ക്രുതികളിലും കാതോലിക്കാവിശ്വാസം വിശ്വസിക്കാത്തവർ വിശുദ്ധി പ്രാപിക്കില്ലെന്നു തോന്നുമാറുള്ള പ്രയോഗങ്ങൾ കാണാം. 1854 -ൽ പിയുസ് ഒൻപതാമൻ മാർപ്പാപ്പയുടെ singulum quadam -ൽ പറയുന്നതും അതിന് സാമ്യമുള്ള ദർശനം തന്നെ. എന്നാൽ അതൊന്നും അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതല്ലെന്നാണ് സഭയുടെ പല നിലപാടുകളിൽനിന്നും മനസിലാക്കേണ്ടത്. ഉദാഹരണത്തിന്, മാമോദീസ സ്വീകരിച്ചവർ മാത്രമേ സ്വർഗത്തിൽ എത്തുകയുള്ളൂ എന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ആൽമീയ ശുശ്രൂഷകനായിരുന്ന ലിയനാർഡോ ഫെന്നി എന്ന ഈശോ സഭ വൈദികനെ1953 -ൽ പിയുസ് പന്ത്രണ്ടാം മാർപ്പാപ്പ കത്തോലിക്കാ സഭയിൽനിന്നും പുറത്താക്കി. അക്രൈസ്തവർ നരകത്തിൽ പോകും എന്ന് പഠിപ്പിച്ചതിനായിരുന്നു അത്. രണ്ടാം വത്തിക്കാൻ കൗൺസിൽ തുടങ്ങുന്നതിന് ഒരു ദശകം മുൻപായിരുന്നു അത്. സന്മ‌നസുള്ള എല്ലാവരും രക്ഷിക്കപ്പെടും എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത്.

രണ്ടാം വത്തിക്കാൻ കൗൺസിലിനെക്കുറിച്ചു ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതപ്പെട്ടത് ഈ വിഷയത്തിൽ ആണെന്നും ഓർക്കണം. എന്നിട്ടും പലർക്കും അതിനർത്ഥം മനസിലാക്കുന്നതിൽ കൃത്യതയില്ല. കൃത്യമായി പറഞ്ഞാൽ മതസ്വാതന്ത്ര്യം ആണ് കത്തോലിക്കാസഭ ഉയർത്തിപ്പിടിക്കുന്ന മൂല്യം. മതസ്വാതന്ത്ര്യത്തെപ്പറ്റി രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഒരു പ്രമാണരേഖ വരെ ഉണ്ട്. അക്രൈസ്തവ മത വിശ്വാസികളെ സഹോദര്യത്തോടെയും സമഭാവനയോടെയും കാണാനാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. അതിനുദാഹരണം ആണ് 1986 -ൽ മാർപ്പാപ്പാ വിളിച്ചുകൂട്ടിയ സർവ മത സംഗമം!

ഏറ്റവും ആനുകാലികമായി പറഞ്ഞാൽ “നമുക്ക് സ്വപ്നം കാണാം” എന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ഏറ്റവും പുതിയ പുസ്തകത്തിൽ ഇക്കാര്യം വളരെ വ്യക്തമായും കൃത്യമായും പ്രതിപാദിക്കുന്നുണ്ട്. “നമുക്ക് സ്വപ്നം കാണാം” എന്ന തന്റെ പുതിയ പുസ്തകത്തിലൂടെ മാർപ്പാപ്പ പറയുന്ന സഭയെക്കുറിച്ചും സഭയുടെ പഠനങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാട് തികച്ചും ഈയവസരത്തിൽ ശ്രദ്ധേയമാണ്.

ആമസോൺ സിൻഡിനെക്കുറിച്ചും ആ സിനഡിലിൽ ആമസോൺ സംസ്കാരത്തെ ആദരിച്ചതു തെറ്റിധാരണയും തെറ്റായ വ്യാഖ്യാനവും കാരണമാക്കിയത് വിമർശിക്കാനും തെറ്റായി വ്യാഖ്യാനിച്ചവരെ തെറ്റ് ചെയ്തവരായി ചിത്രീകരിക്കാനുമുള്ള മാർപ്പാപ്പയുടെ ആർജവവും ധൈര്യവും അത്ഭുതകരം എന്ന് വിശേഷിപ്പിക്കാതെ തരമില്ല. ആധികാരികം എന്നും അതിനെ വിശേഷിപ്പിക്കണം. അതുവായിക്കണം. അറിയണം !

എന്തിനു അന്യമതപഠനം?

കഴിഞ്ഞ ദിവസം ഒരു ക്രിസ്തീയ വിശ്വാസി എന്നോട് ചോദിച്ച ചോദ്യമാണിത്? അന്യമതങ്ങളെക്കുറിച്ചു വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ക്രൈസ്തവരെക്കുറിച്ചുള്ള നിരാശയും അത്തരം ക്രൈസ്തവ പുരോഹിതരെക്കുറിച്ചുള്ള ക്രോധവും അദ്ദേഹം മറച്ചുവച്ചില്ല! തികച്ചും വികാരഭരിതനായിരുന്നു അദ്ദേഹം. അക്കര്യത്തിൽ എന്റെ എന്തെങ്കിലും അഭിപ്രായമോ വിശദീകരണമോ കേൾക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. ഒരു ചോദ്യം ചോദിച്ചിട്ടു ഉത്തരത്തിനു കാത്തുനിൽക്കാതെ അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു. ചോദ്യം ഇതായിരുന്നു. “നമുക്ക് പൂർണ്ണമായൊരു മതമുള്ളപ്പോൾ മറ്റു മതങ്ങളെക്കുറിച്ചു എന്തിനു പഠിക്കണം, വായിക്കണം?”

മത സൗഹൃദത്തിന്റെ സമീപനമാണ് കത്തോലിക്കാ സഭയുടേത്; മതവിദ്വേഷത്തിന്റെ സമീപനമല്ല. ക്രിസ്തുവിന്റെ കാലം മുതൽ ഇന്നുവരെ സഭയുടെ നിലപാട് അതായിരുന്നു. തിന്മക്കെതിരെ വിരൽ ചൂണ്ടണമെന്നും സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരും ആകണമെന്നുമുള്ള ചിന്തയും ഇവിടെ സ്മരിക്കണം. 2022 സെപ്റ്റംബർ മാസം 13 മുതൽ 15 വരെ ഫ്രാൻസിസ് മാർപ്പാപ്പ ഖസാഖിസ്ഥാൻ സന്ദർശിച്ചപ്പോൾ മതവിശ്വാസത്തിലും നിറത്തിലും ജാതിയിലും ഭാഷയിലും ലിംഗത്തിലുമുള്ള ബഹുസ്വരത സൃഷ്ട്ടിയിലുള്ള ദൈവത്തിന്റെ തീരുമാനവും ദൈവജ്ഞാനത്തിന്റെ പ്രകാശനവും ആണെന്ന് പ്രഖ്യാപിച്ചത് രണ്ടാം വത്തിക്കാൻ കൗൺസിൽ എടുത്ത സഭയുടെ നിലപാടിന്റെ കാലോചിതമായ ആവിഷ്ക്കാരമായിരുന്നു.

ഫാ . ജോസഫ് പാണ്ടിയപ്പള്ളിൽ

നിങ്ങൾ വിട്ടുപോയത്