വത്തിക്കാന്‍ സിറ്റി: ഇസ്രായേലിൽ കടന്നാക്രമണം നടത്തികൊണ്ട് ഹമാസ് ആരംഭിച്ച അതിക്രമങ്ങളെ തുടര്‍ന്നു വിശുദ്ധ നാട്ടില്‍ സംഘർഷം പൊട്ടിപുറപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ. പ്രതിസന്ധിയില്‍ ഖേദം പ്രകടിപ്പിച്ച കർദ്ദിനാൾ യഥാർത്ഥ പ്രശ്‍നങ്ങൾക്ക് സമാധാനപരമായ ശാശ്വതപരിഹാരം കാണുവാനാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞു. ഇറ്റാലിയൻ നഗരമായ കമാൽഡോളിയിൽ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ശനിയാഴ്ച ഹമാസ് തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെയാണ് അക്രമം രൂക്ഷമായതെന്നു കർദ്ദിനാൾ പറഞ്ഞു.

മധ്യപൂർവേഷ്യയിലും ഇസ്രായേലിലും, പാലസ്തീനിലും, ഗാസ മുനമ്പിലും സംഭവിക്കുന്ന നിഷ്ഠൂരമായ ക്രൂരതകൾ വേദനാജനകമാണ്. ഇപ്പോള്‍ നടക്കുന്ന യുദ്ധങ്ങൾ അവസാനിക്കുവാൻ ഒന്നിച്ചു ചേർന്നുള്ള പ്രാർത്ഥന അനിവാര്യമാണ്. പൊട്ടിപ്പുറപ്പെട്ട യുദ്ധം എപ്രകാരം മുൻപോട്ടു പോകുമെന്നും, അതിന്റെ അന്ത്യം എന്തായിരിക്കുമെന്നും സങ്കല്പിക്കുവാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിലാണ്. ലോകം മുഴുവൻ ഒരു ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കർദ്ദിനാൾ പറഞ്ഞു.

മനുഷ്യജീവിതത്തിന്റെ നാശത്തിനു പുറമേ, സമാധാനത്തിന്റെ പ്രതീക്ഷകൾ നഷ്ട്ടപ്പെടുകയാണ്. നമ്മൾ, ബലം, അക്രമം, സംഘർഷം എന്നിവയിൽ മാത്രമാണ് ആശ്രയിക്കുന്നത്. എന്നാൽ യഥാർത്ഥ പ്രശ്നങ്ങൾ വ്യത്യസ്തമായ രീതികളിലൂടെ പരിഹരിക്കപ്പെടണം. സമാധാനത്തിനായി നാമെല്ലാവരും കൂട്ടായ പ്രാർത്ഥനയിൽ ഐക്യപ്പെടണം. ഇത്തരം ശ്രമങ്ങൾക്ക് യൂറോപ്പ് നൽകുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണ്. സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ, സമാധാനപരമായ പരിഹാരം തേടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ അര്‍പ്പിക്കുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

വിശുദ്ധ നാട്ടിലെ പോരാട്ടത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി

വാഷിംഗ്ടണ്‍ ഡി‌സി: ഹമാസിന്റെ ഇസ്രായേലിലേക്കുള്ള അപ്രതീക്ഷിത നുഴഞ്ഞുകയറ്റവും അക്രമങ്ങളും ഇതേ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിലും ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി. യുഎസ് മെത്രാന്‍ സമിതിയുടെ അന്താരാഷ്ട്ര നീതിന്യായ സമിതിയാണ് സമാധാന ആഹ്വാനവുമായും പ്രാര്‍ത്ഥന അറിയിച്ചും രംഗത്തുവന്നിരിക്കുന്നത്. വർദ്ധിച്ചുവരുന്ന നാശനഷ്ടങ്ങളും ശത്രുതപരമായ നിലപാടുകളും വിശുദ്ധ നാട് ഭീഷണി നേരിടുന്നതിന് കാരണമായി തീരുകയാണെന്ന് അന്താരാഷ്‌ട്ര നീതിയും സമാധാനവും സംബന്ധിച്ച യു‌എസ്‌സി‌സി‌ബിയുടെ കമ്മറ്റിയുടെ അധ്യക്ഷനായ ബിഷപ്പ് ഡേവിഡ് മല്ലോയ് പറഞ്ഞു.

വ്യാപകമായ അക്രമത്തെ അപലപിക്കുന്നതില്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പങ്കുചേരുകയാണെന്ന് ബിഷപ്പ് മല്ലോയ് പറഞ്ഞു. പരിശുദ്ധ പിതാവിന്റെ ഞായറാഴ്ച പ്രസംഗത്തിൽ നിന്നുള്ള വാക്കുകള്‍ ബിഷപ്പ് ഡേവിഡ് ഉദ്ധരിച്ചു: “ദയവായി ആക്രമണങ്ങളും ആയുധങ്ങളും അവസാനിപ്പിക്കുക. തീവ്രവാദവും യുദ്ധവും ഒരു തീരുമാനത്തിലേക്കും നയിക്കുന്നില്ല, മറിച്ച് നിരവധി നിരപരാധികളുടെ മരണത്തിലേക്കും കഷ്ടപ്പാടുകളിലേക്കും മാത്രമേ നയിക്കൂവെന്ന് മനസ്സിലാക്കട്ടെ”. വിശുദ്ധ നാടിനെ സ്നേഹിക്കുന്ന എല്ലാവരും അക്രമം അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ബിഷപ്പ് ഡേവിഡ് ആഹ്വാനം ചെയ്തു. സമാധാനം പുലരുന്നതിനായി പ്രാര്‍ത്ഥന ആഹ്വാനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

അതേസമയം അക്രമം രൂക്ഷമാകുകയാണ്. ഹമാസുകാരായ 1500 പേരുടെ മൃതദേഹങ്ങൾ ഗാസ മുനമ്പിനു സമീപത്തു നിന്നും ഇസ്രായേലിൽ നിന്നുമായി കണ്ടെത്തിയെന്നും അതിർത്തിയിലെ നിയന്ത്രണം പൂർണമായി പിടിച്ചെടുത്തുവെന്നും സൈന്യം അറിയിച്ചു. . അതേസമയം ഇനിയും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഹമാസ് തകർത്ത അതിർത്തികൾ വീണ്ടും അടച്ചു. അതിർത്തിയിൽ നിന്നും എല്ലാവരേയും ഒഴിപ്പിച്ചുവെന്നും ഇസ്രായേൽ സൈനിക വക്താവ് റിച്ചാർഡ് ഹെച് അറിയിച്ചു. ഹമാസിന് എതിരെയുള്ള പോരാട്ടത്തിനായി 3,00,000 സൈനികരെയാണു ഇസ്രായേൽ രംഗത്തിറക്കിയിരിക്കുന്നത്. 1973ലെ യോം കിപ്പൂർ യുദ്ധത്തിനുശേഷമുള്ള എറ്റവും വലിയ പടയൊരുക്കമാണിത്. അന്ന് 4,00,000 സൈനികരെയാണു ഇസ്രായേൽ രംഗത്തിറക്കിയത്.

ഒരിക്കലും ഇങ്ങനെ ഒരു സംഘർഷം കണ്ടിട്ടില്ല, പ്രാര്‍ത്ഥിക്കുക; അവസ്ഥ വിവരിച്ച് ഗാസയിലെ ഏക കത്തോലിക്ക വൈദികന്‍

ഗാസ: തന്റെ ശുശ്രൂഷ കാലയളവില്‍ ഒരിക്കൽപോലും ഇങ്ങനെ ഒരു സംഘർഷം കണ്ടിട്ടില്ലായെന്ന് ഗാസയിൽ സേവനം ചെയ്യുന്ന ഏക കത്തോലിക്കാ വൈദികനായ ഫാ. ഗബ്രിയേൽ റൊമാനല്ലി. അർജന്റീന സ്വദേശിയായ അദ്ദേഹം ഇസ്രായേൽ- ഗാസ സംഘർഷത്തിന് പിന്നാലെ കാത്തലിക്ക് ന്യൂസ് ഏജൻസിയ്ക്കു നല്‍കിയ പ്രതികരണത്തിലാണ് ദുഃഖം പങ്കുവെച്ചത്. ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച സംഘർഷത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ നാല്‍പ്പതോളം ആളുകൾ കൊല്ലപ്പെടുകയും എഴുന്നൂറോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേലിൽ കടന്നു കയറി ഹമാസ് തീവ്രവാദികൾ അക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് തിരിച്ചും ആക്രമണങ്ങള്‍ ആരംഭിച്ചിരിന്നു.

വളരെ മോശം സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് പാലസ്തീനിലെ ഗാസ മുനമ്പിലുള്ള ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ചിന്റെ വികാരിയായ ഫാ. റൊമാനല്ലി പറഞ്ഞു. നൂറുകണക്കിന് ആളുകൾ മരിച്ചു, ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. തന്റെ ഇടവകയില്‍ എണ്‍പതോളം ക്രൈസ്തവരെയും, മുസ്ലീങ്ങളെയും അഭയം നൽകാൻ സ്വീകരിച്ചു. പാലസ്തീനിലെയും, ഇസ്രായേലിലെയും വിശുദ്ധ നാടുകളിലുള്ള വൈദികരും, സന്യസ്തരും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാധാനത്തിലൂടെ ഒന്നും നഷ്ടപ്പെടുകയില്ലെന്നും, എന്നാൽ യുദ്ധത്തിലൂടെ എല്ലാം നഷ്ടപ്പെടുമെന്നു പയസ് പന്ത്രണ്ടാമൻ മാർപാപ്പ പറഞ്ഞ വാചകം ഉദ്ധരിച്ചുകൊണ്ട് സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫാ. റൊമാനല്ലി അഭ്യര്‍ത്ഥിച്ചു. തനിക്ക് ലഭിക്കുന്ന നൂറുകണക്കിന് സന്ദേശങ്ങൾക്ക് നന്ദി പറഞ്ഞ അദ്ദേഹം ഗാസയിലെ മിഷൻ പ്രവർത്തനം പ്രാർത്ഥനയോടെ തുടരുമെന്നും വ്യക്തമാക്കി. ഗാസയിൽ ഇടവകയുടെ കീഴില്‍ രണ്ട് പ്രൈമറി സെക്കൻഡറി സ്കൂളുകളും ഏതാനും ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

നിങ്ങൾ വിട്ടുപോയത്