പുളിങ്കുന്ന് : സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഏറ്റവും വലിയ സന്ദേശമായ ക്രിസ്തുവിന്റെ അനുയായികൾ ആയ എല്ലാ സഭാ മക്കളും ഐക്യത്തോടെ ഒന്നായി മുന്നേറണമെന്നും മനുഷ്യ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പോരാളികളായി ക്രൈസ്തവർ മാറണമെന്നും പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഇടവക ദിനവും – കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് ക്നാനായ യാക്കോബായ സഭയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മാർ സെവേരിയോസ് പറഞ്ഞു.
ആധ്യാത്മിക ദാരിദ്ര്യമാണ് ഇന്നു വളരെ കൂടുതൽ. എന്നാൽ ഭൗതിക ദാരിദ്ര്യം ഇല്ല. പരസ്പരം പോരടിക്കാതെ ക്രൈസ്തവർ വിശ്വാസ കൂട്ടായ്മയിൽ വളർന്ന് വിശ്വാസത്തിന്റെ വിളനിലമായി കുടുംബങ്ങൾ മാറണമെന്നും പിതാവ് കൂട്ടിച്ചേർത്തു.
നാളെയുടെ പ്രതീക്ഷകളായ യുവജനങ്ങൾ താങ്കളുടെ യുവത്വം സഭയോട് ചേർന്ന് സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കണമെന്നും മാർ സെവേരിയൂസ് മെത്രാപ്പോലീത്ത യുവാക്കളെ ഓർമിപ്പിച്ചു.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ചില തിന്മകൾ സമൂഹത്തെയും കുടുംബത്തെയും ഉല്മൂലനം ചെയ്യാൻ കഴിയുന്ന മാരക വിപത്താണെന്ന് മയക്കുമരുന്നുകളുടെ വ്യാപനം സംബന്ധിച്ച് ഇടവക വികാരി ഡോ. ഫാ. ടോം പുത്തൻകളം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വിവാഹ ബന്ധങ്ങൾ തകർച്ചയിലേക്ക് നയിക്കുന്ന തെറ്റായപുതിയ പ്രവണതകളെക്കുറിച്ച് ജാഗരൂകരാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പിജി മറ്റു പ്രഫെഷണൽ കോഴ്സുകളിൽ ഉന്നതവിജയം നേടിയവരെയും, കൃഷി, വ്യവസായം, വാണിജ്യം, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചവർ ഇടവകയിലെ ഏറ്റവും പ്രായം കൂടിയ അപ്പച്ചൻ, അമ്മച്ചി എന്നിവരെയും ഏറ്റവും കൂടുതൽ മക്കൾ ഉള്ളദമ്പതികൾ, വിവാഹത്തിന്റെ 25,50 വാർഷികം ആഘോഷിക്കുന്നവർ, പൗരോഹിത്യം- സന്യാസം എന്നിവയുടെ 25,50 വാർഷികം ആഘോഷിക്കുന്നവർ, ഇടവകയിൽ നിന്നും അതിരൂപത തലത്തിൽ അംഗീകാരം നേടിയ വ്യക്തികളെയും യോഗത്തിൽ ആദരിച്ചു.
ഫാ. ജയ്സൺ മാവേലി CMI, റവ.സി. ജ്യോതിസ് മരിയ CMC എന്നിവർ ആശംസ നേർന്നു സംസാരിച്ചു.രാവിലെ നടന്ന സമൂഹ ബലിയോട് കൂടി ആരംഭിച്ച സമ്മേളനത്തിൽ വിവിധ കുടുംബ കൂട്ടായ്മകൾ,ഭക്ത സംഘടനകൾ, സൺഡേ സ്കൂൾ, വിവിധ റീജണുകൾ തുടങ്ങിയവരുടെ കലാപരിപാടികൾ അവതരിപ്പിച്ചു.
3000 തിൽ പരം ഇടവക അംഗങ്ങൾ സമ്മേളനത്തിനും സ്നേഹവിരുന്നിലും പങ്കെടുത്തു. ഫാ. ബ്ലെസ് കരിങ്ങണാ മറ്റം സ്വാഗതവും, ഫാ. സിറിൽ കൈതക്കളം നന്ദിയും പറഞ്ഞു.