എട്ടു നോമ്പാചരണം

സെപ്റ്റംബർ 1മുതൽ 8 വരെ മാതാവിന്റെ ജനന തിരുനാളിനു ഒരുക്കമായി ഇതു ആചരിക്കുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തു വടക്കൻ കേരളത്തിൽ ക്രൈസ്തവരും ഹൈന്ദവരും ജിഹാദികളുടെ മത മർദ്ദനത്തിനിരയായി. നിർബന്ധിത മതം മാറ്റം സാധാരണമായി. പുരുഷന്മാരെ കൊന്നൊടുക്കിയ സൈന്യം സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി. ഇത് പല ചരിത്ര ഗ്രന്ഥങ്ങളിലും വ്യക്തമായി വിവരിക്കുന്നുണ്ട്. ഇതറിഞ്ഞ വിശ്വാസികൾ മാതാവിന്റെ നാമത്തിലുള്ള ദൈവാലയങ്ങളിൽ ഒന്നിച്ചു ചേർന്നു. തങ്ങളുടെ മാനം സംരക്ഷിക്കപ്പെടാനും തലമുറകൾ നശിക്കാതിരിക്കാനും സ്ത്രീകളും കുട്ടികളും ദൈവാലയത്തിനുള്ളിൽ മാതാവിന്റെ മാദ്ധ്യസ്ഥം തേടി നിലവിളിച്ചു പ്രാർത്ഥിച്ചു. പുരുഷന്മാർ സംരക്ഷണത്തിനായി പുറത്തു കാവൽ നിന്നു. ആലുവാ പുഴയിൽ ജലമുയർന്നപ്പോൾ തിരുവിതാംകൂറിൽ കടക്കാതെ സൈന്യം മടങ്ങിപ്പോയി. ഈ മാതൃ ഭക്തിയാണ് എട്ടു നോമ്പ് കേരള ക്രൈസ്തവരുടെ ഇടയിൽ മുഴുവൻ പ്രചരിക്കാൻ ഇടയാക്കിയത്.

സ്ത്രീകളുടെയും, കന്യകകളുടെയും ഉപവാസമാണ് എട്ടു നോമ്പ്. നോമ്പിനു മുമ്പായി വീട്ടിൽ ഉപയോഗിച്ച പാത്രങ്ങൾ എല്ലാം കഴുകി കമഴ്ത്തിവെയ്ക്കും. ഒരു പുതിയ മൺകലവും, ചിരട്ട തവിയും, കഞ്ഞി കുടിക്കാൻ ഒരു പാത്രവും വാങ്ങി നോമ്പ് നോക്കുന്നവർ തനിയെ കഞ്ഞിവെച്ചു കുടിക്കും. നോമ്പില്ലാത്തവർ ഇതിൽ തൊടാറില്ല.

മാതാവിന്റെ അമ്മ അന്നാമ്മയ്ക്കു മക്കളുണ്ടായിരുന്നില്ല. അന്നാമ്മ നേർച്ച നേർന്നു 8 ദിവസം ഉപവസിച്ച്, നോമ്പ് നോക്കി ജനിച്ച കുഞ്ഞാണ് മറിയം. മൂന്നാം വയസ്സിൽ ദൈവാലയത്തിൽ കാഴ്ച വെച്ച മറിയം അവിടെ വളർന്നു എന്നൊരു പാരമ്പര്യ കഥയുണ്ട്.
കല്യാണം കഴിഞ്ഞാൽ ആദ്യ വർഷം എട്ടു നോമ്പിനു അമ്മ മകളെ സ്വന്തം വീട്ടിൽ കൊണ്ടുവന്നു നോമ്പെടുപ്പിക്കും. ശാരീരിക നോമ്പ് ഉള്ളതിനാൽ ഭർത്താവ് ഭാര്യാവീട്ടിൽ വരാറില്ല. രാവിലെ എഴുന്നേറ്റു കടുംകാപ്പി കുടിച്ചു പള്ളിയിൽപോയി കുർബാനകണ്ടു ഉപവസിച്ചു പ്രാർത്ഥിക്കും. വൈകിട്ട് വീട്ടിൽ വന്ന് കഞ്ഞികുടിക്കും. ഭർതൃ വീട്ടിൽ പലഹാരങ്ങളുമായിട്ടാണ് തിരിച്ചു പോകുന്നത്. മാതാവിന്റെ മാദ്ധ്യസ്ഥത്താൽ എത്രയും വേഗം കുഞ്ഞ് ജനിക്കണം. തലമുറകളുടെ സമൃദ്ധിയിലൂടെ കുടുംബം അനുഗ്രഹിക്കപ്പെടണം എന്നതാണ് ഇതിന്റെ നിയോഗം (ലൂക്ക 1:48 & 50). വെച്ചൂർ, മണർകാട്, നാകപ്പുഴ, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി പഴയപള്ളി ഇവയാണ് പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ.

എട്ടു നോമ്പിന്റെ നിയോഗങ്ങൾ

1.യുവജനങ്ങൾ യഥാകാലം വിവാഹിതരാകാൻ.

  1. വിവാഹ തടസ്സം മാറുവാൻ.
    3.മക്കളില്ലാത്ത ദമ്പതിമാർക്ക് സന്താന സമൃദ്ധിക്കായി.
  2. തലമുറകളുടെ സമൃദ്ധിയിലൂടെ ക്രൈസ്തവ കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടാൻ.
    5.തിരുസഭയിൽ മാമ്മോദീസകൾ സമൃദ്ധമാകാൻ.
    6.ക്രൈസ്തവർക്കെതിരായിട്ടുള്ള മത മർദ്ദനങ്ങളും വിജാതീയ ശത്രു പീഢകളും അവസാനിക്കുവാൻ.
    ഈ നോമ്പാചരണം നമുക്ക് അനുഗ്രഹകാരണമാകട്ടെ

  3. കടപ്പാട് :’നസ്രാണികളുടെ ആചാരങ്ങളും, പാരമ്പര്യങ്ങളും’.
    ഫാദർ റോബർട്ട്‌ ചവറനാനിക്കൽ വി.സി.

നിങ്ങൾ വിട്ടുപോയത്