കൊച്ചി –
- എറണാകുളം – അങ്കമാലി അതിരൂപതയിലെ ലിറ്റർജി വിഷയത്തിൽ മാർപാപ്പയുടെ തീരുമാനം നടപ്പിലാക്കാനായി നിയമിതനായിരിക്കുന്ന പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ അതിരൂപതയിലെ ഔദ്യോഗിക അൽമായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി.) ഭാരവാഹികൾ പ്രസിഡന്റ് ഫ്രാൻസീസ് മൂലന്റെ നേതൃത്വത്തിൽ സന്ദർശിച്ചു .
- സഭയോടൊപ്പം , സിനഡിനോടൊപ്പം എന്ന കത്തോലിക്ക കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാട് വ്യക്തമാക്കിയ ഭാരവാഹികൾ , സഭയുടെ കൂട്ടായ്മക്കും , ഏകീകരണത്തിനുമായി ഉള്ള മാർപാപ്പയുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇനിയും താമസിക്കരുത് എന്ന് പേപ്പൽ
ഡെലഗേറ്റിനോട് അഭ്യർത്ഥിച്ചു .
ചില വൈദീകരുടേയും, യാഥാർത്ഥ്യ ബോധമില്ലാതെ പ്രവർത്തിക്കുന്ന ചില വ്യക്തികളുടെയും സ്വാർത്ഥപരമായ തീരുമാനങ്ങൾ എറണാകുളം – അങ്കമാലി അതിരൂപതയുടെ പൊതു വികാരമായി കണക്കാക്കരുതെന്നും , സഭയെ സ്നേഹിക്കുന്ന , സഭ സിനഡിനെ അനുസരിക്കുന്ന , അതിരൂപതയിൽ സമാധാനം ആഗ്രഹിക്കുന്ന നിഷ്പക്ഷരായ വലിയ ഒരു വിശ്വാസി സമൂഹം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഉണ്ട് എന്നും ആർച്ച് ബിഷപ്പിന് നൽകിയ നിവേദനത്തിൽ ഭാരവാഹികൾ അറിയിച്ചു.
മാർപാപ്പയുടെ തീരുമാനങ്ങൾക്ക് യാതൊരു വിലയും നൽകാതെ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് , സഭയിൽ അന്തഛിദ്രത്തിന് വഴി ഒരുക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ,
അതിരൂപതയിൽ സമാധാന അന്തരീക്ഷം സ്ഥാപിക്കുവാനുള്ള സത്വര നടപടികൾ പേപ്പൽ ഡെലഗേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ പിതാവിന്റെ ആഹ്വാനപ്രകാരം ആഗസ്റ്റ് 15 ന് ഉപവാസ ദിനവും , പ്രാർത്ഥന ദിനവുമായി ആചരിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. അതിരൂപത പ്രസിഡന്റ് ഫ്രാൻസീസ് മൂലൻ,
ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ചെന്നെക്കാടൻ , ഗ്ലോബൽ സെക്രട്ടറി ബെന്നി ആന്റണി , വൈസ് പ്രസിഡന്റുമാരായ ഡെന്നി തോമസ് തെക്കിനേടത്ത് , ബേബി പൊട്ടനാനി , സെക്രട്ടറി ജോൺസൺ പടയാട്ടിൽ , മീഡിയ കോർഡിനേറ്റർ ജോസ് ആന്റണി തുടങ്ങിയ ഭാരവാഹികൾ ആണ് പേപ്പൽ ഡെലഗേറ്റിനെ സന്ദർശിച്ചത് .