ലിസ്ബൺ: ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്ന സീറോമലബാർ സഭാംഗങ്ങളുടെ യുത്ത് അറൈസൽ പ്രോഗ്രാമിൽ യുക്രെയ്നിൽനിന്നുള്ളവർ പങ്കെടുത്തു. ബയിത്തോയിലെ സാൻ ബർത്തലോമിയ പള്ളിയിൽ മെൽബൺ മുൻ ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിലും തുടർന്നു നടന്ന സംഗമത്തിലും കാനഡയിലെ യുക്രെയ്ൻ ബിഷപ് ബ്രയാൻ ബൈഡയും യുക്രെയ്നിൽനിന്നുള്ള യുവജനങ്ങളും മുഴുവൻ സമയം പങ്കുചേർന്നു.
വിശുദ്ധ കുർബാനയിൽ മാർ ജോസ് കല്ലുവേലിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ തോമസ് തറയിൽ എന്നിവരും കാർമികരായിരുന്നു. 28 സീറോ മലബാർ വൈദികരും ഇന്ത്യയിൽനിന്നും അമേരിക്കയിലെ ഷിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെൽബൺ, യുകെയിലെ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതകളിൽനിന്നും യൂറോപ്പിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റേഷനിൽനിന്നുമായി പതിനഞ്ച് രാജ്യങ്ങളെ പ്രതിനിധീകരിച്ച് യുവാക്കളും ആനിമേറ്റേഴ്സും പങ്കെടുത്തു.
പോർച്ചുഗൽ തലസ്ഥാന നഗരം യുവസാക്ഷ്യത്തിന്റെ അലയടിയിലമർന്നുകഴിഞ്ഞു. പ്രധാന വേദികൾ, സംഗമസ്ഥലങ്ങൾ, നഗരവീഥികൾ എല്ലാം യുവത്വത്തിന്റെ ആത്മീയ-ആഹ്ലാദ ലഹരിയിലാണ്.
കഴിഞ്ഞദിവസം പാത്രിയാർക്കീസ് കർദിനാൾ മാനുവൽ ക്ലെമെന്റിന്റെ മുഖ്യകാര്‍മികത്വത്തില്‍ സംഗമത്തിന്റെ പ്രധാന വേദികളിലൊന്നായ എഡ്വേർഡ് ഏഴാമൻ പാർക്കിൽ നടന്ന കുർബാനയിൽ കര്‍ദിനാള്‍മാരും ബിഷപ്പുമാരും വൈദികരും സന്യസ്തരും യുവജനപ്രവർത്തകരുമടക്കം രണ്ടു ലക്ഷം പേർ പങ്കെടുത്തു.
കർദിനാൾ മാനുവൽ ക്ലെമെന്റ് ആറ് ഭാഷകളിൽ ലോകത്തെ മുഴുവൻ സംഗമത്തിലേക്ക് സ്വാഗതം ചെയ്തത്. സമ്മേളനത്തിന്റെ ആപ്തവാക്യമായ “മറിയം തിടുക്കത്തിൽ പുറപ്പെട്ടു” എന്ന തിരുവചനഭാഗം കേന്ദ്രീകരിച്ച്, വചനത്തെ വഹിച്ച് കൂദാശകൾ സ്വീകരിച്ച് കാരുണ്യത്തിന്റെ മുഖമായി ക്രൈസ്തവ യുവാക്കൾ ലോകം മുഴുവൻ തിടുക്കത്തിൽ യാത്ര ചെയ്യണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തു. യുഎഇയിൽനിന്നുള്ള ‘മാസ്റ്റർപ്ലാൻ’, എന്ന ജീസസ് ഗ്രൂപ്പ് ബാൻഡ് ഇന്ത്യൻ സാന്നിധ്യമായി വിശുദ്ധ കുർബാനയ്ക്കു മുന്‍പേ സംഗീതവിസ്മയം തീർത്തു.
സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്നലെ ലിസ്ബണിലെത്തിയ ഫ്രാൻസിസ് മാർപാപ്പ ഇന്ന് സംഗമത്തെ അഭിസംബോധന ചെയ്യും. തുടർന്നുള്ള ദിനങ്ങളില്‍ യുവാക്കള്‍ക്കായി കുമ്പസാരത്തിലും കുരിശിന്റെ വഴിയിലും ശനിയാഴ്ച രാത്രി ജാഗരണ പ്രാർഥനയിലും ഞായർ രാവിലെ ഒമ്പതിനുള്ള പൊന്തിഫിക്കൽ വിശുദ്ധ കുർബാനയിലും മാർപാപ്പ പ്രധാന കാര്‍മികത്വം വഹിക്കും. സമാപനദിനത്തില്‍ അടുത്ത തവണത്തെ യുവജന സംഗമവേദിയും പാപ്പാ പ്രഖ്യാപിക്കും.