തൃശൂർ അതിരൂപത മെത്രാപ്പോലീത്തയും അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി അദ്ധ്യക്ഷനുമായ ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലെ സംഘർഷഭരിതമായ പ്രദേശങ്ങൾ സന്ദർശിക്കുകയും, വീടുകൾക്കും, ആരാധനാലയങ്ങൾക്കും സ്‌കൂളുകൾക്കും നേരെയുണ്ടായ അക്രമങ്ങളുടെ നാശനഷ്ടങ്ങൾ നേരിൽ കാണുകയും ചെയ്തു. തകർക്കപെട്ട ദേവാലയങ്ങളും, ഭവനങ്ങളും വേദനയുളവാക്കുന്നതായിരുന്നു എന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പങ്കുവെച്ചു. സംഘം നേരിൽകണ്ട യാഥാർഥ്യങ്ങളും മണിപ്പൂർ ജനതയ്ക്കുവേണ്ടി ചെയ്ത പ്രവർത്തനങ്ങളുമടങ്ങിയ റിപ്പോർട്ട് ചുവടെ ചേർക്കുന്നു.

ആമുഖം

2023 മെയ് 3ന് തുടങ്ങി ഇപ്പോഴും കെട്ടടങ്ങാതെ കനലുകളായി ജ്വലിച്ചു നില്ക്കുന്ന മണിപ്പൂരിലെ സഹിക്കുന്ന ജനവിഭാഗങ്ങളെ സന്ദർശിച്ച് ആശ്വസിപ്പിക്കുന്നതിനും ഭാരതസഭ ഒന്നാകെ കാരിത്താസ് ഇന്ത്യയിലൂടെയും സി. ആർ. എ. സി. യിലൂടെയും ചെയ്ത സേവനങ്ങൾ അവലോകനം ചെയ്യുന്നതിനും ഇനി എന്തൊക്കെയാണ് അവർക്കായി ചെയ്യേണ്ടതെന്ന് അന്വേഷിക്കുന്നതിനുമായാണ് ഞാൻ മണിപ്പൂരിൽ 2023 ജൂലായ് 23-24 തിയ്യതികളിൽ സന്ദർശനം നടത്തിയത്.

സി.ബി.സി.എെ. ഡെപ്യുട്ടി ജനറൽ സെക്രട്ടറി ഫാ. ജർവിസ് ഡിസൂസയും കാരിത്താസ് എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലിയും എന്നോടൊപ്പം ഉണ്ടായിരുന്നു.

ആദ്യമായിതന്നെ ഇംഫാലിലെ ആർച്ച്ബിഷപ്സ് ഹൗസിലെത്തി മണിപ്പൂർ അതിരൂപതയുടെ അധ്യക്ഷനായ ആർച്ച്ബിഷപ്പ് ഡോമിനിക് ലുമോൺ പിതാവിനെയും വികാരി ജനറൽ ഫാ. വർഗ്ഗീസ് വേലിയ്ക്കകത്തിനെയും സന്ദർശിക്കുകയും ഭാരതസഭയടെ ശക്തമായ പിന്തുണയും എെക്യദാർഢ്യവും വാഗ്ദാനം ചെയ്യുകയും വേദനയിലൂടെയും സഹനത്തിലൂടെയും വിഭജനത്തിലൂടെയും കടന്നുപോകുന്ന മണിപ്പൂർ ജനതയോടുള്ള സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്തു. ദുഃഖാനുഭവത്തിലൂടെ കടന്നു പോകുന്ന മണിപ്പൂർ ജനതയുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

മണിപ്പൂർ കലാപം: സഹായഹസ്തവുമായി സഭ

2023 മെയ് 03ന് ആരംഭിച്ച മണിപ്പൂർ കലാപത്തിൽ 160ൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെടുകയും 60,000ത്തിൽപരം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ, എല്ലാം നഷ്ടപ്പെട്ട്, നിരാശരായി ഇംഫാലിലും ചുരചാന്ദ്പൂരിലും കാംഗ്പോക്പിയിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇന്ത്യയിലെ മറ്റു നഗരങ്ങളിലും കഴിയുന്ന മണിപ്പൂർ നിവാസികളുടെ വിവരം ഇംഫാൽ ആർച്ച്ബിഷപ്പ് ഡോമിനിക്ക് ലുമോൺ സ്ഥിതിവിവരകണക്കുകളിലൂടെ വ്യക്തമാക്കി.

ഒട്ടേറെ കുട്ടികൾ ഇപ്പോഴും വിദ്യാഭ്യാസ സൗകര്യമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് അവർ വിവരിച്ചു. കാരിത്താസിലൂടെയും കാത്തലിക് റിലീസ് സൊസൈറ്റിയിലൂടെയും ലഭിച്ച അരി, പരിപ്പ്, ഉരുളക്കിഴങ്ങ്, സോപ്പ്, എണ്ണ, സ്ത്രീകൾക്കായുള്ള സാനിറ്ററി കിറ്റ് തുടങ്ങിയ സഹായസഹകരണങ്ങൾക്കും സാമ്പത്തികസഹായത്തിനും ആർച്ച്ബിഷപ്പും വികാരി ജനറൽ ഫാ. വർഗ്ഗീസ് വേലിയ്ക്കകവും അകൈതവമായ നന്ദി രേഖപ്പെടുത്തി. ഭാരത കത്തോലിക്കസഭയുടെ ഭാഗമായുള്ള കമില്ലൻ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പുകളെകുറിച്ചും സി.എം.എെ., വി.സി., സി.എം.സി., എഫ്.സി.സി. തുടങ്ങിയ സന്ന്യാസ സമൂഹങ്ങളിലൂടെ നേതൃത്വത്തിൽ മറ്റു സഭാവിഭാഗങ്ങളുമായി സഹകരിച്ചു നടത്തുന്ന ഠവലൃമുലൗശേര ഠൃമൗാമ ഇമൃല തുടങ്ങിയ ശാരീരിക-മാനസിക-ആത്മീയ പരിപാലനത്തെ കുറിച്ചും അവർ വിവരിച്ചു.

ഇത്തരം സഹായസഹകരണങ്ങൾ മണിപ്പൂരിലെ സഭ ഏതെങ്കിലും ജനവിഭാഗങ്ങൾക്കായി മാത്രം പരിമിതപ്പെടുത്തിയിട്ടില്ല; മറിച്ച്, ഇംഫാൽ താഴ്വരയിലും ചുരചാന്ദ്പൂർ, കാംഗ്പോക്പി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റ് സ്ഥലങ്ങളിലുമുളള മണിപ്പൂരിലെ സർവ്വജനത്തിനുമായാണ് വിതരണം ചെയ്തത്. ഇനിയും ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുള്ള വിടുതലും ഭാവിയിൽ ജീവസന്ധാരണത്തിനായി എന്തു ചെയ്യുമെന്ന ഉത്ക്കടമായ മാനസികപിരിമുറക്കവും ആകാംക്ഷയും ഈ ജനവിഭാഗങ്ങളുടെ മനസ്സിനെയും ശരീരത്തെയും വല്ലാതെ മദിക്കുന്നുവെന്നും അവർ വ്യക്തമാക്കി. സമാധാനം സംസ്ഥാപിതമായി, സർക്കാരിന്റെ ശക്തമായ നടപടികളും, വ്യക്തമായ തീരുമാനവും വന്നെങ്കിൽ മാത്രമേ കൂടുതൽ ശാശ്വതമായ നടപടികളിലേക്ക് ഇനി നീങ്ങാനാവൂ എന്ന് അവർ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിക്കുന്നതിനും അവരുടെ ജീവിതസാഹചര്യങ്ങൾ നേരിൽ കണ്ട് ആവശ്യമായ നിത്യോപയോഗസാധനങ്ങളുടെ വിതരണവും നൽകുന്നതിനും, സഭ സഹാനുഭൂതിയോടെയും പ്രാർത്ഥയോടെയും കൂടെയുണ്ട് എന്ന ശക്തമായ പിന്തുണ ഉറപ്പാക്കുന്നതിനും ആർച്ച്ബിഷപ് ഡോമിനിക് ലൂമോണിന്റെ നേതൃത്വത്തിൽ രണ്ട് വാഹനങ്ങളിലായി ഞങ്ങൾ യാത്ര തിരിച്ചു. സിബിസിഐ ടീമിനോടൊപ്പം ആർച്ച്ബിഷപ്പിന്റെ സെക്രട്ടറി ഫാ. സാമുവേൽ,  ഫാ. മാത്യു ചന്ദ്രന്കുന്നേൽ CMI എന്നിവർ അനുഗമിക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു.

കാക്ചിങ് സന്ദർശനം

കാക്ചിങ് ജില്ലയിലെ മേരി ഇമ്മാക്കുലേറ്റ് സ്കൂളും അവിടെ പ്രവർത്തിക്കുന്ന ഫാ. സിജോ ഒഴലക്കാട്ട്, എസ്.എം.എം.ഐ. സന്യാസസമൂഹത്തിലെ സിസ്റ്റർമാർ, അവിടുത്തെ ബോർഡിംഗിലെ കുട്ടികൾ എന്നിവരെ സന്ദർശിച്ച് ഇംഫാൽ താഴ്വരയിലുണ്ടായ കലാപത്തിൽ അവർക്കുണ്ടായ മാനസിക സംഘർഷങ്ങളെകുറിച്ചും ദുരിതാശ്വാസ ക്യാമ്പുകളിലെ അവരുടെ പ്രവർത്തനങ്ങളെ കുറിച്ചും നേരിട്ട് അന്വേഷിച്ചറിയാൻ ഇടയായി.

തുടർന്ന് ഞങ്ങൾ കാക്ചിങിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. എല്ലാം നഷ്ടപ്പെട്ട്, നിരാശരായി എത്തിയ മെയ്തെയ് വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവർക്കായുള്ള ഭക്ഷ്യ-സാനിറ്ററി-ജീവനോപാധി കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. കമ്മിറ്റി ഫോർ പീസ് & ഹാർമണിയുടെ നേതൃത്വത്തിലുള്ള ഈ ക്യാമ്പ് നേതൃത്വം ഞങ്ങളെ സഹർഷം സ്വാഗതം ചെയ്തു.

കത്തോലിക്കസഭ തങ്ങൾക്ക് ചെയ്യുന്ന സേവനങ്ങൾക്ക് നിറകണ്ണുകളോടെ അവർ നന്ദി പറഞ്ഞത് ഞങ്ങൾക്ക് മറക്കാനാവില്ല. നാമെല്ലാവരും ഒന്നാണ് ഒരേ മനുഷ്യരാശിയുടെ ഭാഗമാണ്. ഒരു ഭാഗത്തിന് വേദനിക്കുമ്പോൾ അത് ശരീരം മുഴുവന്റെയും വേദനയാണ്. ഈ വേദനക്ക് ഒരു ചെറിയ ശമനമെങ്കിലും ഉണ്ടാക്കുവാനാണ് മണിപ്പൂരിലെ കത്തോലിക്കാസഭയും ഭാരത കത്തോലിക്കാസഭയും ആഗോളകത്തോലിക്കാസഭയും സർവ്വരെയും ഉൾക്കൊണ്ടുകൊണ്ട് ശ്രമിക്കുന്നതെന്ന് ഞാൻ അവരെ അറിയിക്കുകയും ചെയ്തു.

റിലീഫ് ക്യാമ്പ് നടത്തുന്ന കമ്മിറ്റി ഫോർ പീസിന്റെ പ്രസിഡന്റ് ശൈലേന്ദ്ര സിംഗ് നേരിട്ട് നന്ദിയും സ്നേഹവും അറിയിച്ചത് ഹൃദയസ്പർശിയായിരുന്നു. സന്തോഷസൂചകമായി അവർ എനിക്ക് അണിയിച്ച ഷാൾ ഞാനവിടുത്തെ ഒരു ബാലനെ തിരിച്ച് അണിയിച്ചത് നാമെല്ലാവരും ഒരേ മാനവരാശിയുടെ ഭാഗമാണ് എന്ന സന്ദേശത്തിന്റെ പ്രകടമായ സൂചനയായി, നന്ദി പ്രകാശനത്തിൽ പ്രസിഡന്റ് അനുസ്മരിച്ചു. തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച മറ്റു പ്രദേശങ്ങൾ കാണാൻ പോയപ്പോൾ കലാപത്തിന്റെ വ്യാപ്തി ഞങ്ങൾക്ക് മനസ്സിലായി.

സുഗുണ സന്ദർശനം 

ചന്ദേൽ ജില്ലയിലുള്ള സുഗുണ ഇടവക മണിപ്പൂരിലെ പ്രഥമ ഇടവകയായിരുന്നു. നാഗന്മാരും മെയ്തെയ്കളും കുക്കികളും ഇടകലർന്ന സാഹോദര്യത്തോടെ ഏറെ കാലമായി ഒരുമിച്ചു വസിച്ചു വന്നവരാണ് ഇവർ. ദൗർഭാഗ്യകരമെന്നു പറയട്ടെ, കലാപകാലത്ത് എല്ലാ ഭാഗങ്ങളുടെയും ആക്രമണം ഇവിടെ ഉണ്ടാവുകയും നാഗന്മാർ ഒഴിച്ചുള്ള മെയ്തെയ്കളും കുക്കികളും പരസ്പരം ആക്രമിക്കുകയും പ്രദേശം മുഴുവൻ ഉന്മൂലനം ചെയ്യുകയും ചെയ്തു.

ഇന്ന് ആ ഗ്രാമവും സുഗുണ ഇടവകയും കാണുമ്പോൾ അവയുടെ സ്ഥിതി അതീവ ദുഃഖകരമാണ്. ജനം ഒഴിഞ്ഞ്, കത്തിക്കരിഞ്ഞ വീടുകളും കടകളും തകർന്നു കിടക്കുന്ന, നിലംപരിശായ മനോഹരമായ വീടുകളും ഏവരെയും വേദനിപ്പിക്കുന്നതാണ്.

ഏറ്റവും ഹൃദയഭേദകമായി ഞങ്ങൾക്ക് അനുഭവപ്പെട്ടത് കത്തിക്കരിഞ്ഞ് തകർന്ന് നാമവശേഷമായ സുഗുണു സെന്റ് ജോസഫ്സ് ഇടവക ദൈവാലയത്തിന്റെയും, പൂർണ്ണമായി നശിപ്പിക്കപ്പെട്ട സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിന്റെയും, പട്ടാളക്യാമ്പായി മാറിയ എഫ്. സി. സി. സന്യാസിനിമാരുടെ സെന്റ് അൽഫോൻസ മഠത്തിന്റെയും ഇന്നത്തെ അവസ്ഥയാണ്. സമീപജില്ലകളിലേതടക്കം ഏറ്റവും മികച്ച സ്കൂളായിരുന്ന സുഗുണുവിലേത്. ഇടവകപളളിയിലേക്ക് കയറിയപ്പോൾ നാലുവർഷത്തോളം അവിടെ വികാരിയായിരുന്ന ആർച്ച്ബിഷപ്പ് ഡൊമിനിക് ലുമോൺ വികാരഭരിതനായി. ഏകദേശം ആയിരത്തിൽപ്പരം ക്രിസ്തീയ കുടുംബങ്ങൾ (അതിൽ 600ൽ അധികം കത്തോലിക്കാകുടുംബങ്ങളാണ്) ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നു. ഇന്ന് അത് ഒരു ശവപറമ്പിന് സമാനമായി ഇനിയൊരിക്കലും ജനവാസയോഗ്യമല്ലാത്ത രീതിയിൽ തകർന്നു കിടക്കുന്നു.

മണിപ്പൂരിന്റെ ഒരു പരിച്ഛേദമായി ഇവിടെ എല്ലാ വിഭാഗം ജനങ്ങൾക്കും നാശനഷ്ടം നേരിട്ടു. എല്ലാം ഉപേക്ഷിച്ച് ജീവൻ മാത്രം കൈയിലെടുത്ത് ഓടിരക്ഷപ്പെട്ട മെയ്തെയ് വർഗ്ഗക്കാർ കാക്ചിങ്ങിലെ അഭയാർത്ഥി ക്യാമ്പിലുണ്ടായിരുന്നു. കുക്കികളാകട്ടെ ചുരചാന്ദ്പൂരിലെ അഭയാർത്ഥി ക്യാമ്പിലേക്ക് ഓടിയെത്തി. സർവ്വവും നഷ്ടപ്പെട്ട് നിരാശരായി ഇനി ജീവിതം എങ്ങനെ കരുപിടിപ്പിക്കുമെന്ന ചോദ്യചിഹ്നം മുന്നിൽകണ്ട് ആശങ്കാകലുഷിതമായി അന്തിയുറങ്ങാനാകാതെ ഈ ജനസമൂഹങ്ങൾ വിഭിന്ന അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. ഇനി എന്നെങ്കിലും അവർക്ക് ഒന്നിച്ചു വസിക്കാനാകുമോ എന്നത് ഉത്തരമില്ലാതെ നിൽക്കുന്നു.

ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആർച്ച്ബിഷപ്പിന്റെ സെക്രട്ടറി ഫാ. സാമുവൽ തന്റെ മുൻ പ്രവർത്തനമേഖലയായിരുന്നു സുഗുണുവിനെപറ്റി പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഈ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട എഫ്. സി. സി. സഭാംഗങ്ങൾ തങ്ങളുടെ മണിപ്പൂരിലെ ആദ്യഭവനത്തെ കുറിച്ചോർത്ത് നെടുവീർപ്പിടുന്നതും എഫ്. സി. സി. പ്രോവിൻഷ്യൽ ഹൗസിൽ ഞാൻ കണ്ടു. 

കാഞ്ചിപ്പൂർ സന്ദർശനം

കാഞ്ചിപ്പൂരിലെ കത്തിയമർന്ന ഹോളി റിഡീമർ ഇടവക പളളിയെകുറിച്ചും വൈദികമന്ദിരത്തെകുറിച്ചും വേദനയോടെയാണ് അവിടെയുളളവർ ഞങ്ങളോട് സംസാരിച്ചത്. ഇംഫാലിലെ പ്രസിദ്ധമായ സ്കൂളാണ് കാഞ്ചിപ്പൂർ കാത്തലിക്ക് സ്ക്കൂൾ. കുക്കിയായ പ്രിൻസിപ്പലിനെ തേടി ആയിരക്കണക്കിന് കലാപകാരികൾ എത്തിയതും പള്ളി കത്തിച്ചതും സ്കൂൾ തകർത്തതുമൊക്കെ നാഗവർഗ്ഗക്കാരനായ ഫാ. ടൈറ്റസ് വികാരോദ്ദീപകമായി വിവരിച്ചു. പള്ളി കത്തിക്കുന്ന, സ്കൂൾ തകർക്കുന്ന മെയ്യ് മൂന്നാം തീയതി ഫാ. ടൈറ്റസ് അവിടെ ഉണ്ടായിരുന്നു. സിസ്റ്റേഴ്സിന്റെ ഭവനത്തിൽ കയറി പ്രിൻസിപ്പൽ രക്ഷപ്പെട്ടതും അദ്ദേഹത്തെ തേടി കോൺവെന്റിൽ കലാപകാരികൾ അന്വേഷിച്ച് പല പ്രാവശ്യം ചെന്നതും കഷ്ടിച്ച് അദ്ദേഹം രക്ഷപ്പെട്ടതും ഞെട്ടലോടു കൂടി മാത്രമേ ആർക്കും കേൾക്കാനാവുകയുള്ളൂ.

മണിപ്പൂർ പാസ്റ്ററൽ ട്രെയിനിങ് സെന്റർ

മണിപ്പൂർ അതിരൂപതയുടെ മാണിക്യമായ പാസ്റ്ററൽ സെന്ററാണ് പിന്നീട് സന്ദർശിച്ചത്. ഇംഫാലിലെ സാംഗയിപ്രൂവിലുള്ള റീജിയണൽ പാസ്റ്ററൽ ട്രെയിനിങ് സെന്ററും (PTC) സെന്റ് പോൾ പള്ളിയും പൂർണ്ണമായി കത്തി നശിച്ചു. അവിടെ ഉണ്ടായിരുന്ന കോഹിമ മുൻമെത്രാൻ മലയാളിയായ മാർ ജോസ് മുകാലയും പള്ളിവികാരിയും അസിസ്റ്റന്റും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

പള്ളിയും ട്രെയിനിങ് സെന്ററും പൂർണ്ണമായും തകർക്കപ്പെട്ടു. വലതുകരം മുഴുവനായും ഇടതുകരത്തിന്റെ കൈപ്പത്തിയും നശിപ്പിച്ച് നിലകൊളളുന്ന പള്ളിയുടെ മുഖവാരത്തിലുള്ള ഇൗശോയുടെ തിരുഹൃദയരൂപത്തിന്റെ രൂപം സങ്കടത്തോടെ മാത്രമേ നമുക്ക് നോക്കാനാവൂ. കൈ്രസ്തവർക്കെതിരെ ചിലരുടെ ഇടയിൽ പതഞ്ഞു നില്ക്കുന്ന വിരോധത്തിന്റെ അന്തരീക്ഷമാണ് ഇൗ നാശനഷ്ടങ്ങൾക്ക് കാരണമായത്. സാംഗയിപ്രൂവിലെ ട്രെയിനിങ് സെന്ററും ചുറ്റുമുള്ള കുക്കികളുടെ മനോഹരമായ വസതികളും മികച്ച ഫെയ്ത് സ്കൂളും നിഷ്കരുണം തകർക്കപ്പെട്ട് കിടക്കുന്നതും കാണുവാനായി.

ട്രെയിനിങ് സെന്ററിന്റെ മുമ്പിൽ അസ്ഥിക്കൂടം കണക്ക് കത്തിക്കരിഞ്ഞ് കിടക്കുന്ന ജീപ്പും ബൈക്കും മണിപ്പൂർ കലാപത്തിന്റെ നീറുന്ന പ്രതീകമായി നിലകൊളളുന്നു.

പാസ്റ്ററൽ ട്രെയിനിങ് സെന്ററിനോടനുബന്ധിച്ചുള്ള സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളും അവിടെ പഠിപ്പിക്കുന്ന എസ്.എ.ബി.എസ്. സഭാംഗങ്ങളായ സിസ്റ്റേഴ്സിനെയും സന്ദർശിച്ച് ആശ്വസിപ്പിക്കുവാൻ അവസരമുണ്ടായി. ആക്രമണങ്ങളുടെ മുനയിൽ നിന്ന് സംഘർഷഭരിതവും ആശങ്കാജനകവുമായ ദിവസങ്ങൾ തള്ളിനീക്കിയതിനെപറ്റി വാചാലമായി സഹോദരിമാർ വേദനയോടെ വിവരിച്ചു

ചന്ദേൽ സന്ദർശനം

ചന്ദേലിലെ ആർച്ച്ബിഷപിന്റെ ജന്മസ്ഥലമായ മോൺസാങ്പന്ഥയിലുള്ള സെന്റ് പീറ്റേഴ്സ് പള്ളി സന്ദർശിക്കുന്നതിനും അവിടുത്തെ ഇടവകവികാരി ഫാ. മൈക്കിൾ കൊച്ചുപറമ്പിലിന്റെയും എസ്.എ.ബി.എസ്. സഭാംഗങ്ങളായ സിസ്റ്റർമാരുടെ ആതിഥ്യം സ്വീകരിക്കുന്നതിനും അവസരമുണ്ടായി. അവിടുത്തെ സെന്റ് പീറ്റേഴ്സ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ സ്വീകരണഗാനം വേദനകൾക്കിടയിലും ഹൃദയാകർഷകമായിരുന്നു.

വിഭിന്ന നാഗവിഭാഗങ്ങളിൽ നിന്നുള്ള ഈ ഹോസ്റ്റൽ കുട്ടികൾ അവരുടെ പരമ്പരാഗത വസ്ത്രരീതികളണിഞ്ഞ് മനോഹരമായി പാടിയപ്പോൾ ഇന്ത്യയുടെ ബഹുസ്വരതയും ഏകത്വവുമൊക്കെ എന്റെ മനസ്സിലൂടെ കടന്നുപോയി.

മറ്റ് സന്ദർശനങ്ങൾ

2023 ജൂലൈ 24-ാം തിയ്യതി തിങ്കളാഴ്ച്ച ഞങ്ങൾ ആർച്ച്ബിഷപ്സ് ഹൗസിനടുത്തുളള എഫ്സിസി പ്രൊവിൻഷ്യൽ ഹൗസ് സന്ദർശിക്കുകയുണ്ടായി. ഇപ്പോഴും മലയാളികൾ തന്നെയാണ് അവിടെ നേതൃത്വനിരയിലുളളത്. 1960മുതൽ മണിപ്പൂരിൽ എഫ്സിസി സിസ്റ്റേഴ്സ് ചെയ്ത സേവനങ്ങളെകുറിച്ച് അവർ വിവരിച്ചു. തുടർന്ന് മനോഹരമായ ഇൻഫാൽ കത്തീഡ്രൽ ഞങ്ങൾ സന്ദർശിച്ചു. കത്തീഡ്രൽ ഇടവകതിർത്തിയിലുള്ള കുക്കി വീടുകൾ നശിപ്പിക്കപ്പെട്ടതായി ഞങ്ങൾ കണ്ടു. വളരെ നന്നായി പ്രവർത്തിക്കുന്ന ഇംഫാൽ സോഷ്യൽ സർവീസ് സൊസിറ്റിയുടെ ഓഫീസിൽ പോയി അവരുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കി. മലയാളിയായ ഫാ. സോണിയുടെ നേതൃത്വത്തിലാണ് ഈ സൊസൈറ്റിയുടെ പ്രവർത്തനങ്ങളും വിവിധ സ്ഥലങ്ങളിലുള്ള റിലീഫ് ക്യാമ്പ് പ്രവർത്തനങ്ങളും നടക്കുന്നത്. പോക്കാവോയിലെ റിലീഫ് സെന്ററിൽ പോയി മെഡിക്കൽ ക്യാമ്പ് കാണുവാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നെങ്കിലും അവിടെ  കർഫ്യൂ ആയിരുന്നതിനാൽ പോകാനായില്ല.

വിലയിരുത്തൽ

ജൂലൈ 24-ാം തിയതി ഞങ്ങൾ ആർച്ചബിഷപ്സ് ഹൗസ്സിൽ വെച്ച് ആർച്ചബിഷപ്പ് ലൂമെണിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും മണിപ്പൂരിൽ ഭാരതസഭയും കാരിത്താസും ചെയ്യേണ്ട ഭാവിപരിപാടികളെകുറിച്ച് ചർച്ച ചെയ്യുകയും ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. അവിടെവച്ച് തൃശ്ശൂർ അതിരൂപതയുടെ പത്ത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കാരിത്താസിന് കൈമാറി.

ഉപസംഹാരം

ഇന്ത്യയുടെ മാണിക്യം എന്ന് ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ച മണിപ്പൂർ ഇന്ന് തിളക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്. എങ്ങനെയാണ് ഈ മനോഹാരിതയിലേക്ക് മണിപ്പൂരിന് മടങ്ങി വരാനാകുക? അവലോകനം നടത്തിയപ്പോൾ ഈ ആക്രമണങ്ങളെല്ലാം മാനവികതയോടുള്ള വെല്ലുവിളിയാണെന്ന് മനസ്സിലായി. സ്ഥിതിവിവരണ കണക്കുകൾ കേട്ടപ്പോൾ ഭവനരഹിതരായവരും അരക്ഷിതരായി പലായനം ചെയ്യപ്പെട്ടവരും എല്ലാ വിഭാഗങ്ങളിൽ നിന്നുമുണ്ടെങ്കിലും ഏറെപ്പേർ ക്രൈസ്തവരാണെന്നു വ്യക്തമാണ്.

ശക്തമായ രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടെങ്കിലേ സമാധാനം തിരികെ കൊണ്ടുവരാനാകൂ എന്ന നിഗമനമാണ് ചർച്ചകളിൽ മുഖ്യമായും നിഴലിച്ച് നിന്നത്. സമഗ്രവികസനം ഉണ്ടായെങ്കിലേ കലാപമുഖരിതമായ മണിപ്പൂർ മാണിക്യത്തിന് പഴയ പ്രതാപത്തിലേക്ക് മടങ്ങാനാകൂ. കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ മാനസാന്തരം അനിവാര്യമാണ്. മാനവസൗഹാർദ്ദതയും സമാധാനവും പുരോഗതിയും കൊണ്ടുവരണമെങ്കിൽ എല്ലാവരും സഹകരിച്ച് പരസ്പരവിദ്വേഷങ്ങൾ മറന്ന് സമാധാനം നടപ്പാക്കി സമഭാവനയോടെ മുന്നേറണം.

മണിപ്പൂരിലെ സമൂഹത്തിനും സഭയ്ക്കും ഭാരതസഭയുടെ ശക്തമായ പിന്തുണയും പ്രാർത്ഥനാസഹായവും വാഗ്‌ദാനം ചെയ്യുന്നു. സാധിക്കുന്ന എല്ലാ തരത്തിലും പുനരുദ്ധാരണത്തിലേക്കും നവമാനവസമൂഹനിർമ്മിതിക്കായും ജാതിമതഭേദമന്യേ ഏവരും സഹായസഹകരണങ്ങൾ നിർലോഭമായി നൽകുമ്പോഴാണ് മണിപ്പൂർ മാണിക്യമാകുക. 

നിങ്ങൾ വിട്ടുപോയത്