കാക്കനാട്: വൊക്കേഷൻ പ്രൊമോട്ടർമാർ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവരാകണമെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന 2022- ’23 റിപ്പോർട്ടിംഗ് വർഷത്തിലെ വൊക്കേഷൻ പ്രൊമോട്ടർമാരുടെ വാർഷിക മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരാകണം ദൈവവിളി പ്രോത്സാഹകരെന്നും കുട്ടികളെയും യുവജനങ്ങളെയും സ്വന്തമാക്കി അവരെ സഭയുടെ ഭാവിവാഗ്ദാനങ്ങളായി വളർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദൈവവിളി കമ്മീഷൻ ചെയർമാൻ മാർ ലോറൻസ് മുക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എപ്പിസ്കോപ്പൽ മെമ്പർ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ യോഗത്തിന് ആശംസകൾ അർപ്പിച്ചു.
ഫാ. തോമസ് ഈറ്റക്കകുന്നേൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കമ്മീഷനിൽ നിന്നും വിരമിച്ച അഭിവന്ദ്യ മാർ ജോർജ് ഞരളക്കാട്ട്, ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ MCBS, സി. ജിഷ ജോബ് MSMI എന്നിവർക്ക് നന്ദിയും ആശംസകളും അർപ്പിച്ചു.
സിസ്റ്റർ സിജിന MLFന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിന് ഫാ. തോമസ് മേൽവെട്ടത്ത് സ്വാഗതം ആശംസിച്ചു. വൊക്കേഷൻ പ്രമോട്ടർമാരുടെ വാർഷിക റിപ്പോർട്ട് ഓഫീസ് സെക്രട്ടറി ആയിരുന്ന സിസ്റ്റർ ജിഷ ജോബ് MSMI അവതരിപ്പിച്ചു. 218 പേർ പങ്കെടുത്ത മീറ്റിംഗിൽ ദൈവവിളി പ്രോത്സാഹന രംഗങ്ങളിൽ നേരിടേണ്ടിവരുന്ന അനുകൂലവും പ്രതികൂലവും ആയ കാര്യങ്ങൾ ചർച്ച ചെയ്യുകയും ഈ മേഖലയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. സി. ജിൻസി ചാക്കോ MSMI നന്ദി പറഞ്ഞു.