തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിനു നഷ്ടമായത് ഏറ്റവും സ്വീകാര്യതയുള്ള ജനകീയ മുഖമാണെന്ന് മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ക്ലീമിസ് അനുസ്മരിച്ചു.
രോഗബാധിതനായിരിക്കുമ്പോൾ പോലും അദ്ദേഹത്തെ അലട്ടിയിരുന്നത് ശാരീരികമായി തന്റെ ക്ലേശങ്ങളെക്കാളും സാധാരണക്കാരന്റെ കണ്ണുനീരും ക്ലേശവുമായിരുന്നു. അഞ്ചു പതിറ്റാണ്ടിനപ്പുറം നീണ്ടുനിന്ന നിയസഭാ സാമാജികൻ എന്ന അദ്ദേഹത്തിന്റെ പൊതുജീവിതം ഏറ്റവും മാതൃകാപരമായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.
ജീവിതത്തിന്റെ എല്ലാ നിമിഷവും ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ച് അത് ജനങ്ങളുടേതാണെന്നുള്ള തിരിച്ചറിവ് കേരളത്തിലെ പൊതു പ്രവർത്തകർക്ക് നൽകിയത് ഉമ്മൻ ചാണ്ടിയായിരുന്നു. സാധാരണക്കാരന്റെ ആവശ്യങ്ങളുടെ മുന്നിൽ അദ്ദേഹത്തിന്റെ വീടോ ഓഫീസോ ആ ഹൃദയമോ കൊട്ടിയടയ്ക്കപ്പെട്ടിരുന്നില്ല.
വ്യക്തിപരമായി എന്നോടും മലങ്കര സുറിയാനി കത്തോലിക്ക സഭയോടും അദ്ദേഹം പുലർത്തിയ സ്നേഹപൂർവമായ സമീപനത്തോട് സഭയെന്നും അദ്ദേഹത്തോട് കടപ്പെ ട്ടിരിക്കുന്നു പ്രത്യേകിച്ചും സഭയുടെ വിദ്യാഭ്യാസ, ആതുര ശുശ്രൂഷാ മേഖലകളിൽ അദ്ദേഹം നൽകിയിട്ടുള്ള പിന്തുണയും പ്രോത്സാഹനവും എന്നും ഓർമിക്കപ്പെടുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.