നാട്ടിലെ വാർത്തകൾ അറിയാൻ രാവിലെ പത്രം വരാൻ കാത്തിരിക്കുന്ന കാലം അവസാനിച്ചു. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ വാർത്തകൾ താമസംവിനാ കൃത്യമായി നമ്മിലേക്ക് വരുന്നുണ്ട്. എന്നാൽ, വാർത്തകളിലെ കൃത്യത അളക്കാൻ ഒരു മാർഗവും ഇല്ലാത്ത കാലമാണിപ്പോൾ. സാങ്കേതിക വിദ്യകൾ പുരോഗമിക്കുംതോറും അത് ഉപയോഗിക്കുന്നതിലെ ധാർമീകതയെ കുറിച്ച് ചർച്ച ചെയ്തു പോകുക തന്നെ വേണം.

കുറെ നാൾ മുമ്പ് വരെ ഞാൻ ഒരു അഭിപ്രായം ലേഖനമായി എഴുതി ഒരു പത്രസ്ഥാപനത്തിന് അയച്ചുകൊടുത്താൽ അവിടെ ഒരു എഡിറ്റർ ഇരുന്നു അവരുടെ താൽപര്യങ്ങൾക്കു അനുസരിച്ചു അത് പ്രസിദ്ധീകരിക്കുകയോ പുറംതള്ളുകയോ ചെയ്യുമായിരുന്നു. ഇന്ന് ഞാൻ ഈ അഭിപ്രായം എഴുതി സമൂഹ മാധ്യമങ്ങളിലെ എന്റെ പേജുകളിൽ ഞാൻ തന്നെ പ്രസിദ്ധീകരിക്കുന്നു. ഇവിടെ ഞാൻ തന്നെയാണ് എഴുത്തുകാരനും എഡിറ്ററും പ്രസാധകനും. പഴയതുപോലെയല്ല, ഇന്ന് എന്നെ നിയന്ത്രിക്കാൻ ആരുമില്ല. അതുകൊണ്ടു എനിക്ക് എന്തും ആകാം. നിയന്ത്രിക്കാൻ വന്നാൽ, അത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാകും. ചുരുക്കത്തിൽ, കാലം മാറിയപ്പോൾ എന്നെ പോലെ കയ്യിൽ ഒരു സ്മാർട്ട് ഫോണും അതിൽ കാമറയും നവമാധ്യമ അക്കൗണ്ടും ഉണ്ടെങ്കിൽ നമ്മൾ എല്ലാവരും മാധ്യമ പ്രവർത്തകരായി മാറി. ഒരു സമൂഹത്തിൽ എല്ലാവരും മാധ്യമപ്രവർത്തകർ ആകുകയും പ്രസിദ്ധീകരിക്കുന്ന വാർത്തകളിലെ സത്യം അന്വേഷിക്കുന്ന എഡിറ്റർമാർ ഇല്ലാതാകുകയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ആർക്കും എന്തും ആകാം എന്നുവരുകയും ചെയ്താൽ വലിയൊരു അരാജകത്വം തന്നെ സമൂഹത്തിൽ ഉണ്ടാവില്ലേ?

ഇന്ന് ഒരു വാർത്തയുടെ സത്യം അറിയാൻ ഒരു മാർഗവും ഇല്ലാത്ത അവസ്ഥയായി. മുഖ്യധാരാ മാധ്യമങ്ങൾക്കു എല്ലാം വ്യക്തമായ രാഷ്ട്രീയം ഉണ്ട്. ഏതു വാർത്തയും അവർ വളച്ചു ഓടിച്ചു അവരുടെ പാർട്ടിക്കു അനുകൂലമാക്കി കൊണ്ടുവരും. മാധ്യമ സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ ആരുടെ കയ്യിൽ നിന്നും പണം വാങ്ങി വാർത്തകൾ വളച്ചൊടിക്കും. കേരളത്തിലെ മുഖ്യധാരാ മാധ്യമ രംഗത്ത് സംഭവിച്ച മൂല്യശോഷണമാണ് ഓൺലൈൻ വാർത്ത ചാനലുകൾ വളരാൻ ഉണ്ടായ ഒരു പ്രധാനപ്പെട്ട കാരണം. യൂട്യൂബിലൂടെ വരുമാനവും കിട്ടിത്തുടങ്ങിയപ്പോൾ ഈ മേഖല നിയന്ത്രണത്തിന് അതീതമായി.

പരദൂഷണം പറയുക എന്നത് മലയാളിയുടെ ഒരു അധരവിനോദമാണ്. ആരെക്കുറിച്ചും എന്തും പറയാൻ മടിയില്ലാത്ത ഒരു സമൂഹമാണ് നമ്മൾ. ഒരാളുടെ ശരീരത്തെ കൊല്ലുന്നത് ക്രിമിനൽ കുറ്റമാണെന്ന് നമ്മുക്ക് അറിയാം. മനസിനെ കൊല്ലുന്നതു കുറ്റമാണോ? ശരീരത്തെ കൊന്നാൽ അതോടെ ആ വ്യക്തിയുടെ ജീവിതം അവസാനിച്ചു; എന്നാൽ അയാളുടെ മനസിനെ കൊന്നാൽ അയാൾ ശിഷ്ടകാലം മരിച്ചതുപോലെ ജീവിക്കും. ആകാശത്തിന്റെ കീഴിൽ ഭൂമിക്കു മുകളിൽ ഉള്ള സകലതിനെയും കുറിച്ച് പള്ളിക്കൂടത്തിൽ നമ്മൾ പഠിക്കും. എന്നാൽ, കൂടെ ജീവിക്കുന്ന മനുഷ്യന്റെ മനസിനെ കൊല്ലരുത് എന്ന് നമ്മൾ പഠിച്ചിട്ടില്ല. മലയാളിയുടെ പരദൂഷണത്തിന്റെ ഡിജിറ്റൽ രൂപമാണ് ഇന്നത്തെ നവമാധ്യമ പ്രവർത്തനം.

ലോകത്തിൽ ഉള്ള എല്ലാ കാര്യങ്ങളും നമ്മൾ അറിയണം എന്ന് യാതൊരു നിർബന്ധവുമില്ല. എല്ലാ കാര്യങ്ങളും എല്ലാവരെയും അറിയിക്കണമെന്നും നിർബന്ധമില്ല. പല കാര്യങ്ങളും നമ്മൾ അറിയാതിരിക്കുന്നതാണ് നമ്മുടെ സമാധാനപൂർണമായ ജീവിതത്തിനു നല്ലതു. അടുത്ത നിമിഷം നമ്മുക്ക് എന്ത് സംഭവിക്കും എന്ന് ദൈവത്തിനു കൃത്യമായി അറിയാം; എന്നാൽ ദൈവം നമ്മിൽ നിന്ന് മനഃപൂർവം അത് മറച്ചു പിടിക്കുന്നത് നമ്മൾ സമാധാനത്തിൽ ജീവിക്കാൻ വേണ്ടിയാണ്. വ്യക്തികളുടെയോ സമൂഹത്തിന്റെയോ നന്മയ്ക്ക് ഉപകരിക്കാത്ത ഒരു വാർത്തയും പ്രചരിപ്പിക്കാൻ പാടില്ല എന്ന അടിസ്ഥാന ധാർമീകബോധം നമ്മിൽ ഇന്ന് നഷ്ടപെടുന്നുണ്ട്. മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞു രസിക്കുന്നതു നമ്മുടെ ഒരു മാനസീക രോഗമാണെന്നും അവരുടെ മനസിനെ കൊല്ലുന്നതു ദൈവത്തിനു മുമ്പിൽ പോലും പ്രതികാരത്തിന് വിധേയമായ ക്രിമിനൽ കുറ്റകൃത്യം ആണെന്നും അറിയാൻ പാടില്ലാത്തത് മലയാളികൾക്ക് മാത്രമാണ്. പണ്ട് മലയാളി സ്വന്തം വീടിന്റെ മതിലിനു അപ്പുറവും ഇപ്പറവും നിന്നും മാടക്കടകളുടെ വരാന്തയിൽ ഇരുന്നും പറയുന്ന പരദൂഷണം ഇന്ന് നവമാധ്യമങ്ങളിലൂടെ ആയെന്നു മാത്രം.

കയ്യിൽ ഇരിക്കുന്ന ഫോണും ക്യാമറയും തുറന്നു ആരെയും ആക്രമിക്കുന്ന ഒരു സ്വഭാവം നമ്മുടെ ഇടയിൽ വർദ്ധിക്കുന്നുണ്ട്. ഇതിനോടകം പല കേസുകളിലും സമൂഹമാധ്യമങ്ങളിലൂടെ ചിലർ ഒരു പൊതുബോധം സൃഷ്ടിച്ചു നിയമ നീതി സംവിധാനത്തെ പോലും സ്വാധീനിക്കുന്ന പ്രവണതകൾ നമ്മൾ കണ്ടു. ഇത് തികച്ചും അപകടകരമാണ്; നിയന്ത്രിക്കപ്പെടേണ്ടതാണ്. സ്കൂൾ തലങ്ങളിൽ തുടങ്ങി മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും എപ്രകാരം ഉപയോഗിക്കണം എന്ന് നമ്മൾ പഠിപ്പിക്കണം. ഇനിയുള്ള ലോകം ഡിജിറ്റൽ ആയതിനാൽ ആരെയും ഇതിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ല; മറിച്ചു ബോധവൽക്കരണം എല്ലാ തലങ്ങളിലും ഉണ്ടാകണം.

ഇതൊക്കെയാണെങ്കിലും, മറ്റു സംസ്ഥാനങ്ങളിൽ വച്ച് താരതമ്യപ്പെടുത്തിയാൽ കേരളത്തിൽ മികച്ച ഒരു മാധ്യമ പ്രവർത്തന ശൈലി ചില മുഖ്യധാരാ മാധ്യമങ്ങൾക്കു ഉണ്ട് എന്നും പറയാതെ വയ്യ. ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും മാധ്യമങ്ങൾ ഭരണകക്ഷിയുടെ കൂടെ ആണ്. എന്നാൽ ജനാധിപത്യ രാജ്യത്തിൽ മാധ്യമങ്ങൾ എന്നും പ്രതിപക്ഷത്തിന് ഒപ്പം ആയിരിക്കണം. ഭരണ നേട്ടങ്ങൾ ജനത്തിലേക്കു എത്തിക്കുന്നതിനൊപ്പം ക്രിയാത്മകമായ വിമർശനം കൂടി ആവിശ്യമാണ്. ഭരണകർത്താക്കൾക്ക് മാധ്യമലോകത്തോട് ഒരു ചെറിയ ഭയം ഉണ്ടാകണം. അഴിമതി രഹിതമായ ഒരു ഭരണത്തിന് ഇതാവശ്യമാണ്. സത്യത്തിന്റെ പക്ഷം ചേരാനും മുഖം നോക്കാതെ നീതിയുടെ നിലപാട് നിയമാനുസൃതം എടുക്കാൻ മാധ്യമ പ്രവർത്തകർക്ക് മനോബലം ഉണ്ടാകണം. എന്നാൽ മാധ്യമ പ്രവർത്തകരിലും ചെറിയൊരു ഭയം ഉണ്ടാക്കാൻ ശേഷിയുള്ള നിയമസംവിധാനവും നീതിപീഠവും നമ്മുക്ക് ഉണ്ടാവണം.

മദ്യത്തിനും പുകവലിയ്ക്കും മയക്കുമരുന്നിനും എതിരെ ബോധവത്കരണം നടക്കുന്നത് പോലെ മാധ്യമങ്ങൾ എപ്രകാരം ഉപയോഗിക്കണം എന്നതിൽ ഗൗരവകരമായ ബോധവത്കരണം നമ്മുടെ ഇടയിൽ നടന്നില്ലെങ്കിൽ ഇനി വരുന്ന കാലം ദുരിതപൂർണ്ണമായി മാറും. ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത സാമൂഹിക അരാജകത്വം സൃഷ്ടിക്കാൻ നവ മാധ്യമ ലോകത്തിനു ശേഷിയുണ്ടെന്ന കാര്യം മറക്കരുത്.

ജോർജ് പനന്തോട്ടം