നിലയ്ക്കൽ: സമൂഹത്തിൽ എല്ലാവിധ പൈശാചിക ശക്തികളും തിന്മകളും പിടിമുറു ക്കുന്ന ഈ കാലഘട്ടത്തിൽ അവയെല്ലാം പ്രതിരോധിക്കാൻ ക്രൈസ്തവർ ആയുധമാക്കേണ്ടത് യേശുക്രിസ്തുവിന്റെ കുരിശാണെന്ന് നിലയ്ക്കൽ എക്യുമെനിക്കൽ കമ്മീഷൻ പ്രസിഡന്റ് ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത. നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ ചേർന്ന എക്യുമെനിക്കൽ കമ്മിറ്റി മീറ്റിംഗിൽ അധ്യക്ഷ വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപങ്ങളെ യോഗം അപലപിച്ചു. കാഞ്ഞിരപ്പള്ളി അമൽജ്യോതി ജോളജിൽ നടന്ന ആക്രമ സംഭവങ്ങൾക്കെതിരെ യോഗം പ്രതിഷേധ പ്രമേയം പാസാക്കി.
നിലയ്ക്കൽ എക്യുമെനിക്കൽ കമ്മീറ്റി വൈസ് പ്രസിഡന്റ് ആബൂൻ ജോഷ്വാ മോർ ഇഗ്നാത്തിയോസ്, നിലയ്ക്കൽ എക്യുമെനിക്കൽ കമ്മിറ്റി സെക്രട്ടറിയും സിഎസ്ഐ സഭ മധ്യകേരള മഹായിടവക ബിഷപ്പുമായ ഡോ. സാബു മലയിൽ കോശി, മലങ്കര ഓർത്ത ഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ ഡോ. ജോഷ്വാ മാർ നിക്കോദമുസ് മെത്രാപ്പോലീത്ത, നിലയ്ക്കൽ എക്യുമെനിക്കൽ ദേവാലയ അഡ്മിനിസ്ട്രറ്റർ ഫാ. ബാബു മൈക്കിൾ എന്നിവർ പങ്കെടുത്തു. മാർത്തോമ ശ്ലീഹായുടെ രക്തസാക്ഷി ദിനമായ ജൂലൈ മൂന്നിനു രക്തസാക്ഷിത്വത്തി ന്റെ 1950-ാം വാർഷികാഘോഷങ്ങൾ ഒക്ടോബർ 29നു നടത്താനും യോഗം തീരുമാനിച്ചു.