15നും 20നും ഇടയില്‍ പ്രായമുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒരു മാസത്തിനിടെ ആത്മഹത്യചെയ്തു എന്നത് കേരളത്തിലെ മത, രാഷ്ട്രീയ രംഗങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്താലുടന്‍ ആ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തെയും അധ്യാപകരെയും മാനേജ്മെന്‍റിനെയും പ്രതിക്കൂട്ടിലാക്കി ആക്രമിക്കുക, അവിടെ കലാപം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുക… ഇപ്രകാരം ഒരുതരം പ്രാകൃതബോധമാണ് ഇപ്പോൾ കേരളസമൂഹത്തില്‍ വ്യാപരിക്കുന്നത്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാപ്രവണതപോലെ ഗുരുതരമായി കാണേണ്ട സംഗതിയാണ് സംസ്കാരശൂന്യമായ ഇത്തരം പ്രതികരണരീതികളും.

സാമൂഹിക പ്രതിബദ്ധത ഏറെ പ്രകടിപ്പിക്കേണ്ട മാധ്യമങ്ങൾ പോലും മരിച്ച വിദ്യാർത്ഥിയുടെ ജാതിയും രാഷ്ട്രീയവും പരിശോധിക്കുന്നു, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിൻ്റെ മതപശ്ചാത്തലം അടിസ്ഥാനമാക്കി വാർത്തയ്ക്ക് പ്രാധാന്യം നൽകുകയോ മൂടിവയ്ക്കുകയോ ചെയ്യുന്നു. സമൂഹത്തിലും മാധ്യമരംഗത്തും വളർന്നുവരുന്ന ഇത്തരം പ്രതിസംസ്കൃതികൾ അങ്ങേയറ്റം ആശങ്കാജനകമാണ്, സകലരും ഒരുപോലെ അപലപിക്കേണ്ടതുമാണ്.

2021ലെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ കണക്കു പ്രകാരം ഓരോ വര്‍ഷവും ലോകത്തില്‍ ഏഴു ലക്ഷത്തോളം ആളുകളാണ് ആത്മഹത്യ ചെയ്യുന്നത്. ഇതിന്‍റെ നിരവധിയിരട്ടി ആളുകളാണ് ഓരോവര്‍ഷവും ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുകയോ ആത്മഹത്യാശ്രമത്തില്‍ പരാജയപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരികയോ ചെയ്തിരിക്കുന്നത്. സ്വയം ജീവനൊടുക്കുക എന്ന പ്രവണത മനുഷ്യസമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പെട്ടയുടന്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഈ അവസ്ഥയെ നേരിടാന്‍ എല്ലാ രാജ്യങ്ങള്‍ക്കും വിശദമായ ഗൈഡ്ലൈനുകളും നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗങ്ങളുടെ അടിസ്ഥാനത്തിൽ 2030-ഓടെ, വര്‍ഷംതോറും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഇപ്പോഴുള്ളതിന്‍റെ മൂന്നിലൊന്നായി കുറയ്ക്കുവാനുള്ള പരിശ്രമങ്ങളാണ് ലോകത്തെല്ലായിടത്തും നടക്കുന്നത്.

ആത്മഹത്യ സംബന്ധിച്ച് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ കണ്ടെത്തലില്‍ ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്. 15 വയസു മുതല്‍ 29 വയസുവരെയുള്ളവരുടെ ഇടയില്‍ മരണത്തിന് കാരണമാകുന്ന നാലാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്. താഴ്ന്ന വരുമാനമുള്ളതോ ഇടത്തരം വരുമാനമുള്ളതോ ആയ രാജ്യങ്ങളിലാണ് ലോകത്തിലെ 77 ശതമാനം ആത്മഹത്യകളും നടക്കുന്നത്. ഇതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത് ഉയര്‍ന്ന നിലയിലുള്ള മദ്യ, ലഹരി ഉപയോഗം, മാനസിക സംഘര്‍ഷങ്ങള്‍, ശാരീരികമോ മാനസികമോ പീഡിപ്പിക്കപ്പെട്ടതിലുള്ള ദുഃഖം, മാറാരോഗങ്ങള്‍, അകാരണമായ നിരാശാബോധം, സമൂഹത്തില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍, ദുരന്തങ്ങള്‍, നഷ്ടബോധം, വ്യക്തിജീവിതത്തിലോ കുടുംബബന്ധങ്ങളിൽ നിന്നോ സമൂഹത്തിൽ നിന്നോ ഉണ്ടായ ഒറ്റപ്പെടലുകള്‍ എന്നിവയാണെന്നും പറയുന്നു.

കേരളത്തില്‍ ആത്മഹത്യചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു എന്നാണ് 2017 മുതലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017ല്‍ 7,870 പേര്‍, 2018ല്‍ 8,237 പേര്‍, 2019ല്‍ 8,556 പേര്‍, 2020ല്‍ 8,500 പേര്‍, 2021ല്‍ 9,549 പേര്‍. ഒരോ വർഷവും ഈ ഗ്രാഫ് ഉയർന്നു പോകുന്നു എന്നതും ഭയാനകമാണ്. നിരക്ഷരര്‍ മുതല്‍ പ്രൊഫഷണല്‍ രംഗങ്ങളില്‍ ഉയര്‍ന്നുപോയര്‍ വരെ ഈ കൂട്ടത്തിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

ആത്മഹത്യാപ്രവണത കേരളസമൂഹത്തില്‍ വളരെയധികം വ്യാപരിച്ചിരിക്കുന്നു എന്നത് സമൂഹം വേണ്ടവിധത്തിൽ ഇനിയും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നത് സംശയാസ്പദമാണ്. ജീവിതത്തില്‍ പ്രതികൂലങ്ങള്‍ നേരിട്ടാലുടൻ അതിൽ നിന്നും വേഗത്തിൽ രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗം ആത്മഹത്യയാണെന്നൊരു ചിന്ത സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്നു, ഇത് ആശങ്കാജനകമായ അവസ്ഥയാണ്. ആത്മഹത്യ റിപ്പോർട്ടു ചെയ്യാത്ത ഒരു ദിനംപോലുമില്ല എന്നതാണ് സ്ഥിതി. കൂടാതെ, ഗുരുതരമായ ജീവിതപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികളെ പരാമർശിക്കുന്ന വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോൾ ”ആത്മഹത്യയുടെ വക്കിലാണ്” എന്ന പരാമർശം കാണാം. ആത്മഹത്യയെ ഒരു മാർഗ്ഗമായി മാധ്യമങ്ങൾ പോലും അവതരിപ്പിക്കുന്നു! ഇതിൻ്റെയെല്ലാം ഫലമായി ആത്മഹത്യയെ നിസ്സാരവൽക്കരിച്ചു കാണുന്ന ഒരുപറ്റം ആളുകൾ എങ്കിലും കേരളത്തിൽ രൂപപ്പെട്ടിരിക്കുന്നു. തൽഫലമായി ഒറ്റപ്പെട്ട ആത്മഹത്യകള്‍ മുതല്‍ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യുന്ന എത്രയോ വാര്‍ത്തകളാണ് ഓരോ ദിവസവും കേള്‍ക്കുന്നത്.

കേരളത്തില്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ലഹരി വ്യാപനം പോലെ ആത്മഹത്യാപ്രവണതയും വ്യാപിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനകം മൂന്നു വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവം ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. കൂടാതെ നിസ്സാര സംഭവങ്ങളുടെ പേരില്‍ വീടുകളിൽ വച്ച് ആത്മഹത്യ ചെയ്ത ടീനേജുകാരുടെ വാര്‍ത്തകളും കേട്ടു. കംപ്യൂട്ടർ ഗെയിമുകളുടെ സ്വാധീനവും സോഷ്യൽ മീഡിയ വഴിതെറ്റിക്കുന്നതിൻ്റെ ഫലമായും കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തത് നിരവധി വിദ്യാർത്ഥികളാണ്. സമൂഹത്തിൽ പടർന്നു പിടിക്കുന്ന ഇത്തരം പ്രവണതകൾക്ക് പരിഹാരം കാണാൻ സര്‍ക്കാരും സമൂഹവും അടിയന്തര ഇടപെടലുകൾ നടത്തേണ്ടതുണ്ട്.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ വിഷയത്തില്‍ മുന്‍കരുതലുകളെടുക്കണം. സ്കൂള്‍, കോളജ്, യൂണിവേഴ്സിറ്റി കാമ്പസുകളില്‍ കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്‍റെയോ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെയോ സേവനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുവരുത്തണം. കൂടാതെ ഇത്തരം സംഭവങ്ങളെ രാഷ്ട്രീയമോ മതപരമോ ആയ നേട്ടങ്ങൾക്കുവേണ്ടി പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കണം.

സമൂഹത്തില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതു തടയാന്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളില്‍ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം, വീണ്ടുവിചാരമില്ലാതെ മാധ്യമങ്ങള്‍ ആത്മഹത്യ സംബന്ധിയായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത് എന്നാണ്. ആത്മഹത്യാ വാര്‍ത്തകള്‍, ചിത്രങ്ങള്‍, ആത്മഹത്യ ചെയ്തവരുടെ ജീവിതം, കുടുംബ പശ്ചാത്തലം, അവര്‍ നേരിട്ട പ്രശ്നങ്ങളും പ്രതിസന്ധികളും… എന്നിങ്ങനെ എല്ലാ സംഗതികളും വിശദമാക്കിയുള്ള വാര്‍ത്തകളാണ് കേരള മാധ്യമങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ഈവിധത്തിലുള്ള മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എല്ലാ മാധ്യമങ്ങളും ഒരുപോലെ തയ്യാറാകണം.

https://www.onmanorama.com/news/kerala/2022/09/17/suicide-rates-kerala-high-national-average.html?fbclid=IwAR3_ACqsPpUwXha2eVGe9zpDrY8epGdQOWvfwpDyQCVqUObZyxA7eUpreMo

“ആത്മഹത്യ ഒന്നിനും പരിഹാരമല്ല” എന്ന ടെംപ്ലേറ്റുള്ള പേജില്‍ ആത്മഹത്യാ വാര്‍ത്ത പോസ്റ്റു ചെയ്തതുകൊണ്ട് മാത്രം മാധ്യമങ്ങളുടെ ധര്‍മ്മം അവസാനിക്കുന്നില്ല. “പുകവലി ആരോഗ്യത്തിന് ഹാനികരം” എന്ന് പായ്ക്കറ്റുകളില്‍ എഴുതിവയ്ക്കുന്നതോടൊപ്പം പുകയില ഉത്പന്നങ്ങളുടെ പരസ്യവും നിരോധിച്ചതോടെയാണ് ലോകത്ത് പുകവലിക്കാരുടെ എണ്ണം കുറഞ്ഞത്. ഇംഗ്ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ചെറുകിട ഷോപ്പുകളിലും പുകയില ഉത്പന്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതു കുറ്റകരമാണ്. ആത്മഹത്യ ചെയ്തവരുടെ ചിത്രങ്ങളും വാര്‍ത്തകളും നല്‍കുന്നത് ആത്മഹത്യയ്ക്ക് പരസ്യം നല്‍കുന്നതിന് തുല്യമാണ് എന്നോർക്കണം. പാശ്ചാത്യ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകളില്‍നിന്ന് വിട്ടുനില്‍ക്കുന്നു എന്നതും കേരളത്തിലെ മാധ്യമങ്ങള്‍ മനസ്സിലാക്കണം.

കുടുംബത്തിലെ ഒരംഗം ആത്മഹത്യ ചെയ്തതില്‍ ദുഃഖാര്‍ത്തരായിരിക്കുന്ന കുടുംബാംഗങ്ങളുടെ മുന്നില്‍ മൈക്കും കാമറയുമായി നിന്നുകൊണ്ട് പ്രതികരണം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടതുണ്ട്.

അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ഇത്തരം വാര്‍ത്തകള്‍ പോസ്റ്റു ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതിനും ഓരോ വ്യക്തിയും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം.

മാത്യൂ ചെമ്പുകണ്ടത്തിൽ

https://www.who.int/news-room/fact-sheets/detail/suicide?fbclid=IwAR0ctzqePOOKuoaxzyTZK6GbnJQOweOEUW_zFHsXHRsJQoQ1N5pePF37qL8

നിങ്ങൾ വിട്ടുപോയത്