സെക്സിനെ ഒരു കായിക മത്സരയിനമായി സ്വീഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു എന്ന ഒരു വൈറൽ വാർത്തയുമായാണ് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ പുറത്തിറങ്ങിയത്.

സെക്സ് ഒരു കായിക ഇനമായി പ്രഖ്യാപിക്കുന്ന ആദ്യരാജ്യമായി സ്വീഡൻ മാറിയിരിക്കുന്നു എന്നും ജൂൺ 8 മുതൽ ആറാഴ്ച നീളുന്ന യൂറോപ്യൻ സെക്സ് ചാമ്പ്യൻഷിപ്പിന് സ്വീഡനിലെ ഗോത്തൻബർഗ് വേദിയാകുന്നു എന്നും വാർത്തയിൽ ഉണ്ടായിരുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നായി 20 ഓളം മത്സരാർത്ഥികൾ ഇപ്പോൾത്തന്നെ രെജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. മത്സരാർത്ഥികൾ 16 തരം ലൈംഗിക കേളികളിലൂടെ കടന്നുപോയി ഓരോ റൗണ്ടിലും മികവ് തെളിയിക്കണമത്രേ. മൂന്ന് ജഡ്ജിമാരടങ്ങുന്ന ഒരു പാനൽ വിജയികളെ പ്രഖ്യാപിക്കും.

ഈ വാർത്ത തുടർന്ന് മറ്റു മാധ്യമങ്ങൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയായും മറുനാടൻ മലയാളി ഉൾപ്പടെയുള്ള ഓൺലൈൻ മാധ്യമങ്ങളും വലിയ ആഘോഷമാക്കുകയും ചെയ്തു.

സ്വീഡൻ തന്റെ പൗരൻമാർക്ക് നൽകുന്ന വലിയ സ്വാതന്ത്ര്യത്തിന്റെയും കരുതലിന്റെയും ഉത്തമ ഉദാഹരണമാണ് ഈ നടപടി എന്ന് മാധ്യമലോകം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.

ഇത്തരം വിപ്ലവകരമായ നിലപാടുകൾ വഴിയാണത്രേ സ്കാൻഡിനേവിയൻ രാജ്യങ്ങൾ അവരുടെ പൗരൻമാരെ എപ്പോഴും ആഹ്ലാദഭരിതരായി സൂക്ഷിക്കുന്നത്.

മയക്കുമരുന്നു ഉപയോഗം പോലും നിയമാനുസ്യതമായ ഈ രാജ്യങ്ങളിൽ പൗരൻമാർ അതിവ സന്തോഷവാൻമാരാണെന്നും കുറ്റക്യത്യങ്ങൾ തുലോം കുറവാണ് എന്നും ഓൺലൈൻ മഞ്ഞകൾ തള്ളി മറിച്ചു.

എന്താണ് സത്യം ?

സ്വീഡനിൽ ഫെഡറേഷൻ ഓഫ് സെക്സ് എന്ന ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. അതിന്റെ തലവൻ ഡ്രാഗൺ ബ്രാക്ടിക്കിന്റെ തലയിൽ ഉദിച്ചതാണ് സെക്സ് ചാമ്പ്യൻഷിപ്പ് എന്ന ആശയം . ലൈംഗിക ദാഹികൾക്കായി സെക്സ് ഫെഡറേഷന്റെ കീഴിൽ ധാരാളം ക്ലബുകൾ സ്വീഡനിൽ പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ ജനുവരിയിൽ തന്റെ സംഘടനയെ സ്വീഡിഷ് നാഷണൽ സ്പോർട്ട്സ് കോൺഫെഡറേഷനുമായി അഫിലിയേറ്റ് ചെയ്ത് സെക്സ് ചാമ്പ്യൻഷിപ്പ് നടത്തുവാനുളള ഒരു അപേക്ഷ ഡ്രാഗൺ ബ്രാക്ടിക് സമർപ്പിക്കുകയുണ്ടായി . എന്നാൽ “ഞങ്ങൾക്ക് വേറെ ഒത്തിരി ജോലിയുണ്ട്” എന്നു പറഞ്ഞ് സ്പോർട്ട് ഫെഡറേഷൻ തലവൻ കഴിഞ്ഞ ഏപ്രിലിൽത്തന്നെ അപേക്ഷ തള്ളിക്കളഞ്ഞു.

ഏതാനും ദിവസം മുമ്പ് ഇസ്ലാമിക് ടെററിസ്റ്റ് എന്ന ഒരു ട്വിറ്റർ ഹാൻഡിലിലാണ് സ്വീഡൻ സെക്സ് ഒരു കോമ്പറ്റീഷൻ ഐറ്റം ആയി പ്രഖ്യാപിച്ചു എന്നും ജൂൺ 8 ന് സ്വീഡനിൽ ആദ്യത്തെ ലോക സെക്സ് ചാമ്പ്യൻഷിപ്പ് നടക്കാൻ പോകുന്നു എന്നും ആദ്യം വ്യാജ വാർത്ത പ്രചരിച്ചത് .

അത് ടൈംസ് ഓഫ് ഇന്ത്യയും തുടർന്ന് മറ്റു മാധ്യമങ്ങളും ഓൺലൈൻ മീഡിയായും പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുകയായിരുന്നു.

തങ്ങൾക്ക് പറ്റിയ അബദ്ധം മനസ്സിലാക്കി ടൈംസ് ഓഫ് ഇന്ത്യ ലേഖനം പിൻവലിച്ചു.

മറ്റു മാധ്യമങ്ങൾ ജാള്യതയോടെ തങ്ങൾക്ക് പറ്റിയ അമളി തിരുത്തി വാർത്ത കൊടുത്തു കൊണ്ടിരിക്കുന്നു. എന്നാൽ ഓൺലൈൻ മഞ്ഞകളിൽ ഇപ്പോഴും സ്വീഡന്റെ അപദാനങ്ങളും ലൈംഗിക അരാജകത്വം നൽകുന്ന സന്തോഷത്തിന്റെ സൂചികയെക്കുറിച്ചുള്ള വർണ്ണനകളും നിറഞ്ഞു നിൽക്കുന്നു.

മത്സരത്തിന്റെ ഓരോ ഘട്ടങ്ങൾ , സമയദൈർഘ്യം , മത്സരത്തിൽ പങ്കെടുക്കാനുള്ള ഈമെയിൽ അഡ്രസ് തുടങ്ങി എല്ലാ വിവരങ്ങളും പ്രസിദ്ധീകരിച്ചു കൊണ്ട് അവ ഇല്ലാത്ത ലോക സെക്സ് ചാമ്പ്യൻഷിപ്പിന് കൊഴുപ്പു കൂട്ടുന്നു.

സെക്സ് ഒരു കോമ്പറ്റീഷൻ എറ്റമല്ല. ദമ്പതികളുടെ സ്വകാര്യതയിലാണ് സെക്സിന്റെ സൗന്ദര്യം.

സെക്സ് ഒരു ദൈവിക ദാനമാണ് . അതിനാൽ തന്നെ വിശുദ്ധവും . സ്നേഹം പകരാനും പുതിയ തലമുറയ്ക്ക് ജീവൻ നൽകാനുമായി ദമ്പതികൾക്ക് ദൈവം നൽകിയ വിശുദ്ധദാനം ദുരുപയോഗിക്കപ്പെട്ടാൽ മനുഷ്യകുലത്തിന്റെ അന്ത്യം കുറിക്കും

ബോബി തോമസ്

(ജീസസ് ഡിജിറ്റൽ മീഡിയാ)

https://www.thequint.com/news/webqoof/sweden-hosting-firs-ever-sex-competition-misleading-news-fact-check

നിങ്ങൾ വിട്ടുപോയത്