വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബലിപീഠത്തില്‍ കയറി പോളിഷ് സ്വദേശി നഗ്നത പ്രദർശിപ്പിച്ചതിന് പിന്നാലെ ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ് പദവി വഹിക്കുന്ന കർദ്ദിനാൾ മൗരോ ഗാംബേറ്റി ദേവാലയത്തിനുള്ളിൽ പ്രായശ്ചിത്ത പ്രാർത്ഥനകൾ അർപ്പിച്ചു.
കാനോൻ നിയമപ്രകാരമാണ് പ്രായശ്ചിത്ത പ്രാർത്ഥനകൾ നടന്നത്. വിശ്വാസപ്രമാണം ചൊല്ലിയതിനു ശേഷം കർദ്ദിനാൾ ശുദ്ധീകരണത്തിന്റെ അടയാളമായി വിശുദ്ധ ജലം ആശിർവദിച്ചതിനുശേഷം അത് ബലിപീഠത്തിന്റെ മുകളിൽ തളിച്ചു പ്രാര്‍ത്ഥന നടത്തുകയായിരിന്നു.
ഇതിനുശേഷം രണ്ട് സന്യാസിനികളെത്തി ബലിപീഠത്തിന്റെ മുകളിൽ തുണികൾ വിരിച്ചു. പിന്നാലേ തിരിയും, പൂക്കളും, കുരിശും ബലിപീഠത്തിന്റെ മുകളിൽ സ്ഥാപിച്ചു. വിശുദ്ധ സ്ഥലം അശുദ്ധമാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ നടന്നാൽ ഉടനെ തന്നെ പ്രായശ്ചിത്തം നിർവഹിക്കണമെന്നാണ് കാനോൻ നിയമത്തിൽ നിഷ്കർഷിക്കുന്നത്.
ജൂൺ ഒന്നാം തീയതി ബസിലിക്ക ദേവാലയം അടയ്ക്കാറായ സമയത്ത് പ്രധാന ബലിപീഠത്തിന്റെ സമീപത്തെത്തി വസ്ത്രങ്ങൾ അഴിച്ച് പൂര്‍ണ്ണ നഗ്നനായി ബലിപീഠത്തിന്റെ മുകളിൽ കയറിയ വ്യക്തി പോളിഷ് സ്വദേശി ആണെന്നാണ് വത്തിക്കാന്റെ റിപ്പോര്‍ട്ട്. ‘യുക്രൈനിലെ കുട്ടികളെ രക്ഷിക്കുക’ എന്ന് അയാളുടെ പുറത്ത് എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ പിടികൂടി വത്തിക്കാനിലെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിന്നു.
പോളിഷ് സ്വദേശിയുടെ വിവരങ്ങൾ മനസ്സിലാക്കിയതിനു ശേഷം ഇറ്റലിയും- വത്തിക്കാനും തമ്മിൽ നിലവിലുള്ള കരാർ പ്രകാരം ആളെ ഇറ്റാലിയൻ പോലീസിന് കൈമാറിയെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. മാർപാപ്പമാർ വിശുദ്ധ കുർബാന അർപ്പിക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രധാന ബലിപീഠം ‘ആൾട്ടർ ഓഫ് ദ കൺഫഷൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ബലിപീഠത്തിന്റെ താഴെയാണ് വിശുദ്ധ പത്രോസിനെ അടക്കം ചെയ്തിരിക്കുന്നത്.
കടപ്പാട്