” മനുഷ്യജീവനാണ് മൃഗത്തേക്കാൾ പ്രഥമം”
കൊച്ചി.നിയമം നിർമ്മിക്കുമ്പോഴും നടപ്പാക്കുമ്പോഴും മനുഷ്യജീവന് മൃഗങ്ങളെക്കാൾ പ്രഥമസ്ഥാനം നൽകണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി നേതൃസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
വനാതിർത്തി കളിലെ കാർഷിക മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം മനുഷ്യജീവൻ നഷ്ടപ്പെടുന്നു, കുടുംബങ്ങൾ ഭീതിയിലാണ്.വനം വകുപ്പ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ജാഗ്രതയോടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കർഷകരെയും പ്രദേശനിവാസികളെയും രക്ഷിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണം.
മലയോര മേഖലകളിൽ സന്നദ്ധസേനകളെ രൂപീകരിക്കുകയും പരിശീലനം ലഭിച്ചവർക്ക്അടിയന്തിര സാഹചര്യങ്ങളിൽ തോക്ക്ഉപയോഗിക്കുവാൻ ലൈസൻസ് നൽകുകയും വേണമെന്നും കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃസമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ഡയറക്ടർ ഫാ. ക്ളീറ്റസ് കതിർപറമ്പിൽ പറഞ്ഞു..
നേരത്തെ സർക്കാർ നൽകിയിരുന്നതു പോലെ വനമേഖലയിലുള്ളവർക്ക് സ്വയരക്ഷക്കായി തോക്ക് ലൈസൻസ് നൽകുകയും അടിയന്തിര ഘട്ടങ്ങളിൽ ശല്യക്കാരായ മൃഗങ്ങളെ വെടി വെക്കുവാൻ അനുമതി നൽകുകയും വേണം.
ഒരു മൃഗത്തിന് നൽകുന്ന നീതിപോലും മനുഷ്യന് ലഭിക്കാതെ പോകുന്നത് ന്യായീകരിക്കാനാകില്ല. ഒരു കാട്ടുപോത്തിനോട് കാണിക്കുന്ന സഹതാപം പോലും നാട്ടുകാരായ മനുഷ്യരോടു കാണിക്കാതെ പോകുന്ന മൃഗസ്നേഹം സത്യസന്ധമായി കരുതുന്നില്ല.
ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, നോബർട്ട് കക്കാരിയിൽ, ഇഗ്നേഷ്യസ് വിക്ടർ, സെമിലി സുനിൽ എന്നിവർ പ്രസംഗിച്ചു.
ജീവന്റെ സംരക്ഷണമേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് “മാർച്ച് ഫോർ ലൈഫ്” കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുവാനും യോഗം തീരുമാനിച്ചു.
കെസിബിസിപ്രസിഡന്റ് കർദിനാൾ ക്ലിമിസ് കത്തോലിക്ക ബാവ മനുഷ്യജീവന്റെ സംരക്ഷണംലക്ഷ്യമാക്കി നടത്തിയ പ്രസ്താവനയെ വനം വകുപ്പ് മന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വ്യാഖാനിച്ചതിൽ സമ്മേളനം പ്രതിഷേധിച്ചു.