ചിറകില്ലാത്ത ശലഭം പുഴുവാണ്

അന്യ സംസ്ഥാനത്ത് പഠിക്കാൻ പോയ ഒരു യുവാവിൻ്റെ കഥയാണിത്.

അവൻ താമസിച്ചിരുത് ആൻ്റിയുടെ വീട്ടിലായിരുന്നു.
കോളേജിൽ പോകുന്നതിന് മുമ്പ് അവനെ അരികിൽ വിളിച്ച് ആൻ്റി പറഞ്ഞു:

“ഇന്ത്യയിലെ ഉന്നത നിലവാരമുള്ള കോളേജിലാണ് നിനക്ക് അഡ്മിഷൻ ലഭിച്ചിരിക്കുന്നത്.
പല സംസ്ക്കാരത്തിൽ നിന്നുള്ള കുട്ടികളെ നീ അവിടെ കണ്ടുമുട്ടും. നന്നാകാനും ചീത്തയാകാനും സാഹചര്യങ്ങളേറെയുണ്ട്. നീ തന്നെ നിന്നെ സംരക്ഷിക്കുക. ഒരു കാര്യം ഓർക്കുക; പറന്നുയരാൻ ചിറകുകൾ മുളക്കേണ്ട സമയമാണിത്. അതിനാണ് നീയിവിടെ വന്നതും. ചിറകില്ലാത്ത ശലഭം വെറും പുഴുവാണ്. ഈ സത്യം മനസിലുണ്ടാകട്ടെ!”

ആദ്യ വർഷം അവൻ നന്നായ് പഠിച്ചു. എല്ലാ ഞായറാഴ്‌ചകളിലും ദൈവാലയത്തിലും പോകുമായിരുന്നു. എന്നാൽ രണ്ടാം വർഷമായപ്പോഴേക്കും ചില തെറ്റായ സൗഹൃദങ്ങളിൽ അവൻ കുടുങ്ങി.

ആൻ്റിയുടെ ഉപദേശങ്ങൾ കാറ്റിൽ പറത്തി അവൻ ചെറിയ തോതിൽ മയക്കുമരുന്നുകൾ ഉപയോഗിച്ചു തുടങ്ങി. പതനത്തിലേക്കുള്ള യാത്രയുടെ ആരംഭമായിരുന്നു അത്.

ഒരു അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ അവൻ ആശുപത്രിയിൽ അഡ്മിറ്റായി.
സുബോധം ലഭിച്ചപ്പോൾ തൻ്റെ അരികിലിരുന്ന് പ്രാർത്ഥിക്കുന്ന ആൻ്റിയെയാണ് അവൻ കണ്ടത്.

കോളേജിൽ ചേരുമ്പോൾ ആൻ്റി പറഞ്ഞ കാര്യങ്ങൾ അവൻ്റെ ഓർമയിൽ വന്നു. ആൻ്റിയുടെ കരം പിടിച്ച് അവൻ വിലപിച്ചു:
”ചിറകുകൾ ഇല്ലാത്ത ഈ ശലഭത്തിന് ഇനി ചിറക് മുളയ്ക്കുമോ….?”

“തീർച്ചയായും. സമയം ഇനിയും വൈകിയിട്ടില്ല. ദൈവത്തിൽ ആശ്രയിക്കുക. പുതിയ മനുഷ്യനായ് തിരികെ വരിക….”

അനുദിന ജീവിതത്തിലെ വീഴ്ചകളിലേക്കും പരാജയങ്ങളിലേക്കും വെളിച്ചം വീശുന്ന കഥയാണിത്.
നമ്മുടെ വീഴ്ചകൾക്ക് കാരണം അറിവില്ലായ്മയല്ലല്ലോ?
തിരിച്ചറിവുകൾ കൃപകളാക്കി സ്ഥിരതയോടെ നിലനിൽക്കുവാൻ നമുക്ക് കഴിയുന്നില്ല.

ഈ ചിന്തയുടെ അവസാനത്തിൽ ക്രിസ്തുവിൻ്റെ വചനങ്ങൾ നമുക്ക് ഓർത്തുവയ്ക്കാം: “പശ്‌ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും” (ലൂക്കാ 13 : 5).

തിരിച്ചുവരാൻ സമയവും
തിരിഞ്ഞു നടക്കാൻ ബലവും കാത്തിരിക്കുന്ന ദൈവവും ഉണ്ടെങ്കിൽ പിന്നെന്തിന് ശങ്കിക്കണം…?
അനുതപിക്കുന്ന ഹൃദയത്തോടെ
നമുക്ക് തിരിച്ചു നടക്കാം.

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്