ന്യൂഡൽഹി: കോവിഡ് വാക്സിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യലും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. 18 വയസ്സും അതിന് മുകളിലുള്ള ആർക്കും അടുത്തുള്ള വാക്സിനേഷൻ സെന്ററിലെത്തി മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ വാക്സിൻ എടുക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

പ്രതിരോധ കുത്തിവെപ്പിന്റെ വേഗത വർധിപ്പിക്കുന്നതിനും വാക്സിൻ മടി അകറ്റുന്നതിനുമാണ് പുതിയ തീരുമാനം. ഗ്രാമപ്രദേശങ്ങളിൽ വാക്സിനേഷൻ മന്ദഗതിയിലാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. അതേ സമയം കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം സംസ്ഥാനങ്ങൾ എങ്ങനെ നടപ്പിലാക്കും എന്നത് ശ്രദ്ധേയമാണ്.

വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് കേരളത്തിലടക്കം ബുക്കിങ് സംവിധാനം തുടരുമെന്നാണ് സൂചന. അതേ സമയം ചില സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ ആളുകൾ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ജൂൺ 21 മുതൽ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പൗരൻമാർക്കും വാക്സിൻ സൗജന്യമായി കേന്ദ്ര സർക്കാർ തന്നെ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കേരളത്തിൽ ഇതിനകം 34 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും ഒമ്പത് ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നറിയിച്ചത്. 40 വയസ്സിന് മുകളിലുള്ളവർക്കെല്ലാം ജൂലായ് 15 ഓടെ ആദ്യ ഡോസ് നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

നിങ്ങൾ വിട്ടുപോയത്