മകൾ വിവാഹിത ആകുമ്പോൾ അവൾക്കു അവളുടെ കുടുംബാംഗങ്ങൾ പണമായോ സ്വർണ്ണമായോ വസ്തുവായോ കൊടുക്കുന്ന സമ്പത്തിനെ ആണ് നമ്മുടെ സമൂഹത്തിൽ സ്ത്രീധനം ആയി കണക്കാക്കുന്നത്. സ്ത്രീധനം പൂർണമായി നിരോധിക്കണം എന്ന ആവിശ്യം ഈ കാലത്തു ശക്തമായി ഉയരുന്ന പശ്ചാത്തലത്തിൽ, സ്ത്രീധനം കൊടുക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് മനസിലാക്കുന്നതും ഇപ്പോൾ സമൂഹം നേരിടുന്ന യഥാർത്ഥ പ്രതിസന്ധി വേർതിരിച്ചു അറിയുന്നതും നന്നായിരിക്കും.

പരമ്പരാഗത കുടുംബ സ്വത്തിനു മേൽ ആ കുടുംബത്തിലെ അടുത്ത തലമുറയിൽ പെട്ട മകനും മകൾക്കും തുല്യ അവകാശം ആണ് ഉള്ളത്. ഉദാഹരണമായി, ഒരു കുടുംബത്തിൽ മാതാപിതാക്കൾക്ക് നാല് ഏക്കർ സ്ഥലം കുടുംബസ്വത്തായി ഉണ്ടെങ്കിൽ അവർക്കു ഒരു മകനും ഒരു മകളും ആണെങ്കിൽ, അതിൽ രണ്ടു ഏക്കർ മകനും രണ്ടു ഏക്കർ മകൾക്കും എന്നതാണല്ലോ നീതിപൂർവമായ വിഭജനം. എന്നാൽ, ഇവിടെ മകൾ വിവാഹിതയായി അവളുടെ കുടുംബത്തിൽ നിന്ന് ഭർതൃഗൃഹത്തിലേക്കു പോയി പുതിയ കുടുംബം ആരംഭിക്കുമ്പോൾ, അവളുടെ പിതൃസ്വത്തു അവകാശം അവൾക്കു കൊടുത്തുവിടുന്നു. ഉദാഹരണത്തിൽ പറഞ്ഞത് പോലെ, അവൾക്കു ഉള്ള രണ്ടു ഏക്കർ സ്ഥലം ഒരു പക്ഷേ ഒരു ഏക്കർ സ്ഥലവും ബാക്കി തുകക്ക് സ്വർണ്ണമോ വാഹനമോ ആയും അവൾക്കു മാതാപിതാക്കൾ കൊടുക്കും.

ഒരു പുതിയ കുടുംബം അവൾ രൂപീകരിക്കുമ്പോൾ ആണ് ഇത് കൊടുക്കേണ്ടത്. അല്ലാതെ മാതാപിതാക്കളുടെ കാലശേഷം സഹോദരനുമായി തർക്കിച്ചു ലഭിക്കേണ്ട അവകാശം അല്ല . ഇങ്ങനെ ഒരു മകൾക്കു അവളുടെ പിതൃസ്വത്തിന്റെ അവകാശമാണ് സ്ത്രീധനമായി ലഭിക്കുന്നത്. അത് കൊടുക്കാൻ ഉള്ള ഉത്തരവാദിത്വം അവളുടെ കുടുംബാംഗങ്ങൾക്ക് ഉണ്ട്. ഇന്ന് “സ്ത്രീധനം” എന്ന വാക്കാണ് നിയമവിരുദ്ധം. “സമ്മാനം” എന്ന് പറഞ്ഞാൽ പ്രശ്നമില്ല. രണ്ടും ഒന്നുതന്നെ ആണ് . ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ? ഇല്ലെങ്കിൽ സ്ത്രീധന രീതി അപ്പാടെ എങ്ങനെ നിർത്തലാക്കും?

സ്ത്രീധന രീതി കുറ്റകൃത്യത്തിലേക്കു പോകുന്നത് എങ്ങനെയാണെന്ന് നോക്കാം. നല്ല ഉദ്ദേശത്തോടെ മകൾക്കു കൊടുക്കുന്ന സ്ത്രീധനം, അവളുടെ ഭർത്താവും അവന്റെ കുടുംബാംഗങ്ങളും അവരുടെ ഇഷ്ടം പോലെ വിനയോഗിക്കാൻ തുടങ്ങി. അതിനു വേണ്ടി വിലപേശി. വീട്ടിലേക്കു ഭാര്യയായി കയറി വരുന്ന പെൺകുട്ടിക്ക് അവളുടെ പിതൃസ്വത്തായി ലഭിച്ച പണവും സ്വർണ്ണവും അവളുടെ മാത്രം പേരിൽ നിക്ഷേപിക്കുന്നതാണ് നീതി. കാരണം, ഒരുപക്ഷെ അവളുടെ ഭർത്താവും കുടുംബാംഗങ്ങളും മരണപെട്ടു, ഭാവിയിൽ, അവളും കുഞ്ഞുങ്ങളും അനാഥരായാലും അവൾക്കു ലഭിച്ച പിതൃസ്വത്തു് അവളുടെ മരണം വരെ മൂലധനമായി അവളുടെ പേരിൽ നിക്ഷേപിക്കണം. ഇത് സമൂഹത്തിൽ നടക്കുന്നില്ല. അവളുടെ പിതൃസ്വത്തിനു മേൽ അവളുടെ ഭർത്താവിനും അവന്റെ കുടുംബാംഗങ്ങൾക്കും ഉള്ള അവകാശം പൂർണമായും നിർത്തലാക്കണം. ഭർത്താവിന്റെ സ്വത്തുക്കൾക്കു മേൽ ഭാര്യക്ക് അവകാശം ഉണ്ടാവുകയും ഭാര്യയുടെ പിതൃസ്വത്തിനു മേൽ ഭർത്താവിന്, (അവൾ ജീവിച്ചിരിക്കുന്നത് വരെ) അവകാശം കൊടുക്കാതിരിക്കുന്നതും അവളെ സംരക്ഷിക്കുന്നതിന്റെ ഭാഗം ആണ്. അതിൽ നീതികേടു ഇല്ല. ഇപ്പോൾ നടക്കുന്നത് മരുമകൾ സ്ത്രീധനമായി കൊണ്ടുവരുന്ന സ്വത്തു കൊണ്ട് മകളെ കെട്ടിച്ചു വിടുക, സ്ത്രീധന പണംകൊണ്ട് ആർഭാട വിവാഹം നടത്തുക, വീട് മോടിപിടിപ്പിക്കുക തുടങ്ങിയ കലാപരിപാടികൾ ആണ്. ഇതിനു പണം ഒരു കാലത്തും തികയില്ല. ഇതേ ചൊല്ലിയുള്ള അക്രമങ്ങൾ തീരുകയുമില്ല.

ഇനി, മാതാപിതാക്കൾക്ക് കുടുംബ സ്വത്തു ഇല്ലെങ്കിലോ? അവരുടെ മകളെ വിവാഹം കഴിപ്പിക്കുമ്പോൾ അവൾക്കു സ്ത്രീധനം കൊടുക്കാൻ ഒരു ബാധ്യതയും ആ മാതാപിതാക്കൾക്ക് ഇല്ല. സ്ത്രീധനം വാങ്ങാതെ ആ പെണ്മക്കളെ വിവാഹം കഴിക്കാൻ ആണത്തം ഉള്ള യുവാക്കന്മാർ ഉണ്ടാവണം. എന്നാൽ, അപകർഷതാബോധം മൂലം കടം മേടിച്ചും ബാധ്യതകൾ എടുത്തും മകളെ സ്ത്രീധനം കൊടുത്തു വിവാഹം കഴിപ്പിക്കാൻ ഈ മാതാപിതാക്കൾ നിര്ബന്ധിതർ ആകുന്നു. തന്നത് കുറഞ്ഞു പോയി എന്ന് പറഞ്ഞുള്ള ഭർത്താവിന്റെ വീട്ടുകാരുടെ പരാതി വേറെയും

.

സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിൽ വന്നിട്ടും എന്തുകൊണ്ടാണ് അത് നടപ്പാകാത്തത് ?

കാരണം, അതിൽ പഴുതുകൾ ഉണ്ട് . ഇവിടെ കര്ശനമായി നടപ്പാക്കേണ്ടത് പെൺകുട്ടികൾക്ക് അവളുടെ പിതൃസ്വത്തിനു മേൽ അവകാശം ഉറപ്പു വരുത്തുകയും ആ അവകാശത്തിൽ കൈകടത്താൻ അവളുടെ ഭർത്താവിനെയും അവന്റെ കുടുംബാംഗങ്ങളെയും അനുവദിക്കാതിരിക്കുകയും വേണം. സ്ത്രീധനം നിര്ബന്ധമായി ആവിശ്യപെടുന്നവർക്കു എതിരെ ക്രിമിനൽ നിയമ നടപടി ശക്തം ആക്കണം. സ്വന്തം അദ്ധ്വാനം കൊണ്ട് ഭാര്യയെയും മക്കളെയും സംരക്ഷിക്കാൻ ശേഷിയാകുമ്പോൾ മാത്രം യുവാക്കന്മാർ വിവാഹിതർ ആകുക, ഭാര്യയുടെ സ്വത്തുകൊണ്ടു സുഭിക്ഷമായി ജീവിക്കാം എന്ന് കരുതുന്ന ചെറുപ്പക്കാർ ഇന്ന് ധാരാളം ഉണ്ട്. ഈ ചിന്താഗതിക്ക് മാറ്റം വരണം.

സ്ത്രീകൾ അവരുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കണം. പതിനെട്ടു വയസ്സാകുന്നതിന്റെ പിറ്റേ ദിവസം, പഠിപ്പും കളഞ്ഞു, കണ്ണ് ഇറുക്കി കാണിക്കുന്ന ചേട്ടന്റെ പിന്നാലെ “പ്രേമം” ആണെന്ന് പറഞ്ഞു ഇറങ്ങി പുറപ്പെട്ടാൽ ഈ കാലത്തു ജീവിതം ദുരിതം ആവും. വിവാഹം കഴിച്ചു കയറി ചെല്ലുന്ന വീടിനു ഒരു ബാധ്യത ആയി മാറരുത് എന്ന ചിന്ത നമ്മുടെ യുവതികൾക്ക് ഉണ്ടാവണം. ഭർത്താവിനെ പോലെ തന്നെ ജോലിയെടുത്തു കുടുംബം നോക്കാൻ നമ്മുടെ സ്ത്രീകൾ പ്രാപ്തരാകണം. അങ്ങനെ വിദ്യാഭ്യാസവും തൊഴിലും സാമ്പത്തീക ഭദ്രതയും ഉണ്ടായതിനു ശേഷം നമ്മുടെ യുവതികൾ വിവാഹം കഴിച്ചാൽ മതിയാകും. ഇതിനു അപ്പുറം, സമൂഹത്തിൽ നിലനിൽക്കുന്ന വിവാഹത്തെ സംബന്ധിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളും വിവാഹ വാണിജ്യ സംസ്കാരവും ഉൻമൂലനം ചെയ്യപ്പെടണം. അല്ലാതെ സ്ത്രീധനം അപ്പാടെ നിരോധിക്കണം എന്ന ആശയം നമ്മുടെ സമൂഹത്തിലും സംസ്കാരത്തിലും പ്രായോഗികമായി നടപ്പാകുന്നതല്ല . ചിന്താഗതിയിൽ ഉള്ള ക്രിയാത്മകമായ മാറ്റവും പഴുതുകൾ അടച്ചുള്ള നിയമ വ്യവസ്തയും ഈ വിഷയത്തിൽ കർശനമായി ഉണ്ടാവണം

ജോർജ് പനന്തോട്ടം

നിങ്ങൾ വിട്ടുപോയത്