സഭയിൽ കുറച്ചുനാളായി കേൾക്കുന്ന കാര്യമാണ് സഭയിൽ എവിടെയും ജനാധിപത്യമില്ലെന്ന്, ആദ്യകാലങ്ങളിൽ സഭാവിരുദ്ധശക്തികളാണ് അത്തരത്തിലെല്ലാം പറഞ്ഞിരുന്നെങ്കിൽ ഇന്ന് കാര്യം വ്യത്യസ്തമാണ്……!!!

രാഷ്ട്രമീമാംസ വിദ്യാർത്ഥി എന്ന നിലയിൽ ജനാധിപത്യത്തിന്റെ എല്ലാ ഭാവങ്ങളെയും പറ്റി പഠിക്കാൻ സാധിച്ചിട്ടുണ്ട്….

വിവിധ ലോകരാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ സവിശേഷതകളും ജനാധിപത്യത്തെ പറ്റിയുള്ള ചിന്താഗതികളെയും പറ്റി പഠിക്കാൻ സാധിച്ചിട്ടുണ്ട്….

വളരെ മനോഹരമായ ഒരു സംവിധാനമാണ് ജനാധിപത്യം എന്നതിൽ തകർക്കമില്ല…

എന്നാൽ,സഭയിലേക്ക് ജനാധിപത്യം കടന്നുവരുന്നതിനെ ഒരു പരിധി വരെ മാത്രമേ ഞാൻ അനുകൂലിക്കുന്നുള്ളൂ…

ഭൗതികമായ സഭയുടെ കാര്യങ്ങൾ, സഭയുടെ സ്ഥാപനങ്ങൾ ഇടവകകളുടെ നടത്തിപ്പ് ഇവയെല്ലാം ജനാധിപത്യസ്വഭാവത്തിൽ തന്നെയാണ് ഇപ്പോഴേ…

ലോകത്തിൽ ജനാധിപത്യം എന്നത് കേട്ടുകേൾവി പോലുമില്ലാത്ത കാലഘട്ടത്തിൽ ഭാരതത്തിലെ മാർത്തോമാനസ്രാണികളുടെ സഭാഭരണശൈലി ജനാധിപത്യ സ്വഭാവത്തിൽ ആയിരുന്നുവെന്ന് നമുക്ക് കാണാൻ സാധിക്കും….

മലങ്കര മഹായോഗവും പള്ളിയോഗങ്ങളുമാണ് മാർത്തോമാ നസ്രാണി സഭയുടെ ഭൗതികകാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത്…..

അതിന്റെ ചുവടുപിടിച്ച് പള്ളിയോഗങ്ങൾ (പൊതുയോഗം) തന്നെയാണ് ഇന്നും നമ്മുടെ ഒരു ഇടവകപള്ളിയുടെ ഭൗതിക കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന ആധികാരിക സംവിധാനം.

വോട്ടവകാശമുള്ള എല്ലാ അംഗങ്ങളുടെയും സജീവപങ്കാളിത്തത്തിലൂടെ പള്ളിയോഗങ്ങളുടെ ജനാധിപത്യ സ്വഭാവം ഇനിയും കൂടുതൽ ശക്തിപെടണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം….

എന്നാൽ സഭയുടെ ആത്മീയകാര്യങ്ങളിൽ – വിശ്വാസത്തിന്റെയും സന്മാർഗ്ഗത്തിന്റെയും സഭയുടെ വിശുദ്ധമായ പാരമ്പര്യസംരക്ഷണത്തിന്റെയും കാര്യത്തിൽ – സഭാങ്ങളെല്ലാം കൂടി വോട്ടിനിട്ട് ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനമെടുക്കുന്ന ചിലരൊക്കെ പറയുന്ന “ജനാധിപത്യരീതി “ സഭയിൽ കേട്ടുകേൾവിയില്ലാത്തതും സഭയുടെ അടിത്തറ ഇളക്കാൻ ലക്ഷ്യം വയ്ക്കുന്നതുമാണ്. ഈ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം പത്രോസിന്റെ പിൻഗാമിയായ റോമിലെ മാർപാപ്പയോട് ചേർന്ന് മെത്രാൻ സംഘത്തിനാണ് (Holy Magesterium) എന്ന വസ്തുത ബോധപൂർവം തമസ്കരിച്ചുകൊണ്ടാണ് അഭിനവ ‘ജനാധിപത്യ’വാദികൾ സാമൂഹിക മാധ്യമങ്ങളിൽ അരങ്ങു തകർത്താടുന്നത്.


ഇക്കാര്യത്തിൽ സഭ കഴിഞ്ഞ 2000 ൽപരം വർഷങ്ങളായി പിന്തുടരുന്ന ഹായരാർക്കിക്കൽ ഭരണസംവിധാനത്തെപ്പറ്റി അറിവില്ലാത്തവരല്ല ഇവർ. ഈശോയിൽ നിന്ന് ശ്ലീഹന്മാരിലൂടെ കൈമാറികിട്ടിയ സത്യവിശ്വാസം കലർപ്പില്ലാതെ സൂക്ഷിക്കാനും സംരക്ഷിച്ച് തലമുറകളിലേക്ക് കൈമാറാനും സഭയെ പ്രാപ്തയാക്കിയത് അവളുടെ ഹയരാർക്കിക്കൽ സംവിധാനം തന്നെയാണ്…..

വിശ്വാസപരമായ കാര്യങ്ങളിൽ സഭയിൽ എന്നെന്നും തർക്കങ്ങൾ ഉണ്ടായിരുന്നു. ഇവയെല്ലാം പരിഹരിച്ചിരുന്നത് മെത്രാന്മാരുടെ സൂനഹദോസുകൾ ആയിരുന്നു….

ശ്ലീഹന്മാരുടെ നടപടി പുസ്തകം 15 ആം അധ്യായത്തിൽ ജെറുസലേം സൂനഹദോസിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്…
തന്നെയുമല്ല പ്രസ്തുത സൂന്നഹദോസ് തീരുമാനം പൗലോസ്ശ്ലീഹാ തന്റെ സഭയിൽ എങ്ങനെ നടപ്പിലാക്കി എന്നതും നടപടി പുസ്തകം 16 ആം അധ്യായം സാക്ഷ്യപ്പെടുത്തുന്നുണ്ട്. “ജറുസലെമില്‍വച്ച്‌ ശ്ലീഹന്‍മാരും ശ്രേഷ്‌ഠന്‍മാരും എടുത്ത തീരുമാനങ്ങള്‍ അനുസരിക്കണമെന്ന്‌ അവര്‍ (പൗലോസും ബാർണബാസും) നഗരങ്ങളിലൂടെ ചുറ്റിസഞ്ചരിക്കവേ അവിടെയുള്ളവരെ അറിയിച്ചു.
തന്‍മൂലം സഭകള്‍ വിശ്വാസത്തില്‍ ശക്‌തിപ്പെടുകയും അവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയുംചെയ്‌തു.”

നടപടി 16 : 4,5. ഈ ഒരു ഭാഗം ഏറെ ധ്യാന വിഷയമാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്….

Newly ordained priests pray during a ceremony led by Pope Francis in St. Peter’s Basilica at the Vatican on May 12, 2019. (AP Photo/Alessandra Tarantino)

ഇടമുറിയാത്ത ശ്ലൈഹിക പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരായ മെത്രാൻസംഘത്തിന്റെ ഔദ്യോഗിക പ്രബോധനങ്ങൾ അക്ഷരംപ്രതി അനുസരിക്കുകയും, അവ ദൈവജനത്തെ കുറ്റമറ്റ രീതിയിൽ പഠിപ്പിച്ച് സഭാഗങ്ങളെ സഭയുടെ പ്രബോധനാധികാരത്തിനു വിധേയപ്പെട്ട് ജീവിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യേണ്ടവരാണ് സത്യവിശ്വാസപ്രബോധകരായ മെത്രാന്മാരുടെ പ്രതിനിധികളായി ഇടവകകളിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന പുരോഹിതർ .

മറിച്ചായാൽ, അത് സഭയുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതിനു തുല്യമാകും. നാളെകളിൽ ഒരു ഇടവകയുടെ പൊതുയോഗത്തിലെ ഭൂരിപക്ഷ തീരുമാനപ്രകാരം ഇടവകയിലെ ബഹു. സിസ്റ്റേഴ്സിന് വനിതാപൗരോഹിത്യം അനുവദിക്കാനും അവരെക്കൊണ്ട് വൈദികനടുത്ത ശുശ്രൂഷകൾ ചെയ്യിക്കാനും തീരുമാനം എടുത്താൽ എന്താകും അവസ്ഥ…..?

ഇടവകകൾ തങ്ങളുടെ പള്ളികളിലേക്ക് വികാരിമാരായി തങ്ങൾ ആഗ്രഹിക്കുന്ന വൈദികർ മാത്രം വന്നാൽ മതിയെന്ന് തീരുമാനിച്ചാലോ….??!!!

വിശ്വാസത്തേയും ധാർമികതയെയും സംബന്ധിക്കുന്ന കാര്യങ്ങളിൽ പോലും ചിലപ്പോൾ സഭാഗങ്ങൾക്ക് വ്യത്യസ്ത ആശയങ്ങൾ ഉണ്ടായേക്കാം. പക്ഷേ, സഭയുടെ ഔദ്യോഗിക പ്രബോധനാധികാരി ഇക്കാര്യത്തിൽ തീർപ്പുകല്പിച്ചുകഴിഞ്ഞാൽ അതിനു വിധേയപ്പെടുക എന്നതാണ് ഒരു ഉത്തമ വിശ്വാസിയുടെ കടമ. മറിച്ച്, വിശ്വാസികൾ സംഘടിതമായി ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാനും തങ്ങളുടെ തീരുമാനം സഭയുടെ തീരുമാനമായി അംഗീകരിക്കണം എന്ന് വാശിപിടിയ്ക്കാനും തുടങ്ങിയാൽ എന്താകും ഭാവിയിൽ സഭയുടെ അവസ്ഥ….?

പ്രദക്ഷിണം കിഴക്കോട്ടു പോകണോ പടിഞ്ഞാറോട്ട് പോകണോ….
വെടിക്കെട്ടിന് എത്ര ഗുണ്ട് പൊട്ടിക്കണം…..
പള്ളിയ്ക്ക് എന്ത് പെയിന്റ് അടിയ്ക്കണം എന്നൊക്കെ തീരുമാനിക്കുന്നത് പോലെ പൊതുയോഗത്തിലോ ഇടവകയിലെ ലോക്കൽ കമ്മിറ്റികളോ തീരുമാനമെടുക്കേണ്ട തീർത്തും വില കുറഞ്ഞ കാര്യങ്ങളല്ല സഭയുടെ വിശ്വാസവും സന്മാർഗ്ഗവും അതിന്റെ ശ്ലൈഹിക പാരമ്പര്യത്തിന്റെ ഭാഗമായ ആരാധനാക്രമവും ഒക്കെ.
2000 വർഷമായി സഭ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ ഇവയെല്ലാം അഭംഗുരം അതിന്റെ തനിമ ചോരാതെ കാത്തുസൂക്ഷിച്ചത് കൊണ്ടാണ്. സഭയുടെ ഔദ്യോഗിക പ്രബോധനാധികാരത്തിന് വിശ്വാസസമൂഹം വിധേയപ്പെട്ട് ജീവിച്ചത് കൊണ്ടാണ്.

ഇതൊന്നുമില്ലെങ്കിൽ സഭ കേവലം ഒരു സംഘടന (ക്ലബ്‌) യുടെ തലത്തിലേയ്ക്ക് തരം താഴ്ത്തപ്പെടും… ഒത്തുകൂടാൻ ഒരു കെട്ടിടവും പേരിന് കുറേ ആഘോഷങ്ങളും…

അതുകൊണ്ട്, സ്വാർത്ഥ താല്പര്യങ്ങളുടെ പേരിൽ സഭയെ മുറിപ്പെടുത്തുന്നവർ ആലോചിക്കുക: സഭയെ ദഹിപ്പിക്കാൻ കാത്തുനിൽക്കുന്നവരുടെ തീയിൽ എണ്ണ പകരണോ അതോ സഭയിലെ നൈയാമിക പ്രബോധനാധികാരത്തിനു കീഴ്പ്പെട്ട് അതിന് പിന്നിലെ ദൈവഹിതത്തെ തിരിച്ചറിഞ്ഞു പരിശുദ്ധ അമ്മയെപ്പോലെ “ഇതാ കർത്താവിന്റെ ദാസി ” (ലൂക്ക 1/38) എന്ന് പറയണോ?

സ്വാർത്ഥ താല്പര്യങ്ങളുടെ “നിദ്രയിൽ നിന്ന് ഉണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചത് പോലെ പ്രവർത്തിക്കാൻ ” ( മത്തായി 1/24) എല്ലാവർക്കും സാധിക്കട്ടെ. ആമേൻ…..

Midhun Thomas

നിങ്ങൾ വിട്ടുപോയത്