ലോകജനതയെ ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധയില്‍ നിന്നും രക്ഷനേടാനായി രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതിനെ കുറിച്ചാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുമെന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.
നാഡീ വ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് എഫ്എസ്എസ്എഐ നിര്‍ദ്ദേശിക്കുന്നത്. കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഹൃദയത്തിന്റേയും തലച്ചോറിന്റേയും ആരോഗ്യത്തിനും വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്.

പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി കഴിക്കേണ്ട എഫ്എസ്എസ്എഐ നിര്‍ദ്ദേശിച്ച ഭക്ഷ്യ വസ്തുക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം;

1. വാല്‍നട്ട്

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ വസ്തുതാണ് വാല്‍നട്ട്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും വാല്‍നട്ടിന് കഴിവുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായിക്കും. ഡിപ്രഷന്‍ അകറ്റാനും ഓര്‍മ്മശക്തി കൂട്ടാനും മെറ്റബോളിസം വര്‍ധിപ്പിക്കാനും വാല്‍നട്ട് കഴിക്കുന്നത് ഗുണം ചെയ്യും.

2. റാഗി

ശരീരത്തിന് ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിലൊന്നാണ് റാഗി. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ റാഗി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മികച്ച ഭക്ഷണ പദാര്‍ത്ഥമാണ്. കാത്സ്യം, പൊട്ടാസ്യം, ഫൈബര്‍, അയണ്‍, വിറ്റാമിന്‍ സി എന്നിവയുടെ കലവറയാണ് റാഗി.


3. തുവരപ്പരിപ്പ്

പയറുവര്‍ഗങ്ങളില്‍ ഏറ്റവും അധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തുവരപ്പരിപ്പ്. കാര്‍ബോഹൈഡ്രേറ്റും ഫൈബറും പ്രോട്ടീനും ഫോസ്ഫറസുമെല്ലാം തുവരപ്പരിപ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും ഇവ വളരെ മികച്ചതാണ്. രക്തത്തിലെ പഞ്ചസാരുടെ അളവിനെ നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

4. നിലക്കടല

ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് നിലക്കടല. വിറ്റാമിനുകള്‍, പ്രോട്ടീന്‍, കാത്സ്യം, മാംഗനീസ് എന്നിവയെല്ലാം ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും നിലക്കടല സഹായകരമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും നിലക്കടല കഴിക്കുന്നത് നല്ലതാണ്. നാഡിരോഗങ്ങള്‍, മറവി രോഗം എന്നിവയെ തടയാനും നിലക്കടലയ്ക്ക് കഴിവുണ്ട്.

5. പഴം

വിറ്റാമിനകളുടെയും കാത്സ്യത്തിന്റേയും കലവറയാണ് പഴങ്ങള്‍. ആന്റി ഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമായ പഴം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മികച്ച ഭക്ഷണമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിളര്‍ച്ച ഇല്ലാതാക്കാനും പഴം കഴിക്കുന്നത് പ്രയോജനപ്രദമാണ്.

6. ഗോതമ്പ്

ഏറ്റവും കൂടുതല്‍ പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ധാന്യങ്ങളില്‍ ഒന്നാണ് ഗോതമ്പ്. വിറ്റാമിന്‍ ബി 12 ഗോതമ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്ന ഗോതമ്പ് ദഹനശേഷി വര്‍ധിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും വളരെ നല്ലതാണ്.

നിങ്ങൾ വിട്ടുപോയത്