റോം: സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വേണ്ടി ഇറ്റാലിയൻ സർക്കാർ മുന്നോട്ടുവെച്ച ‘ആന്റി ഹോമോഫോബിയ’ നിയമ നിർമ്മാണത്തിനെതിരെ വത്തിക്കാൻ സർക്കാരിനെ ആശങ്ക അറിയിച്ചു. ഇപ്പോൾ ചർച്ചയിൽ ഇരിക്കുന്ന ബില്ലിന്റെ കാര്യത്തിലുള്ള തങ്ങളുടെ ആശങ്ക ചൂണ്ടിക്കാട്ടി വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘറാണ് ഇറ്റാലിയൻ കാര്യാലയത്തിന് കത്ത് നൽകിയത്. എൽജിബിറ്റി ചിന്താഗതിക്കെതിരെ ശബ്ദിക്കുന്നത് നിയമവിരുദ്ധമാക്കുന്നതാണ് നിര്‍മ്മാണം. ഇറ്റാലിയൻ മാധ്യമമായ കോറേറി ഡെല്ലാ സേറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര കരാറൊപ്പിട്ടതിനുശേഷം ഇങ്ങനെ ഒരു സംഭവം അസാധാരണമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാലയങ്ങളില്‍ അടക്കം ക്രൈസ്തവ വിശ്വാസത്തിൽ ഊന്നിയുള്ള വിദ്യാഭ്യാസം നൽകുന്നതിന് പുതിയ നിയമം ഭീഷണിയാകുമെന്ന് കണ്ടാണ് വത്തിക്കാൻ സർക്കാരിന്റെ നിയമനിർമാണത്തെ എതിർക്കാൻ തീരുമാനമെടുത്തതെന്ന് നിരീക്ഷിക്കപ്പെടുന്നു. .

ജനപ്രതിനിധിസഭ കഴിഞ്ഞ നവംബർ മാസം പാസാക്കിയ ബില്ല് ഇപ്പോൾ ജസ്റ്റിസ് കമ്മീഷന്റെ പരിഗണനയിലാണ്. ലിംഗ വ്യത്യാസത്തിന്റെ പേരിൽ വേർതിരിവും, അക്രമങ്ങളും ഒഴിവാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമായി പറഞ്ഞിരിക്കുന്നത്. സർക്കാരുമായി ഒപ്പിട്ടിരിക്കുന്ന കരാർ പ്രകാരം, തങ്ങൾക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന നിർദേശങ്ങളാണ് ബില്ലിലുള്ളതെന്ന് വത്തിക്കാൻ കൈമാറിയ കത്തിൽ പറയുന്നു. 1929ൽ ഇറ്റലിയും വത്തിക്കാനും തമ്മിൽ ഒപ്പുവെച്ച ലാറ്ററൻ ഉടമ്പടി 1984ൽ ഭേദഗതിയിലൂടെ പുതുക്കിയിരിക്കുന്നു.

ഉടമ്പടിപ്രകാരം അജപാലന, വിദ്യാഭ്യാസ, സുവിശേഷവത്കരണ മേഖലകളിലടക്കം ഹിതപ്രകാരം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇറ്റാലിയൻ സർക്കാർ വത്തിക്കാന് നൽകണം. ആർട്ടിക്കിൾ രണ്ട്, ഖണ്ഡിക മൂന്ന് പ്രകാരം കത്തോലിക്കാ വിശ്വാസികൾക്കും, അവരുടെ സംഘടനകൾക്കും ഒത്തുചേരാനും, തങ്ങളുടെ ആശയങ്ങൾ വാക്കുകളിലൂടെയും, എഴുത്തിലൂടെയും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അവകാശമുണ്ട്. എന്നാൽ ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന അവകാശങ്ങൾക്ക് കടിഞ്ഞാണിടുന്നതാണ് പുതിയ ബില്ലെന്നാണ് ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ ചൂണ്ടിക്കാട്ടുന്നത്.

അതിനാൽ ബില്ലിലെ നിർദേശങ്ങളിൽ ഭേദഗതി വേണമെന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. വത്തിക്കാൻ നൽകിയ കത്ത് പാർലമെന്ററികാര്യ ഓഫീസിനും, വിദേശകാര്യ മന്ത്രാലയത്തിനും നൽകിയതായി കോറേറി ഡെല്ലാ സേറയുടെ റിപ്പോർട്ടിൽ പറയുന്നു. കത്ത് പ്രധാനമന്ത്രി മാരിയോ ഡ്രാഗിയുടെയും, പാർലമെന്റിന്റെയും പരിഗണനയ്ക്ക് വരും എന്ന് കരുതപ്പെടുന്നു. പുതിയ ബില്ല് അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഇറ്റാലിയൻ മെത്രാന്മാരും തങ്ങളുടെ ആശങ്ക പങ്കുവച്ചിരുന്നു.

നിങ്ങൾ വിട്ടുപോയത്

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം