വിശ്വാസികളുടെ പിതാവായ അബ്രഹാമിനു ദൈവമായ കര്‍ത്താവു നല്‍കിയ വിവിധ വാഗ്ദത്തങ്ങളെയും അനുഗ്രങ്ങളെയും സംബന്ധിച്ച് ഉല്‍പ്പത്തി പുസ്തകത്തില്‍ മാത്രം 20 തവണയാണ് ആവര്‍ത്തിച്ചു പറയുന്നത്. ഭൗതികമായ നിരവധി അനുഗ്രഹങ്ങള്‍ക്കൊപ്പം അബ്രഹാമിനെ അനുഗ്രഹിക്കുന്നവരും അനുഗ്രഹിക്കപ്പെടുമെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഈ വാഗ്ദത്തങ്ങളില്‍ ഏറെ ശ്രദ്ധേയമായത് അബ്രഹാമിനും അദ്ദേഹത്തിന്‍റെ സന്തതികള്‍ക്കുമായി ഒരു ദേശം നിത്യാവകാശമായി നല്‍കിയിരിക്കുന്നു എന്നതാണ്. ഈ ഉടമ്പടി പ്രകാരം വടക്ക് ദാന്‍ മുതല്‍ തെക്ക് ബെര്‍ഷേബാ വരെയും കിഴക്കു ജോര്‍ദാന്‍ നദിയുടെ സമതലങ്ങളും പടിഞ്ഞാറ് മെഡിറ്ററേനിയന്‍ സമുദ്രവും അതിരുടുന്ന ഭൂപ്രദേശമാണ് വാഗ്ദത്തദേശം. ഇവിടെയാണ് അബ്രഹാമിന്‍റെ തലമുറയിലെ പന്ത്രണ്ട് ഗോത്രങ്ങള്‍ അധിവസിച്ചിരുന്നത്; ഇക്കാര്യം ബി.സി ആറാം നൂറ്റാണ്ടില്‍ എഴുതിയ ജോഷ്വായുടെ പുസ്തകം 13 മുതല്‍ 22 വരെയുള്ള അധ്യായങ്ങളില്‍ കാണാം.

യഹൂദജനത്തിന് ഇസ്രായേല്‍ ദേശം നിത്യനിയമമായി പ്രപഞ്ചസൃഷ്ടാവായ ദൈവം നല്‍കിയെന്നും ഈ വാഗ്ദാനം എക്കാലത്തും നിലനില്‍ക്കുന്നുവെന്നും വിശ്വസിക്കുന്നതാണ് സയോണിസം (Zionism) ഇക്കാര്യങ്ങളെല്ലാം വിശ്വസിക്കുന്ന ക്രൈസ്തവരെ ക്രിസ്റ്റ്യന്‍ സയോണിസ്റ്റുകള്‍ (Christian Zionist) എന്നു വിളിക്കുന്നു. ക്രിസ്റ്റ്യന്‍ സയോണിസം എന്നൊരു “ഇസ”ത്തിന്‍റെ ഭാഗമാകുന്നതിനേക്കാള്‍ ഇസ്രായേല്‍ ദേശത്ത് യഹൂദ ജനത യഥാസ്ഥാനപ്പെടണം എന്നാഗ്രഹിക്കുന്നവരാണ് ക്രൈസ്തവരില്‍ മഹാഭൂരിപക്ഷവും. ഈ അര്‍ത്ഥത്തില്‍ ക്രിസ്റ്റ്യന്‍ സയോണിസ്റ്റുകളെ “യഥാസ്ഥാപന വാദികള്‍” (restorationist) എന്നും വിളിക്കാറുണ്ട്.

🟦ആദിമ ക്രൈസ്തവസഭയും

യഹൂദരും

എഡി 70ലും 135ലുമായി റോമന്‍ സൈന്യം ഇസ്രായേലിനെ കീഴടക്കുകയും യഹൂദജനതയെ അതിക്രൂരമായി കൊലചെയ്യുകയും ചെയ്തു. തത്ഫലമായി യഹൂദന്‍ ലോകത്തെല്ലായിടത്തേക്കുമായി ചിതറിപ്പോയി. ഇപ്രകാരം ചിതറിപ്പോയ യഹൂദരെല്ലാവരും ഇസ്രായേലില്‍ തിരികെയെത്തി ഇസ്രായേല്‍ രാഷ്ട്രം യഥാസ്ഥാനപ്പെടണമെന്നും അതിനുശേഷം മാത്രമേ യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ ആഗമനം സംഭവിക്കൂ എന്നൊരു വിശ്വാസം ക്രൈസ്തവലോകത്ത് പ്രചാരത്തിലുണ്ട്. ഈ വാദത്തിന് ആദിമസഭയോളം പഴക്കമുണ്ടെന്നു കാണാന്‍ കഴിയും.

2 തെസ്സലോനിക്ക 2-ാം അധ്യായത്തില്‍ വിവരിക്കുന്ന അന്ത്യകാല സംഭവങ്ങളുടെ പശ്ചാത്തലം രൂപപ്പെടുന്നത് ഇസ്രായേലിന്‍റെ യഥാസ്ഥാപനവുമായുള്ള ബന്ധത്തിലാണെന്ന് ആദിമസഭ ഒരുവിഭാഗം വിശ്വസിച്ചിരുന്നു. സഭാപിതാവായിരുന്ന ഐറേണിയസ് (എഡി 180) ദുരുപദേശങ്ങള്‍ക്കെതിരേ എഴുതിയ അഞ്ചാം പുസ്തകം, മുപ്പതാം അധ്യായം, നാലാം പാരഗ്രാഫില്‍ ഈശോമശിഹായുടെ രണ്ടാം വരവിന് യഹൂദരുടെ യഥാസ്ഥാപനവുമായുള്ള ബന്ധത്തെ പരാമര്‍ശിക്കുന്നുണ്ട്.

ഇസ്രായേലിന്‍റെ യഥാസ്ഥാപനത്തിനു ശേഷം യേശുക്രിസ്തു മടങ്ങിവന്ന് ഇസ്രായേല്‍ കേന്ദ്രമാക്കി ആയിരം വര്‍ഷം (millennium) നീതിയോടെ ഭരിക്കുമെന്നു ഒരുവിഭാഗം ക്രൈസ്തവര്‍ കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി വിശ്വസിക്കുന്നു. വെളിപാട് പുസ്തകം 20-ാം അധ്യായം ആക്ഷരികമായി സംഭവിക്കുമെന്നു വിശ്വസിക്കുന്ന ഇവരെ പ്രീമില്ലേനിയല്‍ വാദികള്‍ എന്നാണു വിളിക്കുന്നത്. ഇന്നുള്ള എല്ലാ ക്രിസ്റ്റ്യന്‍ സയോണിസ്റ്റുകള്‍ക്കും പ്രീമില്ലേനിയലിസം ഉയര്‍ത്തുന്ന എല്ലാ വാദങ്ങളുമായി വലിയ ബന്ധമൊന്നുമില്ല. എന്നാല്‍ വെളിപാടു പുസ്തകത്തിന്‍റെ അടിസ്ഥാനത്തില്‍ അപ്പൊസ്തൊലന്മാരും ആദിമസഭയും സഭാ പിതാക്കന്മാരില്‍ ഒരുവിഭാഗവും പ്രീമില്ലേനിയലിസ്റ്റുകള്‍ (premillennialism) ആയിരുന്നുവെന്നാണ് പ്രൊട്ടസ്റ്റന്‍റ് മൂവ്മെന്‍റിന്‍റെ ഭാഗമായുള്ള ക്രിസ്ത്യന്‍ സയോണിസ്റ്റുകള്‍ വാദിക്കുന്നത്. എന്നാല്‍ പ്രൊട്ടസ്റ്റന്‍റ് മൂവ്മെന്‍റിനു തുടക്കക്കാരായി അറിയപ്പെട്ടിരുന്ന മാര്‍ട്ടിന്‍ ലൂഥറും ജോണ്‍ കാല്‍വിനും യേശുക്രിസ്തുവിന്‍റെ ആയിരമാണ്ട് വാഴ്ച എന്ന വെളിപാടു പുസ്തകത്തിലെ പ്രസ്താവനയെ സംശയത്തോടെ കണ്ടിരുന്നവരായിരുന്നു എന്നാണ് പ്രൊട്ടസ്റ്റന്‍റ് തിയോളജിയന്മാർ തന്നെ വെളിപ്പെടുത്തുന്നത്. വെളിപാടു പുസ്തകത്തെ ആദ്യകാല പ്രൊട്ടസ്റ്റന്‍റുകള്‍ അംഗീകരിച്ചിരുന്നുമില്ല. (ഈ വിഷയം അടുത്ത ലേഖനത്തില്‍ കൂടുതല്‍ പ്രതിപാദിക്കുന്നുണ്ട്)

🟦ക്രൈസ്തവസഭയാണ്

“യഥാര്‍ത്ഥ ഇസ്രായേല്‍” എന്ന വാദം

ലോകത്തെല്ലായിടത്തുമായി ചിതറിപ്പാര്‍ക്കുന്ന യഹൂദര്‍ വാഗ്ദത്തദേശമായ ഇസ്രായേലില്‍ തിരികെയെത്തണമെന്ന വാദം നിലനില്‍ക്കുമ്പോഴും ഈശോമശിഹായുടെ രണ്ടാം വരവിന് ഇസ്രായേലിന്‍റെ യഥാസ്ഥാപനവുമായി യാതൊരു ബന്ധവുമില്ല എന്നു വാദിക്കുന്നവരും ആദിമസഭ മുതല്‍ ക്രൈസ്തവ ലോകത്തുണ്ട്. ഒന്നാം നൂറ്റാണ്ടിലെ സഭാപിതാവും രക്തസാക്ഷിയുമായിരുന്ന ജസ്റ്റിന്‍ മാര്‍ട്ടയര്‍ (എഡി 100-165) ട്രൈഫൂ എന്ന യഹൂദനുമായി നടത്തിയ സംവാദങ്ങളില്‍ (Dialogue with Trypho)

ക്രൈസ്തവസഭയാണ് യഥാര്‍ത്ഥ ഇസ്രായേലെന്ന് വാദിക്കുന്നതു കാണാം. (അധ്യായം 11). പുതിയനിയമ സഭയുടെ കാലത്ത് പഴയനിയമത്തില്‍ പ്രതിപാദിക്കുന്ന വിധമുള്ള പ്രസക്തി ഇസ്രായേലിനില്ല എന്നായിരുന്നു ജസ്റ്റിന്‍ മാര്‍ട്ടയറുടെ വാദം. അതിനാല്‍, യഹൂദ വാഗ്ദത്ത ദേശമായ ഇസ്രായേലിന് ക്രൈസ്തവ സഭയുടെ അന്ത്യകാല സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ആദിമസഭയിലെ ഒരുവിഭാഗം പിതാക്കന്മാര്‍ കരുതിയിരുന്നു.

🟦റീപ്ലെയ്സ്മെന്‍റ് തിയോളജിയും

യഹൂദവേട്ടയും

അബ്രഹാമിനും അവന്‍റെ സന്തതിക്കുമായി നല്‍കപ്പെട്ട എല്ലാ വാഗ്ദത്തങ്ങളും യേശുക്രിസ്തുവിലൂടെ ക്രൈസ്തവ സഭയ്ക്ക് വന്നുചേര്‍ന്നുവെന്നും സഭയാണ് ഇപ്പോള്‍ പുതിയ ഇസ്രായേല്‍ എന്നുമൊരു വാദം ക്രൈസ്തവസഭയിലുണ്ടായി. ക്രൈസ്തവരാണ് ഇപ്പോള്‍ ദൈവത്തിന്‍റെ ജനമെന്നും മോശെയിലൂടെ കൈമാറപ്പെട്ട പഴയനിയമ പ്രമാണങ്ങള്‍ കാലഹരണപ്പെട്ടെന്നും ക്രിസ്തുവിലൂടെ പുതിയനിയമം സ്ഥാപിതമായെന്നും വിശ്വസിക്കുന്നവരുണ്ട്. സഭയെ ഇസ്രായേലിന് പകരമായി അവതരിപ്പിച്ചതോടെ (replacement theology) യഹൂദനെ സഭ പൂര്‍ണ്ണമായും കൈയൊഴിഞ്ഞ സ്ഥിതിയുണ്ടായി. സഭയുടെ ആരംഭകാലത്ത് പ്രബലരായിരുന്നു യഹൂദ സമൂഹമെങ്കില്‍ കാലംകഴിഞ്ഞതോടെ വിജാതീയ ക്രൈസ്തവര്‍ സഭയുടെ നേതൃസ്ഥാനത്തേക്ക് കടന്നുവരികയും യഹൂദ ക്രൈസ്തവര്‍ പൂര്‍ണ്ണമായി വിസ്മരിക്കപ്പെടുകയും ചെയ്തു. ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ സഭ പൂര്‍ണ്ണമായും യഹൂദവിമുക്തമായി. തല്‍ഫലമായി “വിജാതീയന്‍റെ ഗര്‍വ്വ്” (Gentile Pride) എന്നറിയപ്പെടുന്ന ക്രൈസ്തവരുടെ ഔദ്ധത്യചിന്ത പ്രബലമായി. പൗലോസ് സ്ലീഹാ റോമാ ലേഖനം എഴുതുന്ന എഡി 60 മുമ്പുതന്നെ ഇത്തരമൊരു അഹന്ത ആദിമക്രൈസ്തവരില്‍ രൂപപ്പെട്ടിരുന്നു. വിജാതീയ ക്രൈസ്തവരുടെ ഈ അഹന്തയെ സ്ലീഹാ നിശിതമായി വിമര്‍ശിച്ചത് റോമലേഖനം 11-ാം അധ്യായത്തില്‍ വായിക്കാം.

റീപ്ലേയ്സ്മെന്‍റ് തിയോളജി ഉയര്‍ത്തിയ വാദങ്ങള്‍ക്ക് പിന്നീട് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് യഹൂദ ചരിത്രത്തില്‍ തുടര്‍മാനമായി ഉണ്ടായത്. ചരിത്രത്തില്‍ യഹൂദന്‍ വേട്ടയാടപ്പെട്ടപ്പോഴെല്ലാം ക്രൈസ്തവസഭ ഭയാനകമായ മൗനത്തോടെ വെറും കാഴ്ചക്കാരായി നിന്നു. യഹൂദര്‍ കര്‍ത്താവായ യേശുവിനെയും പ്രവാചകന്മാരേയും വധിച്ചു, ഞങ്ങളെ ആട്ടിപ്പുറത്താക്കി (1 തെസ്സ 2:15) എന്ന പൗലോസിന്‍റെ എഴുത്തുകളില്‍ പ്രതിപാദിക്കുന്ന യഹൂദന്‍ എന്ന പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ മുഴുവന്‍ യഹൂദരെയും ക്രൈസ്തവര്‍ ദൈവഘാതകരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി. അതിനാല്‍ യഹൂദനോടു കടുത്ത വിദ്വേഷമുള്ള വലിയൊരു വിഭാഗം ക്രൈസ്തവര്‍ ലോകചരിത്രത്തിലുണ്ടായി. വാസ്തവത്തില്‍ താന്‍ ഉള്‍പ്പെടുന്ന അപ്പൊസ്തൊലന്മാരും ഈശോമശിഹായുമെല്ലാം യഹൂദരായിരിക്കെ പൗലോസ് എഴുതിയത് മുഴുവന്‍ യഹൂദരേയും ഉള്‍പ്പെടുത്തിയായിരുന്നില്ല, ക്രിസ്തുവിനെ ക്രൂശിച്ചതിന് കൂട്ടുനിന്ന മത, രാഷ്ട്രീയ നേതൃത്വത്തെ മാത്രമായിരുന്നു പൗലോസ് സ്ലീഹാ വിവക്ഷിച്ചത്.

🟦ഇസ്ലാമും യഹൂദനും

ആറാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ഇസ്ലാമതത്തിന്‍റെ ആവിര്‍ഭാവത്തോടെ ആന്‍റിസെമിറ്റിസം അറേബ്യന്‍ നാടുകളില്‍ അതിവേഗം പടര്‍ന്നുപിടിച്ചു. യഹൂദന്‍ മുസ്ലിംകളുടെ മാത്രമല്ല, തങ്ങളുടെ ദൈവത്തിന്‍റെയും ശത്രുവാണെന്ന് അവര്‍ കണക്കാക്കി. മക്കയിലും മദീനയിലുമുള്ള ആയിരക്കണക്കിന് യഹൂദരെ പ്രവാചകന്‍ മുഹമ്മദിന്‍റെ കാലത്ത് വംശഹത്യ നടത്തി ഇല്ലായ്മചെയ്തു. മുഹമ്മദിന്‍റെ വാദങ്ങളെ യഹൂദര്‍ ഖണ്ഡിച്ചു എന്നതൊഴികെ യഹൂദനെ ഇത്രമേല്‍ വെറുക്കേണ്ട യാതൊരു കാരണവും ഈ രണ്ടു മതദര്‍ശനനങ്ങളും തമ്മില്‍ നിലനിന്നിരുന്നില്ല. യഹൂദനെ രക്തക്കൊതിയന്മാരായും പിശാചുക്കളായും അവതരിപ്പിച്ചു. പല ഇസ്ലാമിക പ്രസംഗകരും അവരുടെ മാധ്യമങ്ങളും യഹൂദനെ പന്നിയോടും കഴുതയോടും നായ്ക്കളോടും ക്ഷുദ്രിജീവികളോടും ഉപമിച്ചു. അവരെ മനുഷ്യരായി കാണാന്‍ കഴിയാത്ത ഒരു മാനസികാവസ്ഥ ഇസ്ലാമതവിശ്വാസികളില്‍ സൃഷ്ടിക്കപ്പെട്ടു.

റോമന്‍ കാലഘട്ടത്തില്‍തന്നെ ക്രൈസ്തവ സഭ യഹൂദനെ കൈയൊഴിഞ്ഞതിനാല്‍ ആദിമനൂറ്റാണ്ടുകളില്‍ തന്നെ സാമൂഹികമായി യഹൂദര്‍ തീര്‍ത്തും ഒറ്റപ്പെട്ടിരുന്നു. ഇതിനു പുറമെ ഇസ്ലാമിന്‍റെ പീഡനങ്ങളും അധിനിവേശവും യഹൂദനുമേല്‍ ശക്തമായതോടെ രാജ്യമില്ലാത്ത ജനങ്ങളും, ജനങ്ങളില്ലാത്ത രാജ്യവും എന്ന പേരില്‍ യഹൂദന്‍ ലോകത്തില്‍ ആര്‍ക്കും വേണ്ടാത്തവനായി മാറി.

🟦ക്രിസ്റ്റ്യന്‍ യൂറോപ്പും യഹൂദരും

തെറ്റിദ്ധാരണകളും അധിക്ഷേപങ്ങളും അടിച്ചമര്‍ത്തലുകളുമായി നൂറ്റാണ്ടുകളോളം യഹൂദവിരോധം വച്ചുപുലര്‍ത്തിയ കഥയാണ് ക്രിസ്റ്റ്യന്‍ യൂറോപ്പിനു പറയുവാനുള്ളത്. ഇതിന്‍റെ പരകോടിയിലായിരുന്നു ജര്‍മ്മിനിയില്‍ ഹിറ്റ്ലറുടെ നേതൃത്വത്തില്‍ അതിനിഷ്ഠൂരമായ യഹൂദവംശഹത്യ നടന്നത്. യഹൂദവിരോധത്തിന്‍റെ ഭയാനകത കണ്ട് ലോകം നടുങ്ങി.

🟦രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും

യഹൂദരും

രണ്ടാംലോക മഹായുദ്ധത്തിന്‍റെ കെടുതികളില്‍നിന്ന് ലോകം ഒരുവിധം കരകയറിയതിനു ശേഷമായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടക്കുന്നത്. മനുഷ്യവംശത്തെ ബാധിക്കുന്നതും സഭ നേരിടുന്നതും കാലികമായി പ്രതികരിക്കേണ്ടതുമായ വിവിധവിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇക്കൂട്ടത്തില്‍ യഹൂദരോടുള്ള കത്തോലിക്കാ സഭയുടെ ബന്ധം എപ്രകാരമായിരിക്കണം എന്നും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുസ്സഭയ്ക്ക് അക്രൈസ്തവ മതങ്ങളോടുള്ള ബന്ധം സംബന്ധിച്ച് പുറപ്പെടുവിച്ചിരിക്കുന്ന രേഖയില്‍ സഭയ്ക്ക് യഹൂദരോടുള്ള ആത്മബന്ധം എത്രമേല്‍ ശ്രേഷ്ഠമാണെന്ന് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അബ്രഹാമിന്‍റെ വംശജരോടു പുതിയ ഉടമ്പടിയിലെ ദൈവജനത്തിനുള്ള ആധ്യാത്മികബന്ധം സ്മരിച്ചുകൊണ്ടാണ് ഈ രേഖ ആരംഭിക്കുന്നത്.

“പഴയനിമയത്തിലെ ദൈവാവിഷ്കരണം സഭയ്ക്ക് ലഭ്യമായത് പഴയദൈവജനം മുഖേനയാണ്. ഈ യാഥാര്‍ത്ഥ്യം സഭയ്ക്ക് മറക്കാനാവില്ല. ആ ജനതയോടുള്ള പഴയ ഉടമ്പടിക്കു രൂപംകൊടുക്കാന്‍ തന്‍റെ അവാച്യമായ കാരുണ്യത്താല്‍ ദൈവം തിരുമനസ്സായി. ആ നല്ല ഒലിവുവൃക്ഷത്തിന്‍റെ തായ്ത്തടയില്‍ നിന്നാണ് താന്‍ ജീവരസം പങ്കുപറ്റുന്നതെന്നത് അവള്‍ക്ക് (സഭ) മറക്കാന്‍ കഴിയില്ല. പ്രസ്തുത ഒലിവു മരത്തിലാണ് പുറജാതികളാകുന്ന കാട്ടൊലിവു ശിഖരങ്ങള്‍ ഒട്ടിച്ചേര്‍ത്തിരിക്കുന്നത്. പോരെങ്കില്‍ കുരിശുവഴി നമ്മുടെ സമാധാനമായ ക്രിസ്തു യഹൂദരേയും പുറജാതികളെയും രഞ്ജിപ്പിച്ചു തന്നില്‍ ഏകീകരിച്ചുവെന്നതാണ് സഭയുടെ വിശ്വാസം.

വിശുദ്ധ പൗലോസ് ശ്ലീഹാ സ്വവംശജരെക്കുറിച്ചു പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങള്‍ സഭയുടെ കണ്‍മുന്നില്‍നിന്ന് ഒരിക്കലും മായുകയില്ല. ദത്തുപുത്രസ്ഥാനം അവരുടേതാണ്, മഹത്വവും ഉടമ്പടിയും നിയമസംഹിതയും ദൈവാരാധനക്രമങ്ങളും വാഗ്ദാനങ്ങളും അവരുടേതാണ്, പിതാക്കന്മാരും അവരുടേതാണ്, കന്യകമറിയാമിന്‍റെ പുത്രനായ ക്രിസ്തുവിന്‍റെ ജനനവും ശാരീരികമായി അവരില്‍നിന്നു തന്നെയാണ് (റോമ 9:4-5) അതുപോലെതന്നെ സഭയുടെ അസ്തിവാരവും നെടുംതൂണുകളുമായ ശ്ലീഹന്മാര്‍ ജന്മമെടുത്തതും യഹൂദജനത്തില്‍നിന്നാണെന്നും സഭ സ്മരിക്കുന്നു. ആദ്യ ശിഷ്യന്മാരില്‍ ഭൂരിഭാഗവും യഹൂദവംശജരായിരുന്നു, ക്രിസ്തുവിന്‍റെ സുവിശേഷസന്ദേശം ലോകത്തോടു പ്രസംഗിച്ചതും അവരായിരുന്നു. ശരിയാണ്, യഹൂദപ്രമാണികളും അവരുടെ പിണിയാളുകളും ക്രിസ്തുവിനെ വധിക്കണമെന്ന് മുറവിളികൂട്ടി, എന്നാലും അവിടുത്തെ പീഡാനുഭവ വേളയിലുണ്ടായ സംഭവങ്ങള്‍ക്കെല്ലാം അന്നത്തെ യഹൂദരെ തുല്യ അപരാധികളായി കണക്കാക്കിക്കൂട. ഇന്നുള്ളവര്‍ അതിന് ഉത്തരവാദികളുമല്ല, പുതിയ ദൈവജനം തിരുസ്സഭ ആയിരിക്കുന്നതുകൊണ്ട് യഹൂദരെ ദൈവം ശപിച്ചുതള്ളിയതായി ചിത്രീകരിച്ചുകൂട. അങ്ങനെയൊരു ആശയം വിശുദ്ധലിഖിതങ്ങളിലില്ല” – രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നു

വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം തുടങ്ങിയ പല ഗ്രീക്ക് സഭാ പിതാക്കന്മാരും യഹൂദര്‍ക്കെതിരേ കടുത്ത നിലപാടു സ്വീകരിക്കാന്‍ വേദഗ്രന്ഥം ഉദ്ധരിച്ചിട്ടുണ്ട് എന്ന തിരിച്ചറിഞ്ഞ കൗണ്‍സില്‍ അതിനു നിരോധനം കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. “തിരസ്കൃതരും ശപിക്കപ്പെട്ടവരുമായി യഹൂദരെ മുദ്രകുത്താന്‍ വിശുദ്ധഗ്രന്ഥം ഉദ്ധരിച്ചുകൂടാ” എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അസന്നിഗ്ധമായി പ്രസ്താവിക്കുന്നു. (രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ്, അക്രൈസ്തവ മതങ്ങള്‍, യഹൂദമതം)

“സഭയുടെ ആവിര്‍ഭാവത്തോടെ ദൈവത്തിന് ഇസ്രായേലിനോടുള്ള സ്നേഹവും ഈ വംശത്തോടുള്ള തന്‍റെ പദ്ധതികളും ഇല്ലാതെയായി എന്ന വാദം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല” സിസിസി 219 ല്‍ വ്യക്തമാക്കുന്നുണ്ട്.

റോമാ ലേഖനത്തില്‍ പൗലോസ് അപ്പൊസ്തൊലന്‍ വിശദീകരിക്കുന്നത്, തന്‍റെ ജനമായ യഹൂദരെ പിതാവായ ദൈവം ഒരിക്കലും പരിത്യജിച്ചിട്ടില്ല എന്നാണ് (റോമ 11:1). ഇസ്രായേലിനെ സംബന്ധിച്ച ദൈവത്തിന്‍റെ തെരഞ്ഞെടുപ്പ്, അവരുടെ പൂര്‍വ്വികരോടുള്ള നിത്യമായ ഉടമ്പടിയുടെ ഭാഗമാണ്, അതിനാല്‍ ഇസ്രായേല്‍ എക്കാലത്തും ദൈവത്തിന്‍റെ സ്നേഹഭാജനങ്ങള്‍ തന്നെയാണെന്നും ദൈവം നല്‍കിയ ദാനങ്ങളും പദവികളും ഒരിക്കലും പിന്‍വലിക്കപ്പെടുകയില്ല എന്നും പൗലോസ് ഓര്‍മ്മിപ്പിക്കുന്നു (റോമ 11:28,29).

കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ ചരിത്രത്തിനുള്ളില്‍ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നു യഹൂദര്‍ നേരിട്ട എല്ലാ യഹൂദവിരോധത്തിനുമായി 2000 മാര്‍ച്ച് 13ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ യഹൂദരോടു പരസ്യമായി ക്ഷമചോദിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്‍റെ പിന്‍ഗാമികളായി സഭയെ നയിക്കാന്‍ നിയുക്തരായ പരിശുദ്ധപിതാക്കന്മാരായ ബനഡിക്ട് പതിനാറാമനും ഫ്രാന്‍സിസ് പാപ്പായുമെല്ലാം യഹൂദരോടു വലിയ അലിവും ആര്‍ദ്രതയുമെല്ലാം പരസ്യപ്പെടുത്തുകയും ഇതിലൂടെ ക്രൈസ്തവ സഭയുടെ യഹൂദബന്ധം ഏറെ ഊഷ്മളമാവുകയും ചെയ്തു (തുടരും)

മാത്യൂ ചെമ്പുകണ്ടത്തില്‍

നിങ്ങൾ വിട്ടുപോയത്