Know and see that it is evil and bitter for you to forsake the Lord your God
(Jeremiah 2:19) ✝️

ദൈവത്തെ ഉപേക്ഷിക്കുന്നവൻ മരണത്തിലേയ്ക്ക് ആണ് സഞ്ചരിക്കുന്നത്. കർത്താവായ യേശുക്രിസ്തു മാത്രമാണ് വഴിയും, സത്യവും, ജീവനും . ജീവന്റെയും മരണത്തിന്റെയും മാർഗ്ഗങ്ങൾ നമ്മുടെ മുൻപിൽ സദാ പ്രത്യക്ഷപ്പെടുന്നുണ്ട്. അവ രണ്ടിലും നിന്ന് നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് നൽകുന്നുമുണ്ട്. പാപത്തിലും സുഖലോലുപതയിലും പൂണ്ടുകിടക്കുന്ന ലോകത്തിൽ നിത്യജീവനിലേക്ക് നയിക്കുന്ന ശരിയായ വഴികൾ കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്.
തിരുവചനം നോക്കിയാൽ ദൈവത്തെ ഉപേക്ഷിച്ച് നാശത്തിന്റെ വഴിയിലൂടെ നടന്നവർ ആയിരുന്നു, ഇസ്രായേൽ രാജാവായിരുന്ന സാവൂൾ, യേശുവിന്റെ ശിഷ്യൻ ആയിരുന്ന യൂദാസ്, എന്നിവരൊക്കെ. ദൈവത്തെ ഉപേക്ഷിച്ച അവരുടെ ഒക്കെ അവസാനം അവസാനിച്ചത് നിത്യ നാശത്തിൽ ആണ്. പ്രഥമ ദൃഷ്ടിയിൽ നമുക്ക് എളുപ്പവും സുരക്ഷിതവുമെന്നു തോന്നുന്ന വഴികളാണ് ജീവിതത്തിൽ പല അവസരങ്ങളിൽ നമ്മൾ തിരഞ്ഞെടുക്കാറുള്ളത്; പക്ഷേ, അവ ശരിയായ വഴിയായിരിക്കണം എന്ന് എപ്പോഴും നമ്മൾ നിർബന്ധം പിടിക്കാറില്ല. നമുക്ക് ഇഷ്ടമുള്ള വഴികൾ എല്ലായ്പ്പോഴും ലക്ഷ്യത്തിൽ എത്തണമെന്നില്ല. നമുക്ക് “ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്ക് നയിക്കുന്നതാവാം.

രക്ഷകനാകാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടതാണ് യേശു. യേശുക്രിസ്തു മാത്രമാണ് “വഴിയും, സത്യവും, ജീവനും. വഴിയും, സത്യവും, ജീവനുമായ യേശുവിനെ നാം ഓരോരുത്തർക്കും അനുഗമിക്കാം. ദൈവത്തെ അനേഷിക്കുന്ന ഒട്ടേറെപ്പേരിൽ സാത്താൻ വിതയ്ക്കുന്ന ഒരു നുണചിന്തയാണ്, ദൈവഭക്തർ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം ഉപേക്ഷിക്കേണ്ടിവരും എന്നത്. പാപത്തിന്റെ വർണ്ണപകിട്ടിനടിമകളായി, ദൈവത്തെ നിന്ദിക്കുന്നവർക്കു നഷ്ടമാകുന്നത്, ദൈവം നൽകുന്ന യഥാർത്ഥമായ സ്വാതന്ത്ര്യമാണ്. നാം എല്ലാവരും യേശുവിന്റെ തിരുരക്തത്തിന്റെ വിലയാൽ പാപത്തിൽനിന്നും സ്വതന്ത്രരാക്കപ്പെട്ട ക്രിസ്തുശിഷ്യരാണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ






