സംതൃപ്തനാക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. തിരുവചനത്തിൽ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് നിരവധി പേരെ സംതൃപ്തനാക്കിയ ദൈവമാണ് നമ്മുടെ ദൈവം. മനുഷ്യദൃഷ്ടിയിൽ അഞ്ച് അപ്പവും രണ്ടുമീനും ജനക്കൂട്ടത്തിന്റേത് പോയിട്ട് ഒരു കുടുംബത്തിന്റെ പോലും വിശപ്പടക്കാൻ പര്യാപ്തമായെന്നു വരികയില്ല. എന്നാൽ ദൈവത്തിന്റെ കരസ്പർശമേറ്റപ്പോൾ അവ വലിയൊരു ജനക്കൂട്ടത്തിന്റെ വിശപ്പടക്കുവാൻ ഉപയുക്തമായെന്നു മാത്രമല്ല, ധാരാളമായി ബാക്കി വരാനും കാരണമായി. നിസ്സാരമെന്നു കരുതി നമ്മൾ കാര്യമാക്കി എടുക്കാത്ത നമ്മിലെ പല കഴിവുകളും വിശ്വാസത്തോടെ ദൈവകരങ്ങളിലേക്ക് കൊടുക്കാൻ നാം തയ്യാറായാൽ, അവ ഉപയോഗിച്ച് നമുക്ക് സ്വപ്നം കാണുവാൻ പോലും സാധിക്കാത്ത വിധത്തിലുള്ള ഫലങ്ങൾ പുറപ്പെടുവിക്കുവാൻ ഇന്നും ദൈവത്തിനാകും.
ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടു നേടുന്നതല്ല ഇത്. ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം. ഒരുവന്‍റെ അവകാശങ്ങളെ സന്തോഷത്തോടുകൂടി വിട്ടുകൊടുക്കുമ്പോഴാണ് ദൈവാനുഗ്രഹം കടന്നു വരുന്നത്. പരിഭവം കൂടാതെ അബ്രാഹം തന്‍റെ പ്രിയപ്പെട്ട മകനെ ദൈവത്തിനു കൊടുത്തു. ഏറ്റവും ഇഷ്ടപ്പെട്ടതൊക്കെ ജീവിതത്തില്‍ നഷ്ടപ്പെടുമ്പോള്‍ പതറാതെ നില്‍ക്കുവാന്‍ നമുക്കു കഴിയുമോ? തന്‍റെ പുറങ്കുപ്പായം ആവശ്യപ്പെടുമ്പോള്‍ അകത്തുള്ളതു കൂടി കൊടുക്കുവാനും, ഒരു മൈല്‍ ദൂരം കൂടെ നടക്കുവാനാവശ്യപ്പെടുന്നവനൊപ്പം മറ്റൊരു മൈല്‍കൂടി നടക്കുവാനും യേശു പഠിപ്പിക്കുന്നത് നാം ധ്യാനവിഷയമാക്കണം. ഇത്തരത്തിലുള്ള മനോഭാവം കാത്തുസൂക്ഷിക്കുന്നവനെ ദൈവം അനുഗ്രഹിക്കും.
ഒരു വ്യക്തിയില്‍ ദൈവാനുഗ്രഹം വരുന്നത് അവന്‍ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്‍റെ ഹിതപ്രകാരം തന്‍റെ ജീവിതത്തെ നടത്തുന്നതിനും, തന്‍റെ സമ്പത്തു മുഴുവന്‍ ദൈവഹിതപ്രകാരം ഉപയോഗിക്കുന്നതിനും അബ്രാഹം മനസ്സു കാണിച്ചു. ഈ സമ്പൂര്‍ണ്ണ സമര്‍പ്പണം ദൈവാനുഗ്രഹത്തിന്‍റെ ഒഴുകിയെത്തലില്‍ കാരണമായി. “ഇതാ കര്‍ത്താവിന്‍റെ ദാസി”യെന്ന് സമര്‍പ്പണമനസ്സോടെ മറിയം പറഞ്ഞപ്പോഴാണല്ലോ യേശു മാതാവിന്‍റെ ഉദരത്തില്‍ ഉരുവായത്. ദൈവത്തിനുവേണ്ടി സമര്‍പ്പിച്ചവരെയെല്ലാം അവിടുന്ന് അനുഗ്രഹിച്ചിട്ടുണ്ട്. നാം ഓരോരുത്തരെയും ദൈവകരങ്ങളിൽ സമർപ്പിക്കാം.