നോമ്പുകാലം നാലാം ആഴ്ച്ച =========

കുരിശിന്റെ പാതയിലൂടെയുള്ള തീർത്ഥയാത്രയുടെ നാലാം ആഴ്ച്ച. നമ്മുടെ ജീവിത വിചിന്തന സഹായി ആയി നമുക്കിന്ന് യുദാസിനെ കൂട്ടുപിടിക്കാം.കർത്താവിനെ ഒറ്റിക്കൊടുത്തവൻ കൂടെ നടന്ന് വഞ്ചിച്ചവൻ വിശ്വസിക്കാൻ കൊള്ളാത്തവൻ തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾ നാമവന് ചാർത്തിക്കൊടുത്തിട്ടുണ്ട്. എന്നാൽ ഒന്ന് അവനോട് ചേർന്ന് നിന്ന് ചിന്തിച്ചാൽ ഒരു പക്ഷേ നമ്മെയും അവന്റെ കൂട്ടത്തിൽ നാം കണ്ടെന്ന് വരാം.

ഗുരുവിന്റെ കൂടെ നടന്ന യൂദാസ് ഗുരുവിന്റെ ആധികാരികമായ സംസാര ശൈലി, പ്രബോധന രീതി, അമാനുഷികമായ ശക്തി, അത്ഭുതപ്രവർത്തികൾ തുടങ്ങിയവയെല്ലാം സസൂഷ്മം വീക്ഷിക്കുകയും സ്വാഭാവികമായും അവയെല്ലാം അവനെ സ്വാധീനിക്കുകയും അഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ടാവണം.

മാനുഷികമായ യൂദാസിന്റെ ബലഹീനതയയിരുന്നു ധനാസക്തി. അവന്റെ ബലഹീനതയെ ചൂഷണം ചെയ്തവർ ഗുരുവിനെ ഒറ്റിക്കൊടുക്കുന്നതിനായി അവനെ ‘purchase ‘ ചെയ്തു എന്നതാണ് യാഥാർഥ്യം.

ഗുരുവിന്റെ കഴിവുകളെ നേരിട്ടറിഞ്ഞവൻ ഒരു പക്ഷേ ചിന്തിച്ചിരിക്കാം ‘ താൻ ഗുരുവിനെ കാട്ടിക്കൊടുത്താലും അവർക്ക് അവനെ ഒന്നും ചെയ്യാൻ സാധിക്കില്ലായെന്ന്.

ബലഹീനതകൾ ഏവരിലും ഉണ്ട് . അത് അധികാരത്തിനോ , നാമത്തിനോ , അംഗീകാരത്തിനോ , സമ്പത്തിനോ സുഖങ്ങൾക്കോ എന്തിനുവേണ്ടിയുള്ളതുമാവാം. ആ ബലഹീനതകളെ സാഹചര്യങ്ങളോ വ്യക്തികളോ ‘purchase ‘ ചെയ്തുവെന്നും വരാം.

ജീവിതപങ്കാളിയോട് വഞ്ചന കാട്ടുമ്പോൾ , വിശ്വസിച്ചു ഒപ്പം നടന്ന ആത്മാർത്ഥ സുഹൃത്തിനെ സ്ഥാപിത താല്പര്യത്തോടെ തള്ളിപ്പറയുമ്പോൾ, സ്വന്തം തെറ്റ് സഹപ്രവർത്തകന് മേൽ ആരോപിച്ചു സ്വയം രക്ഷ നേടാൻ ശ്രമിക്കുമ്പോൾ എല്ലാം ഉള്ളിലെ യൂദാസ് പുറത്തു വരുന്നു.കൂടെ നടക്കുന്നവന്റെ, ഒപ്പം പ്രവർത്തിക്കുന്നവന്റെ കണ്ണീരിന് തന്റെ വാക്കുകൾ / പ്രവർത്തികൾ കാരണമാകുന്നെങ്കിൽ യൂദാസ് പ്രവർത്തിക്കുകയായി.

എന്റെ വളർച്ചയുടെ ചവിട്ടുപടിയായി സഹോദരന്റെ മുതുക് ഞാൻ കാണുന്നെങ്കിൽ വിലയിരുത്തേണ്ടിയിരിക്കുന്നു എന്റെ മനോഭാവത്തെ.

അതേ , യൂദാസ് ഇന്നും ഒരു സാധ്യത ആണ്; ആരിലും ഏത് സമയവും ഉണ്ടാകാവുന്ന സാധ്യത. നോമ്പുകാലം നമ്മെ ഓർമിപ്പിക്കുന്നത് ഈ സാധ്യതകളെക്കുറിച്ചാണ്.

നോമ്പുകാലം നമ്മോട് ആവശ്യപ്പെടുന്നത് ഈ സാധ്യതയെക്കുറിച്ചു അവബോധമുള്ളവരാകുവാനും വേണ്ട മുൻകരുതലുകൾ എടുക്കുവാനുമാണ്.

ചെയ്യുന്ന പരിത്യാഗപ്രവർത്തികളുടെ ചെറുനോവും ചൊല്ലുന്ന സൂക്തങ്ങളുടെ ഇത്തിരി നിനവും നമ്മിലുറങ്ങുന്ന യുദാസെന്ന സാധ്യതയെ പരാജയപ്പെടുത്താനുള്ള ഉണർത്തുപാട്ടായി മാറട്ടെ.

✍ബെൻ ജോസഫ്

നിങ്ങൾ വിട്ടുപോയത്