ആഗോളവൽക്കരണത്തിന്റെ പരിണിതഫലമായി സാമൂഹിക സംരംഭമാണ് ലോക ജനതയുടെ വളർച്ചയ്ക്കും ഉന്നമനത്തിനും കാരണമാകുന്ന സംവിധാനം എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. സാമൂഹിക സംരംഭത്തിൽ ഗവേഷണം നടത്തിയ വ്യക്തിയെന്നനിലയിൽ ഇതിൻറെ സാമ്പത്തിക വ്യവസ്ഥ വിലയിരുത്തുകയാണ് ഇവിടെ.

MSW വിഭാഗത്തിൽ സാമൂഹിക സംരംഭം പ്രത്യേകമായി പഠിക്കുന്ന എന്റെ വിദ്യാർത്ഥികൾ ആദ്യ ദിവസത്തിൽ തന്നെ എന്നോട് ഒരു ചോദ്യം ചോദിച്ചു. എന്താണ് സാമൂഹിക സംരംഭവും സാധാരണ സംരംഭകത്വവും തമ്മിലുള്ള വ്യത്യാസം. പ്രത്യക്ഷത്തിൽ ഇവ രണ്ടും ഒന്നാണെന്ന് നമുക്ക് തോന്നുമെങ്കിലും സാങ്കേതികമായും പ്രായോഗികമായും ഇവ തമ്മിൽ വളരെയധികം വ്യത്യാസങ്ങൾ ഉണ്ട്. എല്ലാ സാമൂഹിക സംരംഭകത്വവും സംരംഭത്തിന്റെ പരിധിയിൽ വരുന്നു, എന്നാൽ എല്ലാ സംരംഭവും സാമൂഹിക സംരംഭം അല്ല. ഒറ്റവാക്കിൽ പറഞ്ഞാൽ സാമൂഹിക പ്രശ്നങ്ങൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പരിഹാരം കണ്ടെത്താൻ പരിശ്രമിക്കുന്ന സംരംഭങ്ങളെയാണ് നാം പൊതുവിൽ സാമൂഹിക സംരംഭം എന്ന് വിളിക്കുന്നത്. ഇന്ത്യയിൽ ഇന്ന് സംരംഭങ്ങൾക്ക് വളരെ അധികം പ്രചോദനം നൽകുന്നുണ്ട്. എന്നാൽ അവയെല്ലാം സാമൂഹിക സംരംഭം ആകണമെന്നില്ല. സാമ്പത്തിക സംവിധാനങ്ങളും നിയമവ്യവസ്ഥയും, നൂതന സാങ്കേതിക വിദ്യകളും, സർക്കാർ സംവിധാനങ്ങളും അനുയോജ്യമായി നിന്ന് പ്രവർത്തിച്ചെങ്കിൽ മാത്രമേ സാമൂഹിക സംരംഭങ്ങൾ വളരുകയുള്ളൂ. ഇന്ത്യയിലെ സാമൂഹിക സംരംഭങ്ങളുടെ അടിത്തറ എന്ന് പറയുന്നത് 2013ൽ നിലവിൽ വന്നിരിക്കുന്ന Section 8 Company Act ആണ്. ഇതിന് നമ്മൾ വളരെ അധികം കടപ്പെട്ടിരിക്കുന്നത് UPA സർക്കാരിനോടും സാമ്പത്തിക ഗവേഷകൻ കൂടിയായിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുമാണ്.

NGO കളുടെ ഒരു പരിണാമം ആയിട്ടാണ് ഈ നിയമം കേന്ദ്രസർക്കാർ നിലവിൽ കൊണ്ടുവന്നത്. അതിനുശേഷം മാറിവന്ന NDA സർക്കാർ ഈ നിയമത്തിന് കാര്യമായ പരിഗണന നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യയിൽ ഉണ്ടായിരിക്കുന്ന വലിയ സാമ്പത്തിക വളർച്ചയുടെ ഒരു കാരണം ഗ്രാമീണ മേഖലയിൽ വളർന്നുവന്ന സാമൂഹിക സംരംഭങ്ങളാണ്.

ആഗോളതലത്തിൽ സാമ്പത്തിക മേഖല മുതലാളിത്തമെന്നും കമ്മ്യൂണിസം എന്നുമുള്ള രണ്ട് വിഭാഗങ്ങളിലായി തരംതിരിക്കപ്പെട്ടിരിക്കുന്നു. വ്യവസായവൽക്കരണത്തിന്റെ കാലത്ത് യൂറോപ്പിൽ ഉണ്ടായ സാമ്പത്തിക വ്യദിചലനം മൂലം സൃഷ്ടിക്കപ്പെട്ട സംവിധാനമാണ് മുതലാളിത്ത വ്യവസ്ഥ. ലാഭം പൂർണമായും ഉടമയ്ക്ക് ലഭിക്കുകയും ഉടമ വീണ്ടും വീണ്ടും കൂടുതൽ സമ്പന്നൻ ആവുകയും ചെയ്യുന്ന സംവിധാനമാണ് മുതലാളിത്ത വ്യവസ്ഥ. ഇവിടെ തൊഴിലാളി വെറും ഉപകരണം മാത്രമാണ്. കഷ്ടപ്പെടുന്നവർക്കും പണിയെടുക്കുന്നവർക്കും യാതൊരു അവകാശവും മുതലാളിത്ത വ്യവസ്ഥയിൽ ഇല്ല. സമ്പത്തിന്റെ അനിയന്ത്രിതമായ കുമിന്നു കൂടലാണ് ഈ മുതലാളിത്ത വ്യവസ്ഥയുടെ പരിണിതഫലം. ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ കാരണങ്ങൾ അന്വേഷിച്ച് വേറെ എവിടേക്കും പോകേണ്ടതില്ല. കൂടുതൽ സമ്പാദിക്കാൻ വേണ്ടി ആർത്തി മൂത്ത ഈ സംവിധാനം മാനവകുലത്തെ മാത്രമല്ല നശിപ്പിക്കുന്നത്. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പാരിസ്ഥിക ചൂഷണത്തിന്റെ മൂല കാരണം ഈ വ്യവസ്ഥയും ഇതിന്റെ സംവിധാനങ്ങളും ആണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും.

മുതലാളിത്ത വ്യവസ്ഥയ്ക്ക് പരിഹാരമായി വന്ന മറ്റൊരു സാമ്പത്തിക വ്യവസ്ഥയാണ് കമ്മ്യൂണിസം അധവാ സോഷ്യലിസം. ഈ വ്യവസ്ഥയിൽ വ്യക്തികൾക്ക് യാതൊരു വിധത്തിലുള്ള സ്വാതന്ത്ര്യവും ഇല്ല. മൂലധനത്തിന്റെ ഉപഭോഗവും നിയന്ത്രണവും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് സർക്കാർ സംവിധാനത്തിലാണ്. തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ച് ഉടലെടുത്ത സാമ്പത്തിക സംവിധാനം എന്ന നിലയിൽ വളരെയധികം സ്വീകാര്യത കമ്മ്യൂണിസ്റ്റ് വ്യവസ്ഥയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ പ്രായോഗികതലത്തിൽ ഈ സാമ്പത്തിക വ്യവസ്ഥ ഒരു വൻ പരാജയമാണ് എന്ന് ചൈനയിലെയും ക്യൂബയിലെയും റഷ്യയിലെയും ഗവൺമെന്റ് സംവിധാനം തെളിയിച്ചു കഴിഞ്ഞു. തൊഴിലാളികളെയും ജനങ്ങളെയും പാവപ്പെട്ടവരെയും ചൂഷണം ചെയ്യുന്നതിനുള്ള മറ്റൊരു സംവിധാനം എന്ന നിലയിൽ മാത്രമേ ഇന്ന് കമ്മ്യൂണിസ്റ്റ് വ്യവസ്ഥയെ നമുക്ക് കാണാൻ കഴിയൂ. കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിലും അധ്വാന വർഗ്ഗത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെടുകയും മൂലധനത്തിന്റെയും അധികാരത്തിന്റെയും അനിയന്ത്രിതമായ ഏകീകരണം വഴി ഒരു പ്രാദേശിക ഭരണാസംവിധാനത്തിന് പോലും ധൂർത്തിന്റെയും സ്വജന പക്ഷപാതത്തിന്റെയും പകൽ കൊള്ളയുടെയും, തട്ടിപ്പുകളുടെയും ഏതറ്റം വരെ പോകാമെന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം ഇന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഇവിടെയാണ് സാമൂഹിക സംരംഭം എന്ന പുതിയ സാമ്പത്തിക സംവിധാനത്തിന്റെ പ്രസക്തി. ആഗോളവൽക്കരണത്തിന്റെ ഫലമായി മുതലാളിത്ത വ്യവസ്ഥയും കമ്മ്യൂണിസവും ഒരു കുടക്കീഴിൽ അണിചേർന്നു. ആഗോളതലത്തിൽ മാനവ വിഭവ ശേഷിയും പ്രകൃതിവിഭവങ്ങളെയും ചൂഷണം ചെയ്യുന്നതിനുള്ള രണ്ട് സംവിധാനങ്ങൾ ആയി മാത്രമേ ഇവയെ ഇന്ന് കാണുവാൻ കഴിയും. അധ്വാനിക്കുന്ന ജനവിഭാഗത്തിന് അവരുടെ പ്രയത്നത്തിനു അനുസരിച്ച് ലാഭവിഹിതം കൃത്യമായി വിതരണം ചെയ്യുന്ന സംവിധാനമാണ് സാമൂഹിക സംരംഭം.

ആഗോളവൽക്കരണത്തിനു ശേഷം ഉടലെടുത്ത പുതിയ സാമ്പത്തിക സംവിധാനം എന്ന നിലയിൽ സാമൂഹിക സംരംഭം മുതലാളിത്ത വ്യവസ്ഥയോടും കമ്മ്യൂണിസ്റ്റ് വ്യവസ്ഥയോടും തുല്യമായ അകലം പാലിക്കുന്നു. ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും അടിത്തറ വളരെ കുറവാണെങ്കിലും ജനകീയ പ്രശ്നങ്ങൾ കണ്ടെത്തി അവയ്ക്ക് സാമ്പത്തികമായ സംവിധാനങ്ങളിലൂടെ പരിഹാരം കണ്ടെത്തുന്ന സാമ്പത്തിക സംവിധാനമാണ് സാമൂഹിക സംരംഭം.

ഇനിയും ധാരാളം സാമൂഹിക സംരംഭങ്ങളും അവയെ പ്രോത്‌സാഹിപ്പിക്കുന്ന വ്യവസ്ഥകളും, ഗവേഷണങ്ങളും, പഠനങ്ങളും ഉണ്ടാകട്ടെ. ഇത്തരം പഠനങ്ങളുടെ വെളിച്ചത്തിൽ നല്ല നല്ല നിയമങ്ങളും പോളിസികളും നമുക്ക് ആവശ്യമാണ്. അങ്ങനെ ലോകത്തു ഏറ്റവും അധികം സാമൂഹിക സംരംഭങ്ങളുംപ്രവർത്തനങ്ങളും ഉള്ള സ്കാൻഡിനേവിയൻ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും എത്തട്ടെ എന്ന് ആശംസിക്കാം പ്രാർത്ഥിക്കാം.

Fr. Robin Pendanathu

Scholar in Social Entrepreneurship

നിങ്ങൾ വിട്ടുപോയത്