.കിഴക്കുകണ്ട നക്ഷത്രത്തെ പിന്‍പറ്റിയ ജ്ഞാനികള്‍ ആദ്യം ഹെരോദാവിന്റെ കൊട്ടാരത്തിൽ എത്തിച്ചേർന്നുവെങ്കിലും പിന്നീട് അവര്‍ ഉണ്ണിയേശുവിനെ അവിടുത്തെ ഭവനത്തിൽ കണ്ടുമുട്ടി.
“ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു”. വിജാതീയര്‍ക്ക് വെളിപ്പാടിന്റെ പ്രകാശവും ഇസ്രായേലിന്റെ മഹിമയുമായവനെ വിജാതീയരുടെ പ്രതിനിധികളായ ജ്ഞാനികള്‍ കണ്ടുമുട്ടിയ ഈ ദിനത്തിന്റെ അനുസ്മരണമാണ് “എപ്പിഫെനി” തിരുന്നാള്‍ ആഘോഷത്തിനു പിന്നിലുള്ളത്. ഡിസംബര്‍ 25ന് ക്രിസ്തുമസും തുടര്‍ന്ന് പന്ത്രണ്ടാം ദിനത്തില്‍ എപ്പിഫെനി പെരുന്നാളുമാണ് ആഗോളസഭ ആചരിക്കുന്നത്.
പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഓര്‍ത്തഡോക്സ് സഭകളിലും എപ്പിഫെനി പെരുന്നാള്‍ വളരെ ആഘോഷപൂര്‍വ്വമായിട്ടാണ് കൊണ്ടാടുന്നത്. ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ ക്രിസ്തുമസ് ആഘോഷിക്കുന്നത് ജനുവരി ആറിനാണ്. അതിനാൽ തുടര്‍ന്നുവരുന്ന പന്ത്രണ്ടാമത്തെ ദിനമായ ജനുവരി 19-നാണ് അവർ എപ്പിഫെനി പെരുന്നാൾ ആചരിക്കുന്നത്.
“എപ്പിഫെനി” എന്ന ഗ്രീക്ക് വാക്കിന് ‘വെളിപ്പെടൽ’, ”പ്രത്യക്ഷത’ എന്നൊക്കെയാണ് അര്‍ത്ഥം. സകല ജനതകള്‍ക്കും വേണ്ടി ദൈവം ഒരുക്കിയ രക്ഷയായ ക്രിസ്തു, വിജാതീയ ജനകോടികളുടെ പ്രതിനിധികളായി കിഴക്കുനിന്നും വന്ന ജ്ഞാനികള്‍ക്ക് വെളിപ്പെട്ട ദിനം എന്നതിനാലാണ് എപ്പിഫെനി ആഘോഷം വിജാതീയ ക്രിസ്ത്യാനികള്‍ക്കു മുഴുവനും പ്രധാന ആഘോഷദിവസമായി മാറുന്നത്. എഡി 354 മുതല്‍ ക്രിസ്തുമസും നാലാം നൂറ്റാണ്ടിന്റെ ഒടുവില്‍ മുതല്‍ എപ്പിഫെനി തിരുനാളും ക്രൈസ്തവലോകം ആചരിച്ചുവരുന്നു എന്നാണ് ചരിത്രം.
ക്രിസ്തുമസും ഈസ്റ്ററും കഴിഞ്ഞാല്‍ ക്രൈസ്തവലോകത്തിൻ്റെ മൂന്നാമത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷദിനമായിട്ടാണ് എപ്പിഫെനിയെ കണക്കാക്കുന്നത്. ഏതാനും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജനുവരി ആറ് പൊതു അവധിദിനമാണ്. വചനമായ ദൈവം യോര്ദ്ദാന് നദിയില്‍നിന്ന് സ്നാപക യോഹന്നാനാല്‍ സ്നാനം സ്വീകരിച്ച സന്ദര്‍ഭം ക്രിസ്തുവിലെ ദൈവത്വ വെളിപ്പെടലിന്റെ മറ്റൊരു സന്ദര്‍ഭമായിരുന്നുവല്ലോ. കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകള്‍ എപ്പിഫെനിക്ക് ജ്ഞാനികളുടെ സന്ദര്‍ശനവുമായും യേശുക്രിസ്തുവിന്റെ യോര്‍ദ്ദാനിലെ സ്നാനവുമായും ബന്ധപ്പെട്ട അര്‍ത്ഥം നല്കിയിരിക്കുന്നതിനാൽ എപ്പിഫെനി പെരുന്നാളിന് വലിയ പ്രാധാന്യമാണ് അവർ കൽപ്പിച്ചിരിക്കുന്നത്.
യഹൂദനെന്നും വിജാതീയനെന്നുമുള്ള (Gentile) രണ്ട് വർഗീകരണമാണ് മനുഷ്യനെ സംബന്ധിച്ച് ബൈബിളില്‍ പറയുന്നത്. അബ്രഹാമിന്റെ സന്തതി പരമ്പരകളില്‍ ജനിച്ചവരും അബ്രഹാമിനു വെളിയില്‍ ജനിച്ചവരെന്നുമുള്ള രണ്ട് വിഭാഗത്തിലാണ് മുഴുവന്‍ മനുഷ്യവംശവും ബൈബിള്‍ വീക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് ജാതീയമായ വേര്‍തിരിവല്ല എന്ന് എടുത്തു പറയേണ്ട സംഗതിയാണ്.
യഹൂദന്റെ സവിശേഷത ”ദൈവത്തിന്റെ അരുളപ്പാടുകള്‍ ആദ്യമായി അവരുടെ പക്കല്‍ നല്കപ്പെട്ടു” എന്നതു മാത്രമാണെന്ന് റോമാ 3:2ല്‍ വായിക്കുന്നു. യഹൂദന് നല്കപ്പെട്ട ഈ പദവിയുടെ പ്രത്യേകതയായിരുന്നു അവര്‍ക്ക് നല്കപ്പെട്ട പുത്രസ്ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്‍െറ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും എല്ലാം. പൂര്വപിതാക്കന്മാരെ അവരിലൂടെ നല്കപ്പെടുകയും യേശുക്രിസ്തു വംശമുറയ്ക്ക് അവരില്‍നിന്നു ജനിക്കുകയും ചെയ്തുവെന്ന് റോമാ ലേഖനം തുടർന്നു വിശദീകരിക്കുന്നു (റോമ 9:4,5).
ദൈവദത്തമായി നല്കപ്പെട്ട ഈ പദവികളുടെ ഘനത്തിൽ ആമോദിച്ചിരിക്കുമ്പോള് പോലും യഹൂദരില്‍നിന്നുള്ള യഹൂദനായ പൗലോസ് യഹൂദനോട് ചോദിക്കുന്ന ചോദ്യം വളരെ പ്രസക്തമാണ് “അപ്പോഴെന്ത്? യഹൂദരായ നമുക്കു വല്ല മേന്മയുമുണ്ടോ? ഇല്ല, അശേഷമില്ല. യഹൂദരും ഗ്രീക്കുകാരും പാപത്തിന് അധീനരാണെന്നു” (റോമ 3:8) പൗലോസ് സ്ഥാപിക്കുന്നു. യഹൂദനോട് ചോദ്യം ചോദിക്കുകയും ഇസ്രായേല്‍ വംശത്തിലും ബഞ്ചമിന്‍ഗോത്രത്തിലും പിറന്ന യഹൂദനായ പൗലോസ് തന്നെ ഇതിന് ഉത്തരം നല്‍കുകയും ചെയ്യുന്ന മറ്റൊരു സന്ദര്‍ഭം റോമാ ലേഖനത്തില്‍ കാണാം. “ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാണ്” (റോമ 3:29).
മുഴുവന്‍ മനുഷ്യവംശത്തിന്റെയും സൃഷ്ടാവായി ദൈവത്തെ അവതരിപ്പിക്കുന്നു എന്നതാണ് ബൈബിളിന്റെ ദൈവ/മനുഷ്യ ബന്ധത്തിന്റെ പ്രത്യേകത.
“സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന് യഹൂദനും വിജാതീയനും ഒരുപോലെ വിളിക്കാന്‍ കഴിയുന്നു. ദൈവവചനം പരിപൂര്‍ണ്ണമായി വെളിപ്പെടുത്തുക എന്ന ദൗത്യം നമുക്കുവേണ്ടി ദൈവം തന്നിൽ ഭരമേല്പിച്ചു എന്ന് സെന്റ് പോള്‍ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു. ആ ദൗത്യം യുഗങ്ങളുടെയും തലമുറകളുടെയും ആരംഭംമുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്നതായിരുന്നു. ഈ അതിമഹത്തായ ദൗത്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന രഹസ്യമാകട്ടെ, “മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു” ഓരോ ക്രിസ്തുഭക്തനിലും -യഹൂദനെന്നോ വിജാതീയനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ – ഉള്ള വ്യത്യാസം കൂടാതെ സകലരിലും കുടികൊള്ളുന്നു (കൊളോ 1:28) എന്നതുതന്നെ! ക്രിസ്റ്റ്യാനിറ്റി എത്തിച്ചേർന്ന ഇടങ്ങളിലെല്ലാം അടിസ്ഥാനപരമായ ഈ മനുഷ്യദര്ശനമായിരുന്നു വ്യാപരിച്ചത്; എന്നാല്‍ ഈ ദര്‍ശനം ഇന്ത്യന്‍ ക്രൈസ്തവികതയില്‍ വളരെ വിചിത്രമായ രീതിയിലാണ് വളര്‍ന്നതും വികാസം പ്രാപിച്ചതും എന്ന വസ്തുതയാണ് എല്ലാ ഇന്ത്യൻ എപ്പിഫെനി ആഘോഷങ്ങളിലും പ്രത്യേകമായി അനുസ്മരിക്കേണ്ടത് എന്ന് തോന്നുന്നു.
ഇന്ത്യന്‍ ജാതിവ്യവസ്ഥിതിയെ ഇരുകൈയും നീട്ടി സ്വീകരിച്ചുകൊണ്ടുള്ള ഗുരുതരമായ പ്രമാണലംഘനമായിരുന്നു ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ പിന്നിട്ട എല്ലാ നൂറ്റാണ്ടുകളലും പിന്‍പറ്റിയതും ഇപ്പോൾ പിന്തുടർന്നുകൊണ്ടിരിക്കുന്നതും. ഇന്ത്യന്‍ ജാതിവ്യവസ്ഥിതിയെ നിര്‍വ്വചിച്ച മനുസ്മൃതിയിലെ ജാതിചിന്തയാണ് ബൈബിള്‍ അവതരിപ്പിച്ച മനുഷ്യദര്ശനങ്ങളേക്കാള് ഇന്ത്യന്‍ ക്രിസ്ത്യാനികളെ ഏറെ സ്വാധീനിച്ചത്.
ലോകത്തിന്റെ അഭിവൃദ്ധിക്കായി ദൈവമാണ് ബ്രാഹ്മിണനെയും ക്ഷത്രിയനെയും വൈശ്യനെയും ശൂദ്രനെയും സൃഷ്ടിച്ചത് ( The Sacred Books of the East, F Max Muller) എന്ന മനുവിന്റെ ദര്‍ശനത്തിന്റെ ഓരം ചേര്‍ന്നുള്ള ക്രൈസ്തവികതയാണ് ഇന്ത്യയില്‍ നാമ്പെടുത്തതും വളര്‍ന്നു പന്തലിച്ചതും. ഇതിനാല്‍ സവര്‍ണ്ണഹിന്ദുക്കള്‍ക്ക് തുല്യമായ ഒരു ജാതിശ്രേണിയില്‍ തങ്ങളെയും പ്രതിഷ്ഠിച്ച് തോമാ ക്രിസ്ത്യാനികള്‍ ഇന്ത്യന്‍ ജാതിവ്യവസ്ഥിതിയുടെ ഗുണഭോക്താക്കളായിട്ടാണ് ചരിത്രത്തില്‍ എക്കാലത്തും പരിലസിച്ചത്. ഇതില്‍ കത്തോലിക്കരും ഓര്‍ത്തഡോക്സ് യാക്കോബായക്കാരും വിവിധ പ്രൊട്ടസ്റ്റന്റ് സമൂഹവും പെന്റക്കൊസ്റ്റല്സുമെല്ലാം തങ്ങളുടെ ജാതിബോധത്തെ വിവിധനിലകളില്‍ അലങ്കരിച്ചു വയ്ക്കാനും അതിന്റെ ഗുണഭോക്താക്കളാകാനും ശ്രമിച്ചിട്ടുണ്ട്. “ജാതിബോധം തിന്മയാണ് ” എന്ന് ശ്രീ നാരായണ ഗുരുവിനുണ്ടായ വിവേകംപോലും ഇന്ത്യൻ ക്രൈസ്തവ സഭാ നേതൃത്വങ്ങളിൽ ആർക്കും ഉണ്ടായില്ല എന്നതും സഭയും ക്രിസ്തുവും സഭയും ദൈവവചനവും തമ്മിലുള്ള ബന്ധത്തെപ്പോലും സംശയിക്കേണ്ട ഘടകങ്ങളായി അവശേഷിക്കുന്നു എന്ന് പറയാതെ വയ്യ!
കേരള ക്രൈസ്തവസമൂഹത്തിന്റെ ചരിത്രപരതയെ വളരെ നന്നായി വിശകലനം ചെയ്ത ബോബി തോമസിന്റെ “ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം” എന്ന ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ നോക്കുക. (DC Books പേജ് 238 -241) “കേരള നസ്രാണി സമൂഹം പാശ്ചാത്യക്രൈസ്തവ മാതൃകകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും പുറത്തായിരുന്നു. കേരളീയ ആചാരവിശ്വാസ സംഹിതയുടെ പരിസരത്തിനുള്ളിലുള്ള ഒരു ദേവനായിട്ടാണ് അവര്‍ യേശുവിനെ സ്വീകരിച്ചിരുന്നത്. മുഹൂര്‍ത്തം നോക്കലും ആഭിചാരക്രിയകളും വരെ ക്രിസ്ത്യാനികളും പിന്തുടര്ന്നിരുന്നു. യേശുദേവനിലുള്ള വിശ്വാസത്തെ കൈവിടാതെതന്നെ. പേരിലും വേഷത്തിലും വിശ്വാസത്തിലും ഒന്നും തന്നെ പാശ്ചാത്യ ക്രിസ്തുമത ബോധവുമായി ചേരാത്തതായിരുന്നു നസ്രാണി മതം. ഇങ്ങനെയും ക്രിസ്ത്യാനികളോ? കുടുമ ധരിച്ച ക്രിസ്ത്യാനികള്‍. കോരനെന്നും ഇരവികോര്ത്തനെന്നും പേരുള്ള ക്രിസ്ത്യാനികള്‍. മുഹൂര്‍ത്തവും ജാതകവും നോക്കുന്ന ക്രിസ്ത്യാനികള്‍. അവരെ സംബന്ധിച്ചിടത്തോളം കേരളീയ ദേവഗണങ്ങളേപ്പോലെയായിരുന്നു യേശുദേവനും. മറ്റ് കേരളീയ ജാതിവിഭാഗങ്ങളെപ്പോലെ നസ്രാണി ജാതിയും…. “”…നായര്‍ക്ക് തുല്യമായ സാമൂഹ്യനില അവര്‍ക്കുണ്ടായി. ജാത്യാഭിമാനത്തിന്റെ അഹന്തയുണ്ടായി. സുറിയാനി എന്നത് സവര്‍ണ്ണ ജാതിചിഹ്നമായി നെറ്റിപ്പട്ടംപോലെ കൊണ്ടു നടക്കാന്‍ ആഗ്രഹിക്കുന്നവരാണ് സുറിയാനി സമൂഹം ഇന്നും….””…
കേരളത്തിലുള്ളത് ഒരൊറ്റ ക്രിസ്തുമതല്ല. ക്രിസ്തുമതത്തിന്റെ ഭിന്നരൂപങ്ങള്‍ യഥാര്‍ത്ഥത്തില്‍ പല മതങ്ങളാണ്. ക്രിസ്തുവിശ്വാസം എല്ലാവരേയും ഒരു വിശ്വാസബിന്ദുവില് ഒന്നിപ്പിക്കുമ്പോള്‍ ചരിത്രം അവരെ വ്യത്യസ്തരാക്കി അകറ്റി നിര്‍ത്തുന്നു. അക്രൈസ്തവര്‍ക്ക് ഒരൊറ്റ ക്രിസ്തുമതത്തെ കാണാന്‍ കഴിയും. എന്നാല്‍ ക്രൈസ്തവര്‍ക്ക് മറ്റ് ക്രൈസ്തവവിഭാഗങ്ങളെ മറ്റൊരു മതമായി മാത്രമേ കാണാന്‍ കഴിയൂ. അതിനാല്‍ ഭാവനയില്‍ മാത്രമാണ് ഒരൊറ്റ ക്രിസ്തുമതമുള്ളത്
“മലയാളി ക്രൈസ്തവന്റെ അവബോധങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്ന സംഘര്‍ഷഭരിതമായ ചരിത്രസംഭവങ്ങളും കാലാകാലങ്ങളിൽ പരിണമിക്കുകയും സങ്കീര്ണ്ണമായിക്കൊണ്ടിരിക്കുന്നതുമായ ദൈവശാസ്ത്രചിന്തകളും മൂര്ത്തീകോപം സംഭവിച്ചേക്കാം എന്ന ഭയത്തോടെ അണുകിട തെറ്റിക്കാന്‍ പാടില്ലാത്ത പാരമ്പര്യ ആചാരബോധങ്ങളും എല്ലാം ഇന്നും നമ്മിൽ ശക്തമായ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നത്. വളരെ നിർണായകമായ ഒരു ഘട്ടത്തിൽ പോലും ഒരുമിച്ചു നില്‍ക്കേണ്ട ക്രൈസ്തവരെ ഇന്നും തീണ്ടാപ്പാട് അകലേക്ക് തള്ളി മാറ്റിനിര്‍ത്താന്‍ ഈ മിഥ്യാവബോധങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു.
ജാതിചിന്തയുടെ വേലിക്കെട്ടുകളെ പൊട്ടിച്ചെറിയാന്‍ ഹിന്ദുവിന് കഴിയുന്നുവെങ്കില്‍പോലും അപ്രകാരമൊന്ന് സങ്കൽപിക്കാൻ പോലും മലയാളി ക്രിസ്ത്യാനിക്കു കഴിയുന്നില്ല. ഇന്ത്യൻ ക്രൈസ്തവരുടെ ഭാവിയെപ്പോലും നിർണയിക്കുന്ന ഈ വിഷയം ഈ എപ്പിഫെനി ദിനത്തില്‍ നമ്മുടെ ചിന്തകളെ അസ്വസ്ഥമാക്കിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആശിച്ചു പോകുന്നു!യഹൂദനില്‍നിന്നും വിജാതീയനില്നിന്നും ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് കടന്നുവന്നവരെ ഒരുപോലെ അഭിസംബോധന ചെയ്തുകൊണ്ട് പൗലോസ് എഴുതിയത് “യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്. ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്”. (ഗലാത്യ 3: 26-29). ഇരുവായ്ത്തല വാളായി സന്ധിമജ്ജകളിലേക്ക് ആഴ്ന്നിറങ്ങും എന്ന് പ്രഘോഷിക്കപ്പെടുന്ന ദൈവവചനം ക്രിസ്ത്യാനിയുടെ ആത്മബോധത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജാതിബോധത്തെ വേര്‍പ്പെടുത്തി ക്രിസ്തുവില്‍ സ്വതന്ത്രമാക്കാൻ നാം അനുവദിച്ചിട്ടില്ല എന്നതോർത്ത് ഓരോ ഇന്ത്യൻ ക്രിസ്ത്യാനിയും മാനസാന്തരപ്പെടേണ്ട ദിനമാണ് എപ്പിഫെനി പെരുന്നാൾ ദിനം.
വചനത്തിന്റെ അപ്പൊസ്തൊലന്മാരായി അറിയപ്പെടുന്ന പലരും ഹൈന്ദവ ജാതിബോധത്തിന്റെ കൂട്ടവകാശികളാണ് എന്ന യാഥാര്‍ത്ഥ്യമാണ് എന്റെ അനുഭവത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ജാതിവ്യവസ്ഥ ഉയര്‍ത്തുന്ന അശാന്തി നിറഞ്ഞ ജീവിതത്തില്‍നിന്ന് രക്ഷപ്പെടാനും പറങ്കികള്‍ വച്ചുനീട്ടുന്ന സാമ്പത്തിക നേട്ടങ്ങളും കണ്ടുകൊണ്ട് (കേരളചരിത്രം, എ ശ്രീധരമേനോന്, പേജ് 226) ക്രിസ്ത്യാനികളായി മാർഗ്ഗംകൂടിയവരുടെ പിന്തലമുറക്കാരായവര് പോലും ഇന്ന് ജാതിചിന്തയുടെ ആള്‍രൂപങ്ങളാണ് എന്നതാണ് കേരള ക്രൈസ്തവ ചരിത്രത്തിലെ വലിയ കോമഡി.
മനുഷ്യനെ മനുഷ്യന്റെ കണ്ണില്‍കൂടി കാണുക എന്ന താഴ്ന്ന നിലയില്‍നിന്ന് മനുഷ്യനെ ദൈവത്തിന്റെ കണ്ണില്‍കൂടി കാണുവാന്‍ പഠിപ്പിക്കുന്ന ഉന്നതമായ മനുഷ്യദര്‍ശനമാണ് ക്രൈസ്തവികത ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ജാതിവ്യവസ്ഥിതിയുടെ തീവ്രമായ ചിന്താധാരകളില്‍ ഏറെ സഞ്ചരിച്ചു പോയതിനാല്‍ “ക്രിസ്തുവില്‍ എല്ലാവരും ഒന്ന്” എന്ന ദര്‍ശനം നമുക്ക് അന്യമായിരിക്കുന്നു. ഇതിന്റെ അന്തരഫലമാണ് സംഘടിതമായി ഒരുമിക്കാന്‍ കഴിയാതെ രാഷ്ട്രീയമായി ക്രൈസ്തവസമൂഹം ഒറ്റപ്പെട്ടുപോയതിനുപോലും കാരണം. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അറിവില്ലായ്മമൂലം ക്രൈസ്തവസമൂഹത്തില്‍ വന്നുപെട്ടതും മുറുകെ പറ്റിനില്ക്കുന്നതുമായ ഈ പാപഭാരത്തെ കുടഞ്ഞുകളയാന്‍ തയാറായ ഒരു ക്രൈസ്തവസമൂഹവും കേരളത്തില്‍ ഉടലെടുത്തില്ല എന്നത് അതിശയിപ്പിക്കുന്നതാണ്.
പിതാവിന്റെ കച്ചവടത്തെ തലമുറകളായി പിന്‍പറ്റുന്ന മക്കളെപ്പോലെ പാരമ്പര്യമായി കൈമാറ്റപ്പെട്ട ഈ അധമബോധത്തെ സകലവിഭാഗം ക്രൈസ്തവരും ഒരു വരുമാനമാര്ഗ്ഗമായിട്ടാണ് കണ്ടത്.ജാതി ചിന്ത എന്ന നികൃഷ്ട ബോധത്തിൽ നിന്നും രക്ഷപ്പെട്ടവർ വാസ്തവമായ മനുഷ്യ ദർശനങ്ങളിലേക്ക് കടന്നു വരാൻ ഈ എപ്പിഫെനി തിരുന്നാളിൽ കഴിയട്ടെ എന്ന് ആശംസിക്കുന്നു. സഭകൾ തമ്മിൽ ദൈവശാസ്ത്ര വ്യാഖ്യാനങ്ങളുടെ പേരിൽ വച്ചു പുലർത്തുന്ന വിഭാഗീയതകൾ മാറ്റി വച്ച് ക്രിസ്തു സകലര്‍ക്കും ഒരുപോലെയാണ് വെളിപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവാണ് നമുക്ക് ഇന്ന് ആവശ്യം.
തന്റെ മാനസാന്തരം കഴിഞ്ഞ് ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരിക്കല്‍ സെന്റ് പോളിന് ഒരു വെളിപ്പാടുണ്ടായി. അത് ഇപ്രകാരമായിരുന്നു: “ഇപ്പോള്‍ മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്ചപ്പാടില്‍ വീക്ഷിക്കുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്ചപ്പാടില്‍ ക്രിസ്തുവിനെ വീക്ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല”. (2 കൊരി 5:16)
ക്രിസ്തുവിനെപ്പോലും ജനിച്ച വംശത്തിന്റെയും വളര്‍ത്തപ്പെട്ട സംസ്കാരത്തിന്റെയും കാണപ്പെട്ട പ്രകൃതത്തിന്റെയും അടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചുവെങ്കിലും മാനുഷികമായ ഈ കാഴ്ചപ്പാടിലല്ല ക്രിസ്തുവിനെപ്പോലും മനസ്സിലാക്കേണ്ടത് എന്നതായിരുന്നു അപ്പോസ്തൊലനായ പൗലോസ് പങ്കുവയ്ക്കുന്ന എപ്പിഫെനി സന്ദേശം. പൗലോസിനുണ്ടായ ഈ വെളിപ്പാടുകള്‍ നമ്മിലും മാംസം ധരിക്കട്ടെ!