പ്രശംസ എന്നു പറയുന്നത് പ്രതീക്ഷകൾ തകിടംമറിച്ച്, കഴിവുകൾക്കുപരിയായ വിധത്തിൽ പ്രവൃത്തികൾ ചെയ്തിരുന്നവർക്കു നൽകിയിരുന്ന പുരസ്കാരം ആയിരുന്നു. എന്നാൽ, പ്രശംസയുടെ വില മനസ്സിലാക്കിയ മനുഷ്യൻ അതിന്റെ ദുരുപയോഗംമൂലം ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് ബോധാവാനായപ്പോൾ, സ്വാർത്ഥ താല്പര്യങ്ങൾക്കായി അതിനെ ഉപയോഗിക്കാൻ തുടങ്ങി. മനസ്സുകൾ തമ്മിലുള്ള അന്തരം വർദ്ധിക്കുമ്പോഴും ദരിദ്രനും സമ്പന്നനും തമ്മിലുള്ള അകലം പെരുകുമ്പോഴും അവയെ എല്ലാം മറയ്ക്കാൻ ഉപയോഗിക്കുന്ന ഒരായുധമായിമാറി പ്രശംസ.

ഇന്നത്തെ ലോകത്തിൽ. ഗുണഗണങ്ങൾ കണക്കാക്കാതെ, ആവശ്യമോ അനാവശ്യമോ എന്ന് ചിന്തിക്കാതെ, മറ്റുള്ളവരെ പ്രീണിപ്പിക്കുക എന്ന ഒരുദ്ദേശംമാത്രം മനസ്സിൽ കണ്ടുകൊണ്ട്‌ പ്രശംസകൾ കോരിച്ചൊരിയുന്നവരാണ് നാം ഇന്നു കണ്ടുമുട്ടുന്ന ഒട്ടനവധിപേരും.

എല്ലാവരാലും എല്ലായ്പ്പോഴും പ്രശംസിക്കപ്പെടുന്നത് ഒരു നല്ല കാര്യമായിട്ടല്ല ഈശോ ഇന്നത്തെ വചനഭാഗത്തിൽ അരുളിച്ചെയ്യുന്നത്. പരമസത്യമായ ദൈവത്തിൽ അധിഷ്ഠിതമായ നിയമങ്ങളും രീതികളും പലപ്പോഴും മനുഷ്യർക്ക്‌ അസൗകര്യം സൃഷ്ടിക്കുകയും അരോചകമായി മാറുകയും ചെയ്യാറുണ്ട്. കാരണം മനുഷ്യൻ എല്ലായ്പ്പോഴും സത്യത്തിനുവേണ്ടിയല്ല നിലകൊള്ളുന്നത്. സത്യത്തെയും നന്മയുംകാൾ ഉപരിയായി വ്യക്തിഗത സുഖങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുന്നതിലാണ് മനുഷ്യർക്ക്‌ താൽപര്യം. അതുകൊണ്ടുതന്നെ, ദൈവവചനമനുസരിച്ചു ജീവിക്കാനുദ്യമിക്കുന്ന ഒരു വ്യക്തിയുടെ എല്ലാ സംസാരവും പ്രവൃത്തിയും എല്ലായ്പ്പോഴും സമൂഹത്തിന്റെ പൊതുവായ വ്യവസ്ഥകളോട് ചേർന്നുപോകണം എന്ന് നിർബന്ധമില്ല. അതുകൊണ്ടുതന്നെ ക്രിസ്തുവിന്റെ ഒരു യഥാർത്ഥ അനുയായിയുടെ ജീവിതരീതികൾ എല്ലായ്പ്പോഴും സമൂഹത്തിന്റെ പ്രശംസക്ക് പാത്രമായി ഭവിക്കുകയുമില്ല.

തെറ്റുകളിലൂടെ സഞ്ചരിച്ച കാലങ്ങളിലോക്കെ പ്രശംസക്ക് പാത്രമായിട്ട്, ദൈവത്തിന്റെ പാതയിലൂടെ സഞ്ചരിക്കുവാൻ തീരുമാനമെടുക്കുകവഴി വിമർശനങ്ങൾക്കും നിന്ദനങ്ങൾക്കും വിധേയനായാൽ അതുമൂലം നിരാശപ്പെടരുത്‌. പാപത്തിന്റെതായ യാതൊരു കളങ്കവുമില്ലാതെ, നല്ലതുമാത്രം പറയുകയും പ്രവൃത്തിക്കുകയും ചെയ്ത മനുഷ്യപുത്രനെ കുരിശുമരണത്തിന് വിധിച്ച ലോകമാണ് നമ്മുടേത്‌. പ്രശംസ ലക്ഷ്യം വെയ്ക്കാതെ കർത്താവിന്റെ വഴികളിലൂടെ സഞ്ചരിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

നിങ്ങൾ വിട്ടുപോയത്