അമേരിക്കയിൽ ദൈവത്തിനുവേണ്ടി സമർപ്പണത്തോടെ ജീവിക്കുന്ന അനേകം മലയാളികളെ എനിക്കറിയാം. ഇംഗ്ലണ്ടിലും ദുബായിലും നാട്ടിലും വച്ചുണ്ടായ സൗഹൃദങ്ങൾ അമേരിക്കയിൽ ചേക്കേറിയിട്ടുണ്ട്. എന്റെ ഒരു പ്രിയ സുഹൃത്തിനോടൊപ്പം പണ്ടൊരിക്കൽ യാത്ര ചെയ്യുകയായിരുന്നു. ഒരു അന്താരാഷ്ട്ര സ്ഥാപനത്തിൽ ഉയർന്ന പദവിയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ പോയ ശേഷം ഞങ്ങൾക്ക് ഒരുമിച്ചു മൊറ്റൊരിടത്തു പോകണം. എന്നെ വീട്ടിൽനിന്നു വാഹനത്തിൽ കയറ്റി ഓഫീസിലേക്ക് പോകുന്ന സമയം കൊണ്ട് അദ്ദേഹം നാല് ജപമാല എന്നോടൊപ്പം ചൊല്ലി. അതാണത്രേ പതിവ് രീതി.
അദ്ദേഹത്തിന്റെ മകളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അമേരിക്കയിൽ സർവാഡംബരങ്ങളോടും കൂടിയ ജീവിതം നൽകിയിട്ടും കുട്ടികൾ ദൈവത്തെ മറക്കാൻ തയ്യാറായില്ല. ഒരിക്കൽ വിവാഹത്തെക്കുറിച് എന്താണ് അഭിപ്രായം എന്ന് മാതാപിതാക്കൾക്ക് അവളോട് ചോദിക്കാൻ തോന്നി. അതിനെക്കുറിച്ചാണ് ഞാനും ചിന്തിക്കുന്നതെന്നു അവൾ മറുപടി പറഞ്ഞു. ഇനി ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടാകുമോ ? മാതാപിതാക്കൾക്ക് ഉദ്വേഗമായി. ഒരാഴ്ച ഞാൻ പ്രാർത്ഥിക്കാൻ പോകുകയാണ്.
എല്ലാദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ അവൾ പള്ളിയിൽ പ്രാർത്ഥനയിൽ ചിലവഴിച്ചു. അങ്ങനെ ഏഴു ദിവസം കഴിഞ്ഞപ്പോൾ അവൾ മാതാപിതാക്കളോട് പറഞ്ഞു.
“ഞാൻ വിവാഹം കഴിക്കാം! “
“കൊള്ളാം .. നീ ആരെയാണ് വിവാഹം കഴിക്കാൻ പോകുന്നത് ?” തെല്ലു ആശങ്കയോടെ മാതാപിതാക്കൾ ചോദിച്ചു.
“അറിയില്ല .. ഞാൻ വിവാഹം കഴിക്കാം എന്നല്ലേ പറഞ്ഞുള്ളൂ !” അവൾ മറുപടി പറഞ്ഞു
“അപ്പോൾ പിന്നെ നീ എന്തിനാണ് ഏഴു ദിവസം പള്ളിയിൽ പ്രാർത്ഥിക്കാൻ പോയത് ?”
“അതോ ! അത് കല്യാണം കഴിക്കണം എന്ന് ചിന്തിക്കുന്നതിനു മുന്നേ ഈശോ എന്നെ കന്യാസ്ത്രീ ആകാൻ വിളിച്ചിട്ടുണ്ടോ എന്നറിയണ്ടേ ? ദൈവം എന്നെ അപ്രകാരം വിളിച്ചിട്ടുണ്ടോ എന്നറിയാനാണ് ഞാൻ പള്ളിയിൽ പ്രാർഥിച്ചത് “
“എന്നിട്ടു നിനക്ക് എന്ത് മനസിലായി ?”
“എന്റെ ദൈവ വിളി കുടുംബ ജീവിതം ആണെന്ന് മനസിലായി. അതാണ് അങ്ങനെ പറഞ്ഞത് . അല്ലാതെ ഞാൻ ആരെയും കണ്ടു വച്ചിട്ടില്ല. ഇനി ഈശോ കൊണ്ടുവരട്ടെ .. അയാളെ ..”
ഇതായിരുന്നു അവളുടെ മറുപടിയുടെ സാരാംശം
നാളുകൾ കഴിഞ്ഞു. എല്ലാദിവസവും പള്ളിയിൽ പോകുന്ന ശീലമുണ്ട് അമേരിക്കയിൽ പോലും ഈ പെൺകുട്ടിക്ക്. ഒരു ദിവസം കുർബാന കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഒരു വെള്ളക്കാരൻ യുവാവ് വലിയ ആദരവുകളോടെ കാത്തിരിക്കുന്നു. അവളെ പരിചയപ്പെടാനുള്ള ശ്രമമാണ്
“ഞാൻ എല്ലാദിവസവും ഈ ദേവാലയത്തിൽ കുർബാനയ്ക്കു വരുന്നയാളാണ്. കുട്ടി ഇവിടെ വന്നു പ്രാർത്ഥിക്കുന്നത് കാണാറുണ്ട്. ദൈവ ഭക്തിയുള്ള പെൺകുട്ടിയുടെ സൗഹൃദം ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് സുഹൃത്തുക്കൾ ആയാലോ ?”
അയാളുടെ ഒരു സഹോദരൻ കത്തോലിക്കാ പുരോഹിതൻ ആണ്. ആ കുടുംബത്തെ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അറിയാം. എങ്കിലും അവൾക്കു അയാളെ അറിയാമായിരുന്നില്ല. അവർ ആ ദേവാലയ നടയിൽ അങ്ങനെ സുഹൃത്തുക്കളായി.ഇന്ത്യയിൽ ഇല്ലാത്തതെന്നും അമേരിക്കയിൽ ഉള്ളതെന്നുമെന്ന രീതിയിൽ കേരളത്തിലെ സിനിമാക്കാർ കാണിക്കുന്ന കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായി തികച്ചും വിശുദ്ധമായ രീതിയിൽ ആ സൗഹൃദം മുന്നോട്ടുപോയി ഇന്ന് വിവാഹത്തോളം എത്തി നിൽക്കുന്നു.
കേരളത്തിൽ കരിസ്മാറ്റിക് പ്രഭാഷണങ്ങൾ അരങ്ങുവഴിയപ്പോൾ എല്ലാവരും പരിഹസിച്ചെങ്കിലും എളിമയോടെ അത് സ്വീകരിച്ച കുടുംബങ്ങളിൽ അവരുടെ മക്കൾ ഇന്നും കർത്താവിന്റെ തണലിൽ ജീവിക്കുന്നു.അല്ലാത്തവർ പാപ പ്രവണതകളെ പുകഴ്ത്തി മക്കളുമായി സമരസപ്പെട്ടു പോകാൻവേണ്ടി ശ്രമപ്പെട്ടു ചിരിച്ചു ജീവിക്കുന്നു.
അതങ്ങനെ ആയിരുന്നല്ലോ ! അബ്രഹാമും ഇസാഹാക്കും യൗസേപ്പിതാവും മാതാവും ജീവിച്ച നാളുകളിലും ചുറ്റുവട്ടങ്ങൾ അത്ര നന്നായിരുന്നില്ല. എങ്കിലും അവരിലൂടെ ദൈവത്തിന്റെ മേഘത്തണൽ നമ്മളെ തേടിയെത്തി. അത് ഇനിയും തുടരും. കാരണം നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. സൈന്യങ്ങളുടെ കർത്താവും. ചരിത്രത്തെ നയിക്കാനും മാറ്റാനും കഴിവുള്ളവൻ. ആമേൻ
ജോസഫ് ദാസൻ
(ഒപ്പമുള്ള ചിത്രം നോത്രഡാം സർവകലാശാലയിൽ നിന്നുള്ളത്. സംഭവവുമായി ബന്ധമില്ല )