എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയ വാർത്തയായിരുന്നു അത്:
രോഗിയായ അമ്മയെ,
ആശുപത്രിക്കു മുമ്പിൽ ഇറക്കിവിട്ട്
മകൻ തിരിച്ചു പോയ സംഭവം.
വരാന്തയിൽ ഇരുന്ന് കരയുകയായിരുന്ന അമ്മയെ അതേ ആശുപത്രിയിൽ
ജോലി ചെയ്യുന്ന മകൾ
യാദൃശ്ചികമായിട്ടാണ് കണ്ടുമുട്ടുന്നത്.

അമ്മയും മകളും പരസ്പരം
ചേർന്നിരുന്ന് ഏറെ നേരം കരഞ്ഞു.
സന്യാസിനിയായ ആ മകൾ
വല്ലാത്ത ഷോക്കിലായിപ്പോയി.
ആ സഹോദരി എന്നെ വിളിച്ച്
പറഞ്ഞു:

“അച്ചാ അമ്മയെയും കൊണ്ട്
ഞാൻ ഇനി എവിടേയ്ക്ക് പോകും?
എൻ്റെ ആങ്ങളക്ക് എങ്ങനെ ഇങ്ങനെ ചെയ്യാൻ കഴിഞ്ഞു? പെറ്റ തള്ളയല്ലേ?”

ആ ചോദ്യത്തിന് എന്ത് ഉത്തരം കൊടുക്കണമെന്ന്
എനിക്കറിയില്ലായിരുന്നു

ഒന്നു താങ്ങുവാൻ ആളില്ലാത്തതാണ്
പല വീഴ്ചയ്ക്കും കാരണം. കൂടെയൊരാളില്ലെന്നു വരുമ്പോൾ
എത്ര ബലമുള്ളവരും വീണു പോകും.

ഇവിടെയാണ് സുവിശേഷത്തിലെ
ആ നാലു പേരുടെ മുമ്പിൽ നാം കൂപ്പുകരങ്ങളോടെ നിൽക്കേണ്ടത്.
“അവർ ഒരു തളര്‍വാതരോഗിയെ
ശയ്യയോടെ അവൻ്റെ അടുക്കല്‍ കൊണ്ടുവരുന്നു. അവരുടെ വിശ്വാസംകണ്ട്‌ അവന്‍ തളര്‍വാതരോഗിയോട്‌ അരുളിച്ചെയ്‌തു:
മകനേ, ധൈര്യമായിരിക്കുക….”
(Ref മത്തായി 9 : 2).

അയാളെ കൊണ്ടുവന്നവർ ആരാണെന്നു പറയാതെ ക്രിസ്തു മൊഴികൾ നിലച്ചുപോകുമ്പോൾ അതയാളുടെ കൂടപ്പിറപ്പുകൾ ആയിരുന്നെങ്കിൽ എന്നറിയാതെ ആശിച്ചു പോകുന്നു.

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്