Who is like the Lord our God, who is seated on high. (Psalm‬ ‭113‬:‭5‬) ✝️

അഖിലാണ്ഡ സൃഷ്ടാവും സർവ്വചരാചരങ്ങളുടെ ഉടയവനും ആദിയും അന്തവുമായ നാം സേവിക്കുന്ന ദൈവത്തിനു തുല്യനായി ആരുണ്ട് ? അവനെപ്പോലെ വലിയ ദൈവം ആരുണ്ട് ? അവന്റെ പ്രവർത്തികൾ ആദിയോടന്തം ചിന്തിച്ചുനോക്കിയാൽ അവനു സമനായി ആരെയും കണ്ടെത്തുവാൻ സാധിക്കുകയില്ല. ഏദൻതോട്ടം തുടങ്ങി പത്മൊസ് ദ്വീപ്‌ വരെയുള്ള ദൈവത്തിന്റെ പ്രവർത്തികൾ എത്ര മഹത്വരം. ദൈവത്തിന്റെ ബുദ്ധി അപ്രമേയമത്രെ എന്ന് തിരുവചനം പറയുന്നു (ഏശയ്യാ :40:28)സൃഷ്ടിയുടെ ആരംഭത്തിലേക്കു ഒരു തിരിഞ്ഞുനോട്ടം നടത്തിയാൽ നമ്മുടെ ദൈവത്തിന്റെ ശ്രേഷ്ഠ പ്രവർത്തികൾ കാണുവാൻ കഴിയും, ഇന്നുവരെ ആരും ചെയ്തിട്ടില്ലാത്ത, ചെയ്‍വാൻ കഴിയാത്ത പ്രവർത്തികൾ, അവനു തുല്യനായി ആരെയും ഇന്നുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല.

ദൈവത്തെ യഥാർത്ഥമായി രുചിച്ചറിഞ്ഞ ഭക്തന്മാർ ദൈവത്തിനു തുല്യനായി ആരുമില്ലെന്നു പാടിയിട്ടുണ്ട്. ഇസ്രയേൽ ജനത്തിന് വേണ്ടി അത്ഭുതം പ്രവർത്തിച്ച ദൈവത്തിനു തുല്യനായി ആരുമില്ലെന്ന് മോശയും കൂട്ടരും പാടി. വനാന്തരത്തിൽ നിന്നും രാജപദവിയിൽ എത്തുവാൻ കാരണമായ ദൈവത്തിനു തുല്യനായി ആരുമില്ലെന്ന് ദാവീദ് പാടി. നാം സ്വയം നമ്മുടെ ജീവിതം ഒന്നു ചിന്തിച്ചു നോക്കു, അമ്മയുടെ ഗർഭത്തിൽ ഉരുവായതു മുതൽ ഇന്നുവരെയുള്ള നമ്മുടെ ജീവിതത്തിൽ അവന്റെ അൽഭുത പ്രവർത്തികൾ ചിന്തിച്ചു നോക്കിയാൽ ദൈവത്തിനു തുല്യനായി ആരുണ്ട് ? പലപ്പോഴും ആ നഗ്നസത്യം നാം മറന്നുപോകുന്നു.

നാം പലപ്പോഴും ദൈവത്തിന്റെ സത്ഗുണങ്ങളെ ഘോഷിക്കുന്നതിൽ മടികാണിക്കുന്നു നാം ആയിരിക്കുന്ന സമൂഹത്തിൽ, ജോലിയിൽ, വിദ്യാഭ്യാസമേഖലയിൽ, ഭവനത്തിൽ, നമ്മുടെ സ്വയം ജീവിതത്തിൽ കൂടി, പകരം വയ്ക്കാനില്ലാത്ത, ആ ക്രിസ്തുവിനെ പ്രഘോഷിക്കുന്നവർ ആയിത്തീരണം. നാം ഒരോരുത്തർക്കും യേശു പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ എന്ന് നിശ്ചയദാർഢ്യത്തോടെ ലോകത്തോട്‌ വിളിച്ചു പറയുവാൻ കഴിയണം. ഈ അന്ത്യകാലത്തിൽ വന്നെത്തിയിരിക്കുമ്പോൾ ലഭിക്കുന്ന നിമിഷങ്ങൾ തുല്യംവയ്ക്കുവാനില്ലാത്ത ആ നല്ല നാഥനെ അനേകർക്ക് കാട്ടികൊടുക്കാം. അതിനായി നമുക്ക് യത്‌നിക്കാം, നമ്മുടെ കർത്താവു വരുവാൻ അടുത്തിരിക്കുന്നു. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്