ഡേറ്റയെവിടെ, പാലാ പിതാവേ!
കേരളത്തിൽ ലവ് ജിഹാദുണ്ടെന്നു പറഞ്ഞപ്പോൾ, ലവ് ജിഹാദ് കേസുകളുടെ ഡേറ്റ ചോദിച്ച അതേ മാധ്യമങ്ങൾതന്നെ ഇപ്പോൾ നർകോട്ടിക് ജിഹാദിന് പോലീസ് കേസെടുത്തതിന്റെ ഡേറ്റ ചോദിക്കുന്നു! കേരള പോലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല, എന്ന് ആരും ചോദിക്കുന്നില്ല.
കേരളത്തിൽ തീവ്രവാദ സംഘടനകളുടെ സ്ലീപ്പിങ് സെല്ലുകളുണ്ട് എന്നുപറഞ്ഞ പോലീസ് മേധാവിയോട് ആരെങ്കിലും ഡേറ്റ ചോദിച്ചോ? എന്തുകൊണ്ട് അതിനെതിരെ കേസെടുത്തില്ല എന്ന് ചോദിച്ചോ? കേരളത്തിലെ പോലീസ് കേസെടുക്കാത്തതിന്റെ കാരണം അരിയാഹാരം കഴിക്കുന്നവർക്കൊക്കെ അറിയാം.അതാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്: ഇതൊന്നും കേരളത്തിലെ ഭരണ കക്ഷിയുടെയോ പ്രതിപക്ഷത്തിന്റെയോ ‘ശ്രദ്ധയിൽ പെട്ടിട്ടില്ല!’
പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെട്ട അത്യന്തം ഗുരുതരമായ കാര്യങ്ങൾ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയോ ഭരണ നേതൃത്വത്തിന്റെയോ ശ്രദ്ധയിൽ വരാത്തത് എന്തുകൊണ്ടാണ്? കാരണം, അതൊരു രാഷ്ട്രീയ നിലപാടാണ്! അതുകൊണ്ട് മാത്രമാണ് അവർ അതു ശ്രദ്ധിക്കാത്തത്. മൗനാനുവാദം നൽകുന്നത്!
കേരളത്തിൽ മദ്യശാലകൾ യഥേഷ്ടം തുറന്നില്ലെങ്കിൽ, ഇവിടേയ്ക്ക് മയക്കുമരുന്ന് ഒഴുകിയെത്തും എന്നു വൻതോതിൽ പ്രചാരണം നടത്തി മയക്കുമരുന്ന് കടത്തിന് അനുകൂലമായ സാഹചര്യം ഒരുക്കികൊടുത്തത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളാണ്. മദ്യം ‘അവശ്യസാധനങ്ങളുടെ’ പട്ടികയിൽ പെടുത്തി നടുനീളെ വിതരണം നടത്തുന്ന സർക്കാർ, മയക്കുമരുന്ന് കടത്തിനെതിരേ നാളിതുവരെ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? അഫ്ഘാനിസ്ഥാനിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ മയക്കുമരുന്നുകളും കേരളത്തിൽ സുലഭമായി വിറ്റഴിക്കാം എന്ന സാഹചര്യം സൃഷ്ടിച്ചതിൽ ഇവിടുത്തെ രാഷ്ട്രീയപാർട്ടികളുടെ പങ്ക് ചെറുതല്ല.
റേവ് പാർട്ടികളിൽ ഒരു പ്രത്യേക സമുദായത്തിലെ യുവാക്കൾ മാത്രം സംഘാടകരും ഇതര സമുദായങ്ങളിലെ പെൺകുട്ടികൾ മാത്രം ഇരകളുമാകുമ്പോൾ, മാതാപിതാക്കൾ മക്കളെക്കുറിച്ച് ജാഗ്രത പുലർത്തണം എന്നു പറഞ്ഞ സഭാ പിതവിനെതിരേ കേസെടുക്കും എന്നു ഭീഷണിപ്പെടുത്തുന്ന മാധ്യമ ലോബിയേയും രാഷ്ട്രീയക്കാരേയും പൊതു സമൂഹം വിലയിരുത്തണം. മക്കളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണം എന്നു പറഞ്ഞാൽ കേസെടുക്കും. മക്കളെ മയക്കുമരുന്നിന് അടിമകളാക്കുന്നവർക്കെതിരേ കേസെടുക്കാൻ പോലീസ് അറയ്ക്കും. കാരണം അത് കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയ നിലപാടാണ്!
ഇനി പറയൂ, പാലാ പിതാവാണോ ലവ് ജിഹാദിനും നർകോട്ടിക് ജിഹാദിനും തെളിവ് ഹാജരാക്കേണ്ടത്?
പിൻ കുറിപ്പ്: അടുത്ത ഡി. ജി. പി. യും റിട്ടയർ ചെയ്യുന്നതിന്നു തലേന്നാളോ അതിനു ശേഷമോ പറയും, കേരളം മയക്കുമരുന്ന് കച്ചവടത്തിന്റെ ഇന്റർനാഷണൽ ഹാബ്ബണ് എന്ന്! അപ്പോൾ പിന്നെ, ഡേറ്റ എവിടുന്നു വരും സാർ???
ഫാ .വർഗീസ് വള്ളിക്കാട്ട്