സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും. വചനങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ പല ഉൾക്കാഴ്ചകളും നമുക്ക് കിട്ടും. നിങ്ങൾ സത്യം അറിയുകയും… എന്താണ് ഇതിനർത്ഥം? നമ്മൾ പല സത്യങ്ങളും അറിഞ്ഞിട്ടില്ല എന്നുതന്നെ. അതിനാൽ നമ്മൾ നയിക്കപ്പെടുന്നത് കുറച്ച് സത്യങ്ങളാലും കുറച്ച് അസത്യങ്ങളാലും കുറച്ച് അർത്ഥസത്യങ്ങളാലും ആണ്. ആത്മീയജീവിതത്തെ സംബന്ധിച്ചും പലരെ സംബന്ധിച്ചും ഇത് ശരിയാണ്. ഇങ്ങനെയുള്ള അവസ്ഥയിൽ നമ്മുടെ ചിന്ത, തീരുമാനങ്ങൾ, പ്രവൃത്തികൾ ഒന്നും പൂർണമായിരിക്കുകയില്ല. അഥവാ, ചിന്തിക്കുന്നതിലും തീരുമാനിക്കുന്നതിലും പറയുന്നതിലും പ്രവർത്തിക്കുന്നതിലും പല കുറവുകളും അപൂർണതകളും തെറ്റുകളും സംഭവിക്കും.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും. പൂർണമായ സത്യങ്ങൾ അറിയാത്തതുകൊണ്ടും അസത്യങ്ങളും അർത്ഥസത്യങ്ങളും നമ്മെ സ്വാധീനിക്കുന്നു. അതിനാൽ യേശു പറയുന്നതനുസരിച്ച് നമ്മൾ ബന്ധനത്തിലാണ്. ആത്മീയബന്ധനം, ബുദ്ധിയുടെ ബന്ധനം, മനസിന്റെ ബന്ധനം എന്നിങ്ങനെ പലതരം ബന്ധനങ്ങൾ. പരിശുദ്ധാത്മാവ് വരുമ്പോഴാണ് നമ്മൾ കൂടുതൽ സത്യങ്ങൾ അറിയുക. പരിശുദ്ധാത്മാവിന്റെ ദാനങ്ങളിൽപ്പെടുന്നവയാണ് ജ്ഞാനം, ബുദ്ധി, അറിവ്, ആലോചന, തുടങ്ങിയവ. ഈ ദാനങ്ങൾ ലഭിക്കുമ്പോൾ നമ്മൾ കൂടുതൽ സത്യങ്ങൾ അറിയും.

പരിശുദ്ധാത്മാവിന്റെ കൂടുതൽ നിറവ് ലഭിക്കുമ്പോൾ ദൈവഭക്തി, ദൈവഭയം തുടങ്ങിയവയിലും നാം വളരും. പാപബോധവും പശ്ചാത്താപവും കിട്ടും. അനുതപിച്ച് നാം പാപമോചനം നേടും. അതുവഴി ആത്മീയവും മാനസികവും ചിലപ്പോൾ ശാരീരികവുമായ ഒരുപാട് കെട്ടുപാടുകളിൽനിന്ന് നമ്മൾ സ്വതന്ത്രരാകും. പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സ്‌നേഹം ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, സൗമ്യത, ആത്മസംയമനം തുടങ്ങിയവ നമ്മിൽ നിറയുമ്പോൾ ഒരുപാട് ആന്തരികമുറിവുകൾക്ക് സൗഖ്യം ഉണ്ടാകും. അങ്ങനെ ചിന്തിക്കുമ്പോൾ മനസിലാക്കാം, പരിശുദ്ധാത്മാവിന്റെ അഭിഷേകം നമ്മിൽ കുറവായതുകൊണ്ട് നമ്മിൽ നിരവധി ബന്ധനങ്ങൾ ഉണ്ട്. പരിശുദ്ധാത്മാവിന്റെ കൂടുതൽ നിറവ് ലഭിക്കുമ്പോൾ പലതരം ബന്ധനങ്ങൾ നമ്മിൽ തകരും. നമ്മൾ കൂടുതൽ സ്വാതന്ത്ര്യത്തിലേക്കും സൗഖ്യത്തിലേക്കും കടന്നുവരും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

നിങ്ങൾ വിട്ടുപോയത്