വിനീതനായ പ്രാർത്ഥിക്കുന്ന കോളേജ് പ്രൊഫെസ്സർ
ശാലോമിനും ജീസസ് യൂത്തിനും പ്രിയപ്പെട്ട അപ്പച്ചൻ യാത്രയാകുമ്പോൾ
അത്ഭുതം നിറഞ്ഞ ജീവിതത്തെ അറിയുക
ഇരുപതു വയസുമാത്രം പ്രായമുള്ള, എന്നോട് ഒരു സുഹൃത്തിനെപ്പോലെ സംസാരിക്കുന്ന കോളേജ് പ്രൊഫെസ്സർ ആയിരുന്നു ജെയിംസ് ലൂക്കോസ് സാർ. ഞങ്ങൾ ഒരുമിച്ചു ആലപ്പുഴ കരിസ്മാറ്റിക് സർവ്വീസ് ടീമിന്റെ ഭാഗമായി പ്രവർത്തിച്ചു. ഞാൻ സൈക്കിളിൽ ഓരോ ഇടവകകളിൽ കറങ്ങിത്തിരിഞ്ഞുവരുമ്പോൾ ആലപ്പുഴ പട്ടണത്തിലെ സാറിന്റെ വീട്ടിലോ അടുത്തുള്ള ചായക്കടയിലോ കയറി ഞങ്ങൾ ചായകുടിച്ചിരുന്നു വർത്തമാനം പറഞ്ഞു പിരിയും. നിർത്താതുള്ള പ്രോത്സാഹനമായിരുന്നു സാറിന്റെ ഓരോ വാക്കുകളിലും. അതുകൊണ്ടാണല്ലോ ജീസസ് യൂത്തിന്റെ ഫോർമേഷൻ പ്രവർത്തനങ്ങളുടെ നേടും തൂണായ ടോംസിനെയും ശാലോം വേൾഡിന്റെ പ്രവർത്തനങ്ങൾക്കായി ലോകമെങ്ങും ഓടി നടക്കുന്ന ആറുകുട്ടികളുടെ അപ്പനായ ഷെജിനെയും ദൈവം ജെയിംസ് സാറിന്റെ പെണ്മക്കളെ ജീവിതപങ്കാളികളായി നൽകി അനുഗ്രഹിക്കാൻ തീരുമാനിച്ചത്. അവരും ശക്തരായ യുവജന പ്രവർത്തകർ.
സാധാരണക്കാരായ മനുഷ്യരോട് പ്രൊഫസ്സർ പരിവേഷമില്ലാതെ സംസാരിക്കാനും ഇടപഴകാനും സാറിനു സാധിച്ചിരുന്നു. സാധാരണ വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു പ്രാർത്ഥനക്കാരനും സാറിനെ ഉപദേശിക്കാൻ പറ്റും. ഒന്നുമറിയാത്തവനെപ്പോലെ കേട്ടുകൊണ്ടിരിക്കും.അങ്ങനെ പരിചയപ്പെട്ട കൂടെ പ്രവർത്തിച്ച സകലരെയും പത്തിരുപതു വർഷങ്ങൾ കഴിഞ്ഞിട്ടും പേരെഴുതിവച്ചു എല്ലാദിവസവും സാർ പ്രാർത്ഥിക്കുമായിരുന്നു.
ഒരു ദിവസം അതിലൊരു സുഹൃത്തിനെ സാർ ആരുടെ അടുക്കൽ നിന്നോ നമ്പർ വാങ്ങി ഫോൺ ചെയ്തു. കാരണമെന്തെന്നോ ? പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ദൈവം അദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പതിനായിരം രൂപ നൽകണമെന്നും പറയുന്നതായി സാറിന് തോന്നി. ആരോടും പണം ചോദിച്ചു വാങ്ങുന്ന ശീലമില്ലാത്ത ദൈവ മകനായ എന്റെ ഈ സുഹൃത്തിനു അപ്പോൾ പതിനായിരം രൂപയുടെ ആവശ്യമുണ്ടായിരുന്നു. ഉടൻ തന്നെ ഒരാൾ വശം പണം നൽകുകയായിരുന്നു. പിന്നീട് ഈ പണം തിരിച്ചു നൽകാൻ തയ്യാറായപ്പോൾ സ്വന്തമായി വാങ്ങാതെ ആവശ്യമുള്ള മറ്റൊരാളുടെ പേര് പറഞ്ഞു അങ്ങോട്ടേക്ക് കൊടുക്കാൻ പറയുകയായിരുന്നു. നിരന്തരം സംഭവിക്കാറുള്ള ഇത്തരം ദൈവീക ഇടപെടലുകൾ അടുത്തറിയുന്ന, പ്രാർത്ഥിക്കുന്ന എന്റെ സുഹൃത്തുക്കൾക്ക് ഇതൊരു പുതുമയല്ല എന്ന് അറിയാമെങ്കിലും പങ്കുവക്കുന്നു.
ഞാൻ നാട്ടിൽ ഉണ്ടെന്നറിഞ്ഞപ്പോൾ കണ്ടിട്ട് വര്ഷങ്ങളായതിനാൽ ഫോൺ നമ്പർ തിരക്കിയെടുത്ത് എന്നെ വിളിച്ചു നിർബന്ധമായും കണ്ടുമുട്ടി. അപ്പോഴും എന്റെ ദൈവത്തോടുള്ള താത്പര്യത്തെ പ്രോത്സാഹനം കൊണ്ട് വീർപ്പു മുട്ടിക്കുകയായിരുന്നു.. എനിക്ക് ദൂരെ നിന്ന് മാത്രം നോക്കാൻ സാധിക്കുന്ന രീതിയിൽ ഉന്നതമാം വിധം ദൈവത്തെ ശുശ്രൂഷിക്കുന്ന മക്കളോട് ഞങ്ങൾ ഒരുമിച്ചായിരുന്നപ്പോൾ ചെയ്ത കാര്യങ്ങളൊക്കെ സാർ വലിയ കേമമായി പറയുമായിരുന്നത്രെ! ചെറിയ കാര്യങ്ങൾ പോലും വിട്ടു കളയാതെ നല്ലതു പറഞ്ഞു വളർത്തുന്ന ഒരു അപ്പച്ചനായിരുന്നു സാർ.
പ്രിയ ജെയിംസ് സാറിനു ആത്മ ശാന്തി നേരുന്നു. പ്രാർത്ഥനകൾ
ജോസഫ് ദാസൻ