ആറു മാസങ്ങൾക്കുമുമ്പ് ഞാൻ സോഷ്യൽമീഡിയായിലൂടെയുള്ള പ്രതികരണങ്ങൾ അവസാനിപ്പിച്ചതാണ്.
സീറോ മലബാർ സഭയിലെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണത്തിന്റെ പേരിൽ നടക്കുന്ന വിശ്വാസരഹിതവും നീതിരഹിതവുമായ കാര്യങ്ങളെക്കുറിച്ചുള്ള എന്റെ പ്രതികരണങ്ങൾ സഭയിലെ ചില മെത്രാന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇനി അങ്ങനെയെഴുതരുതെന്ന് എന്റെ മെത്രാൻ സ്നേഹബുദ്ധ്യാ എന്നോട് ഉപദേശിച്ചതാണ് ഞാൻ പ്രതികരണങ്ങൾ അവസാനിപ്പിക്കാൻ കാരണമായത്. സഭയിൽ അനുസരണക്കേടിന്റെ ആഘോഷങ്ങൾ സാമാന്യമര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ച് കൊണ്ടാടപ്പെടുമ്പോൾ അനുസരണയെന്ന മൂല്യത്തെ ചേർത്തുപിടിച്ച് നിശബ്ദനാകാനാണ് ഞാൻ ശ്രമിച്ചത്.
ഇന്നലെവരെ ആ തീരുമാനത്തിൽനിന്നിനി പുറകോട്ടില്ലെന്നും കരുതിയിരുന്നു.
എന്നാൽ ഇന്നലെ മാധ്യമങ്ങളിലൂടെവന്ന ചില ദൃശ്യങ്ങൾ വീണ്ടും പ്രതികരിക്കാതിരിക്കാൻ കഴിയാത്തവിധത്തിലുള്ള വികാരങ്ങൾ എന്നിലുണർത്തിയിരിക്കുന്നു. ഒരു പള്ളിയുടെ ബലിപീഠത്തിൽ ബലിയർപ്പിച്ചുകൊണ്ടിരുന്ന 82 വയസുകാരനായ ഒരു വൈദികനെ ഏതാനും ഗുണ്ടകൾചേർന്ന് ബലിപീഠത്തിൽനിന്ന് പിടിച്ചിറക്കി സങ്കീർത്തിയിലേയ്ക്കു തത്തിച്ചുവിടുന്ന രംഗമായിരുന്നത്. അദ്ദേഹം സങ്കീർത്തിയിൽ കമിഴ്ന്നടിച്ചുവീണെന്നും പരിക്കുപറ്റിയെന്നും ആ ഗുണ്ടകൾ നിർദയമായി അദ്ദേഹത്തോടു പെരുമാറിയെന്നും പിന്നീട് അദ്ദേഹംതന്നെ ഒരു ഇന്റർവ്യൂവിൽ പറയുന്നതും കേട്ടു.
അദ്ദേഹം ഒരു വൈദികനാണെന്നതും ഒരു വയോധികനാണെന്നതുമൊഴിച്ച് അദ്ദേഹത്തിനുണ്ടായ അനുഭവം ഒരു അസാധാരണ സംഭവമായി എനിക്കു തോന്നുന്നില്ല. കാരണം ഇശോയ്ക്കും സഭയ്ക്കുംവേണ്ടി ജീവിക്കുന്ന എത്രയോപേർ ഇങ്ങനെ അനുദിനം പലയിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. ബഹുമാനപ്പെട്ട ജോണച്ചനും തനിക്കുണ്ടായ ഈ അനുഭവത്തെ വളരെ ശാന്തമായിത്തന്നെയാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാണ്. ആ പ്രശ്നത്തെ നിയമപരമായി കൈകാര്യംചെയ്യാൻ അവിടെയുള്ളവർക്കു കഴിയട്ടെ. കാരണം ആ വൈദികൻ അവിടെ പ്രശ്നമുണ്ടാക്കാൻ വലിഞ്ഞുകേറി ചെന്നതല്ലല്ലോ. ആ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതുൾപ്പെടെയുള്ള കടമകൾ നിർവഹിക്കാൻ അദ്ദേഹത്തെ അധികാരികൾ ഔദ്യോഗികമായി ഉത്തരവാദിത്വപ്പെടുത്തി വിട്ടതാണല്ലോ.
എന്നാൽ എന്റെ മെത്രാനോടുള്ള അനുസരണത്തെപ്രതി കഴിഞ്ഞ ആറുമാസങ്ങളിൽ ഒരു പ്രതികരണവും നടത്താതിരുന്ന ഞാൻ ആ തീരുമാനംമാറ്റി ഇങ്ങനെയൊരു കുറിപ്പെഴുതാൻ തീരുമാനിച്ചതിന്റെ കാരണം മറ്റൊന്നാണ്. ഇന്നലെ പ്രസാദഗിരി പള്ളിയിൽ നടന്നത് വിശുദ്ധ കുർബാനയോടും ബലിപീഠത്തോടുമുള്ള കടുത്ത അവഹേളനമാണ്. വിശ്വാസസമൂഹംമുഴുവൻ ഒരുമിച്ചുനിന്ന് പരിഹാരകൃത്യം ചെയ്യേണ്ട വലിയ തിന്മ. ഇത്രയുംവലിയൊരു അവഹേളനം സഭയിൽ നടന്നിട്ട് രണ്ടു പകലുകളും ഒരു രാത്രിയും കഴിഞ്ഞിരിക്കുന്നു. എന്നാൽ സഭയുടെ ഔദ്യോഗിക തലത്തിൽനിന്നോ ഏതെങ്കിലുമൊരു മെത്രാനോ ഇതുവരെ അതിനെ അപലപിച്ചുകൊണ്ട് ഒരു വാക്കുപോലും പറഞ്ഞതായി ഒരിടത്തും കാണാൻ കഴിഞ്ഞില്ല. ഒരു മോഷ്ടാവ് പള്ളിയിൽ കയറി ബലിപീഠത്തോടും വിശുദ്ധ വസ്തുകളോടും അതിക്രമം കാണിച്ചാൽപോലും പരിഹാരകൃത്യങ്ങൾ ചെയ്യുന്ന പാരമ്പര്യമുള്ള സമൂഹമാണ് നമ്മുടേത്. എന്നാൽ ഒരു വൈദികവേഷധാരിയുടെ സാന്നിദ്ധ്യത്തിൽ വിശ്വാസികൾ എന്നു വിളിക്കപ്പെടുന്നവരാൽത്തന്നെ ഇത്രയും ഗൌരവമായ ഒരു തിന്മ ബലിപീഠത്തിനും വിശുദ്ധ കൂദാശയ്ക്കുമെതിരെ ഉണ്ടായിട്ടും അതിനെയൊന്ന് അപലപിക്കാൻപോലും സഭയിലെ ഒരുമെത്രാനും തോന്നിയില്ലെന്നുള്ളത് ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. ഇന്നു ഞാനർപ്പിച്ച വിശുദ്ധ റാസയിൽ, ഈ ആഘോഷമായ വിശുദ്ധ കുർബാനയർപ്പണം ഇന്നലെ വിശുദ്ധ കുർബാനയോടുണ്ടായ അവഹേളനത്തിനു പരിഹാരമായി സമർപ്പിക്കാമെന്ന് വിശ്വാസിളോട് ആഹ്വാനം ചെയ്തിട്ടാണ് ഞാനിത് കുറിക്കുന്നത്.
എറണാകുളത്തെ വിമതർ എന്നു വിളിക്കപ്പെടുന്ന വൈദികവേഷധാരികൾക്ക് അടിസ്ഥാന വിശ്വാസവും ധാർമ്മികതയും ലവലേശമില്ലെന്ന് ഓരോദിവസവും അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇനിയും ഇതുപോലുള്ള കുറ്റകൃത്യങ്ങൾ അവർ തുടർന്നുകൊണ്ടിരിക്കും. ഏതെല്ലാം വിധത്തിൽ അവർ വിശുദ്ധ കുർബാനയെ അവഹേളിക്കുന്ന പ്രവൃത്തികൾ ചെയ്തു… എന്തെല്ലാം കള്ളങ്ങൾ പള്ളിയകത്തുനിന്നുപോലും വിളിച്ചുപറഞ്ഞ് വിശ്വാസികളെ വഴിതെറ്റിച്ചു…
എന്നാൽ ബലിപീഠങ്ങളെയും വിശുദ്ധ കൂദാശകളെയും ജീവൻകൊടുത്തും സംരക്ഷിക്കാനും കുറവുകൂടാതെ കൈമാറാനും വിളിക്കപ്പെട്ടിരിക്കുന്ന സഭയിലെ മെത്രാന്മാർ ഇത്രയുംവലിയൊരു തിന്മയെ വ്യക്തിപരമായോ സംഘാതമായോ അപലപിക്കാത്തതും അതിനു ഉചിതമായ പരിഹാരകൃത്യങ്ങൾ ചെയ്യാത്തതും, ചെയ്യണമെന്ന് ആഹ്വാനംചെയ്യാത്തതും പ്രതിഷേധാർഹമാണ്. നാട്ടിൽ നടക്കുന്ന മറ്റെല്ലാ പ്രശ്നങ്ങൾക്കുമെതിരെ ദിവസവും പ്രതികരണക്കുറിപ്പുകളും വീഡിയോ സന്ദേശങ്ങളുമൊക്കെ നല്കിക്കൊണ്ടിരിക്കുന്ന മെത്രാന്മാർ തങ്ങളുടെ സംരക്ഷണത്തിലേല്പ്പിക്കപ്പെട്ടിരിക്കുന്ന സഭയുടെ ഏറ്റവും വലിയ ദിവരഹസ്യങ്ങൾ അവഹേളിക്കപ്പെട്ടപ്പോൾ നിശബ്ദത പാലിക്കുന്നത് എത്രമാത്രം ഉത്തരവാദിത്വരഹിതമായ പ്രവൃത്തിയാണ്!!
പ്രതികാരബുദ്ധിയോടെ തിരിച്ച് ആക്രമിക്കില്ലാത്ത കാട്ടുപന്നിക്കും കാട്ടാനയ്ക്കുമെതിരെ പ്രതികരിക്കാൻ എളുപ്പമാണ്. എന്നാൽ നീതിരഹിതമായ വിമർശനങ്ങൾ ഭയന്നും സൽപേരു നഷ്ടപ്പെടുമെന്ന ആകുലതയാലും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നിശബ്ദത പാലിക്കുന്ന നിങ്ങൾക്ക് ധരിച്ചിരിക്കുന്ന ചുവന്ന അരപ്പട്ടയെക്കുറിച്ചുള്ള ധ്യാനം ആത്മധൈര്യം നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
അഭിവന്ദ്യ പിതാക്കന്മാരേ, സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ നിരാശയിലാണ്. അതു സഭയുടെ ഭാവിയേക്കുറിച്ച് ഓർത്തല്ല, മുമ്പിൽനിന്നു നയിക്കുന്നവരുടെ നിസംഗതയാണ് അവരെ നിരാശരാക്കുന്നത്.
സഭയെ നിരന്തരം കളങ്കപ്പെടുത്തുന്ന ഘടകങ്ങളെ ഇനിയും ക്ഷമയും വിട്ടുവീഴ്ചയും കരുണയുമെന്നൊക്കെപ്പറഞ്ഞ് ചേർത്തുപിടിക്കാനാണ് ഭാവമെങ്കിൽ അത് ഉൾക്കൊള്ളാനും അംഗീകരിക്കാനും വിശ്വാസികൾക്കു കഴിഞ്ഞെന്നു വരില്ലെന്ന് ഓർക്കുന്നത് നല്ലതാണ്.
ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ