നമ്മുടെ കർത്താവിന്റെ ഏറ്റവും വലിയ പ്രസംഗപീഠമായി കാൽവരിയിലെ കുരിശ്. താൻ പറഞ്ഞതും പഠിപ്പിച്ചതുമെല്ലാം ജീവിച്ചുകാണിച്ചുകൊണ്ട് അവൻ കുരിശിൽ പിടഞ്ഞു മരിച്ചു.പാപത്തെയും മരണത്തെയും ചവിട്ടിതാഴ്ത്തി കുരിശ് ഉയർന്നു നിന്നു.

തന്റെ മക്കളോടുള്ള ഒരു പിതാവിന്റെ സ്നേഹമാണ് അവന്റെ ഏകജാതനെ അതിൽ തൂക്കിയിട്ടത്. നമ്മൾ ഒരിക്കലും അർഹിക്കാത്ത സ്നേഹം.കുരിശിലൂടെ ഈശോ നമ്മെ തന്റെ പിതാവുമായി രമ്യതയിലാക്കി. അത് ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെ പാപങ്ങൾക്കായി ജാമ്യം നിൽക്കുന്ന തടിക്കഷണം. തന്റെ പുത്രൻ നമ്മുടെ പാപങ്ങളുടെ പേരിൽ അതിൽ പിടഞ്ഞതോർത്താൽ എങ്ങനെ നമ്മളോട് കരുണ കാണിക്കാതിരിക്കാനാകും ആ സ്നേഹപിതാവിന്.

Exaltation എന്നുവെച്ചാൽ ഉയർത്തപ്പെടുക, ഉന്നതിയിലെത്തുക. മഹത്വത്തിലേക്കുയരുക എന്നൊക്കെ അർത്ഥമുണ്ട്. മാലാഖമാരാൽ ആരാധിക്കപ്പെടുന്ന, തന്റെ ദൈവപുത്രസ്ഥാനം വെടിഞ്ഞു ദാസനായ, തന്റെ വെറും സൃഷ്ടിയായ മനുഷ്യന്റെ, രൂപം സ്വീകരിച്ച ഈശോ, നമ്മുടെ രക്ഷ സാധിച്ചെടുത്തു പൂർവ്വാധികം മഹത്വത്തോടെ ദൈവത്തിന്റെ വലതുഭാഗത്ത് അവരോധിക്കപ്പെട്ടതിനൊപ്പം അപമാനത്തിന്റെ അടയാളമായിരുന്ന കുരിശും രക്ഷയുടെ, വിജയത്തിന്റെ അടയാളമായി ഉയർന്നു. വിശ്വാസത്തിന്റെ ഒരു നോട്ടം… ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടു എല്ലാവരെയും തന്നിലേക്ക് ആകർഷിക്കുന്ന അവനിലേക്ക് നമ്മേതന്നെ വിട്ടുകൊടുക്കൽ, അതേ വേണ്ടൂ. വി അൽഫോൻസ് ലിഗോരി പറയുന്നു ‘ഈശോയുടെ ഈലോകജീവിതം കുരിശിന്റെ വഴി ആയിരിക്കണമെന്ന് പിതാവായ ദൈവം തിരുമനസ്സായി .ആകയാൽ കുരിശിന്റെ വഴി പിൻചെല്ലാതെ ഈശോയെ അനുഗമിക്കുക സാധ്യമല്ല ‘. അവൻറെ വിളിക്ക് ആനുപാതികമായ വിശ്വസ്തത പുലർത്തുന്നുണ്ടോ എന്ന് ആത്മപരിശോധന ചെയ്യാം.

ക്രിസ്ത്വാനുകരണം പറയുന്നു ,”നിന്നെത്തന്നെ പരിത്യജിച്ചു നിന്റെ കുരിശുമെടുത്തു എന്റെ പിന്നാലെ വരിക’ എന്ന ഈശോയുടെ വാക്കുകൾ പലർക്കും കഠിനമായി തോന്നും .എന്നാൽ ‘ശപിക്കപെട്ടവരെ എന്നിൽ നിന്ന് അകന്നു നിങ്ങൾ നിത്യാഗ്നിയിലേക്ക് പോകുവിൻ ‘ എന്ന അന്തിമ വിധിവാക്യം കേൾക്കുക ഒന്നുകൂടി കഠിനമായിരിക്കില്ലേ ? അതുകൊണ്ട് സ്വർഗ്ഗരാജ്യത്തിലെത്തിക്കുന്ന കുരിശെടുക്കാൻ നീ എന്തിനു മടിക്കുന്നു ? കുരിശിൽ തന്നെ രക്ഷ , കുരിശേ രക്ഷ”.

സഹനത്തിന്റെ സാക്ഷാത്കാരം’ എന്ന പുസ്തകത്തിൽ ഈശോ മരിയ വാൾതോർത്തയിലൂടെ സംസാരിക്കുന്നു …..(സഭ ഈ വെളിപ്പെടുത്തലുകളെ അംഗീകരിച്ചിട്ടില്ലെന്ന് വാദിക്കുന്നവർക്കും ഇത് വെറുതെ ഒന്ന് വായിച്ചുപോകുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല )…

“മനുഷ്യപുത്രനെ ബലി കഴിച്ചത് സ്നേഹമാണ് .ഓരോ മനുഷ്യരോടുമുള്ള സ്നേഹം.പുതിയ രക്ഷകരായ നിങ്ങളെ ഓരോരുത്തരെയും ബലിയാക്കുന്നത് സ്നേഹമായിരിക്കട്ടെ .ഒരു നല്ല കാര്യത്തിനായി സഹിക്കുന്ന മനുഷ്യനോട് കൂടെ ഞാനുണ്ട് .എന്റെ ജോലി തുടരുന്നവരോട് കൂടി ഞാനുണ്ട് ..ഒരു കൊച്ചു ക്രിസ്തു ഉള്ളിടത്ത് ഞാനുണ്ട് .ബലി പൂർത്തിയാക്കുന്ന സ്ഥലത്തു ഞാനും ഉണ്ട് .എന്റെ ബലിയുടെ ആത്മാക്കൾക്ക് മാത്രമേ എന്റെ ആത്മബലിയുടെ അർഥം മനസ്സിലാക്കാനും അനുകരിക്കാനും കഴിയുന്നുള്ളു .ഒരുവന് സ്വയം ബലിയായിത്തീരാൻ എങ്ങനെ കഴിയും ? മനസ്സിൽ ഒരൊറ്റ ആഗ്രഹമേ പിന്നെ ഉണ്ടാകാൻ പാടുള്ളു .ആത്മാക്കളെ രക്ഷിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിക്കുക .മാർത്ത എന്നോട് പറഞ്ഞു .’ഗുരോ അവൻ കുഴിമാടത്തിൽ ആയിട്ട് നാല് ദിവസമായി .ദുർഗന്ധമുണ്ടായിരിക്കും ‘. എന്നാൽ നിങ്ങൾ എത്രയോ നൂറ്റാണ്ടുകൾ ആയി അങ്ങനെ ആയിരിക്കുന്നു .കുഴിമാടത്തിന്റെ അടിയിലേക്ക് താണ് കൊണ്ടിരിക്കുന്നു ?മരണത്തിന്റെ അഴുകലിലേക്കും ? എന്റെ ശബ്ദം പോലും നിങ്ങളെ കുലുക്കുന്നില്ല. എന്റെ കണ്ണുനീരിനും അത് സാധിക്കുന്നില്ല. ആകെ ചീഞ്ഞഴുകാതിരിക്കാൻ ഞാൻ അവിടെ വച്ചിട്ടുള്ള സുഗന്ധ കൂട്ടുകൾ പ്രായശ്ചിത്തം, ആത്മബലി ,സ്നേഹം ഇവയാണ് .എന്നാൽ അവ ഉപയോഗിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ ? ഇല്ല. ഗുരുവിനെ നിങ്ങൾ നോക്കുന്നെ ഇല്ല. നിങ്ങൾ തിന്മ ആണ് ആഗ്രഹിക്കുന്നത്. വിദ്വേഷമാണ് ഇഷ്ടം.എല്ലാ ആശകൾക്കും വഴങ്ങി ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. കുരിശിൽ കിടക്കുമ്പോൾ നേരിയ സ്പന്ദനം പോലും എനിക്ക് വേദനയുടെ മേൽ വേദന ആയിരുന്നു.എന്നാൽ എന്റെ ഏറ്റവും വലിയ വേദനയും അരൂപിയുടെ ദുഖവും, കോടിക്കണക്കിനു ആളുകൾക്ക് എന്റെ വേദന പ്രയോജനപ്പെടില്ലല്ലോ എന്ന ചിന്ത ആയിരുന്നു . എങ്കിലും ഈ അറിവ് നിങ്ങൾക്ക് വേണ്ടി സഹിക്കാനുള്ള ആഗ്രഹത്തെ ഒരണു പോലും കുറച്ചില്ല. ലോകത്തെ രക്ഷിക്കാൻ ഞാൻ സഹിച്ചു .ലോകം രക്ഷപെടുന്നതിനു ഇപ്പോൾ നിങ്ങളുടെ സഹനം എനിക്കാവശ്യമാണ്. ചർച്ച കൊണ്ടല്ല സാത്താനെ കീഴ്‌പെടുത്തേണ്ടത് .പ്രാർത്ഥനയും സഹനവും കൊണ്ടാണ്. നിങ്ങളുടെ തിരഞ്ഞെടുപ്പ് മറന്നു പോകരുത്. എല്ലാ വിധ കാരുണ്യവും ആവശ്യമുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. ശിക്ഷക്ക് ആരാണ് അർഹരെന്നു വിധിക്കേണ്ടത് നിങ്ങളല്ല .നിങ്ങളുടെ ഏകശ്രദ്ധ ധൂർത്തപുത്രരെ പിതാവിന്റെ ഭവനത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതു മാത്രമാകണം. വിശുദ്ധ കുരിശിന്റെ തിരുന്നാളിന്റെ ഈ നാളുകളിൽ ആത്മാക്കളുടെ വലിയ ആവശ്യം എനിക്കുണ്ട്. എനിക്ക് വേണ്ടി സഹിക്കുക. എന്നോട് ദയ തോന്നി സഹിക്കുക. ഇത് കുത്തിത്തുളക്കപ്പെട്ട മേരിയുടെ ഹൃദയത്തിന്റെയും എന്റെ കുരിശിന്റെ പുകഴ്ചയുടെയും മാസമാണ് ‘………

ഈശോക്ക് വീണ്ടും കുരിശുകൾ സമ്മാനിക്കുന്നവരായി നമുക്ക് മാറാതിരിക്കാം. അവനെ ആശ്വസിപ്പിക്കുന്നവരാകാൻ ശ്രമിക്കാം. ‘ആകാശമേ കേൾക്കാ, ഭൂമിയെ ചെവി തരിക, ഞാൻ മക്കളെ പോറ്റി വളർത്തി, അവരെന്നോട് മത്സരിക്കുന്നു.’ എന്ന രോദനം അവൻ ആവർത്തിക്കാതിരിക്കട്ടെ.

“We’ll not be saints if we’re not united to Christ on the cross: there is no holiness without a cross, without mortification “ St. Josemaria Escriva.

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്