1946 ജൂലൈ 28. “കുഞ്ഞേ സമാധാനമായിരിക്കുക” എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു “മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്.എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ, ഇനി ഞാൻ ഉറങ്ങട്ടെ…ആരും എന്നെ ഉണർത്തരുതേ..” ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ ഒരു സന്യാസിനി ശാന്തമായി ഈ ലോകം വിട്ടുപോയി
അവൾക്ക് 36 വയസ്സാവാൻ ഇനിയും കുറച്ചു ദിവസങ്ങളുണ്ടായിരുന്നു. സന്യാസജീവിതത്തിന്റെ ഏറിയ ഭാഗവും രോഗക്കിടക്കയിൽ ചിലവഴിച്ച ആ സഹനപുഷ്പം സഹനമില്ലാത്ത നിത്യാനന്ദത്തിലേക്ക് പ്രവേശിച്ചു. ശവസംസ്കാരം വളരെ ലളിതമായിരുന്നു. മഠത്തിലെ കുറച്ചു സിസ്റ്റേഴ്സ് ആണ് ശവമഞ്ചം ചുമന്നത്. കുറച്ചു വൈദികർ, വളരെ കുറച്ചു ബന്ധുക്കൾ, കുറെ സ്കൂൾ കുട്ടികൾ പിന്നെ സിസ്റ്റേഴ്സ്, ഇത്രയും പേരടങ്ങുന്ന ചെറിയ സംഘം അതുവരെ അധികമാരും അറിയാതിരുന്ന അൽഫോൻസ എന്ന കൊച്ചുസിസ്റ്ററിന്റെ അന്ത്യയാത്രയിൽ പങ്കെടുത്തു.ഭരണങ്ങാനം എന്ന ആ കൊച്ചു ദേശം ഭാരതത്തിന്റെ ലിസ്യൂ ആകുമെന്ന് റോമുളൂസ് അച്ചൻ പ്രവചിച്ചെങ്കിലും ആരും അതത്ര കാര്യമായി എടുത്തില്ല.
അത് കഴിഞ്ഞ് ആറ് കൊല്ലം തികച്ചാവുമ്പോഴേക്ക് ആയിരക്കണക്കിന് സന്ദർശകരെക്കൊണ്ട് അവിടം നിറയാൻ തുടങ്ങി. കുറെ പേർ പ്രാർത്ഥനാനിയോഗങ്ങളുമായി, കുറേപേർ ഉദ്ദിഷ്ടകാര്യസാധ്യത്തിന് ഉപകാരസ്മരണക്കായി. എങ്ങനെയാണ് അവളുടെ പ്രശസ്തി ഇത്ര വേഗം എങ്ങും വ്യാപിച്ചത്?
കൊച്ചുകുട്ടികളായിരുന്നു അതിന് പിന്നിൽ. അവൾ മഠത്തിൽ രോഗക്കിടക്കയിലായിരിക്കുമ്പോൾ നിരവധി കൊച്ചുകുട്ടികൾ പ്രാർത്ഥനാസഹായത്തിനായി അവളുടെ അരികിൽ എത്തിയിരുന്നു. അതെല്ലാം സാധിക്കാറുമുണ്ടായിരുന്നു.അവൾ മരിച്ചപ്പോൾ ദുഃഖത്തിലാഴ്ന്ന അവർ അവളുടെ മരണശേഷം ശവകുടിരത്തിൽ വന്നായി അപേക്ഷ കൊടുക്കൽ. പക്ഷേ അവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അതെല്ലാം സാധിച്ചു കിട്ടി പഴയ പോലെ തന്നെ. ഇതെല്ലാം കേട്ടറിഞ്ഞു വന്ന മുതിർന്നവർ അവിടെയെത്തി മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി. കുറച്ചു സമയത്തിനുള്ളിൽ ഭാരതത്തിൽ അങ്ങിങ്ങോളമുള്ള ആബാലവൃദ്ധം ജനങ്ങൾ അങ്ങോട്ടൊഴുകാൻ തുടങ്ങി.
“ഇലകൾ അഴുകി ചെടികൾക്ക് വളമായി തീരുന്നു. തൽഫലമായി അവ കാണുന്നവർക്കെല്ലാം ആനന്ദം പകരുന്ന പൂക്കൾ പുറപ്പെടുവിക്കുന്നു. പക്ഷേ കണ്ടു സന്തോഷിക്കുന്നവർ, ആ പൂക്കളെ പുറപ്പെടുവിക്കുന്നതിൽ അത്രയേറെ പങ്കു വഹിച്ച അഴുകിയ ഇലകളെക്കുറിച്ച് ഒരിക്കലും ചിന്തിക്കുന്നില്ല. ഭൂമിക്കടിയിൽ ഒളിക്കപ്പെട്ടിരിക്കുന്ന വളമായി നമുക്ക് എപ്പോഴും കഴിഞ്ഞു കൂടാം”
സഭക്ക് വേണ്ടി, ആത്മാക്കളുടെ രക്ഷക്ക് വേണ്ടി നിശബ്ദമായി സഹിച്ച അവളെ, ആരുമറിയാത്ത വളമായിരിക്കാൻ അനുവദിക്കാനല്ലായിരുന്നു പക്ഷേ തമ്പുരാന്റെ തിരുമനസ്സ്. കത്തോലിക്കാസഭയുടെ, ഭാരതസഭയുടെ, നമ്മുടെയെല്ലാം അഭിമാനമായി അവളെ ഉയർത്തി . വിശുദ്ധിയുടെ പരിമളം പരത്തിയ, സ്നേഹഭ്രാന്തിയായ, തന്നെത്തന്നെ ആവോളം താഴ്ത്തിയ ആ സിസ്റ്റർ അങ്ങനെ ഭാരതത്തിലെ പ്രഥമ വനിതാ കത്തോലിക്ക വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടു.
‘വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്. അതു പ്രാവര്ത്തികമാക്കാന് നിനക്കു കഴിയും… ഇതാ, ഇന്നു ഞാന് നിന്റെ മുന്പില് ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു’ ….
മനസ്സുവെച്ചാൽ നമുക്കും വിശ്വസ്തതാപൂർവ്വം പ്രവർത്തിക്കാൻ കഴിയില്ലേ. വിശുദ്ധരുടെ മാതൃകകൾ വേറെ എന്താണ് നമ്മളോട് പറയുന്നത്. അവനും അവൾക്കും സാധിക്കുമെങ്കിൽ നമുക്കും സാധിക്കുമെന്നല്ലേ? വിശുദ്ധരുടെ ഓരോ തിരുന്നാളുകളും നമ്മളിൽ മാറ്റങ്ങളുണ്ടാക്കട്ടെ. ശരിയായ തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കട്ടെ…
എല്ലാവർക്കും വിശുദ്ധ അൽഫോൻസമ്മയുടെ തിരുന്നാൾ ആശംസകൾ
സ്നേഹപൂർവ്വം നേരുന്നു.
ജിൽസ ജോയ്