രണ്ടര വയസ്സുകാരിയുടെ രഹസ്യ ഭാഗത്ത് ഏറ്റ മുറിവ് നമുക്ക് പരസ്യമായി ഏറ്റ അപമാനമാണ്.
വല്ലാത്ത വേദന തോന്നുന്നു.
….
ഞങ്ങൾ അഗതികളുടെ സഹോദരിമാർ ആണ്. കുഞ്ഞുങ്ങളുടെ മാത്രമല്ല, പ്രായമായവരുടെയും ക്യാൻസർ രോഗികളുടെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ഒക്കെ മല മൂത്ര വിസർജ്ജ്യങ്ങൾ കഴുകി വൃത്തിയാക്കി അവരിലെ ക്രിസ്തു മുഖത്തെ ശോഭയുള്ളതാക്കുന്നവരാണ് ഞങ്ങൾ.
എന്തിനാണ് ഇങ്ങനെ കുഞ്ഞുങ്ങളെ ദ്രോഹിക്കുന്നത്? പറ്റില്ലെങ്കിൽ ഈ പണിക്ക് പോകാതിരുന്നു കൂടെ?
സന്യസ്ഥർ നടത്തുന്ന സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താനും അനാവശ്യ നിയമ കുരുക്കുകൾ കൊണ്ടുവന്നു നിരന്തരം ശല്യപ്പെടുത്താനും മാത്രം ഞങ്ങളുടെ സ്ഥാപനങ്ങളിൽ കയറി ഇറങ്ങുന്ന അധികാരികളോട് ഒരു വാക്ക്..
വല്ലപ്പോഴും അവിടങ്ങളിൽ കഴിയുന്നവരുടെ അടുത്തിരുന്നു അവരെ ഒന്ന് കേൾക്കണം.
മറ്റാരും ആശ്രയം ഇല്ലാത്ത മനുഷ്യരെ സ്വന്തമായി കണ്ടു സ്നേഹിക്കാനും ശുശ്രൂഷ ചെയ്യാനും ഈശോയെ പ്രതി സന്നദ്ധരാകുന്നവരും, ശമ്പളത്തിനും നേരം പോക്കിനും ഉപജീവനത്തിനും വേണ്ടി ഈ പണി ചെയ്യുന്നവരും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ഇനിയെങ്കിലും എല്ലാവരും മനസിലാക്കണം. നന്നായി നടത്തുന്ന സ്ഥാപനങ്ങൾ പൂട്ടിക്കാൻ നല്ല എളുപ്പം ആണ്… ആയമാരെ വച്ചാൽ അമ്മമാർക്കു തുല്യം ആകില്ല സർക്കാരെ..
പ്രസവിച്ചു എന്ന് കരുതിയും അമ്മ ആകില്ല.. മാതൃത്വം ഹൃദയഭാവമാണ്. ദൈവത്തിന്റെ കരുണയുടെ മുഖം ആണ്.ഇതിനിടയിൽ, ആ കുഞ്ഞു മുറിവ് കണ്ടെത്തി പരിഹരിക്കാനും ഈ ദ്രോഹം അധികൃതരെ അറിയിക്കാനും മനസ്സ് കാണിച്ച അമ്മ മനസുള്ള ആയയെ നന്ദിയോടെ ഓർക്കാതിരിക്കാനും ആവില്ല.
ഞങ്ങളുടെ കൈ നഖങ്ങൾ
ഞങ്ങൾ നീട്ടി വളർത്താറില്ല.
സ്പർശിക്കുന്നത് ദൈവത്തെ
ആണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
പ്രതിഫലം ഞങ്ങൾ
പ്രതീക്ഷിക്കുന്നില്ല. അത്
സ്വർഗത്തിൽ ലഭിക്കുമെന്ന്
ഞങ്ങൾക്ക് അറിയാം.
………….
ആയമാർ സ്റ്റേഷനിൽ ഹാജരായപ്പോൾ നഖം വെട്ടികളഞ്ഞിട്ട് ആണത്രേ പോയത്..
കുഞ്ഞിന് ഏറ്റ ക്ഷതം അങ്ങനെ വെട്ടി മാറ്റാൻ പറ്റില്ലല്ലോ.
മകളെ മാപ്പ്.
സിസ്റ്റർ അഡ്വ. ജോസിയ SD
Sr. Adv. Josia SD