അഞ്ചാം സ്ഥലം ദീനാനുകമ്പയുടെ ഓര്‍മ്മസ്ഥലമാണ്. പീഡിതരോടു പക്ഷം ചേര്‍ന്ന് അവരുടെ വേദനകളെ ലഘൂകരിക്കാന്‍ മുന്നോട്ടുവരുന്നവരുടെ പ്രതിനിധിയായ കുറേനാക്കാരന്‍ ശീമോന്‍ രംഗപ്രവേശനം ചെയ്യുന്നത് ഇവിടെയാണ്. അദ്ദേഹത്തിന്‍റെ ഓര്‍മ്മകളിലൂടെ കുരിശിന്‍റെ വഴിയില്‍ ക്രിസ്തുവിന്‍റെ വേദനകളെ നാം ധ്യാനിക്കുന്നു.

കഷ്ടതയനുഭവിക്കുന്നവനു പ്രാര്‍ത്ഥന മാത്രം വാഗ്ദാനം ചെയ്തു സംതൃപ്തിയടയുന്ന ക്രിസ്ത്യാനിയാകാതെ, കൈത്താങ്ങു വേണ്ടിടത്ത് അത് നല്‍ണകണമെന്ന സന്ദേശമാണ് അഞ്ചാം സ്ഥലത്ത് ഉയരുന്നത്. കരുണയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ഈ കുറേനാക്കാരന്‍. “കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, നിങ്ങള്‍ക്ക് കരുണ ലഭിക്കും” എന്നതാണ് ഗിരിപ്രഭാഷണത്തിലെ അഞ്ചാമത്തെ സൗഭാഗ്യം. പീഡകളേറ്റ് കുരിശിന്‍റെ വഴിയില്‍ മുന്നോട്ടു നീങ്ങുന്ന ദൈവപുത്രൻ്റെ ജീവിതത്തില്‍ ഈ സൗഭാഗ്യം ആക്ഷരിക യാഥാർത്ഥ്യമാകുന്നത് കുരിശിൻ്റെ വഴിയിലെ അഞ്ചാം സ്ഥലത്തും!

പീഡനങ്ങളേറ്റ് തളര്‍ന്ന ഈശോ ഗോല്‍ഗാത്തായിലേക്ക് എത്തുന്നതിനു മുമ്പേ മരിച്ചുവീഴുമെന്ന് പട്ടാളക്കാര്‍ ഭയന്നുകാണും. അതിനാല്‍ അവന്‍റെ തോളില്‍നിന്ന് കുരിശ് എടുത്തുമാറ്റി മറ്റാരുടെയെങ്കിലും തോളില്‍ വച്ചുകൊടുക്കണമെന്ന് അവർ ചിന്തിച്ചു. ഈശോമശിഹായെ ജീവനോടെ കുരിശില്‍ തറയ്ക്കണമെന്നതാണ് പട്ടാളക്കാരുടെ ആവശ്യം. ആ സമയത്താണ് ശീമോന്‍ വരുന്നത് അവർ കണ്ടത്. അവര്‍ അയാളെ തടഞ്ഞുനിര്‍ത്തി തങ്ങളുടെ ആവശ്യം അറിയിച്ചു. കേട്ടയുടന്‍ ശീമോന്‍റെ മനസ്സലിഞ്ഞു, അദ്ദേഹം കുരിശുവഹിക്കുന്നവനെ സമീപിച്ചു. ദേഹമാസകലം ചാട്ടവാർ അടികൊണ്ട് ചോര ചിന്തുന്ന ആ കുറ്റവാളിയെ അവൻ ഒന്നേ നോക്കിയുള്ളു, ഭയാനകമായിരുന്നു ആ കാഴ്ച! അവന്‍റെ തോളില്‍നിന്ന് ഭാരമേറിയ കുരിശെടുത്തു തന്‍റെ തോളില്‍ വച്ച് അവൻ മുന്നോട്ടു നടന്നു.

തന്‍റെ പിന്നാലെ പ്രയാസപ്പെട്ട് നടന്നു നീങ്ങുന്ന ആ വ്യക്തിയുടെ ശരീരം എതാനും സമയം കഴിയുമ്പോൾ തൂങ്ങിക്കിടക്കേണ്ടത് ഈ കുരിശിലാണല്ലോ എന്ന് ശീമോന്‍ ചിന്തിച്ച് ഏറെ വ്യാകുലപ്പെട്ടു. എന്തായിരിക്കാം അയാൾ ചെയ്ത കുറ്റം ? ജെറുസലേമില്‍ റോമാക്കാരുടെ ആധിപത്യം ആരംഭിച്ചതുമുതല്‍ ഇതൊക്കെ പതിവു കാഴ്ചയാണ്. എന്നാൽ ആദ്യമായാണ് അപ്രകാരമൊരുവൻ്റെ ശരീരത്തിനേൽക്കുന്ന പീഡകൾ എത്രമേൽ ക്രൂരമാണെന്നും അവൻ്റെ കുരിശ് എത്രമേൽ ഭാരമേറിയതാണെന്നും ശീമോൻ അറിയുന്നത്. ക്രൂശിതന്‍റെ ദയനീയമുഖം അവന്‍റെ ഓര്‍മ്മയില്‍ മായാതെ നിന്നു

“കുറേന” എന്ന സ്ഥലം ഇന്നത്തെ ലിബിയയിലാണ്. അതിനാല്‍ ശീമോന്‍ ജെറുസലേമില്‍ ജീവിച്ചിരുന്ന ആഫ്രിക്കന്‍ വംശജന്‍ ആയിരിക്കാമെന്നും വസ്ത്രധാരണം കണ്ടപ്പോള്‍ അയാൾ യൂദനല്ലെന്ന് റോമന്‍ സൈന്യത്തിനു തോന്നിക്കാണുമെന്നുമാണ് പറയപ്പെടുവന്നത്.

താന്‍ കുരിശു ചുമന്നു സഹായിച്ച ആ കുറ്റവാളി മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റു എന്ന വാർത്ത ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശീമോന്‍ കേട്ടു. മഹാത്ഭുതം നിറഞ്ഞ ആ വാര്‍ത്ത അയാളെ ഏറെ സ്തബ്ദനാക്കി. യഹൂദന്‍ പ്രതീക്ഷിച്ചിരുന്ന വാഗ്ദത്ത മശിഹായായിരുന്നു ആ മനുഷ്യന്‍ എന്ന് ജനങ്ങൾ പറയുന്നു! അവൻ്റെ ദുഃഖാർത്തമായ മുഖം അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മരിച്ചവരിൽ നിന്നും അവൻ ഉയിർത്തിരിക്കുന്നു! തീർച്ചയായും അവൻ നീതിമാനായിരിക്കും; അവൻ മനസ്സിൽ ഉറപ്പിച്ചു.

കുറേനയില്‍ നിന്നു വരുന്ന തന്‍റെ നാട്ടുകാരെയും സുഹൃത്തുക്കളെയും കാണാൻ ജെറുസലേം ദേവാലയത്തില്‍ പന്തക്കുസ്താ പെരുന്നാളിന് ശീമോൻ പോയെന്നും അവിടെവച്ച് പരിശുദ്ധാത്മാവ് നിറഞ്ഞുകൊണ്ടുള്ള പത്രോസിന്‍റെ പ്രസംഗം കേട്ടാണ് ശീമോന്‍ ക്രിസ്തുശിഷ്യനാകുന്നത് എന്നുമാണ് പറയപ്പെടുന്നത്. തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം കുടുംബവുമൊത്ത് അന്ത്യോഖ്യയിലേക്ക് താമസംമാറ്റിയെന്നും കരുതുന്നു. ജീവിതാന്ത്യത്തോട് അടുക്കുമ്പോൾ അദ്ദേഹം ഫ്രാന്‍സിലെ അവിഞ്ഞോണ്‍ രൂപതയുടെ ആദ്യ ബിഷപ്പായെന്നും എഡി 100ല്‍ രക്തസാക്ഷിയായി എന്നും പറയപ്പെടുന്നു.

ക്രിസ്തുവിന്‍റെ കുരിശു ചുമന്ന് അവിടുത്തെ സഹായിച്ചു എന്നത് ശീമോന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു സംഭവമായിരുന്നു. എന്നാൽ അതിലൂടെ വലിയൊരു സുവിശേഷ സന്ദേശമാണ് ലോകം കേട്ടത്. പീഡിതൻ്റെ മുന്നിൽ വെറും കാഴ്ചക്കാരനായി നിന്ന് സഹതപിക്കുന്നതിനപ്പുറം അവനു വേണ്ടി പലതും ചെയ്യാൻ കഴിയുമെന്ന സുവിശേഷം! ഇംഗ്ലണ്ടിലും അയര്‍ലണ്ടിലുമായി പ്രവര്‍ത്തിക്കുന്ന “സൈമണ്‍ കമ്യൂണിറ്റി ” എന്ന ചാരിറ്റബിള്‍ സംഘടന ശീമോനിൽ നിന്ന് അനുകമ്പയുടെ സുവിശേഷം കേട്ട് ഉണ്ടായ സംഘടനയാണ്. മറ്റുള്ളവരുടെ കഷ്ടങ്ങളില്‍ പങ്കാളിയാകുവാനും ഭവനരഹിതരുടെയും ആലംബഹീനരുടെയും കഷ്ടപ്പാടുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ എത്രയോ സംഘടനകൾ, വ്യക്തികൾ… ശീമോൻ ഇപ്പോഴും ക്രൂശിതൻ്റെ മുന്നിൽ അവൻ്റെ കുരിശും വഹിച്ച് സഞ്ചരിക്കുകയാണ് !

അപ്പസ്തോല പ്രവൃത്തി 13:1 -ല്‍ കാണുന്ന അന്ത്യോഖ്യാ സഭയിലെ നീഗര്‍ എന്ന ശിമയോന്‍, ക്രിസ്തുവിൻ്റെ കുരിശു വഹിച്ച കുറേനാക്കാരനായ ശീമോനായിരുന്നു എന്നാണ് ആദിമസഭ മുതലേയുള്ള വിശ്വാസം. അങ്ങനെയെങ്കില്‍ അദ്ദേഹം ഇതിനോടകം പ്രവാചകനും പ്രബോധകനും ആയിക്കാണും. ബര്‍ണബാസിനെയും പൗലോസിനെയും മിഷനറിപ്രവര്‍ത്തനങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച് അയച്ചവരുടെ കൂട്ടത്തിലും ശീമോനെ കാണുന്നുണ്ട്. ഇതിലെല്ലാം ഉപരിയായി, അലക്സാണ്ടറിന്‍റെയും റൂഫോസിന്‍റെയും പിതാവായും ശീമോന്‍ അറിയപ്പെടുന്നു. പിതാവിന്‍റെ പേരില്‍ മക്കളും മക്കളുടെ പേരില്‍ പിതാവും അറിയപ്പെടുന്നു എന്ന അപൂര്‍വ്വതയും ശീമോനും മക്കള്‍ക്കും അവകാശപ്പെട്ടതാണ്.

ക്രിസ്തുവിന്‍റെ കുരിശു താങ്ങിയവന്‍റെ ജീവിതവും അവന്‍റെ തലമുറയും അനുഗ്രഹിക്കപ്പെട്ടു. റോമാ ലേഖനത്തില്‍ പൗലോസ് അഭിവാദനം ചെയ്യുന്ന റൂഫസ് കുറേനാക്കാരനായ ശീമോന്‍റെ മകനാണ് എന്നാണ് “ഈസ്റ്റണ്‍ ബൈബിള്‍ ഡിക്ഷണറി”യുടെ നിഗമനം. റൂഫസിന്‍റെ അമ്മയെ തൻ്റെ അമ്മയെപ്പോലെയാണ് പൗലോസ് കാണുന്നത് (റോമാ 16:13). അന്ത്യോഖ്യയില്‍ വച്ച് സുവിശേഷവേലയ്ക്ക് തന്നെ പ്രാര്‍ത്ഥിച്ചയച്ച കുറേനാക്കാരന്‍ ശീമോനോടുള്ള ആത്മബന്ധമായിരിക്കാം ഇത്രമേല്‍ അടുപ്പം ആ കുടുംബത്തോട് പൗലോസിന് ഉണ്ടായതിനു കാരണമെന്നു കരുതാം. കാലാന്തരത്തില്‍ റൂഫസ്, ഗ്രീസിലെ ബിഷപ്പായി എന്നാണ് “ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ”യുടെ വിശ്വാസം. ഏപ്രില്‍ എട്ടാണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മദിനം.

വഴിപോക്കനായി വന്ന്, പീഡിതനായ ക്രിസ്തുവിന്‍റെ കുരിശ് തോളിലേറ്റി സഹായിച്ചുകൊണ്ട് അനുകമ്പയുടെയും ആര്‍ദ്രതയുടെയും പ്രതീകമായി കാണപ്പെടുമ്പോഴും ശീമോന്‍റെ ഈ പ്രവര്‍ത്തി ചില ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ശീമോന്‍ ചുമന്നത് വെറുമൊരു കുറ്റവാളിയുടെ കുരിശല്ല, മനുഷ്യവംശം മുഴുവന്‍റെയും പാപം ഏറ്റെടുത്തു ക്രൂശിക്കപ്പെടാന്‍ പോകുന്ന മനുഷ്യപുത്രന്‍റെ കുരിശായിരുന്നു. ഇവിടെ ഉയരുന്ന ചോദ്യമിതാണ്, മനുഷ്യവംശത്തിന്‍റെ പാപം മുഴുവനും ക്രിസ്തുതന്നെയാണോ വഹിച്ചത്, അതോ ശീമോൻ ആ പാപഭാരത്തിന് പങ്കാളിയായോ? ഒമ്പതടി നീളത്തില്‍ നെടുകെയും ആറടി നീളത്തില്‍ കുറുകെയുമുള്ള മരത്തടികളുടെ ഭാരമായിരുന്നോ മുഴുവന്‍ മനുഷ്യവംശത്തിന്‍റെയും പാപഭാരം?

മേലുദ്ധരിച്ച ചോദ്യങ്ങള്‍ക്ക് ക്രിസ്തുശിഷ്യനായിരുന്ന പത്രോസ് നല്‍കുന്ന വിശദീകരണം നോക്കുക. “നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി” (1 പത്രോസ് 2:24). ക്രിസ്തു മനുഷ്യവംശത്തിന്‍റെ പാപം തൻ്റെ “സ്വന്തം ശരീരത്തിൽ” ആയിരുന്നു വഹിച്ചത്, കുരിശിൽ ആയിരുന്നില്ല. ഏശയ്യാ പ്രവചനം ഈ കാര്യം കൂടുതല്‍ വ്യക്തമാക്കുന്നു. “അവൻ” ആയിരുന്നു കുരിശിൻ്റെ വഴിയിൽ, പീഡനത്തിൽ, സഹനത്തിൽ, പ്രശ്ചിത്തമരണത്തിൽ… എല്ലാമെല്ലാം. ഏശയ്യ 53 വായിക്കുക:

“നമ്മള്‍ കേട്ടത് ആരു വിശ്വസിച്ചു? കര്‍ത്താവിന്‍െറ കരം ആര്‍ക്കു വെളിപ്പെട്ടിട്ടുണ്ട്? തൈച്ചെടി പോലെ, വരണ്ട ഭൂമിയില്‍ നില്‍ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുന്‍പില്‍ വളര്‍ന്നു. ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു.

അവന്‍ നിന്ദിക്കപ്പെട്ടു; നാം അവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍െറ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്‍െറ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്‍െറ മേല്‍ ചുമത്തി. അവന്‍ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു.

മര്‍ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു. എന്‍െറ ജനത്തിന്‍െറ പാപംനിമിത്തമാണ് അവന്‍ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍നിന്നു വിച്ഛേദിക്കപ്പെട്ടതെന്ന് അവന്‍െറ തലമുറയില്‍ ആരു കരുതി? അവന്‍ ഒരു അതിക്രമവും ചെയ്തില്ല; അവന്‍െറ വായില്‍നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും, ദുഷ്ടരുടെയും ധനികരുടെയും ഇടയില്‍ അവന്‍ സംസ്കരിക്കപ്പെട്ടു. അവനു ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്‍െറ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍െറ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്‍െറ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്‍െറ കഠിനവേദനയുടെ ഫലം കണ്ട് അവര്‍ സംതൃപ്തനാകും. നീതിമാനായ എന്‍െറ ദാസന്‍ തന്‍െറ ജ്ഞാനത്താല്‍ അനേകരേ നീതിമാന്‍മാരാക്കും; അവന്‍ അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും. മഹാന്‍മാരോടൊപ്പം ഞാന്‍ അവന് അവകാശം കൊടുക്കും. ശക്തരോടുകൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും. എന്തെന്നാല്‍, അവന്‍ തന്‍െറ ജീവനെ മരണത്തിന് ഏല്‍പ്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവന്‍ പേറി; അതിക്രമങ്ങള്‍ക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ചു”

ഇവിടെയെല്ലാം “അവന്‍” ആയിരുന്നു ശിക്ഷ ഏറ്റെടുത്തത്. ശീമോന്‍ ചുമന്ന കുരിശും ക്രിസ്തു വഹിച്ച കുരിശും രണ്ട് വ്യത്യസ്ത പ്രതീകങ്ങളാണ്. “തന്‍റെ ഇഷ്ടത്തിനുമേല്‍ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുക” എന്നതായിരുന്നു ക്രിസ്തുവിൻ്റെ കുരിശ്. അതിന് അവൻ ചുമന്ന മരക്കുരിശുമായി യാതൊരു ബന്ധവുമില്ല. താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വന്നതുപോലും തന്നെ അയച്ചവന്‍െറ ഇഷ്ടം നിറവേറ്റാനാണെന്ന് (യോഹന്നാന്‍ 6:38) അസന്നിഗ്ധമായി ക്രിസ്തു പ്രഖ്യാപിച്ചിരുന്നു. ഗെതസമേനയില്‍ അവിടുന്ന് അത് ആവര്‍ത്തിക്കുന്നു (ലൂക്ക് 22:42). പിതാവിന്‍റെ ഇഷ്ടമാകുന്ന കുരിശ് ആനന്ദത്തോടെയും ക്ഷമയോടെയുമായിരുന്നു ക്രിസ്തു വഹിച്ചത് (ഹെബ്രായര്‍ 12:2).

ക്രിസ്തുവിന്‍റെ കുരിശ് തോളില്‍ എടുത്തുതുകൊണ്ടോ അവിടുത്തെപ്പോലെ ഒരു കുരിശില്‍ മരിച്ചതുകൊണ്ടോ ആരും ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങള്‍ക്ക് പങ്കാളിയാകുന്നില്ല. തിരുവെഴുത്തുകളില്‍ എഴുതപ്പെട്ടതിന്‍ പ്രകാരമാണ് ക്രിസ്തു ജനിച്ചതും ജീവിച്ചതും പീഡയേറ്റതും മരിച്ചതും ഉത്ഥിതനായതും. ശീമോന്‍ കുരിശു ചുമന്നതിലുള്ള സന്ദേശം ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. ആബേല്‍ അച്ചൻ അത് വിശദമാക്കുന്നത് കാണുക :

“ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട് കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ, അപ്പോള്‍ ഞാനും ശീമോനെപ്പോലെ അനുഗ്രഹീതനാകും. അങ്ങേ പീഡാനുഭവം എന്നിലൂടെ പൂര്‍ത്തിയാവുകയും ചെയ്യും”

മാത്യു ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്