വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ അക്കാദമി ഫോർ ലൈഫ് നല്‍കുന്ന വത്തിക്കാന്റെ പ്രോലൈഫ് അവാര്‍ഡ് യുക്രൈന്‍ സന്യാസിനിക്ക്. 2025-ലെ “ഗാർഡിയൻ ഓഫ് ലൈഫ്” അവാർഡിന് സിസ്റ്റർ ഗ്യൂസ്റ്റിന ഓൾഹ ഹോളുബെറ്റ്സിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ ആയുസിനെ പരിമിതപ്പെടുത്തുന്നതോ ജീവനു ഭീഷണി ഉള്ളതോ ആയ അവസ്ഥയുണ്ടെന്ന് രോഗനിർണയം നടത്തുന്ന മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള പരിചരണ പരിപാടിയായ പെരിനാറ്റൽ ഹോസ്പിസില്‍ സിസ്റ്റര്‍ നടത്തിയ അതുല്യ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം.
ഇന്നലെ മാർച്ച് 3ന് വത്തിക്കാനിൽ നടന്ന പത്രസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് വിൻസെൻസോ പഗ്ലിയ, സിസ്റ്റർ ഗ്യൂസ്റ്റിന ഓൾഹ ഹോളുബെറ്റ്സിനു അവാര്‍ഡ് സമ്മാനിച്ചു. സിസ്റ്റർ സെർവന്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസ സമൂഹാംഗമായ സിസ്റ്റർ ഗ്യൂസ്റ്റിന ബയോഎത്തിസിസ്റ്റ്, ബയോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, യുക്രൈനിലെ പെരിനാറ്റൽ ഹോസ്പിസ് – ഇംപ്രിന്റ് ഓഫ് ലൈഫ്” യുടെ പ്രസിഡന്‍റ് എന്നീ നിലകളില്‍ ശ്രദ്ധയാകര്‍ഷിച്ച വ്യക്തി കൂടിയാണ്. “കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കൾക്കും വേണ്ടി” അവാർഡ് ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ ഹോളുബെറ്റ്സ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കുഞ്ഞ് ഗർഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ ഗുരുതരമായ രോഗനിർണയങ്ങൾ നേരിടുന്ന മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുന്നതിനും അവരെ പിന്തുണയ്ക്കുന്നതിനുമായി 2017 -ല്‍ യുക്രൈനിലെ ലിവിവില്‍ “പെരിനാറ്റൽ ഹോസ്പിസ് – ഇംപ്രിന്റ് ഓഫ് ലൈഫ്” സ്ഥാപിതമായത്. പ്രസവത്തിനു മുന്‍പ് രോഗനിർണയം നടത്തുമ്പോള്‍ അവ പലരെയും ഗർഭഛിദ്രത്തിലേക്ക് നയിക്കുന്നുണ്ടെന്നും മനശാസ്ത്രജ്ഞ കൂടിയായ സിസ്റ്റര്‍ പറയുന്നു. മനുഷ്യ ജീവന്റെ സംരക്ഷണത്തിനും ഉന്നമനത്തിനും പിന്തുണ നൽകുന്ന സ്വകാര്യ, പ്രൊഫഷണൽ ജീവിതത്തിൽ വ്യത്യസ്തരായ ആളുകൾക്കു പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നൽകുന്ന പുരസ്ക്കാരമാണ് “ഗാർഡിയൻ ഓഫ് ലൈഫ്” അവാർഡ്.