കൊച്ചി: സഭയെ ആഴത്തില്‍ സ്‌നേഹിച്ച ആകര്‍ഷക വ്യക്തിത്വവും അതുല്യമായ അല്മായ മാതൃകയുമായിരുന്നു അന്തരിച്ച അഡ്വ. ജോസ് വിതയത്തിലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയായിരുന്ന അഡ്വ.വിതയത്തിലിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളിലും നല്ല വ്യക്തിബന്ധം രൂപപ്പെടുത്താനും വളര്‍ത്താനും അദ്ദേഹത്തിനായി. ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോഴും ആരെയും വിഷമിപ്പിക്കാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അല്മായ നേതൃരംഗത്തു സഭയിലെ പിതാക്കന്മാരുടെ മനസറിഞ്ഞ് അദ്ദേഹം നിലപാടുകളെടുത്തു. സഭയില്‍ അല്മായര്‍ക്കുള്ള സ്ഥാനവും ദൗത്യവും അദ്ദേഹം വ്യക്തമായി തിരിച്ചറിഞ്ഞാണു പ്രവര്‍ത്തിച്ചത്. ഔദ്യോഗിക സംവിധാനങ്ങളെ ആദ്ദേഹം ആദരവോടെ കണ്ടു. മതസൗഹാര്‍ദത്തിനും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയ്ക്കും ജോസ് വിതയത്തില്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും മാര്‍ ആലഞ്ചേരി സൂചിപ്പിച്ചു.

സീറോ മലബാര്‍ സഭ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സഭയിലെ അല്മായര്‍ക്കു മാതൃകയായ മികച്ച സംഘാടകനായിരുന്നു ജോസ് വിതയത്തിലെന്ന് അദ്ദേഹം അനുസ്മരിച്ചു. സഭയിലെ വിവിധ തലങ്ങളില്‍ ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അദ്ദേഹം നടത്തിയെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
സഭാശുശ്രൂഷയില്‍ അനേകര്‍ക്കു പ്രചോദനമായ അതുല്യവ്യക്തിത്വമായിരുന്നു ജോസ് വിതയത്തിലിന്റേതെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ജസ്റ്റീസ് സിറിയക് ജോസഫ്, ജസ്റ്റീസ് കുര്യന്‍ ജോസഫ്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, സീറോ മലബാര്‍ സഭ കൂരിയ വൈസ് ചാന്‍സലര്‍ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, ലെയ്റ്റി ഫാമിലി, ലൈഫ് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ.ജോബി മൂലയില്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ നാഷണല്‍ പ്രസിഡന്റ് ലാന്‍സി ഡി കുണ, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം, കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ജോണ്‍ കച്ചിറമറ്റം, തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റജീന, സീറോ മലബാര്‍ സഭ കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ.ലോറന്‍സ് തൈക്കാട്ടില്‍, പ്രോലൈഫ് അപ്പോസ്ഥലേറ്റ് സെക്രട്ടറി സാബു ജോസ് തുടങ്ങിയവര്‍ അനുസ്മരണം നടത്തി.

,സീറോ മലബാർ സഭയുടെവക്താവും ,പൊതുകാര്യ കമ്മീഷൻ സെക്രട്ടറിയുമായ ഫാ .അബ്രഹാം കാവിൽപുരയിടം , കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ മായ ഫാ .ജേക്കബ് ജി പാലക്കാപ്പള്ളി , ഇന്ത്യയിലും വിദേശത്തുമുള്ള സീറോ മലബാര്‍ സഭ രൂപതകളിലെ വൈദിക സന്യസ്തപ്രതിനിധികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, കത്തോലിക്കാ സഭയിലെ വിവിധ അല്മായ സംഘടനാ നേതാക്കള്‍, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അനുസ്മരണ സമ്മേളനത്തിനു മുന്നോടിയായി ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ അഡ്വ.ജോസ് വിതയത്തിലിന്റെ കബറിടത്തിങ്കല്‍ വികാരി ഫാ.പോള്‍ ചുള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷയും നടന്നു.

ജോസ് വിതയത്തിലിന്റെ ഏഴാം ചരമദിനമായ നാളെ വൈകുന്നേരം നാലിനു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചു ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.