തിരുവല്ല അതിരൂപതയുടെ അഞ്ചാമത്തെ ഇടയനും ആധ്യാത്മീയ ഉന്നത ഗോപുരവുമായിരുന്ന അഭിവന്ദ്യ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തിട്ട്, 2021 ജൂൺ 4 നു രണ്ടു വർഷം പൂർത്തിയാകുന്നു. 92 സംവത്സരങ്ങൾ ദീർഘിച്ച ആ ജീവിത യാത്ര അദ്ദേഹത്തെ അറിഞ്ഞവർക്കെല്ലാം ഒരു ദൈവിക വരദാനമായി അനുഭവപ്പെട്ടു. വൈദികനായും സഭാ മേലധ്യക്ഷനായും അദ്ദേഹം സഭാ ശുശ്രൂഷയുടെ വിവിധ മേഖലകളിൽ പ്രശോഭിച്ചു. വ്യക്തിപരമായ വിശുദ്ധ ജീവിതംകൊണ്ടും പെരുമാറ്റത്തിലെ ലാളിത്യംകൊണ്ടും സ്നേഹ മസൃണമായ സംഭാഷണ ശൈലികൊണ്ടും കറകളഞ്ഞ മനുഷ്യത്വംകൊണ്ടും അദ്ദേഹം ഏവരുടെയും ഹൃദയങ്ങളെ സ്പർശിച്ചു.

അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽപ്പെട്ട വൈദികരും മെത്രാപ്പോലീത്തമാരും ഉൾപ്പെട്ട മറ്റനേകർക്കും വ്യക്തിപരവും ആധികാരികവുമായി അദ്ദേഹത്തെപ്പറ്റി പറയാൻ കഴിയും. അതുകൊണ്ടുതന്നെ, എന്റെ അനുഭവങ്ങളെ മൗനത്തിൽ പൊതിഞ്ഞു പിടിക്കാനാണ് എനിക്കിഷ്ടം.

വളരെ ചെറുപ്പംമുതൽ കന്യാകുമാരി കാണാൻ എനിക്കു വലിയ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സ്‌കൂൾ പഠനകാലത്ത് ഒരിക്കലും അത് നടന്നില്ല. പക്ഷെ, എന്റെ മനസ്സിൽ ഞാൻ എപ്പോഴും കന്യാകുമാരി കാണുമായിരുന്നു. വലിയ ഒരു നീരൊഴുക്കും അതിനു തീരത്തു നിൽക്കുന്ന ഉയരം കൂടിയ ഒരു ഞാവൽ മരവും അസ്തമയ സൂര്യന്റെ സുവർണ്ണ ശോഭയും നിറയെ പൂത്തുനിൽക്കുന്ന ചെടികളും എല്ലാം കൂടിചേർന്ന ഒരു മനോഹര ലോകമായിരുന്നു അത്!

അന്ന് ഞാൻ കടൽ ഭാവനയിൽ മാത്രമേ കണ്ടിട്ടുള്ളു. ഞാവൽ മരം പക്ഷേ അങ്ങനെയല്ല. അങ്ങനെയൊന്ന് ശരിക്കും ഉണ്ടായിരുന്നു! ഞാവൽ മരത്തിനു ചുറ്റും ഞങ്ങൾ കുട്ടികൾ കൂട്ടംചേർന്നുല്ലസിക്കാറുണ്ടായിരുന്നു. ആ മരത്തിനു മുകളിൽ കയറിയാൽ ദൂരെയുള്ള കുന്നിൻ മുകളിലൂടെ ഭൂമിയുടെ അങ്ങേപ്പുറം കാണാമെന്നും ഞങ്ങൾ വിശ്വസിച്ചിരുന്നു…

എന്റെ കുട്ടിക്കാലം, ഞാവൽ മരച്ചുവടും, നീരൊഴുക്കും അന്തിവെയിലുമുള്ള, ഒരു പക്ഷെ ഞാൻ മാത്രം കണ്ടിട്ടുള്ള കന്യാകുമാരിയെന്ന മനോഹര ലോകവുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. അനേകം തവണ ഞാൻ ആ ദേശം സ്വപ്നം കണ്ടിട്ടുണ്ട്!

പതിനാറാം വയസ്സിൽ സെമിനാരിയിലേക്ക് ചുവടുവയ്ക്കുമ്പോൾമുതൽ മനസ്സിലെ കന്യാകുമാരി ക്രമേണ ഞാൻ കണ്ടെത്തുകയായിരുന്നു! എന്നെ ചൂഴ്ന്നു നിൽക്കുന്ന ഒരു ലോകമാണത്!

ആഗ്രഹിച്ച ഇടത്തുതന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത് എന്ന തിരിച്ചറിവ് പകർന്നു നൽകുന്ന സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഒടുവിൽ ഞാൻ എന്റെ കന്യാകുമാരി കണ്ടെത്തി! എന്റെ പൗരോഹിത്യ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമായി!

അഭി. ഐസക് മാർ യൂഹാനോൻ തിരുമേനിയുടെ സ്നേഹവാത്സല്യങ്ങളിലൂടെയും, ക്ഷിപ്രകോപത്തിൽ അലിഞ്ഞുപോകാത്ത മനുഷ്യ സ്നേഹത്തിലൂടെയും അറിഞ്ഞു തുടങ്ങിയ ആ അനുഭവം വളർന്നു വലുതായത്, ഞാവൽ മരംപോലെ പൊക്കമുള്ളതായി ഞാൻ കണ്ട അഭി. മാർ തിമോത്തിയോസ് തിരുമേനിയിലൂടെയായിരുന്നു!

വൈദിക പരിശീലനത്തിന്റെ കാലം കഴിഞ്ഞും, ആ വലിയ മരത്തിന്റെ തണൽ ഞാൻ അനുഭവിച്ചിരുന്നു. പൗരോഹിത്യ ജീവിതത്തിന്റെ ആദ്യനാളുകൾ മുതൽ ആ തണലിലാണ് ഞാൻ വളർന്നത്. എന്റെ വൈദിക ജീവിതത്തിൽ, ഇടവക ശുശ്രൂഷയോടൊപ്പം എക്യൂമെനിക്കൽ രംഗത്തും, സാമൂഹ്യക്ഷേമ രംഗത്തും, ആതുര ശുശ്രൂഷാ മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമെല്ലാം അഭിവന്ദ്യ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ നിഴലിൽ നിന്നു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഭാഗ്യം മാത്രമല്ല, ദൈവ കൃപയുടെ വലിയ നിറവായിട്ടാണ് ഞാൻ കാണുന്നത്.

പണ്ട്, രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, മലയാളം പുസ്തകത്തിൽ ഒരു പാഠമുണ്ടായിരുന്നു. ‘രക്ഷിച്ചവനു തലകൊടുത്തു’ എന്നായിരുന്നു ആ പാഠത്തിന്റെ ശീർഷകം. ഒരു വാഴ അതിന്റെ കഥ പറയുകയാണ്: അമ്മ ഒരു കുപ്പക്കുഴിയിലായിരുന്നു തനിക്കു ജന്മം നൽകിയത്. അവിടെനിന്ന്‌ ഒരു കർഷകൻ തന്നെ പിഴുതെടുത്തു. അയാൾ തന്റെ വീട്ടുമുറ്റത്തോട് ചേർന്ന് ഒരു തടമെടുത്ത് അതിൽ തന്നെ നട്ടു. എല്ലാദിവസവും, അദ്ദേഹം തന്നെ ശ്രദ്ധിക്കുകയും ആവശ്യത്തിന് വെള്ളവും വളവും നൽകി പരിപാലിക്കുകയും ചെയ്തുപോന്നു. അങ്ങനെ താൻ വളരെ വേഗം വലുതായി, മനോഹരമായ ഒരു കുലയും ചൂടി!

കുല വലുതായി പാകമായി വന്നപ്പോൾ താൻ ആ കർഷകന് മുൻപിൽ തലകുനിച്ചു നിന്നു. ഒടുവിൽ, പാകമായ ആ കുല കർഷകൻ വെട്ടിയെടുത്തു. തന്നെ രക്ഷിച്ചവന് തലകൊടുത്തു എന്ന ചാരിതാർഥ്യത്തോടെ, വാഴ അതിന്റെ നിയോഗം പൂർത്തിയാക്കി!

വൈദിക ജീവിതത്തെപ്പറ്റിയും എനിക്കുള്ള കാഴ്ചപ്പാട് ഇതാണ്. എന്റെ പുത്തൻ കുർബാനയുടെ ദിവസം ഞാൻ ഈ കഥ പറഞ്ഞിരുന്നു. എന്നെ വളർത്തിയ കർത്താവിനോടും സഭയോടും, അഭിവന്ദ്യ പിതാക്കന്മാരോടും സഹവൈദികരോടും ദൈവജനത്തോടും പിറന്ന നാടിനോടുമുള്ള എന്റെ ബന്ധത്തെ ഞാൻ ഇങ്ങനെയാണ് കാണുന്നത്

അക്കൂട്ടത്തിൽ, ദൈവവും മാതാപിതാക്കളും കഴിഞ്ഞാൽ, എന്റെ വൈദിക പരിശീലനത്തിലും, വൈദിക ജീവിതത്തിലും അദ്വിതീയ സ്ഥാനമാണ് മാർ തിമോത്തിയോസ് തിരുമേനിക്കുള്ളത്. ആ വന്ദ്യ പിതാവിന്റെ വേർപാട്, വ്യക്തിപരമായ വേദന മാത്രമല്ല, മാനുഷികമായി, പകരംവയ്ക്കാൻ കഴിയാത്ത നഷ്ടവും ജീവിതത്തിൽ ഉണ്ടാക്കിയിട്ടുണ്ട്.

1980 ജൂൺ 2 നു ഞാൻ തിരുവല്ല മൈനർ സെമിനാരിയിൽ പ്രവേശിക്കുമ്പോൾ, ബഹു. ജോർജ് ചുണ്ടേവാലേൽ അച്ചൻ (പിന്നീട് തിമോത്തിയോസ് തിരുമേനി) ഭദ്രാസന ദേവാലയമായ സെന്റ് ജോൺസ് കത്തീഡ്രലിന്റെ വികാരിയായിരുന്നു. മൈനർ സെമിനാരിക്കാർ എല്ലാ ഞായറാഴ്ചയും വി. കുർബാനക്ക് കത്തീഡ്രലിൽ പോയിരുന്നതുകൊണ്ട്, അദ്ദേഹത്തിന്റെ വിശുദ്ധ കുർബാനയിലും വചനപ്രഘോഷണത്തിലും എല്ലാ ആഴ്ചയിലും പങ്കുകൊള്ളാൻ കഴിഞ്ഞിരുന്നു.

ഞങ്ങളുടെ സീനിയേഴ്സ് അദ്ദേഹത്തെ ബഹുമാനപുരസ്സരം ‘റെക്ടർ അച്ചൻ’ എന്ന് തന്നെയാണ് അപ്പോഴും വിളിച്ചിരുന്നത്. ആ വർഷം ചുമതല ഈപ്പൻ നെച്ചിക്കാട്ടിൽ അച്ചന് കൈമാറും വരെ 18 വർഷങ്ങൾ മൈനർ സെമിനാരി റെക്ടർ എന്ന നിലയിൽ അദ്ദേഹം സെമിനാരിക്കാരുടെയും വൈദികരുടെയും മനസ്സിൽ മായാത്ത മുദ്ര പതിച്ചിരുന്നു എന്ന്, അവരുടെ വാക്കുകളിൽ തുടിച്ചുനിന്ന സ്നേഹാദരവുകളിൽനിന്നു വ്യക്തമായിരുന്നു.

‘വ്യത്യസ്തരായ വിദ്യാർത്ഥികളെ അവരവരുടെ അഭിരുചികൾക്കനുസരിച്ചു വളർത്താനും ബഹുമുഖമായ രീതിയിൽ അനുധാവനം ചെയ്യാനും അദ്ദേഹം കാണിച്ച ഔത്സുക്യം ഒരു ക്രാന്തദർശിയുടേതായിരുന്നു’ എന്നും, ‘ക്രിസ്തുവിന്റെ ഹൃദയത്തിനു ചേർന്ന വൈദികരെ രൂപപ്പെടുത്തുന്നതിന് വന്ദ്യപിതാവു നടത്തിയ സമർപ്പണം ജീവന്റെ പുസ്തകത്തിൽ കുറിക്കപ്പെടാതെ പോവില്ല എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു’ എന്നുമാണ് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യരിൽ ഒരാളായ ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത തിമോത്തിയോസ് മെത്രാപ്പോലീത്തയെപ്പറ്റിയുള്ള തന്റെ അനുസ്മരണ കുറിപ്പിൽ പറഞ്ഞിരിക്കുന്നത് (നന്മയുടെയും കരുതലിന്റെയും മഹാപുരോഹിതൻ, പേജ് 28).

ഒരു ആചാര്യന്റെ വാക്കുകളും ശൈലിയും എങ്ങനെയായിരിക്കണം എന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിശുദ്ധ കുർബാനയർപ്പണവും, പ്രസംഗവും കുർബാനശേഷമുള്ള അറിയിപ്പുകളും കുശലാന്വേഷണങ്ങളും. ദൈവത്തിനും മനുഷ്യർക്കും പ്രിയങ്കരനായൊരാൾ!

1987 ഏപ്രിൽ 28 നു മാർ യൂഹാനോൻ തിരുമേനി കാലം ചെയ്തപ്പോൾ, രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽപ്പിക്കപ്പെട്ടതു ബഹു. ജോർജ് ചുണ്ടേവാലേൽ അച്ചനെയായിരുന്നു. തിരുമൂലപുരം സെന്റ് തോമസ് ഹൈസ്‌കൂൾ ബോർഡിങ്ങിലും, തൃശൂർ ചേലക്കര ഇടവകയിലുമായി ഞാൻ റീജൻസി ചെയ്തിരുന്ന ആ വർഷമാണ് അഡ്മിനിസ്ട്രേറ്റർ അച്ചനുമായി വ്യക്തിപരമായി പരിചയപ്പെടാൻ കഴിഞ്ഞത്.

റീജൻസിയുടെ അവസാനം, ദൈവശാസ്ത്ര പഠനത്തിന് വിവിധ സെമിനാരികളിലേക്കു ഞങ്ങളെ അയക്കുന്നതിനുമുൻപ്, 1988 മെയ് 19 നു പുതിയ മെത്രാപ്പോലീത്തയുടെ നിയമനകൽപ്പനയുടെ പ്രഖ്യാപനം സെന്റ് ജോൺസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടന്നതോർക്കുന്നു. അതിനു തൊട്ടു പിറ്റേദിവസമാണ് അദ്ദേഹം, ഞങ്ങൾക്ക് വൈദിക വസ്ത്രം ആശീർവദിച്ചു നൽകിയത്!

അദ്ദേഹത്തിന്റെ തീരുമാനപ്രകാരവും, അനുഗ്രഹാശിസ്സുകളോടെയുമാണ് 1988 ജൂണിൽ പൂനാ പേപ്പൽ സെമിനാരിയിലേക്കു ദൈവശാസ്ത്ര പരിശീലനത്തിനായി പോകാൻ ദൈവം എനിക്ക് ഇടയാക്കിയത്. 1988 ആഗസ്റ്റ് 6 നു നടന്ന വന്ദ്യ പിതാവിന്റെ മെത്രാഭിഷേക കർമ്മത്തിൽ പൂനാ സെമിനാരിയിൽനിന്നു വന്നു പങ്കെടുക്കുന്നതിന് എനിക്കും ബഹു. ഷാജി വാഴയിൽ ശെമ്മാശനും അനുവാദം ലഭിച്ചതും അസുലഭ ഭാഗ്യംതന്നെയായിരുന്നു!

വൈദിക ജീവിതത്തിന്റെ ആദ്യ വർഷം മുതൽതന്നെ രൂപതയിലെ സുപ്രധാന ശുശ്രൂഷാ രംഗങ്ങളിൽ നേതൃത്വപരമായ പങ്കുവഹിക്കാൻ അവസരമുണ്ടായത് ദൈവ പരിപാലനയുടെ ഭാഗമായി കാണുന്നു. വൈദികരിൽ വിശ്വാസമർപ്പിച്ച്, അവരിൽ ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും വളർത്തി, അവരെ സഹശുശ്രൂഷകർ എന്നനിലയിൽ ബലപ്പെടുത്തുന്ന അഭിവന്ദ്യ തിമോത്തിയോസ്‌ പിതാവിന്റെ ഭരണരീതി, തികച്ചും പങ്കാളിത്തപരമായിരുന്നു. അത് രൂപതയിൽ കൂട്ടുത്തരവാദിത്വം വളർത്തുന്നതും, പുതിയ സംരംഭങ്ങൾക്ക് മുൻകയ്യെടുക്കാനുള്ള വൈദികരുടെ നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു. അതിന്റെ ഫലമായാണ് ഇന്ന് തിരുവല്ല അതിരൂപതയുടെ അഭിമാനമായ പല സംരംഭങ്ങളും സ്ഥാപനങ്ങളും ഉയർന്നു വന്നത്.

ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ തന്റെ അനുസ്മരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നതുപോലെ, ‘തന്റെ വൈദിക സമൂഹവുമായി സുദൃഢമായ ഒരു ബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു തിമോത്തിയോസ് തിരുമേനി. എല്ലാവരെയും വ്യക്തിപരമായി അറിയുന്ന പിതാവ്, ഒപ്പം എല്ലാവരെയും പിന്തുടരുകയും പിന്തുണക്കുകയും ചെയ്തു’ (നന്മയുടെയും കരുതലിന്റെയും മഹാപുരോഹിതൻ, പേജ് 24).

തന്റെ വൈദികരിൽ ഓരോരുത്തരെയും അടുത്തറിഞ്ഞിരുന്ന വന്ദ്യപിതാവ്, ഓരോരുത്തരുടെയും പ്രാപ്തിയും പരിമിതികളും അറിഞ്ഞു അവരെ അനുധാവനം ചെയ്യുകയും, അവരിൽ ഓരോരുത്തരിലൂടെയും വിവിധ ശുശ്രൂഷാ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്തു. വൈദികരെ സംബന്ധിച്ചിടത്തോളം, തീക്ഷ്ണമതിയായ ഒരു അജപാലകൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഒരു പാഠപുസ്തകമായിരുന്നു അദ്ദേഹം.

പങ്കാളിത്തത്തിലൂടെ വളർത്തുകയും ശക്തിപ്പെടുത്തുകയും പരിവർത്തിപ്പിക്കുകയും ചെയുന്ന ശുശ്രൂഷാ ശൈലി, അജപാലന ശുശ്രൂഷയുടെ സമസ്ത മേഖലകളെയും ചലനാത്മകവും ശക്തവുമാക്കിയ ഒരു കാലയളവായിരുന്നു അദ്ദേഹത്തിന്റേത്. പ്രേഷിത ചൈതന്യവും പാവങ്ങളോടുള്ള പ്രതിബദ്ധതയും കൂട്ടായ്മയുടെ അരൂപിയും അജപാലന ശുശ്രൂഷയുടെ മുഖമുദ്രയായി വളർന്ന ഒരു കാലഘട്ടംകൂടിയായിരുന്നു അഭിവന്ദ്യ തിമോത്തിയോസ് തിരുമേനിയുടെ മേല്പട്ട ശുശ്രൂഷയുടേത്.

വൈദികരെ സഹശുശ്രൂഷകർ എന്ന നിലയിൽ, കരുതലോടെ തന്നോട് ചേർത്ത് നിർത്തുന്ന ആ പിതൃഭാവം ഒരു തണൽമരം പോലെ നമുക്കുമേൽ പടർന്നു നിന്നിരുന്നു. ‘ആരും തളർന്നുപോകാൻ അനുവദിക്കരുത്, ആരെയും അവഗണിച്ചു മാറ്റി നിർത്തരുത്, ആരോടും പ്രതികാര ബുദ്ധിയോടെ പെരുമാറരുത്, എല്ലാവരെയും ചേർത്ത് നിർത്തി വളർത്തേണ്ടവനാണ് വൈദികൻ’ എന്ന് ആ മാതൃക നിരന്തരം നമ്മെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.

എന്റെ വൈദിക ജീവിതത്തിൽ ഉത്തരവാദിത്വമേറിയതും ജനകീയവുമായ പല ചുമതലകളും വഹിക്കേണ്ടിവന്ന അവസരങ്ങളിൽ, ഗൗരവമേറിയ പല പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വാഭാവികമായും പിതാവ് സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന സന്ദർഭങ്ങളും വളരെയാണ്. അത്തരം സന്ദർഭങ്ങളിലെല്ലാം, വലിയ ആത്മവിശ്വാസം പകർന്നുതന്ന ഒരു വസ്തുത, പ്രശ്നങ്ങളുടെ എല്ലാ വശവും പരിശോധിക്കാതെയും വ്യക്തിപരമായി കേൾക്കാതെയും അദ്ദേഹം ഒരു തീരുമാനം എടുത്തിരുന്നില്ല എന്നതാണ്.

പ്രശ്ന സങ്കീർണ്ണമായ സാഹചര്യങ്ങളിൽ പോലും തന്റെ വൈദികരിൽ വിശ്വസിക്കുകയും, അവരെ കേൾക്കുകയും ഒടുവിൽ, “എനിക്കറിയാമായിരുന്നു…..” എന്നു പറഞ്ഞുകൊണ്ട് ചേർത്ത് നിർത്തുകയും ചെയ്യുമ്പോൾ, ഒരപ്പന്റെ സാന്നിധ്യം പകരുന്ന ഉത്തരവാദിത്വ ബോധം, സമർപ്പണ ജീവിതത്തിൽ ഓരോ വൈദികനെയും ശക്തിപ്പെടുത്തി വളർത്തുന്നതായിരുന്നു. അത്തരം ഒരുപിടി അനുഭവങ്ങൾ എന്റെ ഹൃദയത്തിൽ അമൂല്യ നിധിപോലെ, ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

നാം ബലഹീനരും, കുറവുള്ളവരുമാണെന്നറിഞ്ഞിട്ടും, നമ്മിൽ വിശ്വാസമർപ്പിക്കുകയും നമ്മിൽനിന്ന് നന്മയുടെയും സമർപ്പണത്തിന്റെയും ഫലങ്ങൾ പ്രതീക്ഷിക്കുകയും, പ്രാർത്ഥനകൊണ്ട് നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പിതാവ്, ഒരു ആധ്യാത്മീക അനുഭവവും, ‘ദൈവീക രഹസ്യങ്ങളുടെ പരിചാരകരായി’ നമ്മെ വളർത്തുന്ന ദൈവീക സാന്നിധ്യവുമാണ്. അതായിരുന്നു യശശ്ശരീരനായ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയിലൂടെ ഞാൻ അറിഞ്ഞതും അനുഭവിച്ചതും. അദ്ദേഹം എനിക്ക് പിതൃസ്ഥാനീയനും ഗുരുനാഥനുമായിരുന്നു!

അജപാലന ശുശ്രൂഷയിൽ വൈദികരെ മാത്രമല്ല, സന്യസ്തരെയും അൽമായ സമൂഹത്തെയും വ്യക്തിപരമായും സമൂഹമായും അദ്ദേഹം തന്റെ ശുശ്രൂഷയോടു ചേർത്ത് നിർത്തി.

എല്ലാ ക്രൈസ്തവ സമൂഹങ്ങളുമായും അടുത്തിടപിഴകി, അവരെ സ്നേഹിച്ചു. എല്ലാ മതങ്ങളിലും സമുദായങ്ങളിലും പെട്ടവർ അദ്ദേഹത്തിന്റെ സ്നേഹവലയത്തിൽ ഉൾപെട്ടിരുന്നു. എല്ലാവരോടും ആദരവോടും എളിമയോടുംകൂടെ അദ്ദേഹം ഇടപെട്ടു. ഹൃദയത്തിന്റെ നന്മയിൽ അദ്ദേഹം എല്ലാവരെയും കരുതി.

പൈതൃകമായി അദ്ദേഹം കൈമാറിത്തന്ന നന്മകൾ ഒളിമങ്ങാതെ വരും തലമുറകൾക്കു കൈമാറുന്നതിന് തിരുവല്ല അതിഭദ്രാസനത്തിനും മലങ്കര കത്തോലിക്കാ സഭാ കൂട്ടായ്മക്കും കഴിയട്ടെ! വന്ദ്യ പിതാവിന്റെ പ്രാർത് നമുക്ക് കോട്ടയായിരിക്കട്ട!

ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്